മരിക്കാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു, ജീവിതം മടുത്ത രീതിയിലുള്ള സംസാരങ്ങളും

ജീവിതത്തിൽ ഒരിക്കലെങ്കിലും സ്വന്തം മരണത്തെ കുറിച്ച് ചിന്തിക്കാത്തവർ ചുരുക്കമാണ്. ഒരാൾക്ക് പനി വന്നാൽ, അല്ലെങ്കിൽ മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നമുണ്ടെങ്കിൽ ഒപ്പമുള്ളവർ വേഗം തിരിച്ചറിയാറുണ്ട്. ആശുപത്രിയിൽ പോകൂ, മരുന്നു കഴിക്കൂ... എന്നൊക്കെ ആശ്വസിപ്പിക്കാനും കൂടെ നിൽക്കാനും കഴിയാറുമുണ്ട്. എന്നാൽ ഒരാളുടെ മനസ്സ് കൈവിട്ടു പോവുകയാണെന്ന്, അയാൾ സ്വയം ജീവിതം അവസാനിപ്പിക്കാൻ തീരുമാനമെടുക്കുകയാണെന്ന് എങ്ങനെയാണ് തിരിച്ചറിയുക? ഇന്ത്യയിൽ ഏറ്റവും ഉയർന്ന ആത്മഹത്യാ നിരക്കുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. സംസ്ഥാനത്തെ ആത്മഹത്യാ നിരക്ക് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണെന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്.
മികച്ച സാമ്പത്തിക സ്ഥിതിയുള്ളവരും മറ്റുള്ളവരെ സ്വാധീനിക്കാൻ ശേഷി ഉള്ളവരുമൊക്കെ എപ്പോഴും സന്തുഷ്ടരാണെന്നാണ് നമ്മുടെ തോന്നൽ. എന്നാൽ, ആത്മഹത്യാചിന്തയ്ക്ക് പദവി, വിദ്യാഭ്യാസം, വിജയം എന്നിവയൊന്നും ബാധകമല്ല എന്നതാണ് വാസ്തവം. ആത്മഹത്യാ പ്രവണതക്ക് പിന്നിൽ സാമൂഹികവും മാനസികവുമായ നിരവധി കാരണങ്ങൾ ഉണ്ട്. തടയാൻ സാധിക്കുന്ന ഒന്നാണ് ആത്മഹത്യ എന്നതാണ് ഏറെ പ്രധാനപ്പെട്ട കാര്യം.
മാനസികാരോഗ്യ പ്രശ്നങ്ങൾ
വിഷാദം, ഉത്കണ്ഠ, കഠിനമായ വൈകാരിക ക്ലേശങ്ങൾ അല്ലെങ്കിൽ ചികിത്സിക്കാത്ത മറ്റ് മാനസികരോഗങ്ങൾ എന്നിവ ആത്മഹത്യാ പ്രവണതയുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. ലഹരിവസ്തുക്കളുടെ ദുരുപയോഗം, മദ്യപാനാസക്തി... ഇവയും പെട്ടെന്ന് എടുത്തുചാടി ജീവനവസാനിപ്പിക്കുന്നതിലേക്ക് നയിക്കുന്ന കാരണമായി കണ്ടുവരാറുണ്ട്
സാമൂഹിക സമ്മർദങ്ങൾ
സാമൂഹികമായ ഒറ്റപ്പെടൽ, പ്രിയപ്പെട്ട ഒരാളുടെ നഷ്ടം, ബന്ധങ്ങളിലെ തകർച്ചകൾ എന്നിവ പലപ്പോഴും ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങളായേക്കാം.
കുടുംബ പ്രശ്നങ്ങൾ
കുടുംബ കലഹങ്ങൾ, ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ, മറ്റ് കുടുംബപ്രശ്‌നങ്ങൾ... എന്നിവ ആത്മഹത്യയുടെ പ്രധാന കാരണങ്ങളിൽ ചിലതാണ്.
സാമ്പത്തിക സമ്മർദങ്ങൾ
തൊഴിൽ നഷ്ടം, തൊഴിലില്ലായ്മ, സാമ്പത്തിക ബുദ്ധിമുട്ട്, സ്വത്ത് തർക്കങ്ങൾ, സാമൂഹികമോ സാമ്പത്തികമോ ആയ അരക്ഷിതാവസ്ഥ എന്നിവയൊക്കെയും മാനസികമായി തളർത്തിയേക്കാം. കേരളത്തിൽ തൊഴിൽരഹിത
രായ ആളുകൾക്കിടയിലാണ് ആത്മഹത്യയുടെ എണ്ണം കൂടുതലെന്ന റിപ്പോർട്ടുകളുണ്ട്.
സംവിധാനങ്ങളുടെ കുറവ്
ദുർബലമായ സാമൂഹിക ബന്ധങ്ങളും പ്രിയപ്പെട്ടവരിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ അകന്നു കഴിയേണ്ട സാഹചര്യങ്ങളും വ്യക്തികളിൽ തങ്ങൾ ഒറ്റപ്പെട്ടുപോയി എന്ന ചിന്ത വർധിപ്പിക്കും.
വൈകാരികാവസ്ഥകൾ
വിഷാദത്തിന്റെയോ നിരാശയുടെയോ ലക്ഷണങ്ങൾ പലപ്പോഴും മറ്റുള്ളവർ അറിയാതെ മറച്ചു െവക്കാൻ ആളുകൾക്ക് കഴിയും. കഠിനമായ വിഷാദാവസ്ഥകൾ ആത്മഹത്യയിലേക്ക് നയിച്ചേക്കാം.
ആന്തരിക സംഘർഷം
നാളിതുവരെ ജീവിതത്തിൽ നേടിയ വിജയങ്ങൾ കടുത്ത സമ്മർദ്ദത്തിൽ നിന്നോ മാനസിക വൈകല്യങ്ങളിൽ നിന്നോ ആളുകളെ സംരക്ഷിക്കുകയില്ല.
ആത്മഹത്യാ പ്രവണത: സൂചനകൾ
മരിക്കാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു, ജീവിതം മടുത്തു എന്ന രീതിയിലുള്ള സംസാരങ്ങൾ, എങ്ങനെയെങ്കിലും ഒന്ന് ചത്തുകിട്ടിയാൽ മതി എന്ന പരാമർശങ്ങൾ തുടങ്ങിയവ നിങ്ങളുടെ പ്രിയപ്പെട്ടവർ നടത്തുന്നുണ്ടെങ്കിൽ അവ ശ്രദ്ധിക്കണം.
വഴി തേടൽ
എന്തെല്ലാം മാർഗങ്ങളിലൂടെ മരിക്കാം എന്നതിനെ കുറിച്ച് അന്വേഷിക്കുന്നതും മരണവുമായി ബന്ധപ്പെട്ട വാർത്തകളും അറിവുകളും നിരന്തരം തേടുന്നതും ആത്മഹത്യാ സൂചനയാകാം.
നിരാശകൾ
ഞാനിനി ജീവിച്ചിട്ട് എന്തിനാ? ഒന്നും ശരിയാകാൻ പോകുന്നില്ല എന്ന ചിന്തകൾ വരുന്നതും സൂചനയാണ്.
കുടുങ്ങിപ്പോയതായി തോന്നുക
ആർക്കും എന്നെ ഇനി രക്ഷിക്കാൻ ആവില്ല, ഞാൻ അനുഭവിക്കുന്നത് പറഞ്ഞാൽ ആർക്കും മനസിലാവില്ല എന്നെല്ലാം പറയുന്നതും സൂചനയാണ്.
ഭാരമാണെന്ന തോന്നൽ
എന്നെക്കൊണ്ട് എല്ലാവർക്കും ബുദ്ധിമുട്ടാണ്, ഞാൻ അങ്ങ് പോയാൽ എല്ലാവർക്കും സമാധാനം കിട്ടും എന്ന മട്ടിലുള്ള സൂചനകളും ശ്രദ്ധിക്കണം.
ആരെയെല്ലാം ശ്രദ്ധിക്കാം
മുൻപ് ശ്രമിച്ചിട്ടുള്ളവർ:
ഒരിക്കൽ ആത്മഹത്യക്ക് ശ്രമിച്ചവർ പിന്നീട് ആത്മഹത്യ ചെയ്യില്ല എന്ന ധാരണ തെറ്റാണ്. ഇനിയും പിഴവുകൾ സംഭവിക്കാതെ ആത്മഹത്യാശ്രമം പൂർത്തിയാക്കാനുള്ള വഴികളെക്കുറിച്ചാവും ഇക്കൂട്ടർ ചിന്തിക്കുന്നത്.
മാനസികാരോഗ്യ പ്രശ്നമുള്ളവർ:
ഗൗരവമേറിയ മാനസികാരോഗ്യ പ്രശ്നങ്ങളിൽ മിഥ്യാധാരണകളും മിഥ്യാ അനുഭവങ്ങളും ഉണ്ടാകാം.ഇതിന്റെ ഫലമായി ചിലർ ആത്മഹത്യ ചെയ്തേക്കാം.
ആത്മഹത്യാ പാരമ്പര്യം ഉള്ളവർ:
സമ്മർദങ്ങളെ നേരിടാനാകാതെവന്ന സാഹചര്യങ്ങളിൽ കുടുംബാംഗങ്ങളിൽ ആരെങ്കിലും ആത്മഹത്യയിൽ അഭയം തേടിയിട്ടുണ്ടെങ്കിൽ സമാന സാഹചര്യങ്ങളിൽ അത് പിന്തുടരാൻ ചിലർ ശ്രമിച്ചേക്കാം.
അക്രമവാസന പ്രകടിപ്പിക്കുന്നവർ:
മാനസിക രോഗങ്ങൾ കൊണ്ടോ കഠിനമായ സമ്മർദം കൊണ്ടോ അക്രമവാസന പ്രകടിപ്പിക്കുന്നവർക്ക് ചുറ്റുപാടുകളെ ശരിയായി അപഗ്രഥിക്കാൻ കഴിയാതെ വന്നേക്കാം. ഭയം മൂലം പെട്ടന്നുള്ള തീരുമാനത്തിൽ ഇവർ ആത്മഹത്യയ്ക്ക് ശ്രമിക്കാൻ സാധ്യതയുണ്ട്.
ചികിത്സ തേടാൻ മടിക്കുന്നവർ:
നാണക്കേട് ഭയന്ന് മാനസികാരോഗ്യ ചികിത്സ തേടാൻ വിമുഖത കാണിക്കുന്നവരെയും ശ്രദ്ധിക്കണം. ചികിത്സിക്കപ്പെടാത്ത മാനസിക രോഗങ്ങൾ ആത്മഹത്യകളുടെ പ്രധാന കാരണമാണ്.
മാരകരോഗങ്ങൾ ബാധിച്ചവർ:
ഈ രോഗത്തിൽ നിന്ന് മോചനമില്ലെന്ന തോന്നലുകളും മറ്റുള്ളവർക്ക് എന്നെക്കൊണ്ട് ബുദ്ധിമുട്ടാവും എന്ന ചിന്തയും ചിലരെ ജീവിതം അവസാനിപ്പിക്കാൻ പ്രേരിപ്പിക്കും.
നഷ്ടങ്ങൾ നേരിടേണ്ടിവന്നവർ:
അടുത്ത കാലത്ത് വലിയ സാമ്പത്തിക നഷ്ടമോ, പ്രിയപ്പെട്ടവരുടെ വേർപാടോ, സമൂഹത്തിലുണ്ടായിരുന്ന സ്ഥാനമാനങ്ങളുടെ നഷ്ടമോ നേരിടേണ്ടിവന്നവരും ആത്മഹത്യാ പ്രവണത കാണിക്കാൻ സാധ്യതയുണ്ട്. ജീവിതത്തിൽ വന്ന അപ്രതീക്ഷിത തിരിച്ചടികളും മാറ്റങ്ങളും ഉണ്ടാക്കുന്ന സമ്മർദം ഇവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചേക്കും.
തടയുക സാധ്യം
ഒരാൾ കരുതിക്കൂട്ടി മരിക്കാൻ തീരുമാനിച്ചിറങ്ങിയാൽ അയാളെ അതിൽ നിന്ന് പിന്തിരിപ്പിക്കുക അസാധ്യമാണെന്നത് തെറ്റിദ്ധാരണയാണ്. കൃത്യ സമയത്തുള്ള ഇടപെടലുകൾ പല ആത്മഹത്യകളും തടയും.
സൂചനകൾ ശ്രദ്ധിക്കുക
ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന വ്യക്തികൾ എന്തെങ്കിലും സൂചനകൾ നൽകിയാൽ അവരോട് സംസാരിക്കാൻ ശ്രമിക്കുക. 'എന്തുപറ്റി? എല്ലാം ഓക്കെ അല്ലേ?' എന്നിങ്ങനെയുള്ള ചെറു ചോദ്യങ്ങൾ പോലും മനസ്സ് തുറക്കാൻ അവരെ പ്രേരിപ്പിച്ചേക്കാം.
ഉപാധികൾ ഇല്ലാതെ കേൾക്കുക
സമ്മർദത്തിലൂടെ കടന്നു പോകുന്നവരോട് സംസാരിക്കുമ്പോൾ പരിഹാരങ്ങളും ഉപദേശങ്ങളും നൽകുന്നതിനേക്കാൾ അവരെ ശ്രദ്ധാപൂർവം കേട്ടിരിക്കുന്നതാണ് നല്ലത്. സങ്കടങ്ങൾ തുറന്നു പറയുന്നത് അവർക്ക് ആശ്വാസം നൽകും. അവരോടൊപ്പമുണ്ട് എന്ന തോന്നലാണ് നൽകാവുന്ന ഏറ്റവും വലിയ പിന്തുണ.
പിന്തുണ തേടാം
ആത്മഹത്യാ പ്രവണത കാണിക്കുന്ന വ്യക്തികൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുക. ഇതിനായി കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ തേടാം.
വിദഗ്ധസഹായം
പരിശീലനം സിദ്ധിച്ച മാനസികാരോഗ്യ പ്രവർത്തകരുടെ സേവനം തേടാൻ സഹായിക്കലാണ് അടുത്ത പടി. ഇത് ഉടൻ നേരിട്ട് സാധ്യമല്ലാത്ത സാഹചര്യത്തിൽ ഓൺലൈൻ മാനസികാരോഗ്യ ഹെൽപ് ലൈൻ സേവനങ്ങൾ ഉപയോഗിക്കാം. അതിനുശേഷം ഉറപ്പായും മാനസികാരോഗ്യ വിദഗ്ധരെ കണ്ട് ചികിത്സ തേടണം.
വേണം കൂട്ടായ പരിശ്രമം
പുറമേക്ക് കാണുന്ന കഷ്ടപ്പാടുകളുമായി മാത്രമല്ല ആത്മഹത്യാ പ്രവണത എപ്പോഴും ബന്ധപ്പെട്ടിരിക്കുന്നത്. ആത്മഹത്യാ പ്രവണതയുള്ളവർ വിജയകരമായ ജീവിതം നയിക്കുന്നവരും സന്തുഷ്ടരും ആരോഗ്യവാന്മാരുമായി കാണപ്പെട്ടേക്കാം. ആത്മഹത്യ തടയുന്നതിന് വ്യക്തിപരവും കുടുംബപരവും സമൂഹപരവും നയപരവുമായ തലങ്ങളിൽ കൂട്ടായ പരിശ്രമം ആവശ്യമാണ്.
ജനങ്ങൾക്കിടയിൽ മെച്ചപ്പെട്ട അവബോധം സൃഷ്ടിക്കുക, ചികിത്സയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്തുക, പരിചരണം ലഭ്യമാക്കുക, കേൾക്കാനും മനസ്സിലാക്കാനും ആളുകൾ ഉണ്ടെന്ന വിശ്വാസം വളർത്തുക ഇവയെല്ലാം അനിവാര്യമാണ്.
തയ്യാറാക്കിയത്: ഡോ. സീമാ പി. ഉത്തമൻ
(കോഴിക്കോട് ഇംഹാൻസ് ഹോസ്പിറ്റൽ സൈക്യാട്രിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Suicide is preventable through timely intervention and support., Common causes include depression, financial stress, and social isolation., Recognizing verbal and behavioral warning signs is crucial., Active listening and professional help are the most effective preventive measures., Mental health awareness helps remove the stigma surrounding treatment.