മൊബൈല്‍ഫോണ്‍ കയ്യിലില്ലെങ്കില്‍ നെഞ്ചിടിക്കാറുണ്ടോ? ഫോണിന്റെ ചാര്‍ജ് തീരുമെന്ന ആശങ്ക വേട്ടയാടുന്നുണ്ടോ?

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുമ്പോഴോ, ബാറ്ററി തീര്‍ന്നുപോകുമ്പോഴോ, ബാലന്‍സ് തീര്‍ന്നുപോകുമ്പോഴോ, നെറ്റ്വര്‍ക്ക് കവറേജ് ഇല്ലാതിരിക്കുമ്പോഴോ മനസ്സ് നിലവിട്ട് അസ്വസ്ഥമാകാറുണ്ടോ? ഇങ്ങനെ മൊബൈല്‍ ഫോണ്‍ കണക്റ്റിവിറ്റിയില്‍ നിന്ന് വിച്ഛേദിക്കപ്പെടുന്നതിനെ ഭയക്കുന്ന മാനസികാവസ്ഥയാണ് നോമോഫോബിയ അഥവാ നോ മൊബൈല്‍ ഫോണ്‍ ഫോബിയ.
ചിലര്‍ക്ക് മൊബൈല്‍ ഫോണ്‍ ഓഫാക്കുമ്പോഴും സമ്മര്‍ദ്ദം അനുഭവപ്പെടാറുണ്ട്. പകുതിയിലധികം നോമോഫോബിയ ബാധിതരും അവരുടെ മൊബൈല്‍ ഫോണ്‍ ഒരിക്കലും സ്വിച്ച് ഓഫ് ചെയ്യാറില്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉത്കണ്ഠ, ശ്വാസംമുട്ട്, വിറയല്‍, വിയര്‍പ്പ്, അസ്വസ്ഥത, സ്ഥലകാലബോധമില്ലായ്മ, ഹൃദയമിടിപ്പ് കൂടുന്നത് എന്നിവയാണ് നോമോഫോബിയയുടെ ലക്ഷണങ്ങള്‍. ചെറുപ്പക്കാരിലാണ് നോമോഫോബിയ കൂടുതലായി കണ്ടുവരുന്നത്.
മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുമ്പോള്‍ അത് അഡിക്ഷനായി മാറുന്നു. ഇത് ആത്മാഭിമാനക്കുറവ്, ബഹിര്‍മുഖ വ്യക്തിത്വം,അരക്ഷിതാവസ്ഥ, വൈകാരിക സ്ഥിരതയില്ലായ്മ തുടങ്ങിയ മാനസികാവസ്ഥകളില്‍ കൊണ്ടെത്തിക്കും. സോഷ്യല്‍ ഫോബിയ, സാമൂഹിക ഉത്കണ്ഠ, പരിഭ്രാന്തി പോലുള്ള മറ്റ് മാനസികപ്രശ്‌നങ്ങളും വന്നേക്കാം.
മൊബൈല്‍ ഫോണ്‍ ആസക്തി മൂലമാണോ രോഗി നോമോഫോബിക് ആയത് അതോ നിലവിലുള്ള ഉത്കണ്ഠാവൈകല്യങ്ങള്‍ നോമോഫോബിക് ലക്ഷണങ്ങളായി പ്രകടമാകുന്നതാണോ എന്ന് വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്. നോമോഫോബിയ മറ്റ് വൈകല്യങ്ങളുടെ ഒരു സൂചനയായും പ്രവര്‍ത്തിച്ചേക്കാം. ചില മാനസിക വൈകല്യങ്ങള്‍ക്ക് നോമോഫോബിയക്ക് കാരണമായേക്കാം, തിരിച്ചും സംഭവിച്ചേക്കാം. അതിനാല്‍ രോഗനിര്‍ണയം കൃത്യമായി നടത്തേണ്ടതുണ്ട്.
പലതരം പേടിയും ഉത്കണ്ഠയും ഉള്ളവര്‍ ചേരുന്നതാണ് ഈ ലോകം. വെള്ളവും ഉയരവും തീയും പാമ്പും വൈദ്യുതിയും പേടിയുള്ളവര്‍ ധാരാളമുണ്ട്. ഇതെല്ലം കലാകാലങ്ങളായുള്ള പേടിയുമാണ്. എന്നാല്‍ മനുഷ്യരാശിയെ ആകെ ബാധിക്കുന്ന പുത്തന്‍ പേടി എന്നാണ് നോമോ ഫോബിയ അറിയപ്പെടുന്നത്. വെര്‍ച്വല്‍ ലോകത്തേക്കാള്‍ യഥാര്‍ത്ഥ ലോകത്ത് കൂടുതല്‍ സമയം ചെലവഴിക്കുക, മനുഷ്യരുമായി നേരിട്ട് ഇടപെടുക, മുഖാമുഖമുള്ള ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുക.... അങ്ങനെ സാങ്കേതികവിദ്യയുടെ അടിമയാകാതിരിക്കാന്‍ ശ്രമിക്കുകയാണ് ഏക വഴി.