എഡിഎച്ച്ഡി ഉള്ളവര്‍ക്ക് പൂപ്പ് റൂള്‍ പരീക്ഷിക്കാം

എ.ഐ നിർമിത ചിത്രം
എ.ഐ നിർമിത ചിത്രം

മൂന്നാം ക്ലാസിലെ ജന്മദിന കാർഡ് വലിച്ചെറിയണോ, അതോ പഴയ പ്രോജക്റ്റ്? വൃത്തിയാക്കാൻ ഇരിക്കുമ്പോൾ കളയണോ വേണ്ടയോ എന്ന ചിന്ത അലട്ടാത്തവർ കുറവായിരിക്കും. ചിന്തകൾ കാടുകടന്നാൽ സാധനങ്ങളെല്ലാം കൂമ്പാരം കൂടി വീടിന്റെ ഏതെങ്കിലും മൂലയിൽത്തന്നെയുണ്ടാകും. വികാരങ്ങളും നൊസ്റ്റാൾജിയയും ആഴത്തിൽ നിലനിൽക്കുന്ന വീടുകളിൽ, വൃത്തിയാക്കൽ അത്ര എളുപ്പമല്ല. ഇത്തരം വൈകാരികമായ തീരുമാനമില്ലായ്മ ഒഴിവാക്കാൻ പൂപ്പ് റൂൾ പരീക്ഷിച്ച് നോക്കൂ.…

സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഡിക്ലട്ടറിംഗ് ഹാക്കാണിത്. അടുക്കും ചിട്ടയുമില്ലാത്ത, സാധനങ്ങൾ വാരിവലിച്ചിടുന്ന, എന്നാൽ വൃത്തിയാക്കാൻ തീരെ താല്പര്യമില്ലാത്തവർക്കുള്ള ഒരു പുതുപുത്തൻ ഹാക്കുകൂടിയാണ്.

എന്താണ് പൂപ്പ് നിയമം?

അനാവശ്യമായ വസ്തുക്കൾ വേഗത്തിൽ ഒഴിവാക്കാൻ ആളുകളെ സഹായിക്കുന്ന ഒരു പുതിയ രീതിയാണിത്. 'ADHDOrganized' എന്ന ടിക് ടോക്ക് അക്കൗണ്ടിന്റെ ഉടമയായ ബെക്ക കാളിന്റെ സോഷ്യൽ മീഡിയാ പോസ്റ്റിലൂടെയാണ് ‘പൂപ്പ് റൂൾ’ വൈറലായത്. ഒരു എഡിഎച്ച്ഡി തെറാപ്പിസ്റ്റിൽ നിന്നാണത്രേ ഇതിനെപ്പറ്റി കാൾ ആദ്യമായി കേൾക്കുന്നത്.

ഒഴിവാക്കേണ്ട സാധനങ്ങൾ കൈയിലെടുത്ത് ഒരു ചോദ്യം ചോദിക്കുക ആ സാധനത്തിൽ വിസർജ്യമുണ്ടെങ്കിൽ ( വൃത്തികേടാണെങ്കിൽ) അത് കഴുകിയെടുക്കുമോ, അതോ വലിച്ചെറിയുമോ? മാലിന്യം നീക്കി അത് എടുക്കുകയാണെങ്കിൽ അത് അത്രയും പ്രിയപ്പെട്ടതായിരിക്കും. ഇത്തരം ആശയക്കുഴപ്പമുള്ള സാഹചര്യങ്ങളിൽ തീരുമാനമെടുക്കാൻ ഈ ചോദ്യം നിങ്ങളെ സഹായിക്കും. അതിലൂടെ ആ സാധനത്തിന്റെ ആവശ്യകത നമുക്ക് മനസ്സിലാക്കാനുമാകും.

പൂപ്പ് നിയമവും എഡിഎച്ച്ഡിയും

എഡിഎച്ച്ഡി ഉള്ള ആളുകൾക്ക് അവരുടെ വീട് ക്രമീകരിക്കാനും പരിപാലിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. എക്‌സിക്യൂട്ടീവ് ഡിസ്ഫങ്ഷൻ (ഒരു ജോലി ചെയ്യുമ്പോൾ അതിൽ നമ്മുടെ ശദ്ധ, സമയം, എന്നിവ മുഴുവനായും കൊടുക്കാൻ കഴിയാതെ വരുന്ന അവസ്ഥ) എഡിഎച്ച്ഡിയുടെ പ്രധാന ലക്ഷണമാണ്. അത്തരക്കാർക്ക് പൂപ്പ് റൂൾ മികച്ച വഴിയായിരിക്കും. ദൈനംദിന തീരുമാനമെടുക്കൽ എളുപ്പവുമാവുമെന്ന് വിദഗ്ധനായ സൈക്യാട്രിസ്റ്റ് ജെഫ് ഡിറ്റ്‌സെൽ അഭിപ്രായപ്പെടുന്നു.

ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ പോലും തങ്ങിനിൽക്കുന്ന മനുഷ്യരുണ്ട്. കുറച്ചുകാലം ഉപയോഗിച്ചിരുന്ന വസ്തുവോ, സമ്മാനമോ നൊസ്റ്റാൾജിയയുടെ പേരിലാവാം അവർ സൂക്ഷിക്കുന്നത്. ഭാവിയെക്കുറിച്ചുള്ള ഭയവും ഇതിന് കാരണമായേക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: The Poo-p Rule, a viral decluttering hack, helps you quickly decide what to keep or toss, especially beneficial for ADHD