കേരളത്തില്‍ ഒരുലക്ഷം ആളുകളില്‍ 400 പേര്‍ മാനസികാരോഗ്യ വെല്ലുവിളികള്‍ നേരിടുന്നു

ഇന്ന് ലോക മാനസികാരോഗ്യ ദിനം. കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍.ഐ.എച്ച്) നടത്തിയ പഠനങ്ങള്‍ പ്രകാരം മലയാളികളില്‍ 14.14% പേര്‍ക്ക് ജീവിതകാലത്തിലെപ്പോഴെങ്കിലും മാനസികാരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ദേശീയതലത്തിലെ ശരാശരിയായ 13.67% എന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ മാനസികാരോഗ്യനില അത്ര സുഖകരമായ അവസ്ഥയിലല്ല എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
2018-ലെ കണക്കുകളനുസരിച്ച് ഒരു ലക്ഷം പേരില്‍ 400 ആളുകള്‍ മാനസികാരോഗ്യ വെല്ലുവിളികള്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഒരുലക്ഷം പേര്‍ക്ക് നിലവില്‍ ചികിത്സിക്കാനായി ലഭ്യമായ ബെഡ്ഡുകളുടെ എണ്ണം കേവലം 5.53 മാത്രമാണ്. രാജ്യത്തിന്റെ ആരോഗ്യതലസ്ഥാനമെന്നൊക്കെ നമുക്ക് മേനി നടിക്കാമെങ്കിലും മാനസികാരോഗ്യനിലയുമായി ബന്ധപ്പെട്ട വിലയിരുത്തലുകള്‍ നടത്തുമ്പോള്‍ കേരളത്തിന്റെ നില അല്‍പം പരുങ്ങലിലാണ്. മാനസികാരോഗ്യത്തിന്റെ പരിപാലനത്തില്‍ വരുത്തുന്ന അശ്രദ്ധ വിവിധങ്ങളായ പ്രത്യാഘാതങ്ങള്‍ക്കാണ് കാരണമാകുന്നത്.
പ്രവര്‍ത്തനക്ഷമതയെ ബാധിക്കുമ്പോള്‍
ശരീരത്തിന്റെ ആരോഗ്യത്തെ ഊര്‍ജ്ജസ്വലമായി നിലനിര്‍ത്തുന്നതില്‍ മാനസികാരോഗ്യത്തിന് നിര്‍ണ്ണായകമായ പങ്കുണ്ട്. ഇത് വ്യക്തിയുടെ പ്രവര്‍ത്തനക്ഷമതയെയും വലിയതോതില്‍ സ്വാധീനിക്കുന്നു. ശരീരസംബന്ധമായ അസുഖങ്ങള്‍ അതിവേഗം പരിഹരിക്കാനാവശ്യമായ ചികിത്സയ്ക്ക് നമ്മള്‍ വിധേയമാകാറുണ്ട്. എന്നാല്‍ മാനസികാരോഗ്യ കാര്യത്തില്‍ അത്ര സൂക്ഷ്മത വെച്ച് പുലര്‍ത്താറില്ല. വിദ്യാഭ്യാസപരമായും സാംസ്‌കാരികപരമായും മികച്ച നിലവാരമുള്ള നമ്മുടെ നാട്ടില്‍പോലും മാനസികാരോഗ്യത്തെ കുറിച്ച് വളരെ കുറഞ്ഞ അവബോധമാണുള്ളത്. വ്യക്തികളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നത് തൊഴില്‍പരമായും വരുമാനപരവുമായുള്ള പ്രതിസന്ധികള്‍ക്ക് കാരണമാവുകയും ഇത് സന്തോഷകരമായ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.
കുടുംബജീവിതത്തിലെ വെല്ലുവിളികള്‍
കുടുംബജീവിതത്തിന്റെ കെട്ടുറപ്പിന് പരമപ്രാധാന്യം നല്‍കുന്ന ജീവിതശൈലിയാണ് നമ്മുടേത്. ഇത്തരം ബന്ധങ്ങള്‍ മികച്ച രീതിയില്‍ നിലനില്‍ക്കണമെങ്കില്‍ ആരോഗ്യകരമായ മാനസികാവസ്ഥയ്ക്ക് വലിയ പ്രാധാന്യമുണ്ട്. മാനസികാരോഗ്യ സംബന്ധമായ വെല്ലുവിളികള്‍ അനുഭവപ്പെടുന്നവര്‍ക്ക് കുടുംബത്തോട് കാര്യക്ഷമമായും സ്നേഹത്തോടെയും ഇടപെടാന്‍ സാധിക്കില്ല. വിഷാദം, ആശങ്ക, അമിതദേഷ്യം തുടങ്ങിയ വികാരപരമായ ബുദ്ധിമുട്ടുകള്‍ക്ക് ഇത് ഇടയാക്കുകയും കുടുംബത്തിന്റെ സ്വസ്ഥത തന്നെ തര്‍ക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. തുടര്‍ച്ചയായ കുടുംബകലഹങ്ങള്‍ കുടുംബത്തിന്റെ പൊതുവായ സമാധാനം ഇല്ലാതാക്കുന്നതോടൊപ്പം കുട്ടികളുടെ പഠനം പോലുള്ള കാര്യങ്ങളെയും ദോഷകരമായി ബാധിക്കും. മാനസികാരോഗ്യം തകര്‍ന്നാല്‍ മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങളോട് നല്ലരീതിയില്‍ പെരുമാറാന്‍ സാധിക്കാതെ വരാം.
തൊഴില്‍ജീവിതത്തിലെ പ്രശ്നങ്ങള്‍
നമ്മുടെ തൊഴിലിടങ്ങളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ് പിന്നിടുന്നത്. തൊഴിലാളികളുടെ മികവും പ്രൊഫഷണല്‍ സമീപനവും തൊഴില്‍ മേഖലയിലെ നിലനില്‍പ്പിന് അത്യാവശ്യമാണ്. ഇത് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്യണമെങ്കില്‍ തൊഴിലാളിയുടെ മാനസികാരോഗ്യത്തിന് വലിയ പങ്കുണ്ട്. മാനസികാരോഗ്യം തകരുമ്പോള്‍ തൊഴില്‍പരമായി നമ്മുടെ മുഴുവന്‍ മികവും പുറത്തെടുക്കാന്‍ സാധിക്കാതെ വരും. ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരിക, ജോലിയില്‍ മുന്‍ഗണന നല്‍കാന്‍ സാധിക്കാതെ വരിക, ഉത്തരവാദിത്തം പൂര്‍ണ്ണമായി നിറവേറ്റാന്‍ കഴിയാതെ വരിക, മാനസികസമ്മര്‍ദം തുടങ്ങിയവയെല്ലാം ഇതിന്റെ അനുബന്ധമായി സംഭവിക്കും. ഇത്തരം സാഹചര്യങ്ങള്‍ തൊഴിലിടങ്ങളിലെ സഹപ്രവര്‍ത്തകരും മറ്റുമായുള്ള ബന്ധത്തെയും ദോഷകരമായി ബാധിക്കും.
പ്രവാസലോകത്തുള്ള മലയാളികളും ഇത്തരം ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നുണ്ട്. എന്നാല്‍ പലരും തുറന്ന് പറയാനും ഉചിതമായ ചികിത്സ തേടാനും മടിക്കുന്നു എന്നത് പ്രതിസന്ധിയാണ്. മാനസികാരോഗ്യത്തെ അവഗണിക്കുന്നത് തൊഴില്‍മേഖലയിലെ ഉയര്‍ച്ച തടസ്സപ്പെടുന്നതിനും തൊഴില്‍പരമായ നിലനില്‍പ്പിന് വെല്ലുവിളിയേകാനും ഇടയാക്കുന്നു.
മാനസികാരോഗ്യത്തിന്റെ അഭാവത്തില്‍ അനുഭവിക്കുന്ന പൊതുവായ പ്രശ്നങ്ങള്‍
- ആത്മവിശ്വാസം തകരുക: മാനസികാരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെടുന്ന ആളുകള്‍ക്ക് അവരുടെ കഴിവുകളിലും, വ്യക്തിത്വത്തിലും ആത്മവിശ്വാസം കുറയും. ഇത് അവരുടെ വ്യക്തിപരമായ വളര്‍ച്ചയെ ബാധിക്കും.
- ഉത്സാഹവും ആവേശവും ഇല്ലാതാവുക: ഒരു വ്യക്തി മാനസികമായ അസ്ഥിരതകളില്‍ കഴിയുമ്പോള്‍, അവരുടെ ദൈനംദിന ജീവിതത്തില്‍ ഉത്സാഹവും ആവേശവും കുറയുന്നതായി കാണപ്പെടുന്നുണ്ട്.
- ശ്രദ്ധക്കുറവ്: മാനസികാരോഗ്യം തകര്‍ന്നാല്‍, വ്യക്തിക്ക് നിശ്ചിത കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാനും, തീരുമാനങ്ങള്‍ എടുക്കാനും ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം.
- ബന്ധങ്ങളില്‍ പിരിമുറുക്കം: വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും, ഒറ്റപ്പെടല്‍, തര്‍ക്കം തുടങ്ങിയവയ്ക്ക് കാരണമാവുകയും ചെയ്യും.
- തൊഴിലില്‍ താളംതെറ്റല്‍: ജോലിയില്‍ ഉല്‍പ്പാദനക്ഷമത കുറയുകയും, അവരുടെ തൊഴില്‍പരമായ മൂല്യങ്ങള്‍ നഷ്ടമാകുകയും ചെയ്യും.
- സാമൂഹിക ഒറ്റപ്പെടല്‍: മനസ്സിന്റെ ആരോഗ്യം തകര്‍ന്നാല്‍, വ്യക്തി മറ്റ് സമൂഹസമ്പര്‍ക്കങ്ങളില്‍ നിന്ന് പിന്‍വാങ്ങാന്‍ സാധ്യതയുണ്ട്. ഇത് പിന്നീട് പൂര്‍ണമായി ഒറ്റപ്പെട്ട ജീവിതത്തിലേക്കും സമൂഹത്തില്‍ നിന്ന് മാറിനില്‍ക്കുന്നതിലേക്കും നയിക്കാം.
മറ്റുള്ളവരുടെ പിന്തുണ
മാനസികാരോഗ്യപരമായ വെല്ലുവിളി നേരിടുന്ന വ്യക്തിക്ക് ചിലപ്പോള്‍ തന്റെ അവസ്ഥ കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചെന്ന് വരില്ല. മാനസികമായി വെല്ലുവിളി അനുഭവിക്കുന്നവരെ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ആവശ്യമായ പിന്തുണ നല്‍കി അവരെ ആരോഗ്യകരമായ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്യുക എന്നത് വലിയ സാമൂഹിക പ്രതിബദ്ധത കൂടിയുള്ള കാര്യമാണ്. കുടുംബാംഗങ്ങള്‍, അയല്‍ക്കാര്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ക്ക് ഇതില്‍ വലിയ ഇടപെടലുകള്‍ നടത്താന്‍ സാധിക്കും.
മാനസികമായി വെല്ലുവിളി അനുഭവിക്കുന്നവരെ പരിഹസിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കേണ്ടതാണ്. അവര്‍ക്കൊപ്പം നിന്ന് ആവശ്യമായ പിന്തുണ നല്‍കണം. ഇത്തരത്തില്‍ പിന്തുണ നല്‍കുകയും ആവശ്യമായ ചികിത്സകള്‍ നല്‍കി അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്താല്‍ കേരളത്തിന്റെ മാനസികാരോഗ്യ മേഖലയ്ക്ക് നിലവിലുള്ള മോശം അവസ്ഥയെ മറികടക്കാന്‍ സാധിക്കും.
(കോഴിക്കോട് വിവേക മാനസികാരോഗ്യ ആശുപത്രിയിലെ കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റും സൈക്യാട്രി വിഭാഗം മേധാവിയും എം.ഡി.യുമാണ് ലേഖകന്‍)
Content Highlights: Taking care of your mind every day