നിങ്ങൾക്കും എഐ ഡിപ്രഷനുണ്ടോ? വില്ലനാകുന്ന നിർമിതബുദ്ധിയെ തിരിച്ചറിയാം

പ്രതീകാത്മക ചിത്രം/ Freepik
പ്രതീകാത്മക ചിത്രം/ Freepik

ഇന്ന് എന്തിനും ഏതിനും ആശ്രയിക്കുന്നത് നിർമിതബുദ്ധിയെയാണ്. നിർമിതബുദ്ധി അരങ്ങുവാഴുന്ന ഈ കാലത്ത് വിദ്യാർഥികൾ, ഓഫീസ് പ്രൊഫഷണലുകൾ... എന്തിന് സർഗാത്മകതയിൽ പോലും എഐയുടെ കടന്നുകയറ്റമാണ്. അസൈൻമെന്റ് ഉണ്ടാക്കാനോ, പ്രസന്റേഷൻ തയ്യാറാക്കാനോ കണ്ടന്റ് എഴുതാനോ എഐ ഒരു കൂട്ടുകാരനെപ്പോലെ ഒപ്പമുണ്ട്. പക്ഷേ, ജോലി എളുപ്പത്തിലും വേഗത്തിലുമാക്കുന്ന ഈ എഐ തരംഗം യുവാക്കളെ എഐ സിൻഡ്രോം എന്ന അവസ്ഥയിലേക്ക് തള്ളിവിടുകയാണെന്നാണ് മാനസികാരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ.

മനുഷ്യർ ഇന്ന് എല്ലാ കാര്യങ്ങൾക്കും എഐയെ വളരെയധികം ആശ്രയിക്കുന്നതിനാൽ സ്വന്തമായി ചിന്തിക്കാനും ആത്മവിശ്വാസം നേടാനുമുള്ള കഴിവ് നഷ്ടപ്പെടുന്നു. ഇത് ആളുകളിൽ വിഷാദത്തിനും നിരാശയ്ക്കുമുള്ള സാഹചര്യമൊരുക്കുന്നു. യുവതലമുറയിൽപ്പെട്ടവരാണ് കൂടുതലും ഇത്തരത്തിലുള്ള മാനസികപിരിമുറുക്കത്തിനിരയായിക്കൊണ്ടിരിക്കുന്നത്.

എന്താണ് എഐ ഡിപ്രഷൻ സിൻ‍ഡ്രോം?
എഐ ഡിപ്രഷൻ സിൻഡ്രോം ഒരു രോഗാവസ്ഥയല്ല മറിച്ച് ഒരു മാനസികാവസ്ഥയാണ്. ഒരു വ്യക്തി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ അമിതമായി ആശ്രയിക്കുന്നതിനാൽ സ്വയം ചിന്തിക്കാനും ക്രിയേറ്റീവ് ആയി പ്രവർത്തിക്കാനുമുള്ള കഴിവ് നഷ്ടപ്പെടുന്നു. എഐ ഇല്ലാതെ തനിക്ക് ഒന്നും ശരിയായി ചെയ്യാൻ കഴിയില്ലെന്ന് ഒരു വ്യക്തിക്ക് തോന്നുന്നു.

ആത്മവിശ്വാസം ക്രമേണ കുറയുന്നു. സ്വന്തമായി ചിന്തിക്കാനാകാതെ വരുന്നു. ആകെ ഒരു ശൂന്യത അനുഭവപ്പെടുന്നു.ഈ അവസ്ഥ ദീർഘകാലം നിലനിൽക്കുകയാണെങ്കിൽ വിഷാദത്തിന് വഴിമാറാം. ഇത് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഉത്കണ്ഠയും സമ്മർദ്ദവും വർദ്ധിപ്പിക്കുന്ന അവസ്ഥയാണ്. ഇത്‌ ടെക്‌നോ-സ്‌ട്രെസ് അല്ലെങ്കിൽ എഐ ഇൻഡ്യൂസ്ഡ് ആങ്‌സൈറ്റി (AI-induced anxiety) എന്ന് അറിയപ്പെടുന്നു.

വിദഗ്ധരുടെ അഭിപ്രായത്തിൽ, ജെൻസി വിഭാഗത്തിൽ പ്പെട്ടവർക്കാണ് (18 മുതൽ 30 വയസ്സുവരെയുള്ളവർ) ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നത്. ഇതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്.

  • ഇന്നത്തെ തലമുറയ്ക്ക് എല്ലാം പെട്ടെന്ന് കിട്ടണം. അതുകൊണ്ടുതന്നെ പെട്ടെന്ന് കാര്യം നടക്കാനായി ഇവർ എഐയെ ആശ്രയിക്കുന്നത് കൂടുതലായിരിക്കും.
  • സോഷ്യൽമീഡിയയുടെ അമിത ഉപയോഗം മൂലം വെർച്വൽ ലോകവുമായുള്ള താരതമ്യപ്പെടുത്തലുകളും ഇവരിൽ കൂടുതലായിരിക്കും.
  • യഥാർഥ ആളുകളെ കണ്ടുമുട്ടുന്നതിന് പകരം ചാറ്റ്‌ബോട്ടുകളുമായും വെർച്വൽ സുഹൃത്തുക്കളുമായുമുള്ള ബന്ധം വർധിക്കുന്നു. ഇത് ചെറുപ്പക്കാരിൽ അരക്ഷിതത്വബോധവും ഏകാന്തതയും വർദ്ധിപ്പിക്കുന്നു, ഇത് അവരുടെ മാനസികാരോഗ്യത്തെ ദുർബലമാക്കുന്നു.
  • എഐ യുടെ കടന്നുകയറ്റം മൂലം തങ്ങൾക്ക് ജോലി നഷ്ടപ്പെടുമോ എന്ന ചിന്തയും മറ്റൊരു കാരണമാകാം. ഐടി, കണ്ടന്റ്, ഡിസൈൻ മേഖലകളിൽ 'എഐ റീപ്ലേസ്മെന്റ് ഫോബിയ', അതായത് ജോലി നഷ്ടപ്പെടുമോ എന്ന ഭയം വളരെ കൂടുതലാണ്. 

ലക്ഷണങ്ങൾ
എഐ കാരണം ഉണ്ടാകുന്ന വിഷാദത്തെ നിങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. നിങ്ങളോ നിങ്ങൾക്ക് അറിയുന്ന ആരെങ്കിലുമോ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെങ്കിൽ ഈ ലക്ഷണങ്ങൾ കണ്ടേക്കാം.

  1. ആത്മവിശ്വാസക്കുറവ്.
  2. ചെറുതും വലുതുമായ എല്ലാ കാര്യങ്ങൾക്കും എഐയെ ആശ്രയിക്കുക.
  3. മനുഷ്യരുമായുള്ള ഇടപഴകൽ കുറയുക.
  4. സ്വന്തമായി ഒന്നും ചെയ്യാനുള്ള കഴിവില്ലെന്ന തോന്നൽ.
  5. തുടർച്ചയായ ക്ഷീണം അല്ലെങ്കിൽ അസ്വസ്ഥത.

എങ്ങനെ രക്ഷനേടാം
മാനസികാരോഗ്യവിദഗ്ധരുടെ അഭിപ്രായത്തിൽ ഈ അവസ്ഥയിൽ നിന്ന് രക്ഷനേടാൻ കുറച്ച് നല്ല ശീലങ്ങൾ പിന്തുടർന്നാൽ മതി.

  • എഐയെ ഒരു ടൂളായി മാത്രം കാണുക.
  • ഡിജിറ്റൽ ഡിടോക്‌സ് ചെയ്യുക. ദിവസവും കുറച്ച് മണിക്കൂറുകൾ മൊബൈലിൽ നിന്നും ലാപ്‌ടോപ്പിൽ നിന്നും അകലം പാലിക്കുക. പകരം പുസ്തകങ്ങൾ വായിക്കുക, നടക്കാൻ പോകുക അല്ലെങ്കിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക.
  • സ്‌കിൽസ് അപ്‌ഗ്രേഡ് ചെയ്യുക. പുതിയ പുതിയ കഴിവുകൾ പഠിക്കുക. അതുവഴി നിങ്ങളുടെ ക്രിയേറ്റിവിറ്റി കൂട്ടാൻ സാധിക്കും.
  • യഥാർഥ ബന്ധങ്ങൾക്ക് സമയം നൽകുക. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം സമയം ചെലവഴിക്കുന്നതിലൂടെ ഏകാന്തതയും സമ്മർദവും ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും.

(പൊതുവായ വിവരങ്ങളാണിവ. സ്ഥിതി വഷളാകുകയാണെങ്കിൽ ഉടൻ തന്നെ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: AI causing depression and anxiety, learn about AI Depression Syndrome.