എനിക്കു വിയർക്കാനിