നടി ബിപാഷ ബസുവിന് 'പുരുഷ രൂപമാണെന്നും' മസിലുകളുണ്ടെന്നും പറഞ്ഞ് കളിയാക്കുന്ന മൃണാൾ ഠാക്കൂറിന്റെ ഒരു പഴയ വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞിരുന്നു. താൻ ബിപാഷയെക്കാൾ സുന്ദരിയാണെന്നും മൃണാൾ വീഡിയോയിൽ അവകാശപ്പെടുന്നുണ്ട്. വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായതോടെ മൃണാൾ കടുത്ത വിമർശനമാണ് നേരിടുന്നത്.
തന്നെ പരിഹസിച്ചതിന് മൃണാളിനുള്ള പരോക്ഷവിമർശനവുമായി എത്തിയിരിക്കുകയാണ് ബിപാഷയിപ്പോൾ. മൃണാളിന്റെ പഴയ അഭിമുഖം കണ്ടിട്ടാവണം, തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ബിപാഷ കുറിക്കുകൊള്ളുന്ന മറുപടി പങ്കുവെച്ചു. യഥാർഥ സ്ത്രീകൾ പരസ്പരം ഉന്നതിയിലേക്കെത്തിക്കുമെന്ന് താരം കുറിച്ചു. സൗന്ദര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ഫിറ്റ്നസ് ഒഴിവാക്കുകയും ചെയ്യുന്ന പരമ്പരാഗത രീതികളിൽ നിന്ന് പെൺകുട്ടികൾ മുന്നോട്ട് പോകണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്.
"ശക്തരായ സ്ത്രീകൾ പരസ്പരം താങ്ങായി നിൽക്കും. സുന്ദരികളേ, മസിലുകൾ നേടൂ... നമ്മൾ ശക്തരായിരിക്കണം... നല്ല ശാരീരികവും മാനസികവുമായ ആരോഗ്യം നേടാൻ മസിലുകൾ നിങ്ങളെ സഹായിക്കും. സ്ത്രീകൾ ശക്തരായി കാണപ്പെടരുത്, ശാരീരികമായി കരുത്തരാകരുത് എന്ന പഴഞ്ചൻ ചിന്താഗതിയെ തകർത്തെറിയൂ"-എന്നാണ് ബിപാഷ കുറിച്ചത്.
ഫിറ്റ്നെസ്സിന്റെയും ആരോഗ്യമുള്ള ജീവിതശൈലിയുടെയും പേരിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ബിപാഷ. 46-ാം വയസ്സിലും മികച്ച ശരീരസൗന്ദര്യം കൊണ്ടുനടക്കുന്ന ബിപാഷ വർക്കൗട്ടിന്റെയും ഭക്ഷണക്രമത്തിന്റെയും വീഡിയോ സ്ഥിരമായി ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഒരുകാലത്ത് ബോളിവുഡിലെ ഹോട്ടസ്റ്റ് നടിമാരിൽ ഒരാളായിരുന്നു ബിപാഷ. 2000 മുതൽ 2010 വരെയായിരുന്നു ഹിന്ദി സിനിമയിൽ ബിപാഷയുടെ നല്ലകാലം. 2001-ൽ മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് താരം സ്വന്തമാക്കിയിരുന്നു.
മാധ്യമങ്ങൾ പലപ്പോഴും ബസുവിനെ ഒരു സെക്സ് സിംബലായാണ് വിശേഷിപ്പിക്കാറുള്ളത്. ടൈംസിന്റെ '50 മോസ്റ്റ് ഡിസയറബിൾ വിമൻ' പട്ടികയിൽ 2011-ൽ എട്ടാം സ്ഥാനത്തും 2012-ൽ പതിമൂന്നാം സ്ഥാനത്തും 2013-ൽ ഏഴാം സ്ഥാനത്തും അവർ ഇടംപിടിച്ചു. 2006-ൽ ഇന്ത്യയിലെ ഏറ്റവും ആകർഷകത്വമുള്ള വനിതയായി അവർ തിരഞ്ഞെടുക്കപ്പെട്ടു. 'ഈസ്റ്റേൺ ഐ' 2005-ലും 2007-ലും അവരെ 'ഏഷ്യയിലെ ഏറ്റവും സെക്സിയായ സ്ത്രീ'യായി തിരഞ്ഞെടുത്തിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bipasha Basu responds to Mrunal Thakur`s resurfaced video mocking her physique. Basu encourages women`s fitness and strength.
Published: 14 Aug 2025, 02:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented