താരനുണ്ടോ... തക്കാളിക്കറിയാം ഗുട്ടന്‍സ്

#പ്രീതി ആർ. നായർ
പ്രതീകാത്മകചിത്രം | ഷട്ടർസ്റ്റോക്ക്
പ്രതീകാത്മകചിത്രം | ഷട്ടർസ്റ്റോക്ക്

പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ് തക്കാളി. വിറ്റാമിന്‍ എ, സി, കെ, ബി6, ഫോളേറ്റ്, തയാമിന്‍ എന്നിവ തക്കാളിയില്‍ ധാരാളമുണ്ട്. ആല്‍ഫ ലിപോയിക് ആസിഡ്, ലൈകോപിന്‍, കോളിന്‍, ബീറ്റാകരോട്ടിന്‍, ല്യൂട്ടിന്‍ എന്നീ പോഷകങ്ങളാല്‍ സമൃദ്ധമാണിത്. 

  • തക്കാളിയില്‍ 95 ശതമാനവും  വെള്ളമാണ്. 
  • ലിഗ്നിന്‍, സെല്ലുലോസ്, ഹെമിസെല്ലുലോസ് എന്നിങ്ങനെ അലിയാത്ത 80 ശതമാനം ഫൈബറുകള്‍ ഇതിലുണ്ട്. 
  • കേശസംരക്ഷണത്തിനുള്ള പ്രകൃതിദത്തമായ ഔഷധമാണിത്. ശിരോചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചില്‍, താരന്‍ എന്നിവ അകറ്റി മുടിയിഴകളെ സംരക്ഷിക്കുന്നു. 
  • തക്കാളിയിലെ ഉയര്‍ന്ന പൊട്ടാസ്യം, സോഡിയത്തിന്റെ അളവ് കുറച്ച് രക്തസമ്മര്‍ദം നിയന്ത്രണത്തിലാക്കുന്നു. പക്ഷാഘാതം, ഹൃദ്രോഗം എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നു.
  • പ്രമേഹത്തിന്റെ സങ്കീര്‍ണതകളെ കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
  • തക്കാളിയിലെ വിറ്റാമിന്‍ എ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. തിമിരം, പ്രായാധിക്യം മൂലമുള്ള കാഴ്ചക്കുറവ് എന്നിവയെ തടയുന്നു.
  • നാരുകള്‍ ധാരാളം അടങ്ങിയ തക്കാളി കഴിക്കുന്നത് മലവിസര്‍ജനം സുഗമമാക്കാന്‍ സഹായിക്കുന്നു. 
  • വിറ്റാമിന്‍ കെ, രക്തം കട്ടപിടിക്കുന്നതില്‍ പ്രധാനമാണ്. 
  • തക്കാളിയിലുള്ള പോളിഫിനോളായ ലൈകോപിന്‍ ശ്വാസകോശം, കുടല്‍, സ്തനങ്ങള്‍ എന്നിവിടങ്ങളിലെ കാന്‍സര്‍കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു.

 
ഉപയോഗം ശ്രദ്ധയോടെ

  • തക്കാളിയുടെ അമിതോപയോഗം വൃക്കയില്‍ കല്ലുണ്ടാക്കാനുള്ള സാധ്യത കൂട്ടും. ഇതിലെ കാല്‍സ്യം, കാല്‍സ്യം ഓക്‌സലേറ്റ് എന്നിവയാണ് പ്രശ്‌നക്കാര്‍.
  • പൊട്ടാസ്യം ധാരാളം ഉള്ളതിനാല്‍ വൃക്കരോഗികള്‍ക്ക് നല്ലതല്ല.
  • തക്കാളിയിലെ ഹിസ്റ്റമിന്‍, നീരും സന്ധിവേദനയും ഉണ്ടാക്കുമെന്നതിനാല്‍ വാതരോഗികള്‍ ശ്രദ്ധിക്കണം. 
  • തക്കാളിയുടെ അമിതോപയോഗം ഗ്യാസ്ട്രബിള്‍, അസിഡിറ്റി എന്നിവയ്ക്ക് കാരണമാകും. 
  • ടിന്നിലടച്ചുവരുന്ന തക്കാളി പള്‍പ്പില്‍ സോഡിയം പോലുള്ള ചേരുവകള്‍ ചേര്‍ക്കാറുണ്ട്. ഇത് ആരോഗ്യത്തിന് ഗുണകരമല്ല.  

ചര്‍മസംരക്ഷണത്തിന്
ചര്‍മം, നഖം, മുടി എന്നിവയുടെ അവശ്യഘടകങ്ങളാണ് കൊളാജനുകള്‍. ഇവയുടെ ഉത്പാദനം വിറ്റാമിന്‍ സി-യെ ആശ്രയിച്ചിരിക്കുന്നു. തക്കാളി വിറ്റാമിന്‍ സി-യാല്‍ സമൃദ്ധമാണ്. ദിവസേന ആവശ്യമായ വിറ്റാമിന്‍ സി-യുടെ 40 ശതമാനം നല്‍കാന്‍ തക്കാളിക്ക് കഴിയും. 


(തിരുവനന്തപുരം എസ്.യു.റ്റി ഹോസ്പിറ്റലിൽ ചീഫ് ക്ലിനിക്കൽ ന്യൂട്രിഷ്യനിസ്റ്റാണ് ലേഖിക)

Content Highlights: tomato preventing dandruff and promoting a healthy scalp