ഇന്ത്യൻ ചലച്ചിത്രസംവിധായകനും നിർമ്മാതാവും, തിരക്കഥാകൃത്തുമാണ് അനുരാഗ് കശ്യപ്. മലയാള സിനിമകൾ സ്വീകരിക്കുന്ന റിസ്ക്കുകളെയും കഥകളെയും അദ്ദേഹം പലപ്പോഴും പ്രശംസിക്കാറുണ്ട്. തന്റെ പുതിയ ചിത്രമായ 'കെന്നഡി'യുടെ റിലീസിനായി തയ്യാറെടുക്കുന്ന അദ്ദേഹം, 2025-ൽ പുറത്തിറങ്ങിയ രേഖാചിത്രം, തുടരും, എക്കോ എന്നീ മൂന്ന് മലയാള ചിത്രങ്ങളെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയുണ്ടായി.
'ട്രൈഡ് ആൻഡ് റിഫ്യൂസ്ഡ് പ്രൊഡക്ഷൻസിന്' നൽകിയ അഭിമുഖത്തിലാണ്, മലയാള സിനിമയ്ക്ക് പ്രേക്ഷകർക്കിടയിൽ ലഭിക്കുന്ന മികച്ച പ്രതികരണങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.
"അവിടുത്തെ ഏറ്റവും മാന്ത്രികമായ കാര്യം അതാണ്. കാരണം, ഇന്ത്യയിലെ തന്നെ ഏറ്റവും വിദ്യാഭ്യാസമുള്ള, സിനിമയെ സ്നേഹിക്കുന്ന ആളുകളുള്ള സംസ്ഥാനമാണത്. അവിടെ മികച്ചൊരു സിനിമാ സംസ്കാരവും ഫിലിം ക്ലബ്ബുകളും ഉണ്ട്. സിനിമാപ്രവർത്തകർ പരസ്പരം പിന്തുണയ്ക്കുന്നു. രേഖാചിത്രം പോലൊരു സിനിമ നോക്കൂ, അവർക്ക് യാതൊരു മടിയുമില്ല... ഭരതന്റെ ഷൂട്ടിങ് കാണിക്കുന്നതും മമ്മൂട്ടി വരുന്നതുമൊക്കെ... അത്തരമൊരു പിന്തുണ ഇവിടെ (ബോളിവുഡിൽ) ഇല്ല. എനിക്ക് ഇവിടെ ഒരാളുടെ പേര് വെറുതെ ഉപയോഗിക്കാൻ കഴിയില്ല, ഉടനെ കേസ് വരും. നിലവിലുള്ള ഒരു സിനിമയെ ആസ്പദമാക്കി എനിക്ക് മറ്റൊരു സിനിമ നിർമ്മിക്കാൻ കഴിയില്ല."
"ഇന്നലെ ഞാൻ കണ്ട തുടരും എന്ന സിനിമ എത്രത്തോളം യാഥാർത്ഥ്യബോധമുള്ളതാണ്! നിങ്ങളുടെ ഹീറോ (മോഹൻലാൽ) ഒരു ടാക്സി ഡ്രൈവറാണ്. ഇവിടെ ഒരു ഹീറോ മുണ്ടുടുത്ത ടാക്സി ഡ്രൈവറാണെന്ന് പറഞ്ഞാൽ അവർ സമ്മതിക്കില്ല. ഇവിടെ ഡിസൈനർമാരാണ് വസ്ത്രങ്ങൾ ഉണ്ടാക്കുന്നത്, അങ്ങനെയുള്ള സ്ഥലത്ത് നിങ്ങൾക്ക് ഇത്തരം സിനിമകൾ ചെയ്യാൻ കഴിയില്ല. എനിക്ക് എക്കോ എന്ന സിനിമയും ഒരുപാട് ഇഷ്ടപ്പെട്ടു. എന്ത് ക്ലൈമാക്സാണ് അത്! അതിലെ പ്രധാന കഥാപാത്രം മേഘാലയയിൽ നിന്നുള്ള ഒരു സ്കൂൾ ടീച്ചറാണ്. താരങ്ങളില്ല, വെറും മൗത്ത് പബ്ലിസിറ്റി കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെട്ട സിനിമ. ആളുകൾ സിനിമകളെ പിന്തുടരുന്നു, അവ എപ്പോൾ റിലീസ് ചെയ്യുമെന്ന് കാത്തിരിക്കുന്നു. അവിടുത്തെ ലോകം തന്നെ വ്യത്യസ്തമാണ്. ഞാൻ ഒരു വർഷം കാണുന്ന ഹിന്ദി സിനിമകളേക്കാൾ കൂടുതൽ മലയാള സിനിമകൾ ഒരാഴ്ച കൊണ്ട് കാണാറുണ്ടെന്ന് തോന്നുന്നു!" അദ്ദേഹം പറഞ്ഞു.
ഗാങ്സ് ഓഫ് വാസീപൂർ, ബ്ലാക്ക് ഫ്രൈഡേ, അഗ്ലീ എന്നിവയാണ് അദ്ദേഹത്തിന്റെ സംവിധാനത്തിലൊരുങ്ങിയ പ്രധാന ചിത്രങ്ങൾ. ആഷിക്ക് അബു സംവിധാനം ചെയ്ത, ‘റൈഫിൾ ക്ലബ്’ എന്ന സിനിമയിലും അനുരാഗ് കശ്യപ് അഭിനയിച്ചിട്ടുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Filmmaker Anurag Kashyap lauds Malayalam cinema for its risk-taking narratives and unique storytelling. Discover why he prefers them over Hindi films.
Published: 17 Feb 2026, 08:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented