
'എമ്പുരാൻ' ഉണ്ടാക്കിയ ചർച്ചകൾ ഇനിയും തീർന്നിട്ടില്ല. സിനിമയ്‌ക്കെതിരെ ഒരു വിഭാഗം പ്രതിഷേധിച്ചപ്പോൾ, നിർമാതാക്കൾ തന്നെ സിനിമയിലെ ചില ഭാഗങ്ങൾ വെട്ടിമാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. റീ-എഡിറ്റ് ചെയ്ത സിനിമ ഈ കഴിഞ്ഞദിവസമാണ് തിയേറ്ററിലെത്തിയത്. ഇന്ത്യൻസിനിമയുടെ ചരിത്രത്തിൽ വെട്ടിമാറ്റലുകൾക്ക് വിധേയമായി പുറത്തിറങ്ങിയ ചില ചിത്രങ്ങളും, സെൻസർ ബോർഡുമായുള്ള പോരാട്ടത്തിൽ ഇന്നും റിലീസാവാത്ത ചില സിനിമകളും പരിചയപ്പെടാം.
സെൻസർ ബോർഡിന്റെ കത്രികപ്പൂട്ടിൽ ഏറ്റവും കൂടുതൽ കുടുങ്ങിയത് അനുരാഗ് കശ്യപിന്റെ സിനിമകളാണ്. പാഞ്ച്, ഉഡ്താ പഞ്ചാബ്, ബോംബെ വെൽവെറ്റ് എന്നിവ അവയിൽ ഉൾപ്പെടും. അനുരാഗ് കശ്യപ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് 'പാഞ്ച്'. എന്നാൽ, 2003-ൽ പൂർത്തിയാക്കിയ ആ ക്രൈംത്രില്ലർ ഇതുവരെ റിലീസായിട്ടില്ല. 1976-ലെ കുപ്രസിദ്ധമായ ജോഷി-അഭ്യങ്കർ കൂട്ടക്കൊലപാതകങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമ. നാലുസുഹൃത്തുക്കൾ ചേർന്ന് മറ്റൊരു സുഹൃത്തിനെ തട്ടിക്കൊണ്ടുപോവാൻ ശ്രമിക്കുന്നതും അയാൾ കൊല്ലപ്പെടുന്നതും അതിനെ തുടർന്നുള്ള സംഭവങ്ങളുമാണ് കഥ. കെ.കെ.മേനോൻ, ആദിത്യ ശ്രീവാസ്തവ, തേജസ്വിനി കോലാപുരി തുടങ്ങിയവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ലഹരി ഉപയോഗം, അശ്ലീലസംഭാഷണങ്ങൾ, കൊലപാതകങ്ങൾ മഹത്വവത്കരിക്കൽ എന്നീ കാരണങ്ങളാൽ സിനിമയിലെ ചില ഭാഗങ്ങൾ നീക്കം ചെയ്താണ് സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നൽകിയത്. പൊതുജനങ്ങളെ ഇതിലെ പല രംഗങ്ങളും സംഭ്രമിപ്പിക്കും എന്നായിരുന്നു ബോർഡ് പറഞ്ഞത്. ഇതിനെ അനുരാഗ് എതിർത്തു. ചില സീനുകൾ മാറ്റി ഷൂട്ട് ചെയ്യാമെന്നായി അദ്ദേഹം. എന്നാൽ, ഇതിനുള്ള പണം നിർമാതാക്കളുടെ കൈയിലില്ലായിരുന്നു. അതോടെ സിനിമ റിലീസ് ചെയ്യാൻ കഴിയാതായി. ഒട്ടേറെ ഫിലിം ഫെസ്റ്റിവലുകളിൽ സിനിമ പ്രദർശിപ്പിച്ചിരുന്നു. ജർമനിയിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലായ ഫിലിംഫെസ്റ്റ് ഹാംബെർഗ്, ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ആഞ്ചൽസ് അടക്കമുള്ളവയിൽ മികച്ച പ്രതികരണം നേടി. 2025-ൽ സിനിമ റിലീസ് ചെയ്യുമെന്ന് നിർമാതാവ് ടുട്ടു ശർമ ഈയിടെ വ്യക്തമാക്കിയിരുന്നു.
2016-ൽ റിലീസ് ചെയ്ത സിനിമയാണ് 'ഉഡ്താ പഞ്ചാബി'ൽ ഷാഹിദ് കപൂറും ആലിയ ഭട്ടും കരീന കപൂറുമാണ് പ്രധാനകഥാപാത്രങ്ങളായത്. സിനിമയ്ക്ക് ആദ്യം സെൻസർ ബോർഡ് അനുമതി കൊടുത്തിരുന്നില്ല. ലഹരി ഉപയോഗവും അതിക്രമങ്ങളുമുണ്ടെന്നതാണ് കാരണമായി പറഞ്ഞത്. 94 കട്ടുകൾ ബോർഡ് നിർദേശിക്കുകയും ചെയ്തു.
ഒടുവിൽ സംഭവം മുംബൈ ഹൈക്കോടതിയിലെത്തി. ഒരു സീനൊഴിച്ച് ബാക്കിയെല്ലാം നിലനിർത്തിക്കൊണ്ട് സിനിമയ്ക്ക് അനുമതി നൽകാൻ കോടതി നിർദേശിച്ചു. ആ സീൻ ഒഴിവാക്കിയ സിനിമയ്ക്ക്, സെൻസർ ബോർഡ് എ-സർട്ടിഫിക്കറ്റാണ് നൽകിയത്. ഇതിനിടയിൽ സെൻസർ ബോർഡ് ചെയർമാൻ പഹ്ലാജ് നിഹലാനിക്കെതിരെ, അനുരാഗ് കശ്യപ് ആഞടിക്കുകയും ചെയ്തു. 'ഏകാധിപതി'യെന്നാണ് പഹ്ലാനിയെ അനുരാഗ് വിശേഷിപ്പിച്ചത്.
ശേഖർ കപൂർ സംവിധാനം ചെയ്ത സിനിമയാണ് 'ബാൻഡിറ്റ് ക്വീൻ'(2014). ഹിന്ദിയിലെ മികച്ച സിനിമയ്ക്കുള്ള ദേശീയപുരസ്‌കാരം നേടിയ സിനിമയുടെ വരവ് അത്ര എളുപ്പമായിരുന്നില്ല. 1994-ൽ കാൻ ഫിലിം ഫെസ്റ്റിവലിലാണ് സിനിമ ആദ്യമായി പ്രദർശിപ്പിക്കുന്നത്. ഓസ്‌കറിൽ വിദേശഭാഷാചിത്രങ്ങളുടെ വിഭാഗത്തിൽ ഇന്ത്യയിൽനിന്നുള്ള എൻട്രിയായിരുന്നു ബാൻഡിറ്റ് ക്വീൻ.

ഇന്ത്യൻസിനിമയെ തന്നെ മാറ്റിമറിക്കുന്ന ചിത്രമായിട്ടാണ് അവിടെയൊക്കെ ഇത് അംഗീകരിക്കപ്പെട്ടത്. അതേ വർഷം സിനിമ സെൻസർ ബോർഡിനുമുന്നിൽ സമർപ്പിച്ചപ്പോൾ, 100-ഓളം മാറ്റങ്ങൾ വരുത്തണമെന്നാണ് അവർ പറഞ്ഞത്. അവരത് നിരസിച്ചു, ഫിലിം സർട്ടിഫിക്കറ്റ് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചു. ട്രിബ്യൂണൽ സിനിമയിൽ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ലെന്ന് പറഞ്ഞു. രണ്ടുവർഷത്തിനുശേഷം റിലീസിങ്ങിന് ഒരുങ്ങുമ്പോഴാണ് സ്‌റ്റേ ആവശ്യപ്പെട്ടുകൊണ്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി എത്തുന്നത്. ഹൈക്കോടതി സിനിമയുടെ റിലീസിങ് തടഞ്ഞു. വീണ്ടും സെൻസർ ബോർഡിനുമുന്നിലേക്ക്. ഒടുവിൽ ചില മാറ്റങ്ങൾ വരുത്തിയെങ്കിലും, അതിനെതിരെ സിനിമയുടെ അണിയറപ്രവർത്തകർ സുപ്രീംകോടതിയെ സമീപിച്ചു. ഒടുവിൽ ട്രിബ്യൂണൽ അനുവദിച്ചപോലെ സിനിമ റിലീസ് ചെയ്യാൻ കോടതിയും നിർദേശിച്ചു. അങ്ങനെ രണ്ടുവർഷത്തിനുശേഷമാണ് സിനിമ റിലീസായത്.
ദീപ മേത്തയുടെ റൊമാന്റിക് സിനിമയാണ് 'ഫയർ'. ലെസ്ബിയൻ ബന്ധത്തിലൂടെയാണ് സിനിമ പോവുന്നത്. കട്ടുകളൊന്നുമില്ലാതെ, അഡൾട്ട് റേറ്റിങ് നൽകിയാണ് സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നൽകിയത്. അതിലെ സീത എന്ന കഥാപാത്രത്തിന്റെ പേര് നീത എന്ന് മാറ്റണമെന്ന് മാത്രമാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. 1998 നവംബറിൽ സിനിമ റിലീസായി. കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും അതിനെതിരെ ശിവസേന രംഗത്തുവന്നു. മുംബൈയിലെ ഒരു തിയേറ്ററിലെ ഗ്ലാസുകൾ അടിച്ചുപൊട്ടിച്ചും പോസ്റ്ററുകൾ കത്തിച്ചും പ്രതിഷേധിച്ചു. തൊട്ടുപിന്നാലെ പ്രതിഷേധം വ്യാപിച്ചു. സിനിമയിലെ താരങ്ങളായ നന്ദിത ദാസ്, ഷബാന ആസ്മി, ദീപ മേത്ത എന്നിവർക്കെതിരെ വധഭീഷണിയുമുണ്ടായി. ഒടുവിൽ വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം അതിലിടപെട്ടു. സെൻസർ ബോർഡിനോട് സിനിമ വീണ്ടും പരിശോധിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. എന്നാൽ, കട്ടുകളൊന്നും കൂടാതെ തന്നെയാണ് സിനിമ വീണ്ടും റിലീസ് ചെയ്തത്.
മീര നായർ സംവിധാനം ചെയ്ത സിനിമയാണ് 'കാമസൂത്ര-എ ടെയ്ൽ ഓഫ് ലവ്'. ലൈംഗികതയുടെയും നഗ്നതയുടെയും അതിപ്രസരം മൂലം രാജ്യത്ത് ആദ്യം നിരോധിക്കപ്പെട്ട സിനിമയാണത്. കുറേ സീനുകൾ കട്ട് ചെയ്ത് എ-സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് സിനിമയ്ക്ക് നൽകിയത്. എന്നാൽ, ഇന്ത്യയ്ക്ക് പുറത്ത് ആദ്യത്തെ പതിപ്പ് തന്നെ നിലനിർത്തുകയും ചെയ്തു. എഡിറ്റിങ്ങിനുശേഷവും സിനിമ ഒട്ടേറെ വിവാദങ്ങൾക്ക് വഴിവെച്ചു.
2017-ൽ ഇന്ത്യയിൽ റിലീസായ സിനിമയാണ് 'ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ'. 2017-ൽ സെൻസർ ബോർഡിനുമുന്നിലെത്തിയപ്പോൾ സിനിമയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടു. ലൈംഗികദൃശ്യങ്ങൾ, അസഭ്യമായ സംസാരം, ഒരു പ്രത്യേക മതവിഭാഗത്തെ സ്പർശിക്കുന്ന വിഷയം തുടങ്ങിയ കാരണങ്ങളാണ് ഉയർത്തിയത്. ഇതിനെതിരെ നിർമാതാക്കൾ എഫ്.സി.എ.ടി.യെ സമീപിച്ചു. എഫ്.സി.എ.ടി.യും ചില മാറ്റങ്ങൾ നിർദേശിച്ചു. ഒടുവിൽ അണിയറപ്രവർത്തകർ 16 കട്ടുകൾ വരുത്താൻ സ്വയം തീരുമാനിച്ചു. എന്നാൽ, അതിനൊപ്പം വേറെയും ചില മാറ്റങ്ങൾ വരുത്താനും അതിനുശേഷം എ-സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിനോട് നിർദേശിക്കുകയും ചെയ്തു. ഇങ്ങനെ കട്ടുകൾ വരുത്തി പിന്നീട് റിലീസ് ചെയ്ത സിനിമകൾ ഏറെയുണ്ട്. ബ്ലാക്ക് ഫ്രൈഡേ, അമു, വാട്ടർ, പാപിലിയോ ബുദ്ധ, സിൻസ് തുടങ്ങിയവ അവയിൽ ചിലതുമാത്രം.
Content Highlights: nudity and sexual scenes becomes the reason to ban these movies by censor board
Published: 02 Apr 2025, 12:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented