
കുറ്റിച്ചിറ പപ്പന്‍ ചില്ലറക്കാരനല്ല. ആറടി ഉയരം. ഒത്ത വണ്ണം. കണ്ടാല്‍ തന്നെ പകച്ചുപോകുന്ന ഭീകരതയുള്ള മുഖം. കുറ്റിച്ചിറയില്‍ നിന്ന് വെറുതെയല്ല പപ്പന്‍ മുള്ളങ്കൊല്ലിയിലേക്ക് വന്നത്. വേലായുധനെ തല്ലി പതം വരുത്താനാണ്. കാര്യമറിഞ്ഞ മെമ്പര്‍ കുറുപ്പ് കൂടെക്കൂടി. വേലായുധന് രണ്ടു കിട്ടുന്ന കാര്യമല്ലേ. പഞ്ചായത്തിന് ഔദ്യോഗികമായി ഇടപെടാതിരിക്കാന്‍ പറ്റുമോ. ഷാപ്പില്‍ ചെന്ന് ആളെ അന്വേഷിച്ചു. ഷാപ്പിലെ പയ്യന്‍ വാസുക്കുട്ടന്‍ വേലായുധനെ തിരക്കി പുഴക്കരയിലേക്ക് ഓട്ടമായി. അയാള്‍ വേറെയെവിടെ പോവാനാണ്. മുള്ളന്‍കൊല്ലി പുഴയുടെ പരപ്പിലേക്കല്ലാതെ ?
മുള്ളങ്കൊല്ലി പുഴയിലൂടെ ഒഴുകിക്കിട്ടിയ കര്‍ണന്‍. മുള്ളങ്കൊല്ലി വേലായുധന്‍. അടുത്തുനില്‍ക്കുന്നവരെ കടലാഴത്തില്‍ സ്‌നേഹിക്കുന്ന, വാക്കിനെ പ്രാണന്‍ കൊണ്ട് തൂക്കുന്ന, പൊരുതിവീണ എതിരാളിക്ക് കയ്യടി വാങ്ങിക്കൊടുക്കുന്ന വേലായുധന്‍. ജോഷി സംവിധാനം ചെയ്ത നരന്‍ എന്ന സിനിമ വേലായുധന്‍ എന്ന കേന്ദ്രത്തിന് ചുറ്റും കറങ്ങിത്തിരിയുന്നു.
അച്ചടക്കമുള്ള കള്ള് ഷാപ്പാണ് ഒരു നല്ല നാടിന്റെ മുഖലക്ഷണം എന്ന് വിശ്വസിക്കുന്ന വേലായുധന് ചില ചട്ടങ്ങളൊക്കെയുണ്ട്. അയാളുടെ ചട്ടങ്ങള്‍ പാലിക്കാന്‍ മടിക്കുന്നവര്‍ അയാളെ തല്ലിത്തോല്‍പ്പിക്കണം. അയാള്‍ അമാനുഷികനല്ല. പക്ഷേ, അസാമാന്യമായ കായബലമുണ്ട്. വെല്ലുവിളിക്കുന്നവരെല്ലാം അതിനുമുന്നില്‍ തകര്‍ന്നടിയും. വടി കൊടുത്ത് അടി വാങ്ങുന്നവര്‍ക്ക് ഒരു സോഡ ഫ്രീ. തല്ല് ചോദിച്ചുവാങ്ങുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനമുണ്ടെന്ന് ചുരുക്കം.
