കോക്കാച്ചി വരുമെന്ന് പറഞ്ഞ് കുട്ടിയെ പേടിപ്പിക്കാറുണ്ടോ? തമാശയല്ല കുട്ടികളിലെ പേടികള്‍

വീടിനുള്ളിലൂടെ പായുന്ന പാറ്റയെയും, പല്ലികളെയും, എന്തിനേറെ തവളയെയും രാത്രിയില്‍ ജനാലയില്‍ വീഴുന്ന നിഴലുകളെയും ഇരുട്ടുള്ള മൂലകളെയുമൊക്കെ പേടിയുള്ള മുതിര്‍ന്നവര്‍ ധാരാളമുണ്ട്. സ്വന്തം നിലനില്പിന് അപകടമോ ഭീക്ഷണിയോ ഉണ്ടാക്കുന്നവയെ തിരിച്ചറിയാനും മുന്‍കരുതലെടുക്കാനും മനുഷ്യനെ സഹായിക്കുന്ന വികാരമാണ് പേടി അല്ലെങ്കില്‍ ഭയം. എന്നാല്‍ തൊടുന്നതിനെയും പിടിക്കുന്നതിനെയുമെല്ലാം പേടിയെന്ന് പറയുന്നത് അത്രനല്ലതല്ലതാനും.
കുട്ടികളില്‍ പേടി സര്‍വസാധാരണമാണ്. അവര്‍ ലോകത്തിലെ പലതിനെയും കണ്ടും കേട്ടുമറിഞ്ഞും വരുന്നതേയുള്ളു. പേടിവേണ്ടാത്തവയെപ്പോലും പേടിക്കുന്നകാലം. കോക്കാച്ചി പിടിക്കുമെന്നും കുറുക്കന്‍ പിടിക്കുമെന്നുമൊക്കെ അനുസരണശീലം വളര്‍ത്താന്‍ കുട്ടികളെ പറഞ്ഞുപേടിപ്പിക്കുന്നതും നല്ലതല്ല. ഏതെങ്കിലും വ്യക്തികളെ, സ്ഥലങ്ങളെ, ജീവികളെ, പോലീസ് പോലുള്ള സ്ഥാനങ്ങളെ ഒക്കെ കുട്ടികളെ വിരട്ടാന്‍ ഉപയോഗിക്കുന്ന പതിവുണ്ട്. ഇതൊന്നും നല്ലതല്ല. കുട്ടികള്‍ പേടിയില്ലാതെ ആത്മവിശ്വാസമുള്ളവരായി വളരുകയാണ് വേണ്ടത്. അതിനാല്‍ കുട്ടികളിലെ പേടിയെ കൈകാര്യം ചെയ്യുമ്പോള്‍ കൃത്യമായ ശ്രദ്ധവേണം.
പേടി തുടങ്ങും കാലം
തീരെച്ചെറിയ പ്രായത്തില്‍ തന്നെ രൂപപ്പെടുന്ന വികാരമാണ് ഭയം. എട്ടോ ഒമ്പതോ മാസം പ്രായമുള്ളപ്പോള്‍ തന്നെ കുഞ്ഞുങ്ങള്‍ അപരിചിതരെയും പരിചിതരെയും വേര്‍തിരിച്ചറിയാന്‍ തുടങ്ങും. പരിയമില്ലാത്തവരോട് Stranger Anxiety കാണിക്കുകയും ചെയ്യും. കുട്ടികളുമായി അടുപ്പമുണ്ടാക്കാൻ അവരെ ബലമായി എടുക്കുന്നതും നിര്‍ബന്ധം പിടിക്കുന്നതുമൊക്കെ മോശം ഫലമേ ചെയ്യൂ.
കുഞ്ഞുങ്ങളില്‍ കാണുന്ന മറ്റൊരു ഭയമാണ് സെപ്പറേഷന്‍ ആങ്‌സൈറ്റി. മാതാപിതാക്കളില്‍ നിന്നോ പ്രൈമറി കെയര്‍ ഗീവേഴ്‌സില്‍ നിന്നോ (മാതാപിതാക്കളല്ലാതെ അവരുടെ സ്ഥാനത്ത് നിന്ന് കുട്ടിയെ നോക്കുന്നവര്‍, മുത്തശ്ശന്‍, മുത്തശ്ശി പോലുള്ളവര്‍) അകന്നു നില്‌ക്കേണ്ടി വരുമ്പോള്‍ കുട്ടികള്‍ക്ക് അനുഭവപ്പെടുന്ന ഭയമാണ് ഇത്. ആദ്യമായി സ്‌കൂളിലേക്ക് പോകുന്ന കുട്ടികളില്‍ പലരും നേരിടുന്ന പേടിയാണിത്. അല്ലെങ്കില്‍ അമ്മമാര്‍ തങ്ങളെ വിട്ട് ജോലിക്കും മറ്റുമായി പോയിത്തുടങ്ങുമ്പോഴും കുട്ടികള്‍ ഈ ഭയം പ്രകടിപ്പിക്കാറുണ്ട്. ഈ സമയത്ത് കുട്ടികള്‍ കരയുകയും ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നതെല്ലാം സാധാരണമാണ്. എന്നാല്‍ കാലക്രമേണ ഈ പേടി മാറും.
സ്‌കൂള്‍ വിട്ടു തിരിച്ചുവരുന്ന കുട്ടി കരയുന്നതുകണ്ട് മാതാപിതാക്കള്‍ ടെന്‍ഷനടിച്ചാല്‍ കുട്ടികളിലെ പേടി കൂടുകയേയുള്ളൂ. അത്തരം കരച്ചിലുകളെ അവഗണിക്കുന്നതാണ് നല്ലത്. എന്നാല്‍ ആ ഭയം മാറാതെ തുടരുകയും കുട്ടികളുടെ ദൈനംദിനജീവിതത്തെയും പെരുമാറ്റങ്ങളെയും ബാധിക്കുകയും ചെയ്താല്‍ വിദഗ്ധ സഹായം തേടണം.
ഫോബിയ
നിരുപദ്രവകരമായതും അപകടം തെല്ലുമില്ലാത്തതുമായ വസ്തുക്കളോടോ സാഹചര്യങ്ങളോടോ ഒക്കെ കുട്ടികള്‍ കാണിക്കുന്ന പേടികള്‍ ഫോബിയ എന്നാണ് അറിയപ്പെടുന്നത്. കുട്ടിക്കാലത്ത് ഏതെങ്കിലും വസ്തു അല്ലെങ്കില്‍ സാഹചര്യങ്ങള്‍ മൂലം ഒരാഘാതം മനസ്സിനുണ്ടാവുകയും പിന്നീട് ആ വസ്തുക്കള്‍ കാണുമ്പോള്‍ ഭയമുണ്ടാവുകയും ചെയ്യുന്നതാണ് ഇത്. ആ വസ്തുവും അന്നുണ്ടായ അനുഭവവും തമ്മിലൊരു ബന്ധവും ഉണ്ടാവില്ല. പക്ഷേ വസ്തുവിനോട് വലിയ ഭയം മനസ്സിലുണ്ടാകുകയും ചെയ്യും.
ലക്ഷണങ്ങള്‍
- ഒരു പ്രത്യേക വസ്തുവിനോടോ സാഹചര്യത്തോടോ ഉള്ള കടുത്ത ഭയം
- ഭയപ്പെടുത്തുന്ന കാര്യത്തെ കാണുകയോ, അതിനെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യുമ്പോള്‍ ഉത്കണ്ഠാപരമായ അസ്വസ്ഥതകള്‍ ഉണ്ടാവുക
- ഭയപ്പെടുത്തുന്ന കാര്യത്തെ ഒഴിവാക്കാന്‍ കരയുകയോ വാശി പിടിക്കുകയോ ചെയ്യുക
- ഭയപ്പെടുത്തുന്ന കാര്യത്തോട് പ്രതികരിക്കുമ്പോള്‍, കാണുമ്പോള്‍, വിറയ്ക്കുക, തലകറങ്ങുക, അല്ലെങ്കില്‍ വിയര്‍ക്കുക, ബോധം നഷ്ടമാകുക തുടങ്ങിയ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുക.
കേട്ടറിഞ്ഞ ഭയം
ചില ഭയങ്ങള്‍ കുട്ടികളുടെ മനസ്സിലുണ്ടാകുന്നത് മുതിര്‍ന്നവരുടെ വാക്കുകളിലൂടെയാണ്. രാത്രി കോക്കാച്ചി പിടിക്കുമെന്ന് കുട്ടിയെ ഭയപ്പെടുത്തുന്നവര്‍ ഓര്‍ക്കുക, അങ്ങനെയാണ് കുട്ടി ഇരുട്ടിനെ പേടിച്ചു തുടങ്ങുന്നതെന്ന്. ഏതെങ്കിലും വസ്തുവിനെപ്പറ്റിയോ ജീവികളെപ്പറ്റിയോ കുട്ടികളോട് വിവരിക്കുമ്പോള്‍ ഭയത്തോടുകൂടിയാണ് വിവരിക്കുന്നതെങ്കില്‍ അതും കുട്ടിയുടെ മനസ്സില്‍ പേടി വളര്‍ത്തും.
പരിഹാസമല്ല പരിഹാരം
1. കുട്ടികളുടെ പേടികളെ കളിയാക്കിയും വഴക്കുപറഞ്ഞും അവഗണിച്ചും കൈകാര്യം ചെയ്യുന്ന രീതി ശരിയല്ല.
2. പേടിക്കുന്നത് നാണക്കേടാണ് എന്ന ചിന്ത കുട്ടികള്‍ക്ക് നല്‍കാന്‍ പാടില്ല. അതവരുടെ ആത്മവിശ്വാസത്തെ ബാധിക്കും.
3. ഭയത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ നമ്മുടെ സമൂഹത്തില്‍ ലിംഗവ്യത്യാസമനുസരിച്ച് മാറാറുണ്ട്. ആണ്‍കുട്ടിയായ നിനക്ക് പേടിയോ, പെണ്‍കുട്ടികളെപ്പോലെ പേടിക്കാതെ എന്നൊക്കെ കുട്ടികളോട് പറയുന്നത് അവരില്‍ മോശം മുന്‍വിധികള്‍ വളര്‍ത്താനെ ഉപകരിക്കൂ.
4. ഇരുട്ടിനോടുള്ള പേടിമാറ്റാന്‍ കുട്ടികളെ ഒറ്റയ്ക്ക് ഇരുട്ടുള്ള മുറിയില്‍ വിടുന്നവരുണ്ട്. ഇതൊക്കെ വലിയ മാനസികാഘാതങ്ങള്‍ ഉണ്ടാക്കാം.
5. അട്ടയെയോ തവളയെയോ എട്ടുകാലി പോലുള്ള ചെറുജീവികളെയോ പേടിയുള്ള കുട്ടിയുടെ കൈയിലേക്കാേ ശരീരത്തിലേക്കോ അത്തരം ജീവികളെയിട്ട് തമാശകണ്ടെത്തുന്ന സമപ്രായക്കാരുണ്ട്. അത്തരം തമാശകള്‍ ചെയ്യാന്‍ പാടില്ലെന്ന് കുട്ടികളോട് കൃത്യമായി പറയാം. അങ്ങനെ ചെയ്യുന്നത് പേടിയുള്ള കുട്ടികളെ വളരെ മോശമായി ബാധിക്കാം.
6. പേടി വളരെ സ്വഭാവികമായ വികാരമാണെന്നും മിക്ക പേടികളും കുട്ടികള്‍ വളരുന്നതിനനുസരിച്ച് മാറുകയും പുതിയ പേടികള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും മാതാപിതാക്കള്‍ മനസ്സിലാക്കുക.
7. കുട്ടിയുടെ പേടി എന്താണെന്നും എങ്ങനെയാണ് ഉണ്ടാകുന്നതെന്നും കൃത്യമായി മനസ്സിലാക്കാന്‍ ശ്രമിക്കുക.
8. പേടിക്കുന്ന വസ്തുക്കളേയോ സാഹചര്യങ്ങളേയോ ഒഴിവാക്കിയല്ല അവരുടെ പേടിയെ നേരിടേണ്ടത്. പതിയെപ്പതിയെ മാതാപിതാക്കളുടെ പിന്തുണയോടെ പേടികളെ നേരിടാന്‍ കുട്ടികളെ പഠിപ്പിക്കാം.
9. സാധാരണ പേടിയും ഫോബിയയും രണ്ടാണെന്ന് മനസ്സിലാക്കുക. ഫോബിയ ആണെങ്കില്‍ കൃത്യമായ വിദഗ്ധ സഹായം തേടുക.
10. പേടിക്കേണ്ട വസ്തുക്കളെയും സാഹചര്യങ്ങളെയും പേടിക്കാതിരിക്കുന്നതും ഒരു പ്രശ്‌നമാണ്.
തയ്യാറാക്കിയത്: റോസ് മരിയ വിന്‍സെന്റ്
കടപ്പാട്:
ഡോ. ഗംഗാ കൈലാസ്
കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്
ആലപ്പുഴ
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi