ചോറും തൈരും പരിപ്പും, വീട്ടിലുണ്ടാക്കുന്ന പാനീയവും ഓയിൽ മസാജും; രവീണയുടെ ആരോഗ്യരഹസ്യമിതാണ്

18-ാം വയസ്സിൽ 'പഥർ കെ ഫൂൽ' എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് രവീണ ഠണ്ഡൻ (Raveena Tandon). ദിൽവാലെ, മൊഹ്റ, ഖിലാഡിയോ കാ ഖിലാഡി, സിദ്ദി, ലാഡ്ലാ, ബഡേ മിയാൻ ഛോട്ടോ മിയാൻ, അനാരി നമ്പർ 1 തുടങ്ങിയ സിനിമകളിലൂടെ താരപദവിയിലേക്ക് അവർ ഉയർന്നുവന്നു. അതിനിടെ 'അക്സ്' എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്കാരവും അവർ നേടി. ഫിലിം ഡിസ്ട്രിബ്യൂട്ടർ അനിൽ തഡാനിയുമായുള്ള വിവാഹത്തിനുശേഷം അവർ സിനിമയിൽനിന്ന് താത്കാലികമായി മാറിനിന്നു.
എന്നാൽ വർഷങ്ങൾക്കുശേഷം അവർ വീണ്ടും മുഖ്യധാരാസിനിമയിലേക്ക് മടങ്ങിവന്നു. കെ.ജി.എഫ് ചാപ്റ്റർ 2, വൺ ഫ്രൈഡേ നൈറ്റ്, പാട്ന ശുക്ല, വെൽക്കം ടു ദി ജംഗിൾ എന്നിവയാണ് രണ്ടാം വരവിൽ അവരുടെ പ്രധാനചിത്രങ്ങൾ. രവീണയുടേതായി അവസാനമായി പുറത്തിറങ്ങിയത് തമിഴ് ചിത്രമായ 'വിശ്വനാഥ് ആന്റ് സൺസ്' ആണ്. കന്നഡസിനിമയാണ് ഇനി പുറത്തിറങ്ങാനുള്ളത്.
അഭിനയരംഗത്ത് 35 വർഷമായി തുടരുകയാണ് രവീണ. എങ്കിലും രവീണ പഴയതിനേക്കാൾ ഊർജ്ജസ്വലയാണെന്നാണ് അവരുടെ ആരാധകർ പറയുന്നത്. ചിട്ടയായ ജീവിതശൈലിയും ഭക്ഷണവുമാണ് തന്റെ ആരോഗ്യത്തിനും ഊർജ്ജത്തിനും കാരണമെന്നാണ് അവർ പറയുന്നത്.
ഒരഭിമുഖത്തിൽ തന്റെ ഭക്ഷണക്രമത്തെക്കുറിച്ച് അവർ പറഞ്ഞതിങ്ങനെ, ''ഉച്ചഭക്ഷണത്തിന് പരിപ്പ്, പച്ചക്കറികൾ, തൈര് എന്നിവ പതിവായി കഴിക്കാറുണ്ട്. വയർ നിറഞ്ഞിരിക്കണം എന്ന് എനിക്ക് തോന്നാറുണ്ട്. അതുകൊണ്ടാണ് ഇത് പതിവാക്കിയത്. തൈരിൽ ധാരാളം പ്രോബയോട്ടിക്സ് (നല്ല ബാക്ടീരിയകൾ) അടങ്ങിയിട്ടുണ്ട്. തേങ്ങാവെള്ളം ലഭ്യമല്ലാത്ത സാഹചര്യത്തിൽ, തീർച്ചയായും തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. നമ്മൾ ഇപ്പോൾ ഭക്ഷണകാര്യങ്ങളിൽ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായി മാറിയിരിക്കുന്നു. ഉച്ചഭക്ഷണം കഴിക്കുമ്പോൾ അത്താഴത്തിന് എന്തുണ്ടാക്കണം എന്നതിനെക്കുറിച്ചായിരിക്കും സംസാരം. അത്താഴം കഴിക്കുമ്പോഴാകട്ടെ, അടുത്ത ദിവസം ഉച്ചയ്ക്ക് എന്തുണ്ടാക്കണം എന്നതിനെക്കുറിച്ചായിരിക്കും ചിന്ത. സത്യത്തിൽ, എന്റെ ഭർത്താവ് ഒരു മികച്ച പാചകവിദഗ്ധനായി മാറി! ദിവസവും യൂട്യൂബിലും മറ്റ് ചാനലുകളിലും തിരഞ്ഞ് അദ്ദേഹം പലതരം വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്''.
ഭക്ഷണകാര്യത്തിൽ താൻ നല്ല ശ്രദ്ധ പുലർത്താറുണ്ടെന്നും അവർ പറയുന്നു. ''വീട്ടിലേക്കാവശ്യമായ നെയ്യ് വീട്ടിൽ തന്നെ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. കാർബണേറ്റഡ് പാനീയങ്ങൾ ഞങ്ങൾ കുടിക്കാറില്ല. കുട്ടികളെയും അതുകുടിക്കാൻ പ്രോത്സാഹിപ്പിക്കാറില്ല. പഞ്ചസാരയുടെ അളവ് വളരെ കൂടുതലുള്ള പാനീയങ്ങളും ഒഴിവാക്കാറുണ്ട്. എന്റെ കൃഷിയിടത്തിൽ നിന്ന് ലഭിക്കുന്ന ജൈവ മഞ്ഞൾ ഉപയോഗിച്ച് ഞങ്ങൾ ഒരു പ്രത്യേക പാനീയം തയ്യാറാക്കാറുണ്ട്. ഇത് കുട്ടികൾക്കും നൽകുന്നു. അയമോദകം, ഗ്രാമ്പൂ, കുരുമുളക്, ശുദ്ധമായ ജൈവ മഞ്ഞൾ, ഇഞ്ചി എന്നിവ ചേർത്ത മിശ്രിതം അല്പം ശുദ്ധമായ നെയ്യും ചേർത്ത് തിളപ്പിച്ചാണ് ഉണ്ടാക്കുന്നത്''.
ഫിറ്റ്നെസിന്റെ കാര്യത്തിലും അവർ അതീവശ്രദ്ധ പുലർത്തുന്നു. ''എനിക്ക് നീന്തൽ വളരെ ഇഷ്ടമാണ്. അതുപോലെ മസാജുകളും. ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ എണ്ണ ഉപയോഗിച്ചുള്ള മസാജുകൾ ശരീരത്തിന് അത്യന്താപേക്ഷിതമാണെന്ന് ഞാൻ കരുതുന്നു. പ്രത്യേകിച്ച് പ്രായമാകുന്തോറും ഇത് വളരെ പ്രധാനമാണ്. നമ്മൾ പലപ്പോഴും ചർമ്മസംരക്ഷണത്തെ അത്ര ഗൗരവമായി കാണാറില്ല. എന്നാൽ ചർമ്മം വരണ്ടുതുടങ്ങുമ്പോൾ, പെട്ടെന്ന് ചുളിവുകൾ വീഴാൻ തുടങ്ങും. അതിനാൽ, ചർമ്മത്തിൽ എപ്പോഴും ആവശ്യത്തിന് ഈർപ്പം നിലനിർത്താൻ ശ്രദ്ധിക്കണം. കാർഡിയോ വ്യായാമങ്ങൾ എന്റെ ശരീരപ്രകൃതിക്ക് നന്നായി ഇണങ്ങുന്നതിനാൽ എനിക്കവ ചെയ്യാൻ ഇഷ്ടമാണ്. എന്നാൽ ഭാരമുയർത്തുന്ന വ്യായാമങ്ങൾ എനിക്ക് അത്ര അനുയോജ്യമല്ല. യോഗ, നീന്തൽ, നടത്തം, ഓട്ടം എന്നിവയെല്ലാം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്'', രവീണ കൂട്ടിച്ചേർക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Raveena Tandon includes rice, lentils, and curd in her daily lunch for gut health., She avoids carbonated drinks and uses a homemade organic turmeric and ghee immunity drink., Her fitness routine includes swimming, yoga, cardio, and regular oil massages for glowing skin.