പഞ്ചായത്ത് ചെലവില്‍ വേലായുധനെ തല്ലിതോല്‍പ്പിക്കാന്‍ മെമ്പര്‍ കുറുപ്പ് പലയിടത്തുനിന്നും ആളെ ഇറക്കാറുണ്ട്. അതിലൊന്നും വേലായുധന് പരിഭവമില്ല. വരുന്ന ഗുണ്ടകളെ തല്ലിതോല്‍പ്പിക്കുന്നതോടെ അയാള്‍ ആ വിഷയം വിടും. ഇടയ്‌ക്കൊക്കെ കുറുപ്പിനെ വിരട്ടും. കയ്യകലത്തില്‍ കിട്ടുമ്പോള്‍ ചെറുതായൊന്ന് കൊടുക്കും. അതല്ലാതെ കുറുപ്പിനെ വേട്ടയാടാനോ വേദനിപ്പിക്കാനോ വേലായുധന് വൈരമില്ല. കുറ്റിച്ചിറ പപ്പനെ അടിച്ചുതോല്‍പ്പിക്കുന്നതിനിടയിലും മെമ്പറിന് കിട്ടാനുള്ളതൊക്കെ കിട്ടുന്നുണ്ട്.
കൊടുംമഴയത്ത് മുള്ളങ്കൊല്ലിപ്പുഴയിലൂടെ ഒഴുകിയെത്തുന്ന കാട്ടുമരങ്ങള്‍ കരയ്ക്കടുപ്പിച്ച് വില്‍ക്കലാണ് വേലായുധന്റെ പണി. വല്യനമ്പ്യാരും കേളപ്പേട്ടനും വാസുക്കുട്ടനും അഹമ്മദിക്കയും ചേരുന്ന ചെറിയലോകമാണ് അയാളുടേത്. ഏതോ മഴയത്ത് പുഴയിലൂടെ ഒഴുകി വന്നതാണ് വേലായുധന്റെ അമ്മ. മുള്ളങ്കൊല്ലിയിലേക്ക് കുഞ്ഞിനെ പ്രസവിച്ചിട്ട് അവര്‍ ഒഴുക്കില്‍ പെട്ട് കണ്ണെത്താദൂരേയ്ക്ക് മറഞ്ഞു. അന്നുമുതല്‍ അയാള്‍ മുള്ള്‌ങ്കൊല്ലിക്കാരനാണ്.
മുള്ളങ്കൊല്ലി മഹാരാജാവെന്ന് അയാള്‍ക്ക് വട്ടപ്പേരുണ്ട്. അരയില്‍ മൂര്‍ച്ചയുള്ള കത്തി കൊണ്ടുനടക്കുന്ന കണ്ണില്‍ ചോരയില്ലാത്തവന്‍, നാട്ടുകാരുടെ സൈ്വര്യ ജീവിതം മുടക്കുന്ന കരിനിയമങ്ങളുടെ ആശാന്‍, ദുര്‍നടപ്പുകാരിയായ കുന്നുമ്മല്‍ ശാന്തയുടെ സ്വന്തക്കാരന്‍... അങ്ങനെ വേലായുധനില്ലാത്ത ചീത്തപ്പേരില്ല. എല്ലാവരാലും തെറ്റിദ്ധരിക്കപ്പെടുന്ന, തിരസ്‌കരിക്കപ്പെടുന്ന മോഹന്‍ലാല്‍ കഥാപാത്രം പ്രേക്ഷകന് പുതുമയല്ല. ഭരതം, കിരീടം, ചെങ്കോല്‍, മിന്നാരം, സ്നേഹവീട്... അങ്ങനെ എത്രയോ സിനിമകളില്‍ ആ മുഖത്തെ നൊമ്പരം മലയാളി കണ്ടതാണ്. പക്ഷെ, വേലായുധന്റെ മുഖത്ത് ഒറ്റപ്പെടലിന്റെ നിഴല്‍ വീഴുമ്പോഴൊക്കെ വേദനയുടെ പുതിയ ഉറവ് പ്രേക്ഷകന്റെ ഉള്ളിലൊഴുകും. വേലായുധനെ ശപിച്ച് ജീവിച്ച മനുഷ്യര്‍ അയാളുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നതും ആഘോഷിക്കുന്നതും കഥാന്ത്യത്തില്‍ നാം കാണുന്നുണ്ട്.
മുള്ളങ്കൊല്ലിയുടെ മണ്ണില്‍ വന്നിറങ്ങിയ നാള്‍ മുതല്‍ പുതുശ്ശേരി വല്യ നമ്പ്യാരുടെ മരുമകന്‍ ഗോപി വേലായുധന്റെ നിരീക്ഷണത്തിലാണ്. വല്യ നമ്പ്യാരോടുള്ള ബഹുമാനം വേലായുധനില്‍ നിന്ന് അയാള്‍ക്ക് പരിരക്ഷ നല്‍കുന്നു. തന്റെ കളിക്കൂട്ടുകാരി ജാനകിയുടെയും മകളുടെയും മാത്രമല്ല, വല്യനമ്പ്യാരുടെയും മരണത്തിന് പിന്നില്‍ ഗോപിനാഥന്‍ നായരാണ് എന്നറിയുന്നതോടെ നില തെറ്റിയ വേലായുധന്‍ നാടുവിടാന്‍ ശ്രമിക്കുന്ന ഗോപിയെ തടയുന്നു. പുഴയുടെ അടിത്തട്ടിലേക്ക് തന്റെ വെറുപ്പിനെ, ഗോപിയുടെ പ്രാണനെ വലിച്ചെറിഞ്ഞ് ആ പുഴയില്‍ അയാള്‍ പാപം കഴുകിക്കളയുന്നു.
'' ഈ പുഴ എന്റെ അമ്മയാണ്. വിശന്നപ്പോഴൊക്കെ ഊട്ടി. കരഞ്ഞപ്പോഴൊക്കെ ആരും കാണാതെ ആ കണ്ണീരൊക്കെ കൊണ്ടുപോയി.''
അവസാനമായി ആ പുഴയിലേക്ക് ഊളിയിടുന്നതിന് മുന്‍പ് ഇടറുന്ന ശബ്ദത്തില്‍ മുള്ളങ്കൊല്ലിയോട് യാത്ര പറഞ്ഞ് വേലായുധന്‍ ജീവിതത്തിന്റെ മറുകരയിലേക്ക് നീന്തുന്നിടത്ത് സിനിമയ്ക്ക് വിരാമം.
മോഹന്‍ലാലിന് മാത്രം സാധിക്കുന്ന ചില കഥാപാത്രങ്ങളുണ്ട്. അണിയുന്ന വേഷങ്ങളെല്ലാം തന്റേതാക്കുന്ന ഒരു അഭിനേതാവിനെക്കുറിച്ച് അത് പറയുക പ്രയാസമാണ്. പക്ഷേ, മുള്ളങ്കൊല്ലി വേലായുധന്റെ സ്ഥാനത്ത് മോഹന്‍ലാല്‍ അല്ലാതെ മറ്റൊരു മുഖം മനസ്സില്‍ വരില്ല. നീന്തല്‍ രംഗങ്ങളിലും സംഘട്ടനരംഗങ്ങളിലും അസാധ്യമായ മെയ്‌വഴക്കം. ഇമോഷണല്‍ സീന്‍സ് ചെയ്യുന്ന അതേ കയ്യടക്കത്തോടെ നര്‍മവും കൈകാര്യം ചെയ്യാന്‍ മോഹന്‍ലാലല്ലാതെ മറ്റാര് ?
ആറ് തലയുള്ള അറുമുഖനെന്നും വലിയ സത്യമെന്നും കൊട്ടിഘോഷിക്കപ്പെട്ട പുലിമുരുകനെക്കാളും ദേശാന്തരത്തോളം വളര്‍ന്ന ഖുറേഷി അബ്രാമെന്ന സ്റ്റീഫനെക്കാളും ഈ സാധാരണക്കാരനെയാണ് ആരാധകര്‍ ഇഷ്ടപ്പെടുന്നത്. ഏത് വിലപിടിപ്പുള്ള തോക്കെടുത്ത് ആ കൈകള്‍ വെടി വെച്ചാലും പുതുശ്ശേരി മുറ്റത്ത് നാട്ടിയ മുളവടിയോളം ഹീറോയിസം വരുമോ ?
Content Highlights: mohanlal's portrayal of mullankolli velayudhan in naran movie
Published: 20 Jul 2023, 02:23 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented