ശരീരത്തെ നിങ്ങൾ ശിക്ഷിച്ചില്ലെങ്കിൽ അത് നമ്മളെ ശിക്ഷിക്കും, രജനീകാന്ത് പറയുന്നു

അച്ചടക്കത്തിനും ആരോഗ്യത്തിനും ആവശ്യമായ ശ്രദ്ധകൊടുത്തതാണ് രജനീകാന്ത് എന്ന സൂപ്പർതാരത്തെ അഭിനയരംഗത്ത് എന്നും സജീവമായി നിർത്തുന്നത്. കൃത്യമായ വ്യായാമം ചെയ്യണമെന്നും എന്ത് കഴിക്കണം എന്നതിനെക്കുറിച്ച് അറിവുണ്ടായിരിക്കണമെന്നും സഹനടനായ നാഗാർജുനയിൽ നിന്ന് ലഭിച്ച ഉപദേശത്തെപ്പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. 'കൂലി' സിനിമയുടെ ഓഡിയോ ലോഞ്ചിലായിരുന്നു രജനിയുടെ പരാമർശം. വൈകുന്നേരം 6:30-ന് ശേഷം ഭക്ഷണം കഴിക്കരുതെന്നും അച്ഛനിലൂടെ കൈമാറിക്കിട്ടിയ ജീനുകളും തനിക്ക് ഗുണം ചെയ്തുവെന്നും രജനീകാന്ത് പ്രേക്ഷകരോട് പറഞ്ഞു.

'ഒരു കാര്യം, സുഹൃത്തുക്കളേ, നമ്മൾ നമ്മുടെ ശരീരത്തെ അൽപ്പം ശിക്ഷിച്ചില്ലെങ്കിൽ, ശരീരം നമ്മളെ തിരിച്ച് ശിക്ഷിക്കും. നമ്മുടെ അവയവങ്ങൾ, ഹൃദയം, ശ്വാസകോശം എല്ലാം നമ്മളോട് പറയും, വരൂ അൽപ്പം വ്യായാമം ചെയ്യൂ എന്ന്. അതവ പറഞ്ഞുകൊണ്ടേയിരിക്കുമെങ്കിലും നമ്മൾ അത് അവഗണിക്കുകയാണ്.'

ദൈവികമായ മാർഗ്ഗനിർദ്ദേശവും സ്വാർഥതയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും രജനി വാചാലനായി. 'എന്ത് ചെയ്യണമെന്ന് ദൈവം നമ്മുടെ കാതിൽ പതിയെ മന്ത്രിക്കും. ദൈവത്തിൻ്റെ ശബ്ദം എപ്പോഴും പറയും, നിങ്ങൾ എന്ത് ചെയ്താലും, നിങ്ങൾക്കും മറ്റുള്ളവർക്കും നല്ലത് വരട്ടെ എന്ന് ആഗ്രഹിക്കുക എന്ന്. എന്നാൽ നിങ്ങളുടെ സ്വന്തം ശബ്ദം പറയുക, നീ മാത്രം നന്നായിരുന്നാൽ മതി. നിൻ്റെ സമാധാനത്തിലും സന്തോഷത്തിലും മാത്രം ശ്രദ്ധിക്കുക എന്നായിരിക്കും. അത് പിന്തുടർന്നാൽ പ്രശസ്തിയും പണവും ലഭിക്കും, പക്ഷേ അത് കുറച്ചുകാലത്തേക്ക് മാത്രം. എത്ര പ്രശസ്തിയും പണവും ഉണ്ടായാലും, വീട്ടിൽ സമാധാനവും പുറത്ത് ബഹുമാനവും ഇല്ലെങ്കിൽ അതെല്ലാം വ്യർഥമാണ്.'-രജനി പറഞ്ഞു.

ഒപ്പംതന്നെ തൻ്റെ യാത്രയെ രൂപപ്പെടുത്തിയ എല്ലാവർക്കും അദ്ദേഹം നന്ദിയും പറഞ്ഞു. അടുത്തിടെ രജനിയെ കടുത്ത വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസത്തിനുശേഷം ആശുപത്രി വിടുകയും ചെയ്തു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി', ഒരു തുറമുഖപ്രദേശത്ത് അഴിമതി സംഘത്തിനെതിരെ പോരാടുന്ന വ്യക്തിയുടെ കഥയാണ്. രജനിക്കുപുറമെ, നാഗാർജുന, സൗബിൻ ഷാഹിർ, ഉപേന്ദ്ര, ശ്രുതി ഹാസൻ, സത്യരാജ്, ആമിർ ഖാൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രം ഓഗസ്റ്റ് 14-ന് റിലീസ് ചെയ്യും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi