സാറയോട് ഭാരം പകുതിയായി കുറയ്ക്കണമെന്ന് കരൺ ജോഹർ പറഞ്ഞു, കുറച്ചത് 45 കിലോ

സാറ അലി ഖാൻ | AFP
സാറ അലി ഖാൻ | AFP

ബോളിവുഡ് നടിയും സെയ്ഫ് അലി ഖാന്റെ മകളുമായ സാറ അലി ഖാൻ ശരീരഭാരം കുറച്ച് രൂപമാറ്റം നടത്തിയത് പലർക്കും പ്രചോദനമായിരുന്നു, പ്രത്യേകിച്ച് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഎസ് ഉള്ള പെൺകുട്ടികൾക്ക്. ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും ശരീരഭാരം കൂടാനും കാരണമാകുന്ന ഒരു അവസ്ഥയാണിത്. ശരീരത്തിലെ മെറ്റബോളിസത്തെയും ഹോർമോൺ നിലകളെയും ബാധിക്കുന്ന ഈ അവസ്ഥയുണ്ടായിട്ടും അമിതഭാരം കുറയ്ക്കാൻ സാറയ്ക്ക് സാധിച്ചു.

ആരോഗ്യകരമായ ഭക്ഷണക്രമം, ദിവസേനയുള്ള വ്യായാമം, കാർഡിയോ, സ്ട്രെങ്ത് ട്രെയിനിംഗ് വ്യായാമങ്ങൾ എന്നിവയിലൂടെയാണ് ഏകദേശം 45 കിലോയോളം ശരീരഭാരം അവർ കുറച്ചത്. ജീവിതശൈലി മാറ്റിയതോടെ, 96 കിലോഗ്രാമിൽ നിന്ന് സാറ 51-ലേക്കെത്തി.

സംവിധായകൻ കരൺ ജോഹറാണ് തന്നെ ഭാരം കുറയ്ക്കുന്നതിനെപ്പറ്റി ചിന്തിപ്പിച്ചതെന്ന് മുമ്പൊരു അഭിമുഖത്തിൽ സാറ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഒരു സിനിമയിൽ തനിക്ക് അവസരം നൽകാൻ ആഗ്രഹിച്ചു, പക്ഷേ ഭാരത്തിന്റെ പകുതിയോളം കുറയ്ക്കേണ്ടി വരുമെന്ന് പറയുകയായിരുന്നു.

"ഞാൻ ഭയങ്കര തടിച്ചിട്ടായിരുന്നു, അത് ഒരു തരത്തിലും ആരോഗ്യകരമായിരുന്നില്ല. അതെന്റെ ഹോർമോണുകളെ വല്ലാതെ ബാധിച്ചു, ഇപ്പോഴും ബാധിക്കുന്നുണ്ട്. ഞാൻ അമിതമായി കഴിക്കുകയോ ഭാരം 60-ലെത്തുകയോ ചെയ്താൽ എനിക്ക് സുഖമായിരിക്കാനാവില്ല."-സാറ പറഞ്ഞു.

സൈക്ലിങ്, ഓട്ടം, പൈലേറ്റ്സ് പോലുള്ള കാർഡിയോ വ്യായാമങ്ങൾ, ഫങ്ഷണൽ വർക്ക്ഔട്ടുകൾ എന്നിവ ഇടകലർത്തിയാണ് സാറ ജീവിതശൈലി മാറ്റിയത്. ഇടയ്ക്ക് യോഗയും നൃത്തവും ഉൾപ്പെടുത്തി. ചില ദിവസങ്ങളിൽ, ഒരു മണിക്കൂറിൽ കൂടുതൽ വ്യായാമം ചെയ്തു, ഒരു ജോലിയായി കാണാതെ വ്യായാമത്തിന് ദൈനംദിനജീവിതത്തിൽ മുൻഗണന നൽകി. 

ജങ്ക് ഫുഡ്, സംസ്കരിച്ച പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവയെല്ലാം ഒഴിവാക്കി. ശരീരഭാരം വലിയതോതിൽ കുറച്ചതിനു ശേഷവും പെട്ടെന്ന് ഭാരം കൂടുന്ന പ്രവണത സാറയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ശരീരഭാരം ട്രാക്കിൽ വരുത്തുന്നത് തനിക്ക് വളരെ പ്രധാനമാണെന്ന് അവർ പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover how Sara Ali Khan lost 45kg, overcame PCOS, and transformed her life. Get inspired by her diet, workout routine, and motivational tips.