പുരുഷ വന്ധ്യത, കാഴ്ചശക്തി, കഷണ്ടി, അമിത വിയർപ്പ്; ചികിത്സ തുടങ്ങാൻ ഏറ്റവും നല്ല സമയം കർക്കിടകം

#ഡോ.അഞ്ജു സിദ്ധിഗാത്രി എം.ഡി
പ്രതീകാത്മകചിത്രം/Shutterstock
പ്രതീകാത്മകചിത്രം/Shutterstock

കർക്കിടകം എത്തിയതോടെ മഴ കനക്കുകയായി. ഈ കാലം പ്രകൃതിക്ക് ആശ്വാസം നൽകുമ്പോൾ ശരീരത്തിന് അത്ര നല്ല സമയമല്ല. ആയുർവേദത്തിൽ ദേഹരക്ഷയ്ക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന കാലഘട്ടമായാണ് കർക്കിടകത്തെ വിശേഷിപ്പിക്കുന്നത്. വേനലിന്റെ ക്ഷീണവും മഴയുടെ ഈർപ്പവും ഒരുമിച്ച് ശരീരത്തെ ബാധിക്കുന്നതിനാൽ ദഹനശക്തിയും രോഗപ്രതിരോധശേഷിയും ഈ സമയത്ത് കുറയാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ആഹാരക്രമത്തിലും ജീവിതശൈലിയിലും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണ്. കർക്കിടകത്തിൽ എന്തൊക്കെ ഭക്ഷണങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്, ഏതൊക്കെയാണ് ഒഴിവാക്കേണ്ടത്, എന്തെല്ലാം ശീലങ്ങളാണ് പിന്തുടരേണ്ടത് എന്നറിയുന്നതുവഴി മഴക്കാല രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ കഴിയും.

മഴക്കാലത്താണ് ശരീരത്തിൽ പ്രത്യേകിച്ച് ആമാശയത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നത്. ഈ സമയത്ത് ദഹനരസം വേണ്ട രീതിയിൽ അല്ലാത്തതിനാൽ വിശപ്പും ദഹനശക്തിയും കുറയുന്നു. കഴിക്കുന്ന ആഹാരം മുഴുവനും ദഹിക്കാതെ പുളിച്ച് ആമാശയത്തിൽ തന്നെ കിടക്കുകയും ചെയ്യുന്നു. ഇത് നെഞ്ചെരിച്ചിൽ, വയറുകാളിച്ച എന്നീ ലക്ഷണങ്ങൾ ഉണ്ടാക്കാനിടയുണ്ട്. ഈ അവസ്ഥയിൽ ദഹനശക്തി വർധിപ്പിക്കുന്ന, വയർ എരിച്ചിൽ ഉണ്ടാക്കാത്ത പുളി, എരിവ്, ഉപ്പ് എന്നിവ അധികമില്ലാത്ത ആഹാരം വേണം ഉപയോഗിക്കാൻ. തണുത്ത ഭക്ഷണം, തണുത്ത വെള്ളം, ഉഴുന്നു ചേർത്ത ആഹാരങ്ങൾ, തൈര്, അച്ചാർ, എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുക.

പ്രതീകാത്മകചിത്രം/Shutterstock

പകൽ കിടന്നുറങ്ങുക, അമിതമായി വ്യായാമം ചെയ്യുക, വ്യായാമത്തിന് ശേഷം തണുത്ത വെള്ളമോ ഭക്ഷണമോ കഴിക്കുക, രാത്രിയിൽ വൈകി ആഹാരം കഴിക്കുക, വയറ് നിറച്ച് കഴിക്കുക, ഉറക്കമിളക്കുക തുടങ്ങിയ കാര്യങ്ങളും ഈ സമയത്ത് പാടില്ല. ശരീരത്തിന്റെ സ്വാഭാവിക ബലവും രോഗപ്രതിരോധശക്തിയും ഒരു വർഷത്തിൽ ഏറ്റവും കുറഞ്ഞിരിക്കുന്ന സമയമാണിത്. വേനൽക്കാലവും അതേ തുടർന്ന് വരുന്ന മഴക്കാലവുമായതിനാൽ രോഗം ബാധിക്കാൻ സാധ്യതകൾ ഏറെയാണ്. ഇത് തിരിച്ചറിഞ്ഞ് ശരീരബലത്തെ കുറയ്ക്കുന്ന പ്രവൃത്തികൾ ചെയ്യാതിരിക്കുക. സ്വന്തം ശരീരബലത്തിൽ കവിഞ്ഞ അധ്വാനം മഴക്കാലത്ത് ചെയ്യരുത്.

നല്ല ആഹാരം ശീലമാക്കാം

  • ചെറുപയർ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്താം. ചെറുപയർ കഞ്ഞി, സൂപ്പ് എന്നിവ കുടിക്കുക.

  • മാംസ രസം ഉപയോഗിക്കുക. ആയുർവേദത്തിൽ മാംസ രസം എന്നാൽ മാംസത്തിന്റെ സൂപ്പ് ആണ് (ആട്ടിറച്ചി അല്ലെങ്കിൽ കോഴിയിറച്ചി, കുരുമുളക്, ജീരകം, ഇഞ്ചി, വെളുത്തുള്ളി, ഗ്രാമ്പു തുടങ്ങിയവ ചേർത്ത് ഉണ്ടാക്കാം).
  • പത്തിലക്കറികൾ കഴിക്കുക (ചേമ്പില, തഴുതാമ, ചെറുചീര, മുക്കുറ്റി, കൊടിത്തൂവ, കുപ്പച്ചീര തുടങ്ങിയ ഔഷധഗുണമുള്ള പത്തിലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മഴക്കാലത്ത് ആരോഗ്യസംരക്ഷണത്തിന് സഹായിക്കും)
  • ആയാസമുള്ള ജോലികൾ ഉപേക്ഷിക്കുക
  • മധുര രസം, എരിവ് എന്നിവ ഒഴിവാക്കുക
  • തൈര് ഒഴിവാക്കി മോര് ധാരാളമായി ഉപയോഗിക്കാം
  • നേത്രരോഗമുള്ളവർക്ക് കർക്കിടകം മുതൽ ചികിത്സ ആരംഭിക്കാം. കാഴ്ച വർധിപ്പിക്കാനും കണ്ണിന്റെ ശക്തിക്കുമുള്ള ചികിത്സകൾ ഈ മാസം തുടങ്ങാം.
  • മരുന്ന് ചേർത്ത ആവണക്കെണ്ണ ഉപയോഗിച്ച് ചെറിയ തോതിൽ വയറിളക്കി വയർ ശുദ്ധീകരിക്കാം.
  • കർക്കിടകത്തിൽ ചെടികളിലും മനുഷ്യരിലും ആവശ്യത്തിന് ജലാംശമുണ്ടാകും. ചുട്ടു നീറ്റൽ, പുകച്ചിൽ തുടങ്ങിയ രോഗങ്ങളുടെ തീവ്രത കുറയും.
  • പ്രമേഹം, രക്തവാതം തുടങ്ങിയ അസുഖമുള്ളവരിലും മാനസികാസ്വാസ്ഥ്യം ഉള്ളവരിലും അതിന്റെ കാഠിന്യം കുറയും.
  • തണുപ്പ് പുരുഷബീജങ്ങളുടെ എണ്ണം കൂട്ടാൻ സഹായകമായതിനാൽ പുരുഷവന്ധ്യത ഉള്ളവർക്ക് ബീജത്തിന്റെ അളവ് കൂട്ടാനുള്ള മരുന്ന് കഴിക്കാനും പറ്റിയ സമയമാണ്.
  • കഷണ്ടി ഉള്ളവർക്കും കഷണ്ടി വരാൻ സാധ്യത ഉള്ളവർക്കും മുൻകരുതൽ ചികിത്സകൾ ആരംഭിക്കാൻ പറ്റിയ സമയമാണിത്.
  • ശരീരത്തിന് ദുർഗന്ധം ഉണ്ടാക്കുന്ന വിയർപ്പുള്ളവർക്കും അതിനെതിരായ പ്രതിരോധ ചികിത്സ ചെയ്തുതുടങ്ങാം
    മരുന്നുകഞ്ഞി/Shutterstock
  • ശരീരത്തിലെ ധാതുക്കളുടെ അളവ് കുറയുന്നതാണ് പ്രായമായവർ നേരിടുന്ന പ്രധാന ആരോഗ്യപ്രശ്‌നം. ഇവർക്ക് ലളിതമായ ഭക്ഷണശൈലിയാണ് നല്ലത്. ഭക്ഷണവും വെള്ളവും ചൂടോടെ ഉപയോഗിക്കണം. മരുന്നുകഞ്ഞി, മാംസ രസം എന്നിവ ഉപയോഗിക്കുക.
  • കുട്ടികൾ മഴയും തണുപ്പുമേറ്റ് പനി, കഫക്കെട്ട്, കാലുകൾക്ക് കടച്ചിൽ, വൈറൽ രോഗങ്ങൾ എന്നിവ ഉണ്ടാകാനിടയുണ്ട്. ഇവർക്ക് ചൂടുള്ള ഭക്ഷണം മാത്രം കൊടുക്കുക.
  • നന്നായി ഉണങ്ങിയ വസ്ത്രങ്ങൾ ധരിക്കുക. ഉണങ്ങിയ സോക്‌സുകൾ മാത്രം ഇടാൻ അനുവദിക്കുക. ഷൂസിന് ഉള്ളിലെ നനവ് തുടച്ച്, ഉണക്കി വെക്കാം.
  • ആവശ്യമായ ഭക്ഷണങ്ങൾ പല ഇടവേളകളിൽ കഴിക്കുക.
  • ഒരു വർഷത്തേക്ക് ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നതിനുള്ള സമയമാണ് കർക്കിടകം. ശരിയായ ആയുർവേദ ചികിത്സ വൈദ്യനിർദേശപ്രകാരം ചെയ്യുക.
  • ഹൃദ്രോഗം, പ്രമേഹം, രക്തസമർദം തുടങ്ങിയവയുള്ളവർ കൃത്യമായ വൈദ്യ പരിശോധന നടത്തണം. ശരീരസുഖമുള്ള മാസമായതിനാൽ അവയൊക്കെ കുറഞ്ഞതായി തോന്നും. കാഴ്ചയിൽ രോഗലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കും. രോഗം കുറഞ്ഞെന്ന് കരുതി ചികിത്സയും മരുന്നും മുടങ്ങാനും സാധ്യതയുണ്ട്. അത് അപകടമാണ്.
  • മരുന്ന് കഞ്ഞി വൈദ്യ നിർദേശപ്രകാരം 21 മുതൽ 28 ദിവസം വരെ ദിവസം കഴിക്കുക.

    കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: karkidakam-ayurveda-health-tips-monsoon-wellness-2026