'ധുരന്ധർ' ബ്ലോക്ക്ബസ്റ്ററായി മാറിയതിനു തൊട്ടുപിന്നാലെ, ഫർഹാൻ അക്തറിന്റെ 'ഡോൺ 3'- യിൽ നിന്ന് നടൻ രൺവീർ സിങ് പിന്മാറിയിരുന്നു. 'പ്രളയ്' എന്ന ചിത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു താരത്തിന്റെ തീരുമാനമെന്നും വാർത്തകൾ പുറത്തുവന്നു. 'ധുരന്ധറി'ൻ്റെ വിജയമാണ് ഈ തീരുമാനത്തിന് പ്രേരണയായതെന്ന് ചിലർ പറഞ്ഞിരുന്നു. ചില അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് രൺവീറും ഫൻഹാനും പിരഞ്ഞതെന്നും പറയപ്പെടുന്നുണ്ട്.

രൺവീറിന് മുമ്പ് നായിക കിയാര അദ്വാനിയും പ്രതിനായകൻ വിക്രാന്ത് മാസ്സിയും ചിത്രത്തിൽ നിന്ന് പിന്മാറിയതോടെ ഈ പ്രോജക്റ്റ് ഉപേക്ഷിക്കുമോ എന്നും പലരും സംശയിച്ചിരുന്നു. എന്നാൽ ശക്തമായ തിരിച്ചുവരവിലൂടെ 'ഡോൺ' ഫ്രാഞ്ചൈസി ഷാരൂഖ് ഖാൻ ഏറ്റെടുത്തേക്കുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഡോൺ ഫ്രാഞ്ചൈസിയുടെ അമരക്കാരനായ ഷാരൂഖ് 'ഡോൺ 3' യിലേക്കുള്ള ക്ഷണം നേരത്തേ നിരസിച്ചിരുന്നു. ഇതോടെയാണ് അവസരം രൺവീറിലേക്കെത്തിയത്. ഷാരൂഖ് അല്ലാതെ മറ്റൊരാൾ ഈ റോൾ ഏറ്റെടുക്കുന്നത് ആരാധകരെ ഞെട്ടിച്ചു. 'ഡോണി' (2006)ലും 'ഡോൺ 2' (2011) വിലും കണ്ട ഷാരൂഖ് ഖാൻ്റെ മാന്ത്രികത രൺവീറിന് പുനരാവിഷ്കരിക്കാൻ കഴിയുമോ എന്നും ചിലർ സംശയിച്ചു. പുതിയ റിപ്പോർട്ടനുസരിച്ച്, ഷാരൂഖ് ഫ്രാഞ്ചൈസിയിലേക്ക് മടങ്ങാൻ തയ്യാറാണ്, എന്നാൽ അദ്ദേഹത്തിനൊരു നിബന്ധനയുണ്ട്. 'ജവാൻ' (2023) സംവിധായകൻ അറ്റ്ലീ 'ഡോൺ 3' സംവിധാനം ചെയ്യണമെന്നാണ് സൂപ്പർസ്റ്റാറിന്റെ ആവശ്യം. 

ഷാരൂഖ് ഖാന് അദ്ദേഹത്തിൻ്റെ ആദ്യത്തെ ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് ജവാൻ. അതുകൊണ്ടുതന്നെ അതിന്റെ സംവിധായകനായ അറ്റ്ലീയുമായി വീണ്ടും സഹകരിക്കാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ട്. എന്തായാലും 'ഡോൺ 3'-യിൽ ആര് അഭിനയിക്കുമെന്ന കാര്യം കാത്തിരുന്ന് കാണേണ്ടി വരും.

നിലവിൽ, ഷാരൂഖ് ഖാന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'കിങ്' ആണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi