അതിവേഗത്തില്‍ ചീറി പായുന്ന എസ്യുവി. ചെരിച്ചുവെച്ച മരപ്പാളികള്‍ക്കിടയിലൂടെ നിയന്ത്രണം വിട്ട് ആകാശത്തേക്ക് ഉയര്‍ന്നു. അതേ വേഗത്തിൽ തകിടം മറിഞ്ഞ് തലകീഴായി നിലംപൊത്തി. ആര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'വേട്ടുവം'ചിത്രീകരണത്തിനിടെ സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് എസ് മോഹന്‍രാജ് എന്ന എസ് എം രാജു മരിച്ച സംഭവം സിനിമാ ലോകത്ത് വലിയ ചര്‍ച്ച സൃഷ്ടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് ആയ വിക്രം സിങ് ദഹിയുടെ വെളിപ്പെടുത്തല്‍. അക്ഷയ് കുമാര്‍ 700-ഓളം വരുന്ന സംഘട്ടന കലാകാരന്മാര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

''അക്ഷയ് കുമാര്‍ സാറിന് നന്ദി, ബോളിവുഡിലെ ഏകദേശം 650 മുതല്‍ 700 ഓളം വരുന്ന സ്റ്റണ്ട്മാന്‍മാരും ആക്ഷന്‍ ക്രൂ അംഗങ്ങളും ഇപ്പോള്‍ ഇന്‍ഷുറന്‍സിന് കവറേജില്‍ ആണ്. ഏവര്‍ക്കും ആരോഗ്യപരിരക്ഷയും അപകട പരിരക്ഷയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിനിമാ സെറ്റില്‍ വച്ചോ അല്ലാതെയോ സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകള്‍ക്ക് അപകടം സംഭവിച്ചാല്‍ 5 മുതല്‍ 5.5 ലക്ഷം വരെയുള്ള സൗജന്യ ചികിത്സ ഇതിലൂടെ ലഭ്യമാകും. അപകടമരണമാണെങ്കില്‍ കുടുംബത്തിന് 25 ലക്ഷം രൂപ ഇന്‍ഷുറന്‍സില്‍ നിന്നും ലഭിക്കും.'' സ്റ്റണ്ട് മാന്‍ ആയ വിക്രം സിംഗ് ദഹിയ പറഞ്ഞു.

മുമ്പ് ഇത്തരത്തിലൊരു ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരുന്നില്ല. അക്ഷയ് കുമാര്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിന് വേണ്ടി വാദിക്കുകയും അതിനുവേണ്ട ധനസഹായം നല്‍കുകയും ചെയ്തുവെന്നും സ്റ്റണ്ട്മാന്‍മാര്‍ അനുഭവിക്കുന്നത് എന്താണെന്ന് നേരിട്ട് അറിയാവുന്ന ആളാണദ്ദേഹമെന്നും ദഹിയ കൂട്ടിച്ചേര്‍ത്തു.

സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് എസ് എം രാജു മരിച്ചതുമായി ബന്ധപ്പെട്ട് സംവിധായകന്‍ പാ രഞ്ജിത്തിനും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ അശ്രദ്ധയ്ക്ക് കേസെടുത്തിട്ടുണ്ട്. സംഭവസമയത്ത് രാജുവിന് ബാഹ്യമായ മുറിവുകളൊന്നും കാണാനായില്ലെങ്കിലും തലയ്ക്കുള്ളില്‍ രക്തസ്രാവം ഉള്‍പ്പെടെ ഗുരുതരമായ ആന്തരിക പരിക്കുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്  നടപടി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi