സിനിമാരംഗത്തെ സ്ത്രീകളുടെ അവകാശങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന സമയമാണിത്. സ്ത്രീകള്‍ പല പ്രശ്‌നങ്ങളും തുറന്നുപറയുമ്പോഴും ഇന്‍ഡസ്ട്രിയിലെ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് അതിനെതിരേ കൃത്യമായി നിലപാടെടുക്കാന്‍ പൊതുവെ സാധിക്കാറില്ല. കാലക്രമേണ മാറ്റങ്ങള്‍ വരുന്നുണ്ടെന്നത് പ്രശംസനീയമാണ്. 

To advertise here,

ഫെമിനിസ്റ്റുകള്‍ എന്ന് അവകാശപ്പെടുന്ന, എന്നാല്‍ യഥാര്‍ഥത്തില്‍ ആ പ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളാത്ത പുരുഷ സഹതാരങ്ങളെപ്പറ്റി തുറന്നുപറയുകയാണ് നടി മാളവിക മോഹനന്‍ ഇപ്പോള്‍. സിനിമാ മേഖലയില്‍ ആഴത്തില്‍ വേരൂന്നിയ സ്ത്രീവിരുദ്ധതയെ മാളവിക വിമര്‍ശിച്ചു. ഒപ്പം സ്ത്രീവാദികളായി അഭിനയിക്കുന്ന പുരുഷ സഹതാരങ്ങളെയും. വേണ്ട സമയത്ത് 'മുഖംമൂടി ധരിക്കാന്‍ അവര്‍ക്ക് അറിയാം' എന്നാണ് മാളവിക പറയുന്നത്. 

Hauterrfly എന്ന മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മാളവികയുടെ തുറന്നുപറച്ചില്‍. 'സിനിമാ മേഖലയില്‍ ഈ അസമത്വം ഒരിക്കലും അവസാനിച്ചിട്ടില്ലെന്ന് ഞാന്‍ കരുതുന്നു. പുരുഷന്മാര്‍ ശരിക്കും ബുദ്ധിമാന്മാരായി മാറിയിരിക്കുന്നുവെന്നും. കഴിഞ്ഞ 5-6 വര്‍ഷത്തിനിടയില്‍, നിരവധി പുരുഷ നടന്മാരില്‍ ഞാന്‍ ഇത് കണ്ടിട്ടുണ്ട്, ഉണര്‍ന്നിരിക്കുകയാണ് എന്നു കാണിക്കാന്‍ മുഖംമൂടി എങ്ങനെ അണിയണമെന്ന് അവര്‍ക്കറിയാം. 

ഒരു ഫെമിനിസ്റ്റായി, വളരെ പുരോഗമനവാദിയായി, സ്ത്രീകളെ തുല്യരായി കാണുന്ന ഒരാളായി സ്വയം അവതരിപ്പിക്കാന്‍ എന്തുപറയണമെന്ന് കൃത്യമായി അറിയാം. എന്നാല്‍, പൊതുസമൂഹത്തില്‍ നിന്ന് പുറകിലേക്ക് വന്ന് ഏറ്റവും സ്ത്രീവിരുദ്ധ വ്യക്തിയായി അവര്‍ മാറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് കാപട്യമാണ്'-മാളവിക പറഞ്ഞു.

'പട്ടംപോലെ' സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടായിരുന്നു മാളവിക മോഹനന്റെ അരങ്ങേറ്റം. മമ്മൂട്ടിക്കൊപ്പം 'ഗ്രേറ്റ്ഫാദര്‍', മജീദ് മജീദിയുടെ 'ബിയോണ്ട് ദ ക്ലൗഡ്സ്', രജനീകാന്തിന്റെ 'പേട്ട', ധനുഷിനൊപ്പം 'മാരന്‍', വിജയിക്കൊപ്പം 'മാസ്റ്റര്‍', 'ക്രിസ്റ്റി' തുടങ്ങി ടോളിവുഡിലും കോളിവുഡിലും ബോളിവുഡിലുമെല്ലാം മികച്ച വേഷങ്ങള്‍ ചെയ്തു. 

2024-ല്‍ മാളവിക തമിഴ് ചിത്രമായ 'തങ്കലാന്‍', ഹിന്ദി ചിത്രമായ 'യുധ്ര' എന്നിവയില്‍ അഭിനയിച്ചിരുന്നു. തെലുങ്കില്‍ 'ദി രാജ സാബ്' എന്ന ചിത്രത്തിലൂടെ പ്രഭാസിനൊപ്പം മാളവികയെത്തും. നിധി അഗര്‍വാള്‍, റിദ്ധി കുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സഞ്ജയ് ദത്ത് ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുമെന്നും അഭ്യൂഹമുണ്ട്. മലയാളത്തില്‍ 'ഹൃദയപൂര്‍വ'മാണ് മാളവികയുടെ ഏറ്റവും പുതിയ ചിത്രം. മോഹന്‍ലാലിനൊപ്പമുള്ള ആദ്യചിത്രമാണിത്. തമിഴ് ചിത്രമായ 'സര്‍ദാര്‍ 2'-ല്‍ കാര്‍ത്തിക്കൊപ്പം മാളവിക അഭിനയിക്കും.