ബോളിവുഡ് താരം അക്ഷയ് ഖന്ന, ഹിന്ദി 'ദൃശ്യം 3'യിൽനിന്ന് പുറത്തുകടന്നത് വാർത്തയായിരുന്നു. പ്രതിഫലത്തർക്കമാണ് കാരണമായി ആദ്യം ചൂണ്ടിക്കാണിക്കപ്പെട്ടത്. സിനിമയുടെ നിർമാതാക്കൾ അക്ഷയ്‌ക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു.

To advertise here,

ഇപ്പോഴിതാ അക്ഷയ്‌ക്കൊപ്പം ജോലി ചെയ്ത അനുഭവങ്ങൾ പങ്കുവെക്കുകയാണ് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാൻ. തങ്ങൾ തമ്മിലുള്ള പ്രവർത്തനം (collaborations) ഒട്ടും സുഖകരമായിരുന്നില്ലെന്നും അവർ വെളിപ്പെടുത്തുന്നു. 2010-ൽ റിലീസായ സിനിമയാണ് 'തീസ് മാർ ഖാൻ'. സിനിമ ബോക്‌സോഫീസിൽ വിജയിച്ചില്ലെങ്കിലും, പിന്നീടതിനൊരു കൾട്ട് പദവി ലഭിച്ചു. സിനിമയിൽനിന്നുള്ള അക്ഷയ് യുടെ രംഗങ്ങൾ തുടർച്ചയായി സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും ചെയ്തു.

ആ രംഗങ്ങളിലെ താരത്തിന്റെ പ്രകടനത്തെ പലപ്പോഴും പ്രശംസിക്കാറുണ്ടെങ്കിലും, അക്ഷയ് ഖന്നയുമായുള്ള തന്റെ പ്രാരംഭ ഇടപെടലുകൾ സുഖകരമായിരുന്നില്ലെന്ന് അടുത്തിടെ അവർ സമ്മതിച്ചു.

''90-കളിൽ ഞാൻ അക്ഷയ്‌ക്കൊപ്പം രണ്ട് സിനിമകൾ ചെയ്തു. അതിനുശേഷം എനിക്ക് മാനസികാഘാതം അനുഭവപ്പെട്ടു. കാരണം അദ്ദേഹം വളരെ വ്യത്യസ്തനായ വ്യക്തിയായിരുന്നു. അന്തർമുഖനായിരുന്നു, പക്ഷേ സെറ്റിൽ അത്ര നല്ല ആളല്ലായിരുന്നു. അക്ഷയ് ഖന്ന അഭിനയിക്കുന്ന സിനിമകളിലേക്ക് എന്നെ വിളിക്കുമ്പോഴെല്ലാം ഞാൻ പറയുമായിരുന്നു, 'എനിക്ക് ഡേറ്റില്ല' എന്ന്''. തന്റെ കരിയറിലെ ആ ഘട്ടത്തിൽ ഖന്നയ്ക്ക് മുടികൊഴിച്ചിൽ ഉണ്ടായിരുന്നുവെന്നും അത് അദ്ദേഹത്തിന്റെ പ്രകോപിത സ്വഭാവത്തിന് (irritable behaviour) കാരണമായിരിക്കാമെന്നും അവർ വിശദീകരിച്ചു.

''ആ സമയത്ത് മുടി കൊഴിയുന്നതായി അദ്ദേഹം തന്നെ പറഞ്ഞിരുന്നതായി ഞാൻ ഓർക്കുന്നു. അദ്ദേഹം എപ്പോഴും പ്രകോപിതനായിരുന്നു. സാധനങ്ങൾ വലിച്ചെറിഞ്ഞ്, 'ഇതെന്തൊരു ഡയലോഗാണ്?' എന്ന് ചോദിക്കുമായിരുന്നു അദ്ദേഹം അത്തരത്തിലുള്ള ആളായിരുന്നു.''

തന്റെ കസിൻ ഫർഹാൻ അക്തർ ആദ്യമായി സംവിധാനം ചെയ്ത 'ദിൽ ചാഹ്താ ഹേ' എന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചപ്പോഴാണ് താരത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം മാറിയതെന്ന് ഫറ പറഞ്ഞു. ''അപ്പോഴേക്കും അക്ഷയ് പൂർണ്ണമായും മാറിയിരുന്നു. അദ്ദേഹം തന്റെ മുടികൊഴിച്ചിലുമായി പൊരുത്തപ്പെട്ടിരുന്നു. 'ദിൽ ചാഹ്താ ഹേ' എത്തിയപ്പോഴേക്കും അക്ഷയ് വളരെ ശാന്തനായി. അതിനുമുമ്പുള്ള ചിത്രീകരണങ്ങളിൽ വെള്ളമോ മഴയോ ഉള്ള സീനുകളിലെല്ലാം, തൊപ്പി ധരിക്കുമായിരുന്നു. പക്ഷേ, ഈ സിനിമ എത്തിയപ്പോഴേക്കും അതെല്ലാം മാറി''.

അകാലകഷണ്ടിയായിരുന്നു അക്ഷയ് ഖന്നയുടെ പ്രശ്‌നം. അത് തന്റെ ആത്മവിശ്വാസം തകർത്തതായി അദ്ദേഹം മുമ്പ് തുറന്നുപറഞ്ഞിട്ടുണ്ട്. ധരുന്ധർ: ദ റിവഞ്ച്, മഹാകാളി, ഇഖ എന്നിവയാണ് അക്ഷയ് ഖന്നയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi