ഒരു തെറ്റ് ചെയ്തതിനുളള ശിക്ഷ, ജീവിതത്തോടുളള കാഴ്ചപ്പാടിനെ ആകെ മാറ്റിമറിക്കുന്നു. ആമിര്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ 'സിതാരെ സമീന്‍ പര്‍' 'ചാമ്പ്യന്‍സ്' എന്ന സ്പാനിഷ് സിനിമയുടെ ഹിന്ദി റീമേക്കാണ്. കോച്ച് ഗുല്‍ഷണ്‍ അറോറ(ആമിര്‍), സീനിയര്‍ കോച്ചിനെ തല്ലിയതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമുളള ശിക്ഷയായി ഡൗണ്‍ സിന്‍ഡ്രോം ബാധിതരുടെ ടീമിനെ നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റിനു പരീശീലിപ്പിക്കാന്‍ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പ്രതിസന്ധികള്‍ നിറഞ്ഞ ആ യാത്ര അവസാനിക്കുന്നത് ജീവിതത്തിന്റെ തിരിച്ചറിവുകളിലാണ്.

നാഡീ-വ്യതിചലനാത്മകതയുളളവര്‍ (ന്യൂറോ ഡൈവേര്‍ജന്‍സ്) വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിലൂടെ ലോകത്തെ അനുഭവിക്കുകയും കാണുകയും ചെയ്യുന്നു. ഒരു ശിക്ഷയായി കണ്ട് ആദ്യമൊക്കെ തന്റെ ജോലി അപമാനമായി കണ്ടിരുന്നുവെങ്കിലും അവരെ പരിശീലിപ്പിക്കുന്നത് ഗുല്‍ഷണില്‍ സ്‌നേഹം,സഹാനുഭൂതി എന്നീ മാനുഷിക മൂല്യങ്ങള്‍ ഉണ്ടാക്കുന്നു.

ആര്‍.എസ്. പ്രസന്ന സംവിധാനം ചെയ്ത ചിത്രം ആമിര്‍ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജെനീലിയ ദേശ്മുഖാണ് ചിത്രത്തിലെ നായിക.സാധാരണ സ്‌പോട്‌സ് സിനിമകളില്‍ മത്സരവും ഫൈനലുമൊക്കെയാണ് ആഘോഷിക്കപ്പെടാറ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി വൈകല്യമുളള കളിക്കാരുടെ ആത്മവിശ്വാസവും,സ്‌നേഹവും അവരോടുളള ആദരവും സിനിമയെ കുടുതല്‍ സാമൂഹിക പ്രസക്തമാക്കുന്നു. മത്സരങ്ങളിലെ വിജയ പരാജയങ്ങളേക്കാള്‍ സമൂഹത്തിന്റ കരുതലും ചേര്‍ത്തു പിടിക്കലുമാണ് അവര്‍ക്ക് ആവശ്യം.

ആമിര്‍ ഖാന്റെ തന്നെ 2007-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'താരെ സമീന്‍ പര്‍'. പഠന വൈകല്യമുളള എട്ടു വയസ്സുകാരനായ ഇഷാനെ മനസ്സിലാക്കാന്‍ അധ്യാപകര്‍ക്കോ മാതാപിതാക്കള്‍ക്കോ സാധിക്കുന്നില്ല.കുട്ടിയുടെ പരിമിതി മനസ്സിലാക്കി അത് മറികടക്കാന്‍ അവനെ സഹായിക്കുന്നത് റാം ശങ്കര്‍ എന്ന അധ്യാപകനാണ്. ഇത്തരം വൈകല്യങ്ങളുളള കുട്ടികളെ മുന്‍വിധികളോടെ മാറ്റിനിര്‍ത്താതെ അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി സഹായിക്കുകയാണ് വേണ്ടത്. അവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്താതെ ചേര്‍ത്തു നിര്‍ത്തണം. കുട്ടികളെ പഠിക്കാന്‍ നിര്‍ബന്ധിതരാക്കുമ്പോഴും കുറ്റപ്പെടുത്തുമ്പോഴും അവര്‍ക്ക് മാനസിക പിരിമുറുക്കം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കാം.