നാനോ ബനാനയും ഗിബ്ലിയും ഡിജിറ്റൽ ജങ്ക് ഫു‍ഡുകളോ? മാനസികാരോഗ്യത്തെ തകരാറിലാക്കുമെന്ന് വിദഗ്ധർ

എഐ നിർമിത ചിത്രം
എഐ നിർമിത ചിത്രം

ഇന്ന് എവിടെ നോക്കിയാലും സാരിയുടുത്ത നാനോ ബനാന മോഡലുകളെ കാണാം. സോഷ്യൽമീഡിയയിൽ തരംഗം തീർക്കുന്ന നാനോ ബനാനയും ഗിബ്ലിയും സൂചിപ്പിക്കുന്നത് ആളുകളുടെ ഡിജിറ്റൽ ആസക്തിയാണ്. ട്രെൻഡിനൊപ്പം പലപ്പോഴും നമ്മുടെ ഫോൺ പോലും ഇത്തരം ഇമേജുകളിലേക്ക് നമ്മെ ആകർഷിക്കാറുണ്ട്, മറ്റൊരുതരത്തിൽ പറഞ്ഞാൽ ഗൂഢാലോചന നടത്താറുണ്ട്. എന്നാൽ ഇത്തരം ട്രെൻഡുകൾ ജങ്ക് ഫുഡുകളെപ്പോലെയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഗിബ്ലിയിലും നാനോ ബനാനയിലും ഒരു നിമിഷം കൊണ്ട് ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ മാറ്റിമറിച്ച ഡിജിറ്റൽ അപ്‌ഡേറ്റുകളാണ്. ഇത്തരം ആപ്പുകളിൽ ചിത്രങ്ങൾ മികച്ചതാക്കാൻ മണിക്കൂറുകളാണ് ആളുകൾ ചെലവഴിക്കുന്നത്. പെട്ടെന്നൊരു ആവേശമോ, സന്തോഷമോ ലൈക്കോ ഒരുപക്ഷേ, നല്ലൊരു കമന്റും ഈ ചിത്രങ്ങൾ തന്നെന്നിരിക്കാം. എന്നാൽ ആ ആവേശം തീരുമ്പോൾ  നിങ്ങൾ പഴയതിനേക്കാൾ കൂടുതൽ അസ്വസ്ഥത ഉള്ളവരായിത്തീരുമെന്നാണ് മാനസികാരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഓരോ പുതിയ വൈറൽ ചലഞ്ചും അല്ലെങ്കിൽ എഐ ട്രെൻഡും ഡോപാമൈന്റെ അളവ് കൂട്ടുന്നു. എന്നാൽ കഴിവുകൾ വളർത്തുകയോ സാമൂഹിക ബന്ധങ്ങൾ മെച്ചപ്പെടുത്തുകയോ ചെയ്യാത്ത ഇത്തരം ഹോബികൾ നമ്മളെ

അർഥവത്തായ ഒന്നിലേക്കും നയിക്കുന്നില്ല. പകരം, അവ നമ്മളെ അടുത്ത ആകർഷകമായ ലോകത്തേക്ക് കൂട്ടികൊണ്ടുപോകുന്ന, അതിനായി സമയം കാത്തിരിക്കുന്ന ഒരു ലൂപ്പിലേക്ക് തള്ളിയിടുമെന്നു മാത്രം.

നാനോ ബനാന ഫിൽട്ടറിന് 2 കോടി ഡൗൺലോഡുകൾ ലഭിച്ചു. അതേസമയം യുവതലമുറക്കിടയിൽ വിഷാദരോഗം വർധിച്ചുവരുകയും ചെയ്യുന്നുണ്ട്.

ജെമിനി സാരി പോർട്രെയ്റ്റ് എഡിറ്റിൽ ആരാണ് കൂടുതൽ 'സുന്ദരി എന്ന കാര്യമാണ് ഇന്ന് ഏവരും ചർച്ചചെയ്യുന്നത്. നമ്മുടെ യഥാർഥ ജീവിതത്തിലെ സന്തോഷം കാണാതെ  ഫിൽട്ടർ ചെയ്ത പതിപ്പുകളിലെ ചിത്രങ്ങളിലേക്കാണ് നാം കൂടുതലും ശ്രദ്ധിക്കുന്നത്. വരയ്ക്കുന്നതിനോ, എഴുതുന്നതിനോ, കളിക്കുന്നതിനോ പകരം, ഒരു ആപ്പിലൂടെ വ്യക്തിത്വം കണ്ടെത്താൻ ശ്രമിക്കുന്നതാണ് ഈ പ്രവണത. ദേശീയ മാനസികാരോഗ്യ സർവേ കാണിക്കുന്നത് നഗരങ്ങളിലെ യുവാക്കൾ, ശ്രദ്ധകേന്ദ്രീകരിക്കാനാകാതെയും വർദ്ധിച്ചുവരുന്ന സാമൂഹിക ഒറ്റപ്പെടലും മൂലം ബുദ്ധിമുട്ടുന്നു എന്നാണ്. അതിനോടൊപ്പം എഐ യുടെ സഹായത്തോടെയുള്ള ഈ പൊങ്ങച്ച പദ്ധതികൾ കൂടിയാകുമ്പോൾ  ഉത്കണ്ഠയുടെയും വിഷാദരോഗത്തിൻ്റെയും കാര്യം പറയേണ്ടതുണ്ടോ.

ഇതിനർഥം സോഷ്യൽമീഡിയ ബഹിഷ്കരിക്കണമെന്നല്ല, മറിച്ച് ഇതെല്ലാം മറ്റൊരു മിഥ്യലോകമാണെന്നുള്ള അവബോധം ഉണ്ടായാൽ മാത്രം മതി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore the impact of viral trends like Nano Banana and Ghibli on mental health and digital addiction.