'സിതാരെ സമീൻ പർ' എന്ന സിനിമയിൽ അമ്മയും അഭിനയിച്ചതോടെ, ഒരു സിനിമാ ഫാമിലിയായി ആമിറിന്റേത്

അമ്മ സീനത്ത് ഹുസൈൻ, സഹോദരി ഫർഹത് ഖാൻ എന്നിവർക്കൊപ്പം ആമിർ ഖാൻ / PTI
ഒരു സിനിമാഫാമിലിയെന്ന് പറയാം ആമിർ ഖാൻ കുടുംബത്തെക്കുറിച്ച്. കഴിഞ്ഞമാസം റിലീസായ 'സിതാരെ സമീൻ പർ' എന്ന സിനിമയിൽ ആമിർ ഖാന്റെ അമ്മ കാമിയോ റോളിൽ എത്തിയിരുന്നു. നേരത്തെ ആമിറിന്റെ സഹോദരങ്ങളും ചില സിനിമകളിൽ അഭിനയിച്ചിരുന്നു. 91 വയസ്സാണ് ആമിറിന്റെ അമ്മ സീനത്ത് ഹുസൈന്. തികച്ചും യാദൃശ്ചികമായാണ് സീനത്ത് സിനിമയിലെത്തുന്നത്.
വർഷങ്ങളായി വീൽചെയറിൽ തന്നെയാണ് അവരുടെ ജീവിതം. ഒരിക്കൽപ്പോലും സെറ്റുകളിലേക്ക് വന്നിട്ടില്ല അവർ. അമ്മയുടെ അരങ്ങേറ്റത്തെക്കുറിച്ച് ആമിർ പറയുന്നതിങ്ങനെ, ''അന്ന് പതിവിൽനിന്ന് വിപരീതമായി അമ്മയെന്നെ വിളിച്ചുചോദിച്ചു, 'നിങ്ങൾ ഇന്നെവിടെയാണ് ഷൂട്ട് ചെയ്യുന്നത്? എനിക്കും വരണമെന്നുണ്ട്'. അതുകേട്ടയുടനെ ഞാൻ കാർ അയച്ചു. സഹോദരിയാണ് അമ്മയെയും കൊണ്ടുവന്നത്''.
കല്യാണവുമായി ബന്ധപ്പെട്ടുള്ള പാട്ടുസീനാണ് അന്ന് ആദ്യം ചിത്രീകരിക്കുന്നത്. അപ്പോഴാണ് സംവിധായകൻ ആർ.എസ്. പ്രസന്ന, ആമിറിനോട് ചോദിക്കുന്നത്, ''അമ്മയെക്കൂടി സീനിൽ അഭിനയിപ്പിക്കാമോ? ഇത് സിനിമയിലെ അവസാനത്തെ പാട്ടാണ്. കല്യാണത്തിന് വന്നിരിക്കുന്ന അതിഥികളിലൊരാളായി അമ്മയെയും ഉൾപ്പെടുത്തിയാലോ?'' ഉടനെ വന്നു ആമിറിന്റെ മറുപടി, ''നിങ്ങൾക്ക് ഭ്രാന്തായോ? അമ്മയൊരിക്കലും സമ്മതിക്കില്ല. അമ്മയോട് ഇതിനെക്കുറിച്ച് ചോദിക്കാനുള്ള ധൈര്യമൊന്നും എനിക്കില്ല''. പക്ഷേ, സംവിധായകൻ പിൻമാറിയില്ല. ഒടുവിൽ നിർബന്ധത്തെത്തുടർന്ന് അമ്മയോട് സംസാരിച്ചു. ഒട്ടും ആലോചിക്കാതെ സീനത്തിന്റെ മറുപടി വന്നു, ''ഓകെ, ശരി''. അങ്ങനെയാണ് സീനത്തും സിനിമയുടെ ഭാഗമാവുന്നത്.
നിർമാതാവും നടനുമായ താഹിർ ഹുസൈനാണ് ആമിറിന്റെ പിതാവ്. 'പ്യാർ കാ മോസം', 'ജബ് പ്യാർ കിസിസെ ഹോതാ ഹെ' എന്നീ സിനിമകളിൽ അഭിനേതാവാകുകയും ചെയ്തു.
ആമിറിന്റെ സഹോദരി നിഖത് ഖാനും പ്രശസ്തയായ അഭിനേതാവാണ്. 57 വയസ്സുള്ളപ്പോഴാണ് അവർ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പക്ഷേ, ആമിറിന്റെ സഹോദരിയാണെന്നത് പലർക്കുമറിയില്ല. ''ടെലിവിഷനിൽ ചെറിയ റോളുകൾ ചെയ്യുന്നുണ്ട് എന്റെ സഹോദരി. പക്ഷേ എന്റെ സഹോദരിയാണെന്ന് ആർക്കുമറിയില്ല. കാസ്റ്റിങ് ഡയറക്ടർമാർക്കുപോലും ഇക്കാര്യമറിയില്ല'', ആമിർ ഒരിക്കൽ ചിരിയോടെ പറഞ്ഞു. 'പത്താനി'ലാണ് അവർ ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം 'മിഷൻ മംഗൾ', 'സാണ്ഡ് കീ ആംഖ്' തുടങ്ങിയ സിനിമകളിലും അവർ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 'തൻഹാജി' എന്ന സിനിമയിൽ സെയ്ഫ് അലി ഖാന്റെ അമ്മയായിട്ടാണ് നിഖത് എത്തിയത്. ആക്സിസ് ബാങ്ക്, ആമസോൺ, ഹൽദിറാം, വിപ്രോ ലൈറ്റ്സ്, ഇന്ത്യാബുൾസ്, ഹെഡ് ആന്റ് ഷോൾഡേഴ്സ് തുടങ്ങിയവയുടെ പരസ്യങ്ങളിൽ മോഡലായി. 'ലഗാൻ' ഉൾപ്പെടെ അഞ്ചുസിനിമകൾ നിർമിക്കുകയും ചെയ്തു.
'എംബുരാനി'ലും നിഖത്ത് ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ആമിറിന്റെ സഹോദരിയാണെന്ന് അറിയാതെയാണ് അണിയറപ്രവർത്തകർ അവരെ സിനിമയിലേക്ക് വിളിക്കുന്നത്. ആ സംഭവം പൃഥ്വിരാജ് ഓർത്തെടുത്തു, ''ഓഡിഷൻ കഴിഞ്ഞശേഷം അവരെ ഇഷ്ടപ്പെട്ടെന്ന് ഞാൻ കാസ്റ്റിങ് ഡയറക്ടറോട് പറഞ്ഞു. കാസ്റ്റിങ് ഡയറക്ടറുടെ മറുപടി ഇങ്ങനെയായിരുന്നു, 'അതേ, അവർ ഗംഭീരനടിയാണ്. ആമിർ ഖാന്റെ സഹോദരിയുമാണ്. ഞാൻ ഞെട്ടിപ്പോയി. ഉടനെ തന്നെ ആമിർ സാറിനെ വിളിച്ചു. പിന്നീട് ആമിർ സാർ എനിക്ക് മെസേജ് അയച്ചു, 'എന്റെ സഹോദരി സിനിമയിൽ നന്നായിട്ടുണ്ടോ' എന്ന് ചോദിച്ചുകൊണ്ട്. ഗംഭീരമായിരുന്നുവെന്ന് ഞാൻ മറുപടിയും പറഞ്ഞു''.
ആമിറിന്റെ ഇളയസഹോദരനായ ഫൈസൽ ഖാൻ ബാലതാരമായിട്ടാണ് എത്തുന്നത്. വർഷങ്ങൾക്കുശേഷം ആമിറിന്റെ 'ഖയാമത്ത് സെ ഖയാമത്ത് തക്' എന്ന സിനിമയിൽ ഒരു ചെറുവേഷം ചെയ്തു. പിന്നീട് പിതാവ് താഹിർ ഹുസൈൻ നിർമിച്ച 'മധോഷ്' എന്ന സിനിമയിലാണ് മുഖ്യവേഷത്തിലെത്തുന്നത്. പക്ഷേ, പടം ബോക്‌സോഫീസിൽ പരാജയമായി. അതോടെ അഞ്ചുവർഷത്തോളം സിനിമയിൽനിന്ന് മാറിനിന്നു. അതുകഴിഞ്ഞ് കുറേ സിനിമകളിൽ അഭിനയിച്ചെങ്കിലും അതൊന്നും കാര്യമായ ചലനമുണ്ടാക്കിയില്ല. വീണ്ടും വർഷങ്ങളുടെ ഗ്യാപ്പ്. പക്ഷേ സഹോദരനും ആമിറും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല. 2007-ൽ ഫൈസൽ ഒരു പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി. മാനസികരോഗിയെന്ന് മുദ്രകുത്തി, ആമിർ തന്നെ വീട്ടുതടവിൽ പാർപ്പിച്ചിരിക്കുന്നുവെന്നായിരുന്നു പരാതി. ഒരു ചാനലിലും സഹോദരനെതിരെയുള്ള ആരോപണം ഫൈസൽ ആവർത്തിച്ചു. അതിനുപിന്നാലെ ഫൈസലിനെ കാണാതായി. പുണെയിൽവെച്ച് കണ്ടെത്തിയപ്പോൾ, ആമിർ ആണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് ഫൈസൽ പറഞ്ഞു. പിന്നാലെ ഫൈസലിനെച്ചൊല്ലി പിതാവും ആമിറും തമ്മിൽ തർക്കമായി. സ്‌കീസോഫ്രീനിയയ്ക്ക് ചികിത്സയിലായിരുന്നു ഫൈസൽ എന്നാണ് പറയപ്പെട്ടിരുന്നത്. പക്ഷേ, ആമിർ ഉണ്ടാക്കിയ കഥകൾ മാത്രമാണതെന്ന് ഫൈസൽ ആവർത്തിച്ചു. എന്നാൽ, സഹോദരന് മാപ്പുകൊടുക്കാൻ താൻ തയ്യാറായെന്നും ഫൈസൽ പിന്നീട് പറഞ്ഞു.
'ഖയാമത്ത് സെ ഖയാമത്ത് തക്' എന്ന സിനിമയിൽ ചെറിയറോളിൽ അഭിനയിച്ചിട്ടുണ്ട് ആമിറിന്റെ ആദ്യഭാര്യ റീന ദത്ത. എന്നാൽ, മുഖ്യധാരാസിനിമയിലേക്ക് അവർ കടന്നുവന്നില്ല. ജുനൈദ് ഖാൻ, ഇറാ ഖാൻ എന്നിവരാണ് റീന-ആമിർ ദമ്പതികളുടെ മക്കൾ. ലവ്‌യപ്പ എന്ന സിനിമയിൽ ജുനൈദ് നായകനായിരുന്നു. ഒരു വെബ് സീരീസിൽ സഹസംവിധായികയായിട്ടുണ്ട് ഇറ.
സംവിധായികയും നിർമാതാവുമായ കിരൺ റാവുവായിരുന്നു ആമിറിന്റെ രണ്ടാം ഭാര്യ. ആമിറിന്റെ പ്രൊഡക്ഷൻ കമ്പനിയുടെ പ്രവർത്തനങ്ങളിൽ സജീവമാണ് ആമിറിന്റെ ഇപ്പോഴത്തെ പങ്കാളി ഗൗരി സ്പ്രാറ്റ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: aamir khans mother debuted at 91 and his sister is a respected actress.. Explore the Khan family`s Bollywood journey
Published: 22 Jul 2025, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented