
''മഹാന്മാരുടെ ആദര്‍ശങ്ങള്‍ പറഞ്ഞ് നടക്കുന്നവനല്ല, സ്വന്തം ജീവിതത്തില്‍ അത് പകര്‍ത്തി കാണിക്കുന്നവനാണ് മഹാന്‍ '' - കേശു
കേശു ഒരു കോടിശ്വരനാണ്. ഒരു ദിവസം രണ്ട് ലക്ഷത്തിമുപ്പത്തയ്യായിരം രൂപ നാല്‍പ്പത്തൊന്‍പത് പൈസയാണ് കേശുവിന്റെ വരുമാനം. പക്ഷേ കേശുവിന് ഇതേവരെ വിദേശ വസ്ത്രങ്ങളോട് കമ്പം തോന്നിയിട്ടില്ല. ബിസിനസ് മീറ്റിങ്ങുകള്‍ക്ക് സഫാരി സൂട്ടണിയാത്ത കേശു സ്വന്തം കൈ കൊണ്ട്, സ്വന്തം വീട്ടിലിരുന്ന്, സ്വന്തം ചക്കയില്‍ നൂല്‍നൂറ്റ്, അതുകൊണ്ടുണ്ടാക്കിയ വസ്ത്രങ്ങളാണ് ധരിക്കാറ്.
Also Read
കാണികളെ സാക്ഷി നിര്‍ത്തി വിദേശിയായ ഷര്‍ട്ട് പറിച്ചുമാറ്റിക്കൊണ്ട് കേശു പറഞ്ഞു;
'' ഇത് ഞാന്‍ ബഹിഷ്‌കരിക്കുകയാണ്. ഈ വിദേശ വസ്ത്രം എനിക്കാവശ്യമില്ല. ഈ പാന്റ്. ഇതും എനിക്ക് ആവശ്യമില്ല. നിങ്ങളുടെ മുന്നില്‍ ഒരു പച്ച മനുഷ്യനായി നില്‍ക്കാനാണ് എനിക്ക് ആഗ്രഹം. തുടര്‍ന്നും ഈ ബഹിഷ്‌കരണം നടത്താന്‍ എനിക്ക് മടിയില്ല.''
കേശുവിന്റെ കൈകള്‍ ട്രൗസര്‍ വള്ളിയിലേക്ക്......
ബി. ജയചന്ദ്രന്റെ കഥയില്‍, അശോകന്‍-താഹ ദ്വയത്തിന്റെ സംവിധാനത്തില്‍ 1991-ല്‍ പുറത്തുവന്ന മൂക്കില്ലാ രാജ്യത്ത് എന്ന സിനിമ വിളമ്പിയത് പ്രേക്ഷകരുടെ ആയുസ്സ് കൂട്ടാനുള്ള ചിരിക്കഷായമാണ്. കാക്കനാട് മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയാണ് കേശു (തിലകന്‍) എന്ന കേശവന്‍. കൃഷ്ണന്‍ കുട്ടി, (ജഗതി ) ബെന്നി (മുകേഷ്) എന്നിവരാണ് കേശുവിന്റെ കൂട്ടുകാര്‍. സംഗീതത്തിന്റെ അസ്‌കിതയുള്ള വേണു കൂടി ഇവര്‍ക്കൊപ്പം ചേരുന്നതോടെ ഹാസ്യം മുറുകുന്നു.
ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന് നിര്‍ണായകമായ 'റോളാ'ണ് സിനിമയിലുള്ളത്. ബച്ചന്‍ എറണാകുളത്ത് ഷൂട്ടിങ്ങിന് വന്നിട്ടുണ്ടെന്ന പത്രവാര്‍ത്ത കണ്ട നാല്‍വര്‍ സംഘം അങ്ങോട്ട് പുറപ്പെടാന്‍ തീരുമാനിക്കുന്നു. ഡോക്ടറോട് അപേക്ഷിച്ചുനോക്കി. നേരായ വഴിക്ക് നടത്തിയ ശ്രമം പരാജയമായതോടെ മതില്‍ചാടി. കഷ്ടപ്പെട്ട് പാതിരായ്ക്ക് ബസ് പിടിച്ച് എറണാകുളത്തു ചെന്നപ്പോള്‍ ബച്ചന്‍ വന്നുപോയിട്ട് മാസമൊന്നു കഴിഞ്ഞത്രെ. പഴയ പത്രമായിരുന്നു അവര്‍ വായിച്ചത്.
ഇനിയിപ്പോ എന്ത് ചെയ്യും, നഗരത്തില്‍ അന്തിയുറങ്ങി രാവിലത്തെ ബസില്‍ മടങ്ങുകയല്ലാതെ ! പക്ഷേ, രാവിലെ നോക്കുമ്പോള്‍ വേണു മിസ്സിങ്ങാണ്. മൂന്നുപേര്‍ മൂന്ന് വഴിക്ക് ആളെത്തിരക്കിയിറങ്ങി. ആ പോയ പോക്കിലാണ് കേശു പ്രസംഗവേദിയില്‍ വിദേശ വസ്ത്രങ്ങള്‍ ബഹിഷ്‌കരിച്ച് പച്ച മനുഷ്യനാകാന്‍ നോക്കിയത്. ബെന്നി തക്കസമയത്ത് വന്നതുകൊണ്ട് കിട്ടിയ തല്ല് എണ്ണാനെങ്കിലും പറ്റി.
വൈകുന്നേരത്തോടെ വേണുവിനെ കണ്ടുകിട്ടി. ഇനി മടങ്ങിപ്പോകണ്ട എന്നവര്‍ തീരുമാനിച്ചു. മുന്‍ പട്ടാളക്കാരനായ കേശു സെക്യൂരിറ്റിയായി, കൃഷ്ണന്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയായി, ബെന്നി പെയിന്റിങ് പണിക്കാരനായി, വേണു പാടാന്‍ വേദികള്‍ തിരക്കിയിറങ്ങി.
ബെന്നിയുടെയും ലീനയുടെയും പ്രണയമാണ് അടുത്തത്. ലീലയുടെ അച്ഛന്‍ പറവൂര്‍ ഭരതന്‍ പയ്യന്റെ വീട് കാണാനെത്തുന്നത് വയറ്റില്‍ കൊളുത്തു വീഴാതെ കണ്ടുതീര്‍ക്കാനാവില്ല. കേശുവാണ് വേണുവിന്റെ അച്ഛന്‍ വേഷമണിയുന്നത്. പക്ഷേ എല്ലാം പാളി. മുഴുവട്ടാണ് നാലിനും എന്ന് മനസ്സിലാക്കിയ അവളുടെ അച്ഛന്‍ തടിമിടുക്കുള്ള ഗുണ്ടയെ തേടിയിറങ്ങി. എത്തിച്ചേരുന്നതോ സിംഹത്തിന്റെ മടയില്‍. ഭീം സിങ്. മലയാള സിനിമയില്‍ ഇത്രയും മസില്‍മാനായ ഗുണ്ട ഉണ്ടായിക്കാണില്ല. ഇനി ഉണ്ടാകാനും സാധ്യതയില്ല.
കൃഷ്ണന്‍ കുട്ടി നായരുടെ ഭീം സിംങ് നടത്തുന്ന പരിശ്രമങ്ങളെല്ലാം നാല്‍വര്‍ സംഘം അതിജീവിക്കുന്നു. ശിക്കാരി ശംഭു പുലിയെപ്പിടിക്കുന്ന പോലെ. സ്വന്തം ബുദ്ധി വൈഭവം കൊണ്ടല്ല, ചക്കയും മുയലും ഒന്നിക്കുന്ന പോലൊരു ഭാഗ്യക്കളി. പവനായിയെപ്പോലെ മാനംപോയ വേറൊരു പ്രൊഫഷണല്‍ കില്ലറായി ഭീം സിംങ്.
പപ്പുവിന്റെയും രാജന്‍ പി ദേവിന്റെയും കഥാപാത്രങ്ങള്‍ കൂടി സിനിമയുടെ ചിരിയൊഴുക്കിലേക്ക് ചേരുന്നു. പണ്ട് എല്‍ദോയെ സിനിമയിലെടുത്തപോലെ ഇവരെ നാലുപേരെയും സീരിയലിലെടുക്കാനാണ് അവരുടെ വരവ്. അഭിനേതാക്കളാകാന്‍ ഡാന്‍സും കുങ്ഫുവുമൊക്കെ പഠിക്കാനുള്ള തത്രപ്പാടാണ് പിന്നീട്. സിനിമ ക്ലൈമാക്‌സിലേക്ക് ഇറുകി മുറുകി അടുക്കുന്തോറും കഥാപാത്രങ്ങളുടെ എണ്ണവും കൂടുന്നു. അതില്‍ അവസാനത്തെ പേരാണ് ജഗദീഷ്. താനും ഭ്രാന്താശുപത്രിയില്‍ കിടന്നിട്ടുണ്ടെന്ന് പറയുന്ന പോലീസ് ഇന്‍സ്‌പെക്ടറുടെ റോള്‍.
വന്നവരും നിന്നവരും പോയവരും ചിരിപ്പിച്ച സിനിമയില്‍ ഏറ്റവും സ്‌കോര്‍ ചെയ്തത് കേശുവാണ്. കടുപ്പമുള്ള നോട്ടവും പരുക്കനായ ശബ്ദവുമുള്ള തിലകന്‍ ഒറ്റനോട്ടത്തിലും ഒറ്റക്കേള്‍വിയിലും നര്‍മ മുഹൂര്‍ത്തങ്ങള്‍ക്ക് ഇണങ്ങുന്നയാളല്ല. പക്ഷേ, അദ്ദേഹം മനസ്സറിഞ്ഞ് ഹാസ്യത്തില്‍ കൈവെച്ചിരുന്നെങ്കില്‍ മലയാളത്തിലെ ഹാസ്യനിര ശരിക്കും വിയര്‍ത്തുപോയേനെ.
ജഗതിയുടെ പോലും സിംഹാസനം വിറപ്പിക്കുന്ന ഭാവങ്ങളാണ് കേശുവിന്റേത്. കേശുവും കൃഷ്ണനും ഒരുമിച്ചുള്ള രംഗങ്ങളില്‍ ആരെ നോക്കുമെന്നറിയാതെ പ്രേക്ഷകര്‍ കഷ്ടപ്പെടും. ഇരുവരും നിര്‍ത്താതെ പൊട്ടിക്കുകയല്ലേ ചിരിയുടെ അമിട്ടുകള്‍! ജഗതിയും തിലകനും തമ്മില്‍ മത്സരിക്കുകയാണോ എന്ന് സംശയിച്ചു പോകും.
അര്‍ഹിച്ച ദേശീയ അംഗീകാരം ദൗര്‍ഭാഗ്യത്തില്‍ത്തട്ടി വഴുതിപ്പോയ പെരുന്തച്ചന്‍. ആ തച്ചന്റെ ഉളി നിലത്തുവെച്ചിട്ടാണ് തിലകന്‍ കേശുവായത്. കിലുക്കത്തിലെ ശുണ്ഠിക്കാരന്‍ ജഡ്ജിയേമാനും സന്ദേശത്തിലെ രാഘവേട്ടനും ഗോഡ്ഫാദറിലെ തന്റേടിയായ ബാലരാമനും പിറന്നത് 1991 എന്ന ഒരേ വര്‍ഷം. അത്ഭുത പ്രതിഭയുടെ അസാമാന്യ പകര്‍ന്നാട്ടം !
Content Highlights: a tribute to thilakan's perfomance in mookkilla rajyath
Published: 15 Jul 2023, 04:01 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented