2019-ൽ ബോക്‌സോഫീസ് റെക്കോർഡുകൾ തകർത്ത സിനിമയാണ് 'കബീർ സിങ്'. സന്ദീപ് റെഡ്ഡി വാങ്ക തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയിൽ ഷാഹിദ് കപൂറും കിയാര അദ്വാനിയുമാണ് നായികാനായകൻമാരായത്. തെലുഗുവിലെ 'അർജുൻ റെഡ്ഡി' എന്ന സിനിമയുടെ റീമേക്കാണിത്. 60 കോടിക്ക് നിർമിച്ച സിനിമ 380 കോടിയാണ് കളക്ട് ചെയ്തത്.

അതിനൊപ്പം തന്നെ ബോളിവുഡിലെ വിവാദചിത്രങ്ങളിലൊന്നായി അത് മാറുകയും ചെയ്തു. സ്ത്രീവിരുദ്ധതയെ മഹത്വവത്കരിച്ചു, അമിതലഹരിയെ പിന്തുണച്ചു എന്നതായിരുന്നു പ്രധാനകാരണങ്ങൾ. ആ സിനിമയിൽ അഭിനയിച്ചതിൽ ഖേദിക്കുന്നു എന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടൻ ആദിൽ ഹുസൈൻ. സിനിമയിൽ മെഡിക്കൽ കോളേജ് ഡീനായിട്ടാണ് ആദിൽ എത്തിയത്. ഇതിനുമുമ്പും ഈ സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്ന അഭിപ്രായം അദ്ദേഹം പങ്കുവെച്ചിരുന്നു.

''അന്ന് മുക്തി ഭവൻ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലായിരുന്നു ഞാൻ. ഷൂട്ടിങ്ങിനായി ഒരുപാട് യാത്ര ചെയ്യേണ്ടിയിരുന്നു. അതിനിടയ്ക്ക് കബീർ സിങ്ങിന്റെ തിരക്കഥ പൂർണമായി വായിക്കാനുള്ള സമയം കിട്ടിയില്ല. അർജുൻ റെഡ്ഡി കാണാനും കഴിഞ്ഞില്ല''.

സിനിമ വേണ്ടെന്നുവെക്കാമെന്ന് തന്നെയാണ് ആദ്യം കരുതിയതെന്നും ആദിൽ സമ്മതിക്കുന്നു. അതിന്റെ ഭാഗമായി തന്റെ യഥാർഥ പ്രതിഫലത്തിന്റെ നാലുമടങ്ങ് കൂട്ടിപ്പറയാൻ അദ്ദേഹം മാനേജരോട് ആവശ്യപ്പെടുകയും ചെയ്തു. ''അത്രയും പ്രതിഫലം വേണമെന്ന് കേട്ടാൽ നിർമാതാക്കൾ പിൻമാറുമെന്നായിരുന്നു ഞാൻ കരുതിയത്. പക്ഷേ അവർ സമ്മതിച്ചു''.

ഒരു സീൻ മാത്രം വായിച്ചിട്ടാണ് താൻ സിനിമയിലേക്ക് വരാൻ തീരുമാനിച്ചതെന്നും ആദിൽ പറയുന്നു. ''അത് മനോഹരമായി എഴുതിയ സീനായിരുന്നു. പക്ഷേ, അവസാനം സിനിമ കണ്ടപ്പോഴാണ് എത്ര വലിയ അബദ്ധമാണ് ചെയ്തതെന്ന് മനസ്സിലാവുന്നത്. അത്രത്തോളം സ്ത്രീവിരുദ്ധമായ സിനിമ. സിനിമ കണ്ടപ്പോൾ തന്നെ ഞാൻ ചിന്തിച്ചത് ഒരു കാര്യമാണ്, 'ഞാനെന്താണ് ഈ ചെയ്തിരിക്കുന്നത്?' അതൊരിക്കലും സംവിധായകന്റെ കുറ്റമല്ല. എന്റെ മാത്രം ഉത്തരവാദിത്തമാണ്. പല സ്ത്രീസുഹൃത്തുക്കളും ആ സിനിമയിൽ നിരാശ പ്രകടിപ്പിച്ചിരുന്നു''.

2019-ൽ സിനിമ റിലീസായപ്പോഴാണ് മുമ്പ് ഈ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് ആദിൽ ഖേദം പ്രകടിപ്പിച്ചത്. അന്നിത് സംവിധായകൻ സന്ദീപ് റെഡ്ഡിയെ പ്രകോപിപ്പിച്ചു. '30 ആർട്ട് സിനിമകളിലുള്ള 'വിശ്വാസ'ത്തേക്കാൾ കൂടുതൽ പ്രശസ്തി, ഒരു ബ്ലോക് ബസ്റ്റർ സിനിമയിലെ 'ഖേദം' നിങ്ങൾക്ക് നേടിത്തന്നു. നിങ്ങളുടെ അത്യാഗ്രഹം നിങ്ങളുടെ അഭിനിവേശത്തേക്കാൾ വലുതാണെന്ന് അറിഞ്ഞപ്പോൾ നിങ്ങളെ കാസ്റ്റ് ചെയ്തതിൽ ഞാൻ ഖേദിക്കുന്നു. ഇപ്പോൾ നിങ്ങളുടെ മുഖം എഐയുടെ (AI) സഹായത്തോടെ മാറ്റി ലജ്ജയിൽ നിന്ന് ഞാൻ നിങ്ങളെ രക്ഷിക്കും''.

അസമീസ്, ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി സിനിമകളിൽ സജീവമായ താരമാണ് ആദിൽ ഹുസൈൻ. ലൈഫ് ഓഫ് പൈ, ലൂട്ടേറ, ഗുഡ് ന്യൂസ്, സർജന്റ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരമാണ് ആദിൽ. 'ദ സ്റ്റോറി ടെല്ലർ' എന്ന സിനിമയാണ് അദ്ദേഹത്തിന്റെതായി അവസാനമിറങ്ങിയത്.

2017-ൽ മുക്തി ഭവൻ, മാജ് രതി കേതകി എന്നീ സിനിമകളിലെ അഭിനയത്തിന് ദേശീയചലച്ചിത്രപുരസ്‌കാരത്തിൽ സ്‌പെഷൽ ജൂറി അവാർഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു. വർഷങ്ങൾക്കുശേഷം നടി ശ്രീദേവിയുടെ തിരിച്ചുവരവ് ചിത്രമായ 'ഇംഗ്ലീഷ് വിംഗ്ലീഷി'ൽ അവരുടെ ഭർത്താവിന്റെ കഥാപാത്രം അവതരിപ്പിച്ചതും ആദിൽ തന്നെ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi