ജോലിസ്ഥലത്തെ അന്തരീക്ഷം മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടോ? തിരിച്ചുപിടിക്കാം മാനസികാരോഗ്യം

പ്രതീകാത്മക ചിത്രം/ shutterstock
പ്രതീകാത്മക ചിത്രം/ shutterstock

ടെന്‍ഷനില്ലാത്ത തൊഴിലിടങ്ങളുണ്ടാവുമോ, സംശയമാണ്. കൊറോണക്കാലത്തിന് ശേഷം സാമ്പത്തികമായി കരകയറുന്നതിന് കമ്പനികളുടെ നിര്‍ബന്ധിത ടാര്‍ഗറ്റുകളും കൂടിയ ജോലിഭാരവും ഇതിനെല്ലാമൊപ്പം ജോലിസ്ഥലത്തെ അന്തരീക്ഷവുമൊക്കെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായാണ് പഠനങ്ങള്‍. ഇന്ത്യയില്‍ 70 ശതമാനം ആളുകള്‍ താങ്ങാന്‍ പറ്റാത്ത മാനസികസമ്മര്‍ദങ്ങള്‍ ജോലിസ്ഥലത്തുനിന്ന് അനുഭവിക്കേണ്ടിവരുന്നതായാണ് കണക്ക്. ''മെറ്റേണിറ്റി ലീവ് കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചതേയുള്ളൂ. കുഞ്ഞിന്റെ കാര്യങ്ങളും ജോലി ടെന്‍ഷനും മടുപ്പിക്കുന്നുണ്ട്. ' മാധ്യമപ്രവര്‍ത്തക അഞ്ജന മനസ്സുതുറന്നു.

ബാങ്കിങ് മേഖലയിലടക്കം ലോണുകളുടെ തിരിച്ചടവ് വൈകുന്നതും നിക്ഷേപങ്ങള്‍ കുറയുന്നതും ജോലിസ്ഥിരതയെ ബാധിക്കുന്നു. ബാങ്കിങ് മേഖലയില്‍ ജോലിതേടിയെത്തുന്നവരെ കാത്ത് ടാര്‍ഗറ്റ് മലകള്‍ തന്നെയുണ്ട്. ''ടാര്‍ഗറ്റ് എത്തിച്ചില്ലെങ്കില്‍ ജോലിപോകുമെന്നുപറഞ്ഞ് ഭയപ്പെടുത്തുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുണ്ട്'', പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ബാങ്ക് ഉദ്യോഗസ്ഥ പറയുന്നു.  സ്വകാര്യ സ്‌കൂളുകളിലെ അധ്യാപികമാരുടെ ജോലിഭാരം പറഞ്ഞറിയിക്കാനാവാത്തത്രയാണ്. കോവിഡിന് ശേഷം ശമ്പളത്തിലും കുറവുവന്നിട്ടുണ്ട്. ജോലിപോകാമെന്ന ഭീഷണിയും.ദീര്‍ഘകാലം ഒരേ മേഖലയില്‍ ജോലിഭാരത്തോടെ മുന്നോട്ടുപോകുന്ന വ്യക്തികളില്‍ എരിഞ്ഞടങ്ങല്‍ അഥവാ Burn Out Syndrome പ്രകടമാകാറുണ്ട്.

സ്‌ട്രെസ് ബാധിക്കുന്നുണ്ടോ
സമ്മര്‍ദങ്ങള്‍ നിങ്ങളെ ബാധിക്കുന്നുണ്ടോ എന്നറിയാന്‍ സ്വയം നിരീക്ഷണം നടത്തിനോക്കാം.

  •  ഇഷ്ടപ്പെടുന്ന ജോലിയായിട്ടും ആത്മവിശ്വാസം കുറഞ്ഞതായി തോന്നാം.
  • ജോലിക്കു പോകുന്നതിനെപ്പറ്റി ചിന്തിക്കുമ്പോള്‍ത്തന്നെ ആധിയും ദേഷ്യവും തോന്നാം.
  • ജോലി നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നും താന്‍ ഒന്നിനും കൊള്ളാത്തവനാണെന്നുമുള്ള തോന്നലുകള്‍.
  • കുടുംബാംഗങ്ങളുമായുള്ള ബന്ധത്തിലും സുഹൃദ്ബന്ധങ്ങളിലും വിള്ളല്‍.
  • ലഹരിപദാര്‍ഥങ്ങളെ ആശ്രയിക്കല്‍.
  • മറ്റുള്ളവര്‍ക്ക് താന്‍ ഭാരമാണെന്ന തോന്നലും ആത്മഹത്യാചിന്തകളും.
  • ഉറക്കക്കുറവ്, ക്ഷീണം, ശാരീരികാവശതകള്‍, ഓര്‍മക്കുറവ്, വിശപ്പില്ലായ്മ, ഏകാഗ്രതക്കുറവ്. ഒടുവില്‍ ജോലി ഉപേക്ഷിക്കാമെന്ന തീരുമാനം.
  • പെട്ടെന്ന് ചെയ്തുതീര്‍ത്തിരുന്ന ജോലികള്‍ക്കുപോലും കൂടുതല്‍ സമയം വേണ്ടിവരുന്നു. 
  • തലവേദന, നെഞ്ചെരിച്ചില്‍, അമിതമായി വിയര്‍ക്കുക, നെഞ്ചിടിപ്പ് കൂടുക, കൈകാലുകളില്‍ വേദന, തലചുറ്റല്‍ എന്നിങ്ങനെ കാരണമില്ലാത്ത രോഗങ്ങള്‍ വിടാതെ പിടികൂടല്‍. 

ലക്ഷണങ്ങള്‍

താഴെ പറയുന്ന ഒന്‍പതു ലക്ഷണങ്ങളില്‍ അഞ്ചെണ്ണമെങ്കിലും തുടര്‍ച്ചയായി രണ്ടാഴ്ച നീണ്ടുനില്‍ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ തൊഴില്‍സമ്മര്‍ദവുമായി ബന്ധപ്പെട്ട വിഷാദത്തിലാണെന്ന് കരുതാം. 

  1. നീണ്ടുനില്‍ക്കുന്ന വിഷാദഭാവം.
  2.  വിനോദത്തിനോ സുഹൃത്തുക്കളുമായി സംസാരിക്കാനോ വ്യായാമം ചെയ്യാനോ ലൈംഗികബന്ധത്തിലേര്‍പ്പെടാനോ ഒന്നും താത്പര്യമില്ലാത്ത സ്ഥിതി.
  3. അകാരണമായ ക്ഷീണം. സദാസമയം കിടക്കണമെന്ന തോന്നല്‍.
  4. ഉറക്കക്കുറവ്.
  5. വിശപ്പില്ലായ്മ.
  6. ഏകാഗ്രതക്കുറവ്. ഒട്ടേറെ ചിന്തകള്‍ കടലുപോലെ വന്ന് ശ്രദ്ധ പതറും.
  7. ചിന്തകളുടെയും പ്രവൃത്തികളുടെയും വേഗത്തിലുണ്ടാകുന്ന കുറവ്. 
  8. ജീവിതത്തില്‍ ഒരു പ്രതീക്ഷയുമില്ല എന്ന ചിന്ത. തന്നെയാരും മനസ്സിലാക്കുന്നില്ല, സഹായിക്കാനാരുമില്ല, ഒറ്റപ്പെട്ടുപോയി എന്ന തോന്നലുകള്‍. അകാരണമായ കുറ്റബോധം. 
  9. മരിക്കണം എന്ന ചിന്തയും ആത്മഹത്യാ പ്രവണതയും. 

 
എങ്ങനെ മറികടക്കാം
 

  • ജോലിയും സ്വകാര്യജീവിതവും തമ്മിലുള്ള ബാലന്‍സ് തെറ്റാതെ നോക്കണം. ജോലിയിലെ പ്രശ്‌നങ്ങള്‍ വീട്ടില്‍ കൊണ്ടുപോകേണ്ട. വീട്ടിലുള്ളവര്‍ മാനസികപിന്തുണ കൊടുക്കണം.
  •  ചെയ്യാന്‍ കഴിയാത്ത വിധത്തിലുള്ള ജോലികളേല്‍പ്പിച്ചാല്‍ അതിന് 'നോ' പറയാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. തക്കതായ കാരണങ്ങളും നിങ്ങളുടെ പക്കലുണ്ടാവണമെന്നുമാത്രം.
  • സഹപ്രവര്‍ത്തകരുമായി ആരോഗ്യകരമായ സൗഹൃദം നിലനിര്‍ത്താം. കടുത്ത മത്സരബുദ്ധി വേണ്ട.
  • ഓഫീസ് ബുള്ളികള്‍ എന്നൊരുവിഭാഗം എല്ലാത്തരം ജോലിസ്ഥലങ്ങളിലും ഉണ്ടാകും. മനസ്സിനെ മുറിവേല്‍പ്പിക്കുന്നതരം കളിയാക്കലുകളാണ് ഇവരുടെ ആയുധം. അല്ലെങ്കില്‍ പരദൂഷണം. ഇത്തരക്കാരില്‍നിന്ന് അകന്നുനില്‍ക്കുക.  
  • കൃത്യമായി ഉറക്കം ശീലമാക്കാം. ഉറങ്ങാന്‍ കിടക്കുന്നതിന് ഒരുമണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍ഫോണടക്കമുള്ള സകല ദൃശ്യമാധ്യമങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
  • അരമണിക്കൂറെങ്കിലും സൂര്യപ്രകാശംകൊണ്ട് വ്യായാമം ചെയ്യുകവഴി തലച്ചോറിലേക്കുള്ള രക്തയോട്ടം കൂടുന്നതിനോടൊപ്പം നമ്മുടെ ഏകാഗ്രത മെച്ചപ്പെടാന്‍ സഹായിക്കുന്ന ഡോപമിന്റെ അളവ് കൂടും. ഒപ്പം ആഹ്ലാദം വര്‍ധിപ്പിക്കുന്ന എന്‍ഡോര്‍ഫിന്‍സിന്റെയും അളവ് വര്‍ധിക്കും. 
  • മീ ടൈം കണ്ടെത്താം. ഏറെ ഇഷ്ടമുള്ളത് എന്തെങ്കിലും ചെയ്യാന്‍ അല്പനേരം മാറ്റിവെയ്ക്കണം.  
  • അമ്മമാരായ ജീവനക്കാരാണ് ഏറ്റവുമധികം സ്ട്രെസ്സനുഭവിക്കുന്നവര്‍. കുഞ്ഞിന്റെ കാര്യങ്ങളും ജോലിയും ഒരേപോലെ കൊണ്ടുപോകാന്‍ ഇവര്‍ക്ക് പിന്തുണ വേണം. അത് നല്‍കാന്‍ വീട്ടില്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ പോലുള്ളവ കൂടാന്‍ ജോലിസ്ഥലത്തെ സമ്മര്‍ദവും കാരണമാകും. കുഞ്ഞിനെ മറ്റാരെയെങ്കിലും ഏല്‍പ്പിച്ച് ജോലിക്കു പോകേണ്ടിവരുന്ന അമ്മമാര്‍ വലിയ കുറ്റബോധത്തിലൂടെ കടന്നുപോകാറുണ്ട്. ഇത്തരം ആളുകള്‍ക്ക് സഹപ്രവര്‍ത്തകരില്‍നിന്നുള്ള പരിഗണനയും ആവശ്യമാണ്.

വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായാല്‍ തീര്‍ച്ചയായും ഒരു മാനസികാരോഗ്യവിദഗ്ധന്റെ സേവനം തേടുക. കാരണം ചികിത്സയിലൂടെ വിഷാദരോഗത്തെ പൂര്‍ണമായും ഭേദപ്പെടുത്താം.

കടപ്പാട്: 
ഡോ. അരുണ്‍ ബി. നായര്‍,
സൈക്യാട്രിസ്റ്റ്,
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്.

Content Highlights: how to get rid of job stress and improve mental health