
'ഷിനു'
'ഈ പേരിനൊരു ഗുമ്മില്ലല്ലോ..? ഷിനു ഒരു ചെറിയ പേരല്ലേ... നടനാകുമ്പോള്‍ വലിയ പേര് വേണം. നമുക്കൊന്ന് മാറ്റിപ്പിടിച്ചാലോ..? '
ഗുരുനാഥന്‍ സജീവ് നമ്പിയത്തിന്റെ ഈ ചോദ്യം ഷിനു എന്ന ചെറുപ്പക്കാരന്റെ ഉറക്കം കെടുത്തി. ആ രാത്രി ഷിനു ആലോചിച്ചു. 'എന്നാപിന്നെ പേര് മാറ്റിയേക്കാം..!'. പാതിരാത്രി കഴിഞ്ഞിട്ടും ഷിനുവിന്റെ കണ്ണടഞ്ഞില്ല. പഴയ സിനിമാകഥാപാത്രങ്ങള്‍ പരിശോധിച്ചു. ഒടുവില്‍ കുറച്ചുപേരുകള്‍ കണ്ടെത്തി. ജഗനാഥന്‍, ഇന്ദുച്ചൂഡന്‍, ഭരത്ചന്ദ്രന്‍, കാശിനാഥന്‍'. രണ്‍ജി പണിക്കര്‍- ഷാജി കൈലാസ് ചിത്രങ്ങളിലെ നായകന്‍മാരുടെ പേരുകള്‍ പലയാവര്‍ത്തി ഷിനുവിന്റെ മനസ്സിലൂടെ കടന്നുപോയി.
ഈ പേരുകള്‍ മനസ്സില്‍വെച്ച് ഗുരുനാഥനെ കാണാനെത്തിയ ഷിനുവിനോട് സജീവ് നമ്പിയത്ത് പറഞ്ഞു. 'ഷിനു ഇന്നുമുതല്‍ നീ ഷിന്‍സാണ്. ഇതാകുമ്പോള്‍ ഷിനുവിനോട് ചേര്‍ന്ന് കിടക്കും.'
' കൊള്ളാം.. ഈ പേര് എനിക്കിഷ്ടമായി. ഇത് തന്നെ മതി'. തലേദിവസം ആലോചിച്ച നായകനടന്‍മാരുടെ പേരുകളോട് സാമ്യമില്ലാത്ത പേരല്ലാതിരിന്നിട്ടും ഷിനു മനസ്സില്ലാമനസ്സോടെ സമ്മതം മൂളി. അതിന്റെ കൂടെ ഭംഗിക്കായി ഒരു ഷാന്‍ കൂടി ചേര്‍ത്തു. അങ്ങനെ ഷിനു എന്ന ചെറുപ്പക്കാരന്‍ 'ഷിന്‍സ് ഷാന്‍' ആയി. അന്ന് സജിവ് നമ്പിയത്ത് നടത്തിയ പ്രവചനം തെറ്റിയില്ല. ഷിന്‍സ് ഷാന്‍ മലയാളത്തില്‍ അറിയപ്പെടുന്ന നടനായി. പേര് അത്ര ഹിറ്റായില്ലെങ്കിലും ഷിന്‍സിന്റെ മുഖം ഇപ്പോള്‍ കുട്ടികള്‍ക്ക് വരെ പരിചിതം. സിനിമകളിലൂടെയും വെബ് സീരിസുകളിലൂടെയും ഹിറ്റായ ഷിന്‍സ് ഈയിടെ റിലീസായ കേരള ക്രൈം ഫൈല്‍സിലും മുഴുനീള റോളിലുണ്ടായിരുന്നു.
കടലും കായലും കലയും നിറഞ്ഞ വൈപ്പിനിലെ മുരുക്കുംപാടത്ത് വെച്ചായിരുന്നു ഷിന്‍സുമായുള്ള കണ്ടുമുട്ടല്‍. ഷിന്‍സ് ജനിച്ചുവളര്‍ന്ന ഗ്രാമം. കായലിനോട് ചേര്‍ന്ന് വണ്ടിനിര്‍ത്തിയപ്പോള്‍ തന്നെ അവിടെയുള്ളവര്‍ ഷിന്‍സിന് ചുറ്റുംകൂടി. പഞ്ചായത്ത് ഇലക്ഷനില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ പോലെ ഷിന്‍സ് ഓരോരുത്തരോടും സംസാരിക്കുന്നു, വിശേഷങ്ങള്‍ തിരക്കുന്നു. ആളൊഴിഞ്ഞപ്പോള്‍ ഷിന്‍സ് 'ഗൃഹലക്ഷ്മി'യോട് സംസാരം തുടങ്ങി. ' നടനാവുക എന്നത് വിദൂര സ്വപ്നത്തില്‍ പോലും ഇല്ലായിരുന്നു. ഇപ്പോള്‍ നാലുപേര്‍ അറിയുന്ന ഒരാളായി മാറിയിട്ടുണ്ടെങ്കില്‍ അത് ഈ നാടിന്റെയും നാട്ടുകാരുടെയുമൊക്കെ പിന്തുണ കൊണ്ടാണ്'- ഷിന്‍സ് പറഞ്ഞുത്തുടങ്ങി.
മാറ്റിയ സഭാകമ്പം
'ഭയങ്കര സഭാകമ്പമുള്ളയാളായിരുന്നു ഞാന്‍. നാട്ടിലെ ഒരു പരിപാടിയിലും പങ്കെടുക്കില്ല. പ്രസംഗിക്കാന്‍ പോലും പേടി. ഞങ്ങള്‍ക്ക് ഇവിടെയൊരു ക്ലബ്ബുണ്ട്. 'നവജീവന്‍' എന്നാണ് ക്ലബ്ബിന്റെ പേര്. എല്ലാ വര്‍ഷവും പുതിയ കമ്മിറ്റി വരും. വാര്‍ഷികയോഗത്തില്‍ പലപ്പോഴും അംഗങ്ങള്‍ എന്നെ പ്രസിഡന്റ് അല്ലെങ്കില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിക്കും. പക്ഷെ ഞാന്‍ നോ പറയും.'- ഷിന്‍സ് പഴയകാലം ഓര്‍ത്തെടുത്തു. അതെന്തിനായിരുന്നു ആ നോ പറച്ചില്‍..? ചോദ്യം തീരും മുമ്പേ അല്‍പം ചിരി കലര്‍ന്ന മറുപടിയെത്തി.
'ക്ലബ്ബ് എല്ലാവര്‍ഷവും ഓണാഘോഷം നടത്തും. പകല്‍ മുഴുവന്‍ വിവിധ മത്സരങ്ങള്‍. രാത്രിയില്‍ സാംസ്‌കാരിക സമ്മേളനവും. ജനറല്‍ സെക്രട്ടറിയായാല്‍ പരിപാടിക്ക് സ്വാഗതം പറയേണ്ടിവരും. പ്രസിഡന്റായാല്‍ അധ്യക്ഷനുമാകണം. ഇനി എങ്ങാനും ട്രഷറര്‍ ആയാല്‍ നന്ദിയും പറയേണ്ടിവരും. അതൊന്നും എന്നെക്കൊണ്ട് പറ്റില്ല. അതുകൊണ്ട് തന്നെ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി പോസ്റ്റുകളില്‍ ഇരിക്കും'.
ഇങ്ങനെയുള്ള ഒരാള്‍ എങ്ങനെ അഭിനയത്തിലേക്കെത്തി..? ഈ ചോദ്യത്തിന് ഉത്തരം പറയും മുമ്പ് ഷിന്‍സ് ഒന്ന് ആലോചിച്ചു. എന്നിട്ട് വീണ്ടും ഒരു കഥയിലേക്ക തിരികെനടന്നു. ' സ്‌കൂളിലെ ഒരു വേദിയിലും കയറിയിട്ടില്ല. പക്ഷെ ഒരിക്കല്‍ ക്ലബ്ബിന്റെ ഓണം ഘോഷയാത്രയില്‍ മാവേലിയുടെ വേഷം കെട്ടേണ്ടി വന്നു. തടിയുണ്ട്, കുടവയറുണ്ട് എന്നൊക്കെ പറഞ്ഞായിരുന്നു എന്നെ അവര്‍ മാവേലിയാക്കിയത്. ഒഴിഞ്ഞുമാറാന്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. ആ ഘോഷയാത്രയോടെ എന്റെ ചമ്മല്‍ കുറേ മാറി. അടുത്തവര്‍ഷം നാടകത്തില്‍ ഒരു വേഷവും ചെയ്തു. രാജാവിന്റെ റോളായിരുന്നു എനിക്ക്്. ഈ രണ്ട് സംഭവങ്ങളാണ് എന്റെ സഭാകമ്പം മാറ്റിയത്'.
സൗഹൃദം, അഭിനയം
ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ഷിന്‍സിന് ജോലി. ജോലിയും വീടും കുടുംബവുമായി മാത്രം മുന്നോട്ട് പോകുന്ന കാലത്ത് ഷിന്‍സിന്റെയുള്ളില്‍ അഭിനയത്തിന്റെ വിത്ത് പാകിയത് ശ്രീ എന്ന കൂട്ടുകാരനായിരുന്നു. ശ്രീയുമായുള്ള സൗഹൃദവും യാത്രയുമാണ് തനിക്കും അഭിനയത്തോട് ഇഷ്ടം തോന്നാന്‍ കാരണമെന്ന് ഷിന്‍സ് തുറന്നുസമ്മതിക്കുന്നു. 'ശ്രീക്ക്് അഭിനയവും എഴുത്തുമൊക്കെയുണ്ട്. സിനിമയില്‍ എന്തെങ്കിലും ആയിത്തീരുക എന്നുമാത്രമായിരുന്നു അവന്റെ സ്വപ്നം. അവന്റെ ആഗ്രഹത്തെ ഞാനും നന്നായി സപ്പോര്‍ട്ട് ചെയ്തു. അവന്‍ എല്ലാ ഓഡിഷനുകളിലും പങ്കെടുക്കും. കൂട്ടായി ഞാനും പോകും. എത്ര ദൂരത്തേക്കാണെങ്കിലും ബൈക്കിലായിരിക്കും യാത്ര. 2012-ല്‍ അവന്‍ ഒരു ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തു. 'ബെയിങ് ഹ്യൂമന്‍' എന്നായിരുന്നു അതിന്റെ പേര്. മൂത്തമകള്‍ തന്‍മയയ്ക്ക് അതില്‍ റോളുണ്ട്. അവളെയും കൊണ്ട് ലൊക്കേഷനിലേക്ക് ഞാന്‍ എന്നും പോവും. ഒരു ദിവസം ആ ഷോര്‍ട്ട് ഫിലിമില്‍ ചെറിയൊരു റോള്‍ ചെയ്യാന്‍ നിര്‍ബന്ധിതനായി. അതായിരുന്നു ക്യാമറയ്ക്ക് മുന്നിലെ ആദ്യത്തെ അനുഭവം'.

ക്യാമറയ്ക്ക് മുന്നില്‍ ആദ്യമായി നിന്നതോടെ ഷിന്‍സിന്റെ ആഗ്രഹവും മൂത്തു. 'എന്തുകൊണ്ട് അഭിനയം നോക്കിക്കൂടാ' എന്നായി ഉള്ളില്‍. ആ ചിന്ത മറ്റൊരു വഴിയിലെത്തിച്ചു. കൊച്ചിയിലെ ആക്ട്ലാബില്‍. ഷിന്‍സിന്റെ അഭിനയകളരി അവിടെയായിരുന്നു. എല്ലാ മാസവും അവിടെ ആക്ടിങ് ശില്‍പശാല നടക്കും. '5000 രൂപയാണ് ശില്‍പശാലയില്‍ പങ്കെടുക്കാനുള്ള ഫീ. അന്ന് ആ തുകയുണ്ടേല്‍ ഒരു ഷോര്‍ട്ട് ഫിലിം ചെയ്യാം. പക്ഷെ ഈ ശില്‍പശാലയാവും നല്ലതെന്ന് തോന്നി. അങ്ങനെ അവിടെയെത്തി. ആദ്യത്തെ ശില്‍പശാലയ്ക്ക് ശേഷം അവിടെത്തന്നെ മറ്റൊരു കോഴ്സിന് ചേര്‍ന്നു. എട്ട് മാസം നീണ്ടുനില്‍ക്കുന്ന ആക്ടിങ് കോഴ്സ്്. ഞായറാഴ്ചകളില്‍ മാത്രം ക്ലാസുകള്‍. ബാക്കിദിവസങ്ങളില്‍ ജോലിക്ക് പോവും. അങ്ങനെയായിരുന്നു ജീവിതത്തിന്റെ പോക്ക്. അവിടെ കോഴ്സ് പൂര്‍ത്തിയാവാന്‍ സമയം എല്ലാവരും ഒരു ഏകാംഗ നാടകം ചെയ്യണം. എന്‍.എന്‍. പിള്ള സാറിന്റെ 'ഗുഡ്നൈറ്റ്' എന്ന നാടകമായിരുന്നു ഞാന്‍ ചെയ്തത്. അവിടെ നാടകം കാണാന്‍ പല സംവിധായകരും എത്താറുണ്ട്. അന്ന് കലവൂര്‍ രവികുമാര്‍ സാറായിരുന്നു അതിഥി. എന്റെ അഭിനയം അദ്ദേഹത്തിന്റെ ഇഷ്ടമായി. ആ സമയം അദ്ദേഹം 'കുട്ടികളുണ്ട് സൂക്ഷിക്കുക' എന്ന സിനിമയുടെ പണിപ്പുരയിലാണ്. അതില്‍ ഒരു ഭീകരവാദിയുടെ റോള്‍ എനിക്ക് തന്നു. അതായിരുന്നു സിനിമായാത്രയുടെ തുടക്കം'. ആദ്യത്തെ വേഷം കിട്ടിയിട്ടും ഷിന്‍സ് ഓഡിഷനുകള്‍ക്കായുള്ള യാത്ര തുടര്‍ന്നു. പലതില്‍ നിന്നും തള്ളിപ്പോയി. അതിനിടെ ക്യൂബന്‍ കോളനി, പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ ചിത്രങ്ങളിലും വേഷം കിട്ടി. ഇതോടെ ഷിന്‍സിന്റെ ആത്മവിശ്വാസവും വര്‍ധിച്ചു.
വഴി മാറ്റിയ കരിക്ക്
അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ഷിന്‍സ് 'കരിക്ക്' ടീമിനെ പരിചയപ്പെടുന്നത്. ആ പരിചയം ഷിന്‍സിനെ വെബ്സീരീസുകളിലെ തിരക്കുള്ള നടനാക്കിയും മാറ്റി. 'അര്‍ജന്റീന ഫാന്‍സിന്റെ ഷൂട്ടിങ് സമയത്ത് കരിക്കിലെ അനുവും അര്‍ജുനും ഞാനും ഒരു റൂമിലായിരുന്നു. ഒരു മാസത്തോളം ഒരുമിച്ച് താമസിച്ചു. അവര്‍ക്ക് അന്നേ ആരാധകരുണ്ട്. ആളുകള്‍ അവരെ കാണുമ്പോള്‍ സെല്‍ഫിയൊക്കെ എടുക്കും. ഷൂട്ട് കഴിഞ്ഞ് മടങ്ങുമ്പോഴെക്കും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറി. ചേട്ടാ.. ബന്ധം സൂക്ഷിക്കണം അവസരം ഉണ്ടാകുമ്പോള്‍ വിളിക്കും എന്ന് പറഞ്ഞായിരുന്നു അന്ന് അവര്‍ മടങ്ങിയത്. അത് കഴിഞ്ഞ് ഒന്നരവര്‍ഷത്തിനുശേഷം അനു എന്നെ വിളിച്ചു. കരിക്കിന്റെ 'ഫാമിലി പാക്ക്' എന്ന സീരിസില്‍ ഒരു ബ്രോക്കറുടെ വേഷവും തന്നു. അത് വന്‍ ഹിറ്റായി. അതിനുപിന്നാലെ കരിക്കിന്റെ ഒരുപാട് സീരിസുകളുടെ ഭാഗമായി. ഇന്‍സോമ്നിയ നൈറ്റ്സ്, ആവറേജ് അമ്പിളി, ജബല. എന്നിങ്ങനെ...കരിക്കില്‍ സ്ഥിരമായതോടെ എന്നെയും ആളുകള്‍ തിരിച്ചറിഞ്ഞുത്തുടങ്ങി'.- ഷിന്‍സ് തന്റെ സന്തോഷം പങ്കുവെച്ചു.
ആവാസവ്യൂഹവും പുരുഷപ്രേതവും
സിനിമയിലും വെബ്സീരീസിലും സജീവമായപ്പോഴും ഷിന്‍സ് ആക്ട്ലാബ് വിട്ടില്ല. ഇടയ്ക്കിടയ്ക്ക് അവിടെപോയി നാടകം ചെയ്യും. ഒരുദിവസം നാടകം കാണാന്‍ സംവിധായകന്‍ കൃഷാന്തും വന്നു. മറ്റൊരാളുടെ പ്രകടനം കാണാന്‍ വന്നതായിരുന്നു അദ്ദേഹം. അതിനൊപ്പം ഷിന്‍സിന്റെ പ്രകടനവും കണ്ടു. അതോടെ കൃഷാന്ത് തന്റെ 'വൃത്താകൃതിയിലുള്ള ചതുരം' എന്ന സിനിമയിലേക്ക് കാസ്റ്റ് ചെയ്തു. കൃഷാന്തുമായുളള ബന്ധം ഷിന്‍സിന്റെ സിനിമാ കരിയറില്‍ ഗുണം ചെയ്തു. 'വൃത്താകൃതിയിലുള്ള ചതുരം ഐ.എഫ്.എഫ്.കെ.യില്‍ നല്ല അഭിപ്രായം തേടി. കൃഷാന്തിന്റെ അടുത്ത സിനിമയായ ആവാസവ്യൂഹത്തിലും പുരുഷപ്രേതത്തിലും എനിക്ക് റോള്‍ തന്നു. രണ്ടിലും എന്റെ പ്രകടനവും ശ്രദ്ധ നേടി. ആവാസവ്യൂഹം സംസ്ഥാന അവാര്‍ഡിലും തിളങ്ങി. 2021-ലെ മികച്ച ചിത്രം, മികച്ച തിരക്കഥ എന്നിവയ്ക്കുള്ള പുരസ്‌കാരം ആവാസവ്യൂഹം സ്വന്തമാക്കി. അതിന്റെ കോ പ്രൊഡ്യൂസര്‍മാരില്‍ ഒരാള്‍ ഞാനായിരുന്നു.'
വയറുളള പോലീസുകാരന്‍
സീരീസുകളുടെ സ്വന്തം ആളാണെങ്കിലും 'കേരള ക്രൈം ഫയല്‍സ്' എന്ന വെബ് സീരീസിലേക്കും ഓഡിഷന്‍ വഴിയാണ് ഷിന്‍സ് കയറിയത്. ആ കഥ ഓര്‍ത്തത് ഇങ്ങനെ.
'ആക്ട്ലാബില്‍ വെച്ചായിരുന്നു ക്രൈം ഫയല്‍സിന്റെയും ഓഡിഷന്‍. അതിന്റെ കാസ്റ്റിങ് ഡയറക്ടര്‍ എന്റെ സുഹൃത്തായിരുന്നു. അവന്‍ എന്നെ ക്ഷണിച്ചു. ഓഡിഷന്‍ കിട്ടി. ഒരു പോലീസുകാരന്റെ റോളിലേക്കായിരുന്നു കാസ്റ്റിങ്. ഇത്രയും തടിയും വയറുമുള്ള എനിക്ക് പോലീസുകാരന്റെ റോള്‍ യോജിക്കുമോ എന്ന തോന്നിയിരുന്നു. ഞാന്‍ സംവിധായകനോട് പറയുകയും ചെയ്തു. ഇങ്ങനെ വയറും തടിയുമൊക്കെയുള്ള പോലീസുകാര്‍ ഉണ്ട് എന്നായിരുന്നു അവരൊക്കെ മറുപടി നല്‍കിയത്. അതുപോലെ അജു വര്‍ഗീസ് ഇടയ്ക്കിടെ കുടവയറുള്ള പോലീസുകാരുടെ ഫോട്ടോയെടുത്ത് അയച്ചുതരും.. നിങ്ങളേക്കാള്‍ തടിയും വയറുമുളളവരെ കണ്ടില്ലേ എന്നും ചോദിക്കും. അതൊക്കെ കണ്ടപ്പോള്‍ ആത്മവിശ്വാസം കൂടി. സീരിസ് റിലീസായപ്പോള്‍ എന്റെ വേഷവും ഹിറ്റായി. സോണി ലിവിന്റെ ആദ്യത്തെ മലയാളം വെബ് സീരീസായ 'ജയ് മഹേന്ദ്രനി'ലും എനിക്ക് നല്ല റോളുണ്ട്'.
കുടുംബം
അച്ഛനും അമ്മയും ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്നതാണ് ഷിന്‍സിന്റെ കുടുംബം. ഭാര്യ അമ്പിളി ആകാശവാണിയില്‍ അനൗണ്‍സറാണ്. മൂത്തമകള്‍ തന്‍മയ എട്ടാം ക്ലാസില്‍ പഠിക്കുന്നു. ഇളയമകള്‍ തീര്‍ഥ ആറാം ക്ലാസിലാണ്. രണ്ടുപേരും നേര്യമംഗലം ജവഹര്‍ നവോദയയിലാണ് പഠിക്കുന്നത്.
Content Highlights: actor zhins shan interview
Published: 10 Oct 2023, 11:47 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented