വിവാദങ്ങളും ചർച്ചകളും നടക്കുമ്പോഴും അതിനൊന്നും മറുപടി പറയാതെ നിൽക്കുകയായിരുന്നു ദീപിക പദുകോൺ. പിന്നാലെ ഇൻസ്റ്റഗ്രാമിൽ അവരിട്ട പോസ്റ്റ് വൈറലായി. രണ്ടുകൈകൾ കോർത്തുപിടിച്ച ഒരു ചിത്രമാണ് ദീപിക ഇൻസ്റ്റഗ്രാമിലിട്ടത്.

അതിന്റെ ക്യാപ്ഷൻ ഇങ്ങനെയായിരുന്നു, ''18 വർഷങ്ങൾക്ക് മുമ്പ് ഓം ശാന്തി ഓം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അദ്ദേഹം പഠിപ്പിച്ചൊരു പാഠമുണ്ട്. ഒരു സിനിമ നിർമിക്കുമ്പോഴുള്ള അനുഭവവും അത് ആർക്കൊപ്പം നിർമിക്കുന്നു എന്നതുമാണ് അതിന്റെ വിജയത്തേക്കാൾ പ്രധാനം എന്നതാണത്. അതിനോട് ഞാൻ പൂർണമായും യോജിക്കുന്നു. അതിനുശേഷം ഞാനെടുത്ത ഓരോ തീരുമാനങ്ങളും ആ പാഠമനുസരിച്ചായിരുന്നു. അതുകൊണ്ടായിരിക്കാം ഞങ്ങൾ വീണ്ടും ഒരുമിച്ച് ആറാമത്തെ സിനിമ ചെയ്യുന്നത്''.

പോസ്റ്റിൽ ഷാരൂഖ് ഖാനെ ടാഗ് ചെയ്തിട്ടുമുണ്ട്. ഷാരൂഖ് ഖാന്റെ 'കിങ്' എന്ന സിനിമയിൽ താനുണ്ടെന്ന് ഔദ്യോഗികമായി അറിയിച്ചുകൊണ്ടുള്ള ഈ പോസ്റ്റ് ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുത്തു. ഈ പോസ്റ്റും അതിനൊപ്പമുള്ള കുറിപ്പും എല്ലാ വിമർശനങ്ങൾക്കുമുള്ള മറുപടിയാണെന്നാണ് ആരാധകർ കരുതുന്നത്.

ദിവസങ്ങൾക്കുമുമ്പ് തന്നെ ദീപിക 'കിങ്ങി'നായുള്ള ഷൂട്ടിങ് തുടങ്ങിയിരുന്നുവത്രെ. സുഹാന ഖാൻ, അനിൽ കപൂർ, റാണി മുഖർജി, അഭിഷേക് ബച്ചൻ എന്നിവരും സിനിമയിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അതിനൊപ്പം അറ്റ്‌ലിയുടെ അടുത്തചിത്രത്തിലും ദീപിക അഭിനയിക്കുന്നുണ്ട്. അല്ലു അർജുനാണ് നായകനാവുന്നത്.

'ഓം ശാന്തി ഓം' എന്ന സിനിമയിലൂടെയാണ് ദീപിക ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത്. അതിൽ നായകനായത് ഷാരൂഖ് ഖാനാണ്. 40 കോടിക്ക് നിർമിച്ച സിനിമ 152 കോടിയാണ് നേടിയത്. അതോടെ ഭാഗ്യനായികയെന്ന ലേബൽ കിട്ടി ദീപികയ്ക്ക്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല അവർക്ക്. അതുകഴിഞ്ഞ് ഹാപ്പി ന്യൂ ഇയർ, ചെന്നൈ എക്‌സ്പ്രസ്, ജവാൻ, പത്താൻ എന്നീ സിനിമകളിലും ദീപികയും ഷാരൂഖും ഒരുമിച്ചു.

ഇക്കഴിഞ്ഞ ദിവസമാണ് ദീപിക 'കൽക്കി'യുടെ ഭാഗമാകില്ലെന്ന് നിർമാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 'കുറേ ചർച്ചകൾക്കുശേഷം ഞങ്ങൾ വഴിപിരിയാൻ തീരുമാനിച്ചു. 'കൽക്കി' പോലുള്ളൊരു സിനിമ കൂടുതൽ പ്രതിബദ്ധത അർഹിക്കുന്നു. അവരുടെ ഭാവിയിലെ പ്രവർത്തനങ്ങൾക്കുവേണ്ടി എല്ലാ ആശംസകളും നേരുന്നു'', എന്നാണ് നിർമാതാക്കളായ വൈജയന്തി മൂവീസ് പുറത്തുവിട്ട കുറിപ്പിൽ പറഞ്ഞത്.

അതിനുപിന്നാലെ ദീപികയെ അനുകൂലിച്ചും എതിർത്തും കുറേ ചർച്ചകളുണ്ടായി. അതിനിടെ ദീപികയുടെ ഭാഗത്തുനിന്നുള്ള പ്രശ്‌നങ്ങൾ കാരണം അവരെ സിനിമയിൽനിന്ന് പുറത്താക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ വന്നു. ആദ്യഭാഗത്തിന് ലഭിച്ച പ്രതിഫലത്തേക്കാൾ 25 ശതമാനം വർധനവ് ദീപിക ആവശ്യപ്പെട്ടുവത്രേ. ദീപികയ്‌ക്കൊപ്പമുള്ള 25 പേരടങ്ങുന്ന സംഘത്തിന് പഞ്ചനക്ഷത്രഹോട്ടലിൽ താമസവും ഭക്ഷണത്തിനുള്ള പണവും കൂടി വേണമെന്ന് ദീപിക പറഞ്ഞതായും വാർത്തകൾ വന്നു.

എന്നാൽ സത്യമതല്ലെന്നും മറ്റൊരു വിഭാഗം വാദിച്ചു. രണ്ടാം ഭാഗത്തിൽ ദീപികയ്ക്ക് കൂടുതൽ പ്രാധാന്യമുള്ള റോളായിരിക്കുമെന്നായിരുന്നു അണിയറപ്രവർത്തകർ ആദ്യം ഉറപ്പിച്ചുപറഞ്ഞത്. എന്നാൽ, കുറച്ചുദിവസങ്ങൾക്കുമുമ്പ് വിളിച്ച് തിരക്കഥയിൽ മാറ്റംവരുത്തിയതിനാൽ കാമിയോ റോളായിരിക്കുമെന്ന് ദീപികയോട് പറഞ്ഞു. അതാണ് ദീപിക പുറത്തുപോകാൻ കാരണമെന്നും പറയപ്പെടുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi