മുത്തശ്ശീമുത്തശ്ശന്മാരുടെ രണ്ടാം ശൈശവം; വേണം ഗ്രാന്‍ഡ്‌പേരന്റിങ്ങിലും ചില മാറ്റങ്ങള്‍

മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം കളിച്ച് കഥകള്‍ കേട്ട് വളര്‍ന്ന ബാല്യം! നന്മകളും നല്ലവഴികളും അതിരില്ലാത്ത വാത്സല്യവുമൊക്കെ വേറെയെവിടെനിന്ന് കിട്ടും? ജോലിക്കുപോകുന്ന അച്ഛനമ്മമാര്‍ക്ക് വിശ്വസിച്ചേല്‍പ്പിക്കാനുള്ള കൈകളും മുത്തശ്ശീമുത്തശ്ശന്മാരുടേതാണ്.എന്നാല്‍ കാലം മാറിയതിനനുസരിച്ച് നന്മകളോടൊപ്പം ചില പ്രശ്‌നങ്ങള്‍കൂടി പൊന്തിവരുന്നുണ്ട്. മാതാപിതാക്കളും മക്കളും കൊച്ചുമക്കളും തമ്മിലുള്ള ജനറേഷന്‍ ഗ്യാപ്പാണ് പ്രശ്‌നം. ചിന്താരീതികളിലും ജീവിതരീതികളിലും വലിയ വ്യത്യാസം വന്നുകഴിഞ്ഞു. കുടുംബങ്ങളിലെ പല തലമുറകള്‍ ഇവയെ സ്വീകരിക്കുന്ന രീതിയും വ്യത്യസ്തമാണ്. ആ വ്യത്യസ്തത പലപ്പോഴും തര്‍ക്കങ്ങളിലെത്താം. പേരന്റിങ്ങിലെ പല പ്രമാണങ്ങളും പൊളിച്ചെഴുതുകയാണ് കാലം.
നല്ല 'ശിക്ഷണം', ഉത്തമമായ 'രക്ഷാകര്‍ത്തൃത്വം', ഒക്കെ കുഞ്ഞുങ്ങളിലേക്ക് എത്തിക്കണം എന്നാഗ്രഹിക്കുന്നവരാണ് എല്ലാവരും. അതിനാല്‍'ഗ്രാന്‍ഡ്‌പേരന്റിങിലും' വേണം ചില മാറ്റങ്ങള്‍. ഗ്രാന്‍ഡ്പേരന്റ്സിന്റെ പരിലാളനം, സ്‌നേഹം, പരിപാലനം, ഇവയൊക്കെ കുട്ടികളുടെ ആരോഗ്യകരമായ മസ്തിഷ്‌ക വികസനത്തിന് അത്യന്താപേക്ഷിതമാണ്. അവര്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന ശ്രദ്ധ, സ്‌നേഹംനിറഞ്ഞ ഇടപെടലുകള്‍, വ്യവസ്ഥകള്‍ക്ക് അതീതമായ സ്‌നേഹം, ഇവയൊക്കെ കുഞ്ഞുങ്ങളില്‍ വൈകാരികസുരക്ഷിതത്വം (Emotional security) ഉണ്ടാക്കും. പരസ്പര പരിപോഷണമാണ് ഇവിടെ നടക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് സന്തോഷമേറും. മുത്തശ്ശിക്കും മുത്തശ്ശനും ഇക്കാലം ജീവിതത്തിലെ രണ്ടാം ശൈശവമായി മാറും. അവരുടെ ആയുസ്സും ആരോഗ്യവും ഏറും.
- കുട്ടികള്‍ക്കു മുന്നില്‍ തെറ്റും ശരിയും അതിര്‍ത്തികെട്ടി വേര്‍തിരിക്കാനാവാത്ത സാഹചര്യങ്ങള്‍ വരുമ്പോള്‍ മാതാപിതാക്കള്‍ക്ക് കുറ്റബോധം അനുഭവപ്പെടാറുണ്ട്. അപ്പോഴൊക്കെ, ഇതൊന്നും കുഴപ്പമില്ല, എല്ലാം ശരിയാവും എന്ന മട്ടില്‍ കൂടെ നില്‍ക്കുന്നത് മുത്തശ്ശനും മുത്തശ്ശിയുമായിരിക്കും. അത് പകരുന്ന ആശ്വാസം ചില്ലറയല്ല.
- അവര്‍ കുട്ടികള്‍ക്കൊപ്പം കളിക്കുകയും അതേസമയം, പല കാര്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്യും. കഥകളും അനുഭവങ്ങളും പറഞ്ഞുകൊണ്ടോ, മാതൃകാപരമായി ചെയ്ത് കാണിച്ചുകൊണ്ടോ, ഒക്കെ ആകാം അത്. കുടുംബത്തെക്കുറിച്ചുള്ള ധാരണകളും, നമ്മുടെ സംസ്‌കാരത്തെപ്പറ്റിയുള്ള അടിസ്ഥാനപരമായ അറിവുകളും ഇങ്ങനെയാണ് പല കുട്ടികള്‍ക്കും ലഭിക്കുക.
- മാതാപിതാക്കള്‍ ജീവിതസമ്മര്‍ദ്ദങ്ങള്‍ മൂലം കുട്ടികളോട് ദേഷ്യപ്പെടുമ്പോള്‍ അവരുടെ കണ്ണീരൊപ്പാറുള്ളത് ഗ്രാന്‍ഡ്പേരന്റ്സാണ്. പ്രശ്‌നങ്ങള്‍ ശാശ്വതമല്ല എന്ന ധാരണയും കരുണയുടെ പ്രാധാന്യവും ഇതിനെക്കാള്‍ മെച്ചപ്പെട്ട മാര്‍ഗത്തില്‍ മനസ്സിലാക്കിക്കൊടുക്കാന്‍ കഴിയില്ല. അത്തരം കുട്ടികള്‍ ഉള്ളലിവും സഹാനുഭൂതിയും ഉള്ളവരായി വളര്‍ന്നുവരും.
- സമൂഹത്തില്‍ നന്നായി ഇടപെടാന്‍ കുട്ടികള്‍ പഠിക്കുന്നത് പലപ്പോഴും മുത്തശ്ശനെയും മുത്തശ്ശിയെയും കണ്ടാണ്. ഉചിതമായ പെരുമാറ്റങ്ങളും അനുചിതമായ പ്രവൃത്തികളും വേര്‍തിരിക്കാന്‍ അവര്‍ പഠിക്കുന്നു. പലതിനോടും ആത്മബന്ധം വളര്‍ത്താന്‍ കുഞ്ഞുങ്ങളെ ഇത് സഹായിക്കും
- ശരവേഗത്തില്‍ മാറുന്ന ലോകത്തിനൊപ്പം ഓടാന്‍ കഴിയുന്നവരല്ല പ്രായമായവര്‍ മിക്കവരും. ഇത് പലപ്പോഴും തര്‍ക്കങ്ങളിലേക്കും വഴക്കുകളിലേക്കും നയിക്കാറുണ്ട്. ഒത്തൊരുമയോടെ മുന്നോട്ടു പോയാല്‍ ഇതൊഴിവാക്കാം.
- പേരന്റിങ്ങില്‍ അഭിപ്രായ ഐക്യം പ്രധാനപ്പെട്ടതാണ്. അതില്‍ ചിലപ്പോള്‍ അവര്‍ വെള്ളം ചേര്‍ത്തുകളയും. അച്ഛനും അമ്മയും പറയുന്നതിന് ഘടകവിരുദ്ധമായ കാര്യങ്ങള്‍ ചിലപ്പോള്‍ മുത്തശ്ശനും മുത്തശ്ശിയും പറഞ്ഞേക്കാം. ഇത് കുട്ടിയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കും. അങ്ങനെയുണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍ (Confusion) ചിലപ്പോള്‍ സ്വഭാവ, പെരുമാറ്റ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.
- മാറിയ കാലത്തിന് അനുസരിച്ചുള്ള പരിഷ്‌കാരങ്ങളും ശീലിച്ച ചിട്ടകളും തമ്മിലുള്ള അന്തരത്തിന്റെ പേരില്‍ നിത്യവും പ്രശ്‌നങ്ങള്‍ ഉടലെടുക്കാറുണ്ട്. കാലഹരണപ്പെട്ട കാര്യങ്ങള്‍ ശീലത്തിന്റെ പേരില്‍ തുടരാന്‍ കുട്ടികള്‍ നിര്‍ബന്ധിക്കപ്പെട്ടാല്‍ അവര്‍ എതിര്‍ക്കാം. ഇത് വീടിന്റെ അന്തരീക്ഷംതന്നെ കലുഷിതമാക്കും. ആര് പറയുന്നതാണ് ശരി എന്ന് കണ്ടുപിടിക്കാനുള്ള വ്യഗ്രതയിലേക്ക് കുടുംബാംഗങ്ങള്‍ നീങ്ങുന്നതും വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കും. വീടിനുള്ളിലെ നിത്യവഴക്കുകള്‍ കുട്ടികളെ ബാധിക്കും.
- മാതാപിതാക്കള്‍ക്ക് ഒന്നും അറിയില്ല എന്ന മട്ടില്‍ മുത്തശ്ശനോ മുത്തശ്ശിയോ സംസാരിക്കുന്നത് പതിവായി കേള്‍ക്കേണ്ടിവരുന്ന കുട്ടികളുണ്ട്. അങ്ങനെയുള്ള കുഞ്ഞുങ്ങള്‍ അച്ഛനമ്മമാര്‍ക്ക് വേണ്ടത്ര ബഹുമാനം കൊടുക്കില്ല. ഇത് പില്‍ക്കാലത്ത് കുട്ടികളുടെ സാമൂഹിക ജീവിതത്തെയും വ്യക്തിബന്ധങ്ങളെയും ബാധിക്കാം
- ആധിപത്യ മനോഭാവം ഗ്രാന്‍ഡ് പേരന്റിങ്ങില്‍ ഗുണകരമല്ല. കാലം മാറിയതിനനുസരിച്ച് കുട്ടികള്‍ എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നതിനെപ്പറ്റി മാതാപിതാക്കള്‍ക്കും അഭിപ്രായം ഉണ്ടാകാം. അതുകൂടി സ്വീകരിക്കാന്‍ മുത്തശ്ശനും മുത്തശ്ശിയും തയ്യാറാകണം. അവസാന വാക്ക് ഇന്നയാളുടേത് എന്ന മട്ടില്‍ ആവരുത് ഒന്നും.
- സ്ഥിരമായ വിമര്‍ശനങ്ങള്‍ മാതാപിതാക്കളുടെ ആര്‍ജവം ചോര്‍ത്തിക്കളയും. തങ്ങള്‍ എന്ത് ചെയ്താലും തെറ്റാണ് എന്ന കുറ്റപ്പെടുത്തല്‍ അവരെ അസംതൃപ്തരാക്കും.
- സ്വന്തം മക്കളെ മുതിര്‍ന്ന വ്യക്തിയായി ഗ്രാന്‍ഡ്പേരന്റ്സിന് കാണാന്‍ കഴിയാത്തത് ഒരു വലിയ പ്രശ്‌നമാണ്. അങ്ങനെ വരുമ്പോള്‍ കുട്ടികള്‍ മാതാ
- പിതാക്കളെ വകവയ്ക്കാതെ വരും. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയ വിനിമയത്തില്‍ അനാവശ്യമായ കൈകടത്തലുകള്‍ ഒഴിവാക്കുക.
- മാതാപിതാക്കള്‍ക്ക് തത്തുല്യമായ സ്ഥാനം കുട്ടികളുടെ ജീവിതത്തില്‍ വഹിക്കുന്നവരാണ്് ഗ്രാന്‍ഡ്പേരന്റ്സ്. നിലവാരമുള്ള നിമിഷങ്ങള്‍ നല്‍കാനും സ്വീകരിക്കുവാനും അവര്‍ക്ക് കഴിയും. മാതാപിതാക്കളില്‍ നിന്ന് ലഭിക്കാത്ത അത്തരം നിമിഷങ്ങള്‍ കുട്ടികള്‍ക്ക് സമ്മാനിച്ച് പല വൈകാരിക നഷ്ടങ്ങളുടെയും കുറവ് തീര്‍ക്കാന്‍ പലപ്പോഴും മുത്തശ്ശനും മുത്തശ്ശിക്കും സാധിക്കും. അങ്ങനെ ഉള്ളലിവുള്ള, വെയിലത്തുവാടാത്ത കുഞ്ഞുങ്ങള്‍ വളര്‍ന്നുവരട്ടെ.
വിവരങ്ങള്‍ക്ക് കടപ്പാട് :
ഡോ. സൈലേഷ്യ
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
മിത്ര ക്ലിനിക്ക്, കൊച്ചി
Content Highlights: some grandparenting tips malayalam for good parenting