തൊണ്ണൂറുകളില്‍ മലയാളസിനിമയിലേക്ക് പുതിയൊരു ആക്ഷന്‍ താരമെത്തി. അയാളുടെ കയ്യൊതുക്കം കണ്ട ആരാധകര്‍ അയാള്‍ക്കൊരു പേരുനല്‍കി, മലയാളത്തിന്റെ ബ്രൂസ് ലീ. കരാട്ടേ കിക്കുകള്‍ കൊണ്ടും അസാമാന്യമായ മെയ്വഴക്കംകൊണ്ടും ഞെട്ടിച്ച ബാബു ആന്റണി. വെള്ള വട്ടക്കഴുത്ത് ബനിയനും ഇന്‍സര്‍ട്ട് പാന്റും ധരിച്ച് കരാട്ടേ സ്റ്റെപ്പുകള്‍ വയ്ക്കുന്ന പ്രതിനായകനായി അയാള്‍ തന്റെ വരവറിയിച്ചു. ബാബു ആന്റണിയെപ്പോലെ സവിശേഷമായ ലുക്കുള്ള, വില്ലന്‍ വേഷംചെയ്യാന്‍ പറ്റിയ ഒരു യുവനടന്‍ അന്ന് മലയാളത്തില്‍ വേറെയുണ്ടായിരുന്നില്ല.

1995-ലാണ് ബാബു ആന്റണി 'സുല്‍ത്താന്‍' വേഷത്തിലെത്തിയ ചന്ത പ്രദര്‍ശനത്തിനെത്തിയത്. ബാബു ആന്റണിയും മോഹിനിയും പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ നരേന്ദ്രപ്രസാദ്, തിലകന്‍, അഗസ്റ്റിന്‍, ദേവന്‍ എന്നിവരായിരുന്നു മറ്റ് പ്രധാന അഭിനേതാക്കള്‍. റോബിന്‍ തിരുമലയുടേതായിരുന്നു തിരക്കഥ. ഈ സിനിമയുടെ രണ്ടാം ഭാഗത്തിലൂടെ മടങ്ങിവരവിന് ഒരുങ്ങുകയാണ് പവര്‍സ്റ്റാര്‍ ബാബു ആന്റണി. ബാബു ആന്റണി തന്നെയാണ് രണ്ടാംഭാഗത്തിലേയും നായകന്‍. ബാബു ആന്റണിയുടെ മകനും വേദ സുനിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ബിഗ് ബജറ്റ് ചിത്രമായാണ് ചന്ത2 ഒരുങ്ങുന്നത്.'' സംവിധായകന്‍ സുനില്‍ പറഞ്ഞു. 

വില്ലനിൽ നിന്നും പിന്നീട് സ്‌റ്റൈലിഷ് നായകനായുള്ള സിനിമകള്‍. പല റോളുകളിലൂടെ പ്രേക്ഷരുടെ സ്നേഹം നേടിക്കൊണ്ട് കഴിഞ്ഞ 40 വര്‍ഷത്തോളമായി ബാബു ആന്റണി മലയാള സിനിമയിലുണ്ട്.

 

placeholder

1. ചിലമ്പ് (1986)

എണ്‍പതുകളുടെ ആദ്യ പാതിയില്‍ കോട്ടയം പൊന്‍കുന്നത്ത് നിന്ന് സിനിമാ സ്വപ്‌നവുമായി മദ്രാസിലെത്തിയ ബാബു ആന്റണി പല വാതിലുകള്‍ മുട്ടി, ഒടുവിലാണ് സംവിധായകന്‍ ഭരതന്റെ മുന്നിലെത്തുന്നത്. നീട്ടിയ തലമുടിയും ആറടിപൊക്കവും സ്‌റ്റൈലിഷ് ലുക്കുമുള്ള ചെറുപ്പക്കാരന്‍ ഒറ്റനോട്ടത്തില്‍ത്തന്നെ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. ആദ്യ കൂടിക്കാഴ്ചയില്‍ 10 ദിവസം കഴിഞ്ഞ് വരാനായിരുന്നു ഭരതന്റെ മറുപടി. പറഞ്ഞദിവസം ബാബു ആന്റണി എത്തിയപ്പോള്‍, 1500 രൂപ അഡ്വാന്‍സായി കയ്യില്‍വെച്ചുകൊടുത്തിട്ട് ഭരതന്‍ പറഞ്ഞു: നീയാണ് എന്റെ പുതിയ ചിത്രത്തിലെ വില്ലന്‍. അങ്ങനെ ഭരതന്റെ 'ചിലമ്പി'ലെ ജയന്‍ എന്ന കഥാപാത്രമായി ബാബു ആന്റണി മലയാളത്തിന്റെ വെള്ളിത്തിരയില്‍ തുടക്കംകുറിച്ചു. കളരി അറിയുന്ന നായകനും കരാട്ടെ അറിയുന്ന വില്ലനും തമ്മിലുള്ള മത്സരമായിരുന്നു ചിത്രം. റഹ്‌മാന്‍ നായകനായ ചിത്രത്തിലെ വില്ലന്‍ കഥാപാത്രം ശ്രദ്ധ നേടിക്കൊടുത്തു. ബാബു ആന്റണിയിലൂടെയാണ് മലയാള സിനിമയില്‍ ആദ്യമായി നഞ്ചാക്ക് ഉപയോഗിക്കുന്നത്. പിന്നാലെ ഭരതന്റെതന്നെ 'പ്രണാമം' എന്ന സിനിമയിലൂടെ തിരക്കേറിയ താരമായി.

2. പൂവിന് പുതിയ പൂന്തെന്നല്‍ (1986)

നാല് പതിറ്റാണ്ടോളം ദൈര്‍ഘ്യമുള്ള കരിയറില്‍ 'പൂവിന് പുതിയ പൂന്തെന്നലി'ലെ രഞ്ജി എന്ന കഥാപാത്രത്തിനു മുകളില്‍ നില്‍ക്കുന്ന മറ്റൊരു ബാബു ആന്റണി കഥാപാത്രം ഇല്ലെന്ന് വിശേഷിപ്പിക്കാം. മമ്മൂട്ടിയെ നായകനാക്കി ഫാസില്‍ സംവിധാനംചെയ്ത ത്രില്ലര്‍ ചിത്രത്തില്‍ സുരേഷ് ഗോപിയായിരുന്നു വില്ലന്‍. കൊലയാളിയായ രഞ്ജിയുടെ വേഷമായിരുന്നു ബാബു ആന്റണിക്ക്. സംഭാഷണങ്ങള്‍ തീരേകുറവ്. ഭാവപ്രകടനത്തിലൂടെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ശരീരംകൊണ്ട് ചെയ്യാനുള്ള പ്രവൃത്തികള്‍ മാത്രമേയുള്ളൂ എന്ന വെല്ലുവിളിയെ അസാമാന്യമായി ബാബു ആന്റണി പകര്‍ന്നാടി. സ്‌റ്റൈലിലും ആക്ഷനിലും നോട്ടത്തില്‍പ്പോലും കൊലയാളിയായി ബാബു ആന്റണി മാറി.

കൊലപാതകത്തിന് സാക്ഷിയായ അമ്മയും കുഞ്ഞും വീട്ടില്‍ ഒറ്റയ്ക്കായിരിക്കുന്ന സന്ദര്‍ഭത്തില്‍ രഞ്ജി വീടിനുള്ളിലേക്ക് കടന്നുവരുന്ന സീനില്‍, ഒരു വാതിലിന് മുന്നില്‍ നിഴല്‍ രൂപമായുള്ള അയാളുടെ അവതരണം പ്രേക്ഷകനെ ഞെട്ടിക്കുന്നതായിരുന്നു. സമാനമായി മമ്മൂട്ടിയുടെ കഥാപാത്രം മദ്യപിച്ച് ബോധംകെട്ടുറങ്ങുന്ന ഒരു സന്ദര്‍ഭത്തില്‍ വീട്ടിനുള്ളിലേക്ക് കുട്ടിയെ കൊല്ലാനായി എത്തുന്ന രംഗവും ബാബു ആന്റണി എന്ന നടന്‍ പ്രേക്ഷകരെ ഭയത്തിന്റെ നെരിപ്പോടിലെത്തിച്ചു.

പൂവിന് പുതിയ പൂന്തെന്നല്‍ മലയാളത്തില്‍ വലിയ വിജയമായതിനുപിന്നാലെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളിലേക്ക് റീമേക്ക് ചെയ്തു. നായകന്‍ മാറിയപ്പോഴും കൊലയാളിയുടെ വേഷം നാല് റീമേക്കുകളിലും ബാബു ആന്റണി തന്നെയാണ് അവതരിപ്പിച്ചത്. തമിഴില്‍ സത്യരാജ് നായകനായി എത്തിയ 'പൂവിഴി വാസലി'ലെ ബാബു ആന്റണിയുടെ വില്ലന്‍ കഥാപാത്രം അന്ന് തമിഴ്‌നാട്ടില്‍ നിരവധി കുട്ടികളുടെ ഉറക്കംകെടുത്തി. സിനിമകണ്ട് പേടിച്ച് പനി പിടിച്ചവരുടെ കഥ സൂപ്പര്‍താരം കാര്‍ത്തിയും യുവതാരം മണികണ്ഠനും പറഞ്ഞിട്ടുള്ളതായി ബാബു ആന്റണി തന്നെ പിന്നീട് ഓര്‍മിച്ചിട്ടുണ്ട്. സിനിമയുടെ അഞ്ച് വേര്‍ഷനുകളിലും ഞാന്‍ ആരെയെങ്കിലും ഭയപ്പെടുത്തിയെങ്കില്‍, കുറഞ്ഞപക്ഷം ഒരിക്കലെങ്കിലും ഞാന്‍ വിജയിച്ചു എന്നായിരുന്നു, ബാബു ആന്റണിയുടെ സാക്ഷ്യപ്പെടുത്തല്‍.

 

placeholder
'വൈശാലി' സിനിമ

3. വൈശാലി (1988)

എം.ടി. വാസുദേവന്‍ നായരുടെ രചനയില്‍ ഭരതന്‍ ഒരുക്കിയ മലയാളത്തിലെ ക്ലാസിക് ചിത്രം 'വൈശാലി'യില്‍ ലോമപാദ മഹാരാജാവിന്റെ വേഷം ബാബു ആന്റണി എന്ന നടന്റെ വെള്ളിത്തിരയിലെ അടയാളപ്പെടുത്തലായിരുന്നു എന്ന് നിസ്സംശയം പറയാം. തന്നിലെ നടനെ പൂര്‍ണമായും ഉപയോഗപ്പെടുത്തിയ കഥാപാത്രങ്ങള്‍ ബാബു ആന്റണിയുടെ കരിയറില്‍ അങ്ങിങ്ങ് മാത്രമാണ് വന്നുപോയത്. അതില്‍ ആദ്യത്തേതായിരുന്നു ലോമപാദ രാജാവ്. തന്റെ 23-ാം വയസ്സിലാണ് അത്രയും തന്നെ പ്രായമുള്ള മകളുടെ അച്ഛനായി ബാബു ആന്റണി അഭിനയിക്കുന്നത്. ചിത്രത്തില്‍ ബാബു ആന്റണിക്ക് ഘനഗംഭീരമായ ശബ്ദം നല്‍കിയത് അക്കാലത്ത് സിനിമകളില്‍ സജീവമല്ലാതിരുന്ന പ്രൊഫസര്‍ നരേന്ദ്ര പ്രസാദ് ആയിരുന്നു.

ആത്മസംഘര്‍ഷങ്ങളില്‍ നീറുന്ന രാജാവിന്റെ റോളിലേക്ക് ബാബു ആന്റണി എത്താനായി കാത്തിരിക്കുകയായിരുന്നു സംവിധായകന്‍ ഭരതന്‍ എന്നുപറയാം. 'പ്രയാണം' സിനിമയുടെ സെറ്റില്‍വെച്ച്, ബാബു ആന്റണിയെ കാണുന്നതിന് മുന്‍പുതന്നെ വരച്ചുവെച്ച ലോമപാദ രാജാവിന്റെ സ്‌കെച്ച് ഭരതന്‍ കാണിച്ചുകൊടുത്തു. അത് ബാബു ആന്റണിയുടെ ആകാരവും മുഖസാദൃശ്യവുമുള്ള ചിത്രമായിരുന്നു എന്നതാണ് കൗതുകം. ശരിക്കും പറഞ്ഞാല്‍, വൈശാലിയിലേക്ക് തിരഞ്ഞെടുത്ത ബാബു ആന്റണിയെ ചിലമ്പിലൂടെ മലയാളത്തിലേക്ക് ഭരതന്‍ അവതരിപ്പിക്കുകയായിരുന്നു.

4. അപരാഹ്നം (1991 )

ബാബു ആന്റണി എന്ന നടന്റെ ഏറ്റവും വ്യത്യസ്തമായ അഭിനയപ്രകടനമുള്ളത് സംവിധായകന്‍ എം.പി. സുകുമാരന്‍നായരുടെ രണ്ട് ചിത്രങ്ങളിലാണ്. 1991-ല്‍ പുറത്തിറങ്ങിയ 'അപരാഹ്ന'വും 1999-ലെ 'ശയന'വും. ഒരു നക്‌സലൈറ്റിന്റെ കഥ പറഞ്ഞ അപരാഹ്നം മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണെന്ന് വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ജയിലില്‍നിന്ന് മോചിതനായിട്ടും മുന്‍ നക്‌സലൈറ്റ് നന്ദകുമാറിന്റെ ജീവിതം എന്നും സംശയാസ്പദമായി തുടരുകയാണ്. ജോലിയില്‍ സ്ഥിരത ലഭിക്കുന്നില്ല. ഗള്‍ഫിലേക്ക് കുടിയേറാനുള്ള ഉപദേശങ്ങള്‍ അദ്ദേഹം നിരസിക്കുകയാണ്. പിന്നീടും പോലീസില്‍നിന്നും സമൂഹത്തില്‍നിന്നും പീഡനം അനുഭവിക്കുന്നു. 70-കളുടെ മധ്യത്തില്‍ അടിയന്തരാവസ്ഥക്കാലത്ത്, നന്ദകുമാര്‍ വീണ്ടും ജയിലിലടയ്ക്കപ്പെടുകയാണ്. ജീവിതംപോലും നഷ്ടപ്പെടുമ്പോഴും അദ്ദേഹത്തിന് അവശേഷിക്കുന്നത് ഒരു വിപ്ലവകാരി എന്ന നിലയിലുള്ള തന്റെ ഓര്‍മ്മകള്‍ മാത്രമാണ്... ചലച്ചിത്രവേദികളില്‍ പ്രശംസ നേടിയെങ്കിലും വാണിജ്യ ചേരുവകളില്ലാത്ത ചിത്രത്തിലെ ബാബു ആന്റണിയുടെ കഥാപാത്രം സാധാരണ പ്രേക്ഷകരിലേക്ക് എത്തിയിരുന്നില്ല.

സാറാജോസഫിന്റെ വിശുദ്ധ റങ്കൂണ്‍ പുണ്യാളന്‍ എന്ന രചന ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു ശയനം. മാജിക്കല്‍ റിയലിസം അധികമൊന്നും കാണാത്ത മലയാളസിനിമാചരിത്രത്തില്‍ ശയനം വ്യത്യസ്തമായപ്പോള്‍, ബാബു ആന്റണിയെ മുന്‍പെങ്ങും കണ്ടിട്ടില്ലാത്തവിധം പുതുമയോടെ അവതരിപ്പിച്ചു.

5. ഗാന്ധാരി (1993)

വില്ലന്‍ ക്യാരക്ടര്‍ റോളുകളില്‍നിന്ന് സൂപ്പര്‍ നായകനിലേക്കുള്ള ബാബു ആന്റണിയുടെ ആദ്യ ചുവടുവയ്പായിരുന്നു 'ഗാന്ധാരി'യിലെ വിഷ്ണു. മാധവി കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം ഒരു റിവഞ്ച് ഡ്രാമ ആയിരുന്നെങ്കില്‍, ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ മുഴുനീള പോസിറ്റീവ് കഥാപാത്രത്തിലൂടെ പ്രേക്ഷകരെ ഒപ്പംകൂട്ടാന്‍ കഴിയുമെന്ന് ബാബു ആന്റണി കാണിച്ചുകൊടുത്തു. ബാബു ആന്റണി ഒരു വിജയനായകന്‍ ആകുമെന്നുള്ള പൊതുധാരണ പടര്‍ന്നുതുടങ്ങുന്നത് ഈ ചിത്രത്തിലൂടെയാണ്. മാധവി അവതരിപ്പിച്ച അപര്‍ണ എന്ന ശക്തയായ കഥാപാത്രം പ്രതികാരനായികയായി മാറുമ്പോള്‍ സഹായിയായി എത്തുന്നത് ബാബു ആന്റണിയുടെ വിഷ്ണുവാണ്. സാബ് ജോണിന്റെ തിരക്കഥയില്‍ സുനില്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സോഫീസില്‍ മികച്ച നേട്ടം സ്വന്തമാക്കി. ഈ ചിത്രത്തിന് പിന്നാലെ സുനിലിന്റെ സംവിധാനത്തില്‍ 'ഭരണകൂടം' എന്ന ചിത്രത്തിലൂടെ നായകനിരയിലേക്ക് ബാബു ആന്റണി ചുവടുവെച്ചു.

6. ഉപ്പുകണ്ടം ബ്രദേഴ്‌സ് (1993)

ബാബു ആന്റണി നായകന്മാരുടെ സൈഡാണേല്‍ പണി എളുപ്പമായി എന്നാശ്വസിച്ചിരുന്ന ബാല്യമുണ്ടായിരുന്നു മലയാളത്തിലെ ഒരു തലമുറയ്ക്ക്. അത് ശരിവയ്ക്കുന്ന കഥാപാത്രമായിരുന്നു 'ഉപ്പുകണ്ടം ബ്രദേഴ്‌സി'ലെ ഉപ്പുകണ്ടം സേവിച്ചന്‍. കലൂര്‍ ഡെന്നീസിന്റെ തിരക്കഥയില്‍ ടി.എസ്. സുരേഷ് ബാബു സംവിധാനംചെയ്ത ചിത്രത്തില്‍ കഥാഗതിയില്‍ നിര്‍ണായക സമയത്താണ് സേവിച്ചനായി ബാബു ആന്റണി എത്തുന്നത്. പിന്നീട് സിനിമയെ കൊണ്ടുപോകുന്നതും ഏറ്റവും പ്രേക്ഷക കൈയടി നേടിയതും ബാബു ആന്റണി ആയിരുന്നു. പരമ്പരാഗതമായി ശത്രുത നിലനില്‍ക്കുന്ന രണ്ട് ക്രിസ്ത്യന്‍ കുടുംബങ്ങളുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്. നായകനില്‍നിന്ന് ആരാധകരെ സൃഷ്ടിക്കുന്ന സൂപ്പര്‍താരത്തിലേക്കുള്ള വളര്‍ച്ച ആയിരുന്നു ഈ സിനിമയിലൂടെ ബാബു ആന്റണി നേടിയെടുത്തത്.

7. ചന്ത (1995)

ബാബു ആന്റണിയുടെ ആക്ഷന്‍ സിനിമകളുടെ പീക്കില്‍ സൂപ്പര്‍ ഹിറ്റ് വിജയംനേടിയ ചിത്രമായിരുന്നു ചന്ത. സുല്‍ത്താന്‍ എന്ന കഥാപാത്രമായി മാസ് ഹീറോ പരിവേഷം. ഡെനിം ജീന്‍സ്, വൈറ്റ് ഷൂസ്, കഴുത്തില്‍ ഒരു മാല, പുറകിലോട്ട് നീട്ടിവളര്‍ത്തിയ സമൃദ്ധമായ മുടി, ഷര്‍ട്ടിന്റെ ആദ്യ രണ്ട് ബട്ടന്‍സുകള്‍ ഇടാതെ നെഞ്ചിലെ രോമകൂപങ്ങള്‍ പുറത്തേക്കു കാണിച്ച്, ഘടഘട ശബ്ദത്തോടെ ബുള്ളറ്റില്‍ പ്രത്യക്ഷപ്പെടുന്ന രാജകീയമായൊരു എന്‍ട്രി... ഇതായിരുന്നു അക്കാലത്ത് ബാബു ആന്റണി നായകനാകുന്ന സിനിമകളിലെ ഇന്‍ട്രോ പരിവേഷം. ചന്ത സിനിമയ്ക്കു റോബിന്‍ തിരുമലയാണ് തിരക്കഥ എഴുതിയത്. എന്നാല്‍, ഈ ട്രെന്‍ഡില്‍ കലൂര്‍ ഡെന്നീസ് തിരക്കഥ എഴുതിയ കടല്‍, കമ്പോളം, സ്ട്രീറ്റ്, ബോക്‌സര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഭൂരിപക്ഷവും ബിസിസെന്ററുകളില്‍ ചലനം സൃഷ്ടിച്ചവയാണ്. ഫൈറ്റ് സീനുകളായിരുന്നു ഈ സിനിമകളിലേക്ക് ആരാധകരെ ആകര്‍ഷിച്ച പ്രധാന ഘടകം. അഞ്ചില്‍ക്കൂടുതല്‍ ഫൈറ്റുകള്‍ ഈ സിനിമകളില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. സംഘട്ടനത്തിനിടെ പുറപ്പെടുന്ന പ്രത്യേക ശബ്ദങ്ങളും പ്രയോഗിക്കുന്ന പഞ്ചുകളും കിക്കുകളും ബാബു ആന്റണിയുടെ ഫൈറ്റിനുമാത്രം ഏറെ ആരാധകരെ സൃഷ്ടിച്ചു. ഇതേ കാലയളവില്‍ ഷാജി കൈലാസിന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായ 'മാഫിയ'യിലെ വില്ലന്‍ കഥാപാത്രവും പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു. അസാധ്യ ലുക്കും സ്‌ക്രീന്‍ പ്രസന്‍സും കൊണ്ട് ബാംഗ്ലൂര്‍ അധോലോകത്തിലെ ബാബു ആന്റണിയുടെ ചന്ദ്ര ഗൗഡ സ്‌ക്രീന്‍ കൈയടക്കി.

8. ഉത്തമന്‍ (2001)

ബാബു ആന്റണി എന്ന പേരില്‍ത്തന്നെ ഒരു ഹെയര്‍ സ്റ്റെലും താടി ട്രെന്‍ഡ് 90 കാലഘട്ടങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ഒരേ അച്ചില്‍ വാര്‍ത്ത ഒട്ടേറെ ലോ ബജറ്റ് ചിത്രങ്ങള്‍ തുടരെ റിലീസ് ചെയ്തതോടെ താരത്തിന്റെ സിനിമകള്‍ പ്രേക്ഷകരെ നിരാശപ്പെടുത്തിത്തുടങ്ങി. ക്രമേണ ബാബു ആന്റണിയുടെ താരമൂല്യത്തില്‍ ഇടിവ് സംഭവിച്ചു. 1996- 97 ആയപ്പോഴേക്കും ബാബു ആന്റണിതരംഗം കെട്ടടങ്ങി എന്നുപറയാം.

placeholder

വ്യക്തിജീവിതത്തില്‍ സംഭവിച്ച വിവാദങ്ങളോടെ സിനിമയില്‍നിന്ന് അകന്നുതുടങ്ങിയ ബാബു ആന്റണി ചെറിയൊരു ഇടവേളയ്ക്കുശേഷം എത്തിയത് കരിയറിലെ മറ്റൊരു കരുത്തുറ്റ വില്ലന്‍കഥാപാത്രത്തിലൂടെയാണ്. അനില്‍ ബാബു സംവിധാനം ചെയ്ത് ജയറാം നായകനായി എത്തിയ 'ഉത്തമനി'ലെ പുലിമുറ്റത്ത് സണ്ണി തോമസ്.

''ആയിരം താഴിട്ടുപൂട്ടിയാലും ഈ നാടുമുഴുവന്‍ കാവല്‍നിന്നാലും പുല്ലൂരാംകുന്നില്‍ ഇവന്റെ ചോര വീണിരിക്കും. വീഴ്ത്തിയിരിക്കും ഈ സണ്ണി തോമസ്...'' പൈശാചികമായ ഭാവത്തോടെ ബാബു ആന്റണി ഈ ഡയലോഗ് പറയുമ്പോള്‍ നായകനും മുകളിലേക്ക് ആ കഥാപാത്രം വന്നുപതിക്കുന്നുണ്ട്. പക്ഷേ, ഇടവേളയ്ക്കു ശേഷമുള്ള വില്ലന്‍വേഷം കൈയടിനേടിയെങ്കിലും ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല

9. ഇടുക്കി ഗോള്‍ഡ് (2013)

ബാബു ആന്റണിയുടെ ഭാവത്തിനും രൂപത്തിലും വേറിട്ടൊരു പകര്‍ന്നാട്ടത്തിനു വേദിയൊരുക്കിയ ചിത്രമായിരുന്നു 'ഇടുക്കി ഗോള്‍ഡ്'. കാലം മുന്നോട്ടുപോയപ്പോള്‍ വീര്യം കൂടുക മാത്രം ചെയ്ത സുഹൃദ് ബന്ധങ്ങളുടെ കഥപറഞ്ഞ ആഷിക് അബു ചിത്രത്തില്‍ ആന്റണി എന്ന കഥാപാത്രമായിരുന്നു ബാബു ആന്റണി അവതരിപ്പിച്ചത്. റിയലിസ്റ്റിക്കായ അഭിനേതാവ് തന്നിലുണ്ടെന്ന് വാണിജ്യ ചേരുവകളോടെ ഒരുക്കിയ ചിത്രത്തിലൂടെ ബാബു ആന്റണി തെളിയിച്ചു. അവിടെയും ഇന്നലെകളിലെ ഹീറോയിസത്തിന്റെ ഭാവതലങ്ങളെ ചിത്രം ആന്റണിക്കായി ഒരുക്കിവെച്ചിരുന്നു. ആശുപത്രി രംഗത്തില്‍ പ്രേക്ഷകരുടെ കൈയടി നേടിയതും തേനീച്ചക്കൂട്ടില്‍ ചുംബിക്കുന്നതും നായകപരിവേഷത്തോടെ പ്രേക്ഷകര്‍ സ്വീകരിച്ചു. ഇതേ കാലയളവിലെത്തിയ മോഹന്‍ലാല്‍ ചിത്രം 'ഗ്രാന്‍ഡ് മാസ്റ്ററി'ലെ നിഗൂഢതകളേറെയുള്ള കഥാപാത്രവും വാര്‍പ്പുമാതൃകകളില്‍നിന്ന് മാറിയുള്ള തിരഞ്ഞെടുപ്പായിരുന്നു. വിക്ടര്‍ റോസെട്ടി എന്ന കഥാപാത്രം ആ പ്രതിനായക വേഷങ്ങളില്‍ത്തന്നെ ബാബു ആന്റണിയുടെ വേറിട്ടൊരു പകര്‍ന്നാട്ടമായിരുന്നു. സിനിമയ്‌ക്കൊപ്പം വിക്ടറും അന്ന് ശ്രദ്ധനേടി.

10. കായംകുളം കൊച്ചുണ്ണി (2018)

ബാബു ആന്റണി എന്ന നടന്‍ പക്വതയോടെയും മിതത്വത്തോടെയും അഭിനയിച്ച് ഫലിപ്പിക്കുകയും എന്നാല്‍ അദ്ദേഹത്തിന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ ഒരുക്കിയ കഥാപാത്രമായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 'കായംകുളം കൊച്ചുണ്ണി'യിലെ തങ്ങള്‍. നിവിന്‍ പോളി അവതരിപ്പിച്ച കള്ളനായ കൊച്ചുണ്ണിയുടെ കളരിയാശാനായിരുന്നു തങ്ങള്‍. സിനിമയില്‍ പ്രേക്ഷകരെ ഏറ്റവും സ്വാധീനം ചെലുത്തുന്നതും ഈ ഗുരു-ശിഷ്യ ബന്ധമാണ്.

സിനിമാജീവിതത്തിലെ കയറ്റിറക്കങ്ങളില്‍, അഭിനയം നിര്‍ത്തുന്നതാണ് നല്ലതെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയായിരുന്നു തങ്ങളിലൂടെ ബാബു ആന്റണി നല്‍കിയത്. ബാബു ആന്റണിയുടെ അഭ്യാസമുറകളും ചിത്രത്തിന് മുതല്‍ക്കൂട്ടായി. മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ പരിശീലനവും ബോഡി ഫിറ്റ്‌നസും ആക്ഷന്‍ രംഗങ്ങള്‍ ഇന്നും പൂപോലെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തെ സഹായിക്കുന്നുണ്ട്.

placeholder

 

ഒരൊറ്റ സീന്‍ കൊണ്ടുപോലും പ്രേക്ഷകരെ ഇന്നും ത്രില്ലടിപ്പിക്കാന്‍ കഴിയുമെന്ന് പിന്നീട് ബാബു ആന്റണി തെളിയിച്ചത് 2023-ല്‍ പുറത്തിറങ്ങിയ 'ആര്‍ഡിഎക്‌സി'ലാണ്. നായകന്മാര്‍ക്ക് അടിതെറ്റി വീഴുമ്പോള്‍, ആയുധം കൈയില്‍നിന്നു തെറിച്ചുപോകുമ്പോള്‍... അവിടെ പഴയ സ്‌റ്റൈലും സ്വാഗോടുംകൂടി ബാബു ആന്റണിയുടെ എന്‍ട്രിയുണ്ട്. തൊണ്ണൂറുകളില്‍ മലയാളികളെ ഹരംകൊള്ളിച്ച ഹീറോയെത്തന്നെയാണ് പ്രേക്ഷകര്‍ അവിടെ കണ്ടത്. അതുകൊണ്ടുതന്നെയാണ് ഇനിയും വെള്ളിത്തിരയില്‍ ത്രസിപ്പിക്കാനുള്ള ആളും ആവതുമുണ്ട് ബാബു ആന്റണിക്ക് എന്ന് മലയാളിപ്രേക്ഷകര്‍ ഇന്നും പ്രതീക്ഷിക്കുന്നത്.

ഭയപ്പെടുത്തിയ വില്ലന്മാര്‍

ബാബു ആന്റണി വില്ലന്‍വേഷത്തില്‍ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ കാണികളുടെ മുഖത്തുണ്ടായ ഭീതിയുടെ ഇരുട്ടിന്, തിയേറ്ററിനകത്തെ ഇരുട്ടിനെക്കാള്‍ തീവ്രതയുണ്ടായിരുന്നു. യുദ്ധത്തിന്റെ നീതിശാസ്ത്രത്തില്‍ ചതി എന്നൊന്നില്ല മിസ്റ്റര്‍ ശിവന്‍, തന്ത്രങ്ങളേ ഉള്ളൂ... ഉറ്റസുഹൃത്ത് ശിവന് വിഷം കൊടുത്തുകൊണ്ട് സോഫിയെയും കൊച്ചിനെയും കൊലപ്പെടുത്താന്‍ വന്ന 'നാടോടി'യിലെ ജാക്സനെ മറക്കുമോ മലയാളികള്‍... ക്രൂരത മണക്കുന്ന അയാളുടെ ചിരി പ്രേക്ഷകരെ അത്ര അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്.

കാര്‍ണിവല്‍ മുതലാളി ഭായിയെ കൊല്ലാന്‍വേണ്ടി മരണക്കിണറിലെ ബൈക്കിന്റെ ബ്രേക്ക് കളയുന്ന, കൈക്കരുത്തുകൊണ്ട് വിസ്മയംതീര്‍ത്ത ജെയിംസ്... 'കാര്‍ണിവല്‍' സിനിമയില്‍ മരണക്കിണറില്‍ ബൈക്ക് ഓടിക്കുന്ന ജെയിംസ് അന്ന് പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു.

ചോരമണക്കുന്ന കാറ്റിനെ പ്രണയിക്കുന്ന ബാംഗ്ലൂര്‍ നഗരം. പണവും ലഹരിയുംകൊണ്ട് ബാംഗ്ലൂര്‍ സിറ്റിയെ അടക്കിഭരിച്ച ചന്ദ്രഗൗഡ. സ്‌റ്റൈലും സ്വാഗും ഒത്തുചേര്‍ന്ന 'മാഫിയ'യിലെ പ്രതിനായകന്‍.

പുല്ലൂരാംകുന്നില്‍ പുഴയില്‍ ചത്തുപൊങ്ങിയ തന്റെ അനിയന്‍ അലക്‌സിയുടെ മരണത്തിനു പകരംവീട്ടാന്‍വരുന്ന ഇരട്ടച്ചങ്കന്‍ സണ്ണിച്ചന്‍. 'ഉത്തമന്‍' സിനിമയുടെ ഓരോ കാഴ്ചയിലും ഇന്നുമുണ്ട് ഓര്‍മ്മകളില്‍ ഒരു ഭീതിയോടെ ആ രൂപം.ഒരു മിമിക്‌സ് ട്രൂപ്പിലെ മെമ്പേഴ്‌സിനെ മുഴുവന്‍ ഒറ്റയ്ക്ക് വിറപ്പിച്ചുനിര്‍ത്തിയ കാസര്‍കോട് കാദര്‍ഭായിയുടെ മകന്‍ കാസിം ഭായ്.