കരയാനും ഇനി കലണ്ടറിൽ തീയതി കുറിക്കാം; വൈറലായി ‘ഷെഡ്യൂൾഡ് ക്രൈയിങ്’

കരയാൻ തോന്നുമ്പോൾ കരയുക എന്നതായിരുന്നു നമ്മുടെ പതിവ്. എന്നാൽ തിരക്കേറിയ ജീവിതത്തിനിടയിൽ വികാരങ്ങൾ പ്രകടിപ്പിക്കാൻ പോലും സമയം കണ്ടെത്തേണ്ടി വരുന്ന കാലത്ത് കരച്ചിലിനും കലണ്ടറിൽ ഇടം നൽകുകയാണ് ചിലർ. 'ഷെഡ്യൂൾഡ് ക്രൈയിങ്' അഥവാ മുൻകൂട്ടി നിശ്ചയിച്ചുള്ള കരച്ചിൽ എന്ന പുതിയ വെൽനെസ് ട്രെൻഡാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കരച്ചിൽ ബലഹീനതയല്ലെന്നും മനസ്സിലെ ഭാരം ഇറക്കിവെക്കാനുള്ള മാർഗമാണെന്നുമുള്ള തിരിച്ചറിവാണ് ഇതിനു പിന്നിൽ.
'വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഒരു ബ്രേക്ക്ഡൗൺ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്', 'തിരക്കേറിയ കലണ്ടറിൽ കരയാൻ 20 മിനിറ്റ് കണ്ടെത്തി' തുടങ്ങിയ രസകരമായ കുറിപ്പുകളിലൂടെയാണ് ഈ ട്രെൻഡ് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടിയത്. കരയണമെന്ന് തോന്നിയിട്ടും ജോലിത്തിരക്കുകൾ കാരണം അതിനു കഴിയാത്തവർ പിന്നീട് അതിനായി സമയം മാറ്റിവെക്കുന്നു.
കരച്ചിലിനായി ഒരു ക്ലബ്! ഈ ആശയം സമൂഹമാധ്യമങ്ങളിലെ തമാശകളിൽ മാത്രം ഒതുങ്ങുന്നില്ല. മുംബൈയിൽ സ്മോൾ വേൾഡ് സംഘടിപ്പിക്കുന്ന 'ദ ക്രൈ ക്ലബ്' കൂട്ടായ്മയിൽ 10 മുതൽ 15 വരെ അപരിചിതർ ഒത്തുചേരും. ഏകദേശം 500 രൂപ ചെലവിൽ ചായയും ടിഷ്യുവും മനസ്സുതുറന്ന് കരയാനുള്ള സുരക്ഷിതമായ ഇടവും ലഭിക്കും. 'അവസാനമായി എപ്പോഴാണ് മനസ്സുതുറന്ന് കരഞ്ഞത്?', 'ഇപ്പോൾ മനസ്സിനെ അലട്ടുന്നതെന്താണ്?' തുടങ്ങിയ ചോദ്യങ്ങളിലൂടെയാണ് ചില സെഷനുകൾ മുന്നോട്ടുപോകുന്നത്. ജപ്പാനിലെ 'റൂയികാത്സു' (Ruikatsu) എന്ന ആശയത്തിൽനിന്നാണ് ഇത് ഉടലെടുത്തത്. മനഃപൂർവം കരയാനും വികാരങ്ങൾ പുറത്തുവിടാനും സമയം കണ്ടെത്തുന്ന രീതിയാണിത്.
കരച്ചിലിനെ ബലഹീനതയുമായും നിയന്ത്രണം നഷ്ടപ്പെടുന്നതുമായാണ് സമൂഹം കാലങ്ങളായി ബന്ധപ്പെടുത്തിയിരിക്കുന്നതെന്ന് ഇമോഷണൽ വെൽനസ് വിദഗ്ധർ പറയുന്നു. എന്നാൽ വികാരങ്ങൾ പ്രകടിപ്പിക്കാൻ സുരക്ഷിതമായ ഒരിടം കണ്ടെത്തുന്നതുവരെ കരച്ചിൽ മാറ്റിവെക്കുന്നത് തെറ്റല്ല. അതിനായി പിന്നീട് സമയം കണ്ടെത്തുന്നത് വികാരങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമാകാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ചെറുപ്പക്കാർക്കിടയിൽ കരച്ചിലിനെക്കുറിച്ചുള്ള ലജ്ജ കുറഞ്ഞുവരുന്നതായി തെറാപ്പിസ്റ്റുമാരും സാക്ഷ്യപ്പെടുത്തുകയാണ്. 'എന്തിനാണ് കരയുന്നത്?' എന്ന ചോദ്യത്തിൽനിന്ന് 'ഇപ്പോൾ നിനക്ക് എന്താണ് വേണ്ടത്?' എന്ന ചോദ്യത്തിലേക്കുള്ള മാറ്റം വലിയൊരു സാമൂഹിക മാറ്റമാണെന്നും വിദഗ്ധർ പറയുന്നു.
മനസ്സിന് ആശ്വാസം നൽകുന്ന കരച്ചിൽ
വ്യായാമത്തിനും ഉറക്കത്തിനും വിശ്രമത്തിനുമെല്ലാം സമയം നിശ്ചയിക്കുന്നവരാണ് നമ്മളിൽ പലരും. അങ്ങനെയിരിക്കെ വികാരങ്ങൾ പ്രകടിപ്പിക്കാനും സമയം കണ്ടെത്തുന്നതിൽ അതിശയിക്കാനില്ല. എന്നാൽ വികാരങ്ങൾ തുടർച്ചയായി അടിച്ചമർത്തുന്നത് അസ്വസ്ഥത, ഉത്കണ്ഠ, ചെറിയ കാര്യങ്ങളോടുപോലും അമിതമായി പ്രതികരിക്കൽ എന്നിവയ്ക്ക് കാരണമാകാം.
2019-ൽ പ്രസിദ്ധീകരിച്ച 'Using Crying to Cope: Physiological Responses to Stress Following Tears of Sadness' എന്ന പഠനത്തിൽ കരച്ചിലിനിടെ ശ്വാസോച്ഛ്വാസം ക്രമപ്പെടുന്നതും ഹൃദയമിടിപ്പ് സാധാരണ നിലയിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണുനീർ പുറത്തുവരുന്നത് വാഗസ് നാഡിയുടെ പ്രവർത്തനത്തെയും സ്വാധീനിക്കുന്നു. ഇത് ശരീരത്തെ സമ്മർദാവസ്ഥയിൽനിന്ന് വീണ്ടെടുപ്പിലേക്ക് നയിക്കാൻ സഹായിച്ചേക്കാം.
കരഞ്ഞതുകൊണ്ട് പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടില്ലെങ്കിലും മനസ്സിലെ ഭാരം കുറയുന്നതായി പലരും പറയാറുണ്ട്. കരച്ചിലിനുശേഷം മുഖത്ത് കാണുന്ന പ്രത്യേക തിളക്കത്തെക്കുറിച്ചും ഈ ട്രെൻഡിൽ തമാശകളുണ്ട്. കണ്ണുകൾ വീർത്തിരിക്കാമെങ്കിലും കവിളുകൾ ചുവന്നും ചർമത്തിന് ഈർപ്പമുള്ള തിളക്കവും ലഭിച്ചേക്കാം. കരയാൻ കലണ്ടറിൽ സമയം നിശ്ചയിക്കുക എന്നതിന്റെ അർഥം കൃത്യസമയത്ത് സങ്കടപ്പെടുക എന്നല്ല. സങ്കടത്തിനും മനസ്സിലെ ഭാരങ്ങൾക്കും ജീവിതത്തിൽ ഇടം നൽകുക എന്നതാണ്. കരച്ചിലിനെ ബലഹീനതയായി കാണാതെ സ്വന്തം വികാരങ്ങളെ അംഗീകരിക്കാൻ കഴിയുക എന്നതാണ് ഈ പുതിയ വെൽനെസ് ട്രെൻഡ് മുന്നോട്ടുവയ്ക്കുന്ന സന്ദേശം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi