കന്നഡനടിയും ഭരതനാട്യം നർത്തകിയുമാണ് ഭാവന രാമണ്ണ. മികച്ച നടിക്കുള്ള കന്നഡ സംസ്ഥാനപുരസ്‌കാരം രണ്ടുതവണയാണ് ഭാവന കരസ്ഥമാക്കിയത്.

To advertise here,

ഗിന്നസ് വേൾഡ് റെക്കോർഡ്‌സിലിടം പിടിച്ച 'ശാന്തി' എന്ന സിനിമയിൽ ഭാവനയാണ് കേന്ദ്രകഥാപാത്രം. ഏറ്റവും കുറഞ്ഞ അഭിനേതാക്കളുള്ള സിനിമ എന്ന പേരിലാണ് 'ശാന്തി' ഗിന്നസ് ബുക്കിൽ കയറിയത്. അതിൽ ഭാവനയും ഒരു പ്രാവും മാത്രമേയുള്ളൂ. ബാക്കിയുള്ളതെല്ലാം കുറേ ശബ്ദങ്ങൾ മാത്രമാണ്.

അടിസ്ഥാനപരമായി ഭരതനാട്യം നർത്തകിയായ ഭാവന, അവിചാരിതമായിട്ടാണ് സിനിമയിലേക്കെത്തുന്നത്.

ഇപ്പോൾ ഐവിഎഫ് വഴി ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അവർ. സമൂഹമാധ്യമത്തിലൂടെയാണ് ഭാവന ഇക്കാര്യം പങ്കുവെച്ചത്. അത് വളരെ പെട്ടെന്ന് ചർച്ചയാവുകയും ചെയ്തു.

അവിവാഹിതയായ ഭാവന ഇപ്പോൾ ആറുമാസം ഗർഭിണിയാണ്. താൻ ഇരട്ടക്കുട്ടികളുടെ അമ്മയാകാൻ പോവുകയാണെന്ന് ഫോട്ടോയ്‌ക്കൊപ്പം അവർ കുറിച്ചു. 40 വയസ്സാണ് ഭാവനയ്ക്ക്.

വീട്ടിലുള്ളവരെല്ലാം തന്റെ ഈ തീരുമാനം കേട്ടപ്പോൾ സന്തോഷിച്ചുവെന്നും തനിക്കൊപ്പം നിന്നുവെന്നും അവർ പറയുന്നു. ''ഗർഭിണിയാവുക എന്നത് ഒരു സ്ത്രീയുടെ മാത്രം തീരുമാനമാണ്. അത് മനസ്സിലാക്കുന്നതുകൊണ്ടാവാം കുടുംബം എനിക്കൊപ്പം നിന്നു. ഒരു സിംഗിൾ മദറിന് അത്ര വലിയ പിന്തുണ കിട്ടുന്നത് വലിയ കാര്യമാണ്. അങ്ങനെ പിന്തുണയ്ക്കാത്ത സമൂഹമാണ് നമ്മുടേത്. ചിലരൊക്കെ ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ചു. പക്ഷേ, അതൊന്നും എന്നെ ബാധിച്ചതേയില്ല''.

ഐവിഎഫ് തിരഞ്ഞെടുത്തശേഷം താൻ എത്രത്തോളം ബുദ്ധിമുട്ടിയെന്നും അവർ വെളിപ്പെടുത്തുന്നു. ''പല ക്ലിനിക്കുകളെയും സമീപിച്ചു. വിവാഹിതയല്ലാത്തതിനാൽ എല്ലാവരും എതിർത്തു. ഒടുവിൽ വീടിനടുത്തുള്ള ഒരു ക്ലിനിക്ക് കണ്ടെത്തി. അങ്ങനെയാണ് ട്രീറ്റ്‌മെന്റ് തുടങ്ങുന്നത്. എന്റെ 30-കളിലൊന്നും അമ്മയാവുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ല. എന്നാൽ, 40 ആയപ്പോൾ അമ്മയാവണമെന്ന ആഗ്രഹമുണ്ടായി''.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi