1857 ഏപ്രില്‍ 8-നാണ് ബ്രിട്ടീഷ് അധികാരവര്‍ഗം മംഗള്‍ പാണ്ഡെ എന്ന ഇന്ത്യന്‍ പട്ടാളക്കാരനെ തൂക്കിലേറ്റുന്നത്. ഇന്നേക്ക് 168 വര്‍ഷങ്ങള്‍ക്ക് മുന്‍പ്. ആ മരണം അന്നോളം തണുത്തുറഞ്ഞുകിടന്ന ഇന്ത്യന്‍ മനസ്സുകളില്‍ തീ കോരിയിട്ടു. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്നറിയപ്പെടുന്ന ഈ ചരിത്രസംഭവത്തെ ആസ്പദമാക്കി 2005-ല്‍ പുറത്തുവന്നതാണ് 'മംഗള്‍ പാണ്ഡെ; ദി റൈസിങ്ങ്' എന്ന സിനിമ.

എന്നാല്‍, വിവാദങ്ങളുടെ അകമ്പടിയോടെയാണ് സിനിമ തിയറ്ററിലെത്തിയത്. ബ്രാഹ്‌മണനും തികഞ്ഞ മതവിശ്വാസിയുമായി ജീവിച്ചയാളാണ് മംഗള്‍ പാണ്ഡെയെന്നും സിനിമയില്‍ അദ്ദേഹത്തെ ചിത്രീകരിച്ചത് ചരിത്രത്തിന് നിരക്കാത്ത രീതിയിലാണ് എന്നുമായിരുന്നു വിമര്‍ശനം. പാണ്ഡെ ഒരു ലൈംഗികതൊഴിലാളിയുമായി പ്രണയത്തിലാകുന്നതും ഇടയ്ക്കിടെ അവളെ പോയിക്കാണുന്നതും സിനിമയിലുണ്ട്. അതാണ് വിമര്‍ശകരെ ചൊടിപ്പിച്ചത്. അദ്ദേഹം മദ്യപിക്കുന്നതായും സിനിമയിലുണ്ട്.   

placeholder
സംവിധായകൻ
കേതൻ മെഹ്ത/Wikipedia

അന്ന് പ്രതിപക്ഷത്തായിരുന്ന ബിജെപി വലിയ പ്രചരണമാണ് സിനിമയ്‌ക്കെതിരെ നടത്തിയത്. സമാജ് വാദി പാര്‍ട്ടിയും സിനിമയ്ക്കെതിരെ രംഗത്തുവന്നു. ചിത്രം പാണ്ഡെയുടെ ഓര്‍മകളെ അപമാനിക്കുന്ന തരത്തിലാണ് ചിത്രീകരിച്ചത് എന്നായിരുന്നു വാദം. രാജ്യസഭയില്‍ സിനിമ നിരോധിക്കണമെന്ന് ആവശ്യമുന്നയിച്ചതും സമാജ് വാദി പാര്‍ട്ടിയാണ്.

മംഗള്‍ പാണ്ഡെ ജനിച്ച ഉത്തര്‍പ്രദേശിലാണ് ഏറ്റവുമധികം പ്രതിഷേധങ്ങള്‍ നടന്നത്. തിയറ്ററുകള്‍ക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങളുയര്‍ത്തി. ചിത്രത്തിന്റെ വിതരണം തടഞ്ഞു. ട്രെയിന്‍ തടഞ്ഞും ദേശീയപാതയില്‍ കുത്തിയിരുന്നും സമരം നടത്തി. 

placeholder
ആമിർ ഖാൻ/Wikipedia

പാണ്ഡെയുടെ കുടുംബവും ചിത്രത്തിനെതിരായ നിലപാടാണ് കൈക്കൊണ്ടത്. സിനിമ പാണ്ഡെയുടെ വ്യക്തിത്വത്തെ അവഹേളിക്കുന്നുവെന്നും അതുകൊണ്ട് സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി അവര്‍ കോടതിയെ സമീപിച്ചു. എന്നാല്‍ ആ അപേക്ഷ  കോടതി തള്ളുകയാണുണ്ടായത്. 

കേതന്‍ മെഹ്ത സംവിധാനം ചെയ്ത സിനിമ ബോബി ബേദിയാണ് നിര്‍മിച്ചത്. ആമിര്‍ ഖാന്‍, റാണി മുഖര്‍ജി, ടോബി സ്റ്റീഫന്‍സ്, അമീഷ പട്ടേല്‍, ഓംപുരി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായെത്തിയത്. കാന്‍ ഫെസ്റ്റിവലിലാണ് ചിത്രം ആദ്യം പ്രദര്‍ശനത്തിനെത്തിയത്. അക്കൊല്ലത്തെ വമ്പന്‍ വാണിജ്യവിജയവുമായിരുന്നു ചിത്രം.