അവൊക്കാഡോ ടോസ്റ്റ്, ചപ്പാത്തിയും സബ്ജിയും; നടി മധൂ ഷാ വെളിപ്പെടുത്തുന്നു

മധൂ ഷാ | Instagram
മധൂ ഷാ | Instagram

റോജ, യോദ്ധ എന്നീ സിനിമകളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മധുബാല എന്ന മധൂ ഷാ. മധുബാല രംഘനാഥ് മാലിനി എന്നായിരുന്നു അവരുടെ ആദ്യത്തെ പേര്. സിനിമയിലെത്തിയപ്പോൾ അത് മധുബാല മാത്രമായി. പിന്നീട് മധൂ ഷായും. 'റോജ'യ്ക്കുമുമ്പും ശേഷവും വേറെയും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അവർ. അഴകൻ, ജെന്റിൽമാൻ, മിസ്റ്റർ റോമിയോ, സെന്തമിഴ് സെൽവൻ തുടങ്ങി ഒട്ടേറെ സിനിമകൾ. അതിനൊപ്പം മോഹൻലാലിന്റെ നായികയായി 'യോദ്ധ'യിലുമെത്തി. ഒറ്റയാൾപ്പട്ടാളം, എന്നോടിഷ്ടം കൂടാമോ, നീലഗിരി തുടങ്ങിയ മലയാളംസിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഇന്നും 'റോജ' താരം എന്നാണ് അവർ അറിയപ്പെടുന്നത്. ഏറ്റവുമൊടുവിൽ മലയാളം ആന്തോളജിയായ 'മനോരഥങ്ങളി'ലും അവർ അഭിനയിച്ചിട്ടുണ്ട്.

വർഷങ്ങൾക്കുശേഷം കേന്ദ്രകഥാപാത്രമായി മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് അവർ. 'ചിന്ന ചിന്ന ആസൈ' എന്ന ആ ചിത്രത്തിൽ ഇന്ദ്രൻസാണ് നായകൻ. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മധൂ കേരളത്തിലെത്തിയപ്പോൾ പലരും പറഞ്ഞു, 'ഇത് ആ പഴയ റോജാ ഗേൾ തന്നെ'. 57-ാം വയസ്സിലും അവർക്ക് വലിയ മാറ്റങ്ങളൊന്നുമില്ല. പഴയ ആ അതേ ഊർജം അവരിലിന്നും കാണാം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും എപ്പോഴും ആക്ടീവായിരിക്കുന്നതുമാണ് തന്റെ ആരോഗ്യരഹസ്യമെന്ന് അവർ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

''ചെറുപ്പത്തിൽ ഞാൻ ഭക്ഷണപ്രിയയായിരുന്നു. നന്നായി ഭക്ഷണം കഴിക്കും. അതിനൊപ്പം തന്നെ രാവിലെ നന്നായി ഓടും, വ്യായാമം ചെയ്യും, നൃത്തം ചെയ്യും...ഒടുവിൽ ഭക്ഷണവും. എന്റെ അമ്മ ഒരു മികച്ച പാചകക്കാരിയായിരുന്നു. അടുപ്പിൽ നിന്ന് ചൂടോടെ വരുന്ന ചപ്പാത്തിയും ആലു ബാജിയും കഴിച്ചാണ് ഞാൻ വളർന്നത്. ഞാൻ ഒരിക്കലും കലോറി കണക്കാക്കിയിട്ടല്ല കഴിച്ചത്'', താരം ഓർക്കുന്നു.

വലുതായപ്പോൾ അളവ് കുറച്ചു. ഇപ്പോൾ ലഘുവായി ഭക്ഷണം കഴിക്കാനാണ് അവർക്ക് താത്പര്യം. അവൊക്കാഡോ ടോസ്റ്റ് പോലുള്ള ലളിതമായ ഭക്ഷണത്തോടാണ് കൂടുതൽ താത്പര്യം. അതിനൊപ്പം ചപ്പാത്തിയും സബ്ജിയും പ്രിയം തന്നെ. പിന്നീട് വിശന്നാൽ, അമിതമായി ഭക്ഷണം കഴിക്കുന്നതിനുപകരം നട്‌സ്, പഴങ്ങൾ അല്ലെങ്കിൽ സൂപ്പ് എന്നിവകൊണ്ട് വിശപ്പടക്കും.

അതിനൊപ്പം ചില 'ഫിറ്റ്‌നെസ് സീക്രട്ടുകൾ' കൂടിയുണ്ട് തനിക്കെന്ന് അവർ പറയുകയാണ്. യഥാർത്ഥ ഫിറ്റ്‌നസ് ഉണ്ടാകുന്നത് നിങ്ങൾ എന്ത് കഴിക്കുന്നു എന്ന് മനസ്സിലാക്കുന്നതിലൂടെയല്ല, എത്രമാത്രം കഴിക്കുന്നു എന്ന് മനസ്സിലാക്കുന്നതിലൂടെയാണെന്ന് മധൂ പറയുന്നു. കുറച്ചുകഴിക്കുകയെന്നതാണ് പ്രധാനം. സങ്കീർണമായ ഭക്ഷണക്രമങ്ങളെക്കാളും ഡയറ്റിനെക്കാളും പ്രധാനം ഭക്ഷണനിയന്ത്രണമാണെന്നും അവർ പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Madhoo Shah maintains fitness at 57 through portion control rather than strict dieting. Her diet includes simple, homemade meals like avocado toast, chapati, and subji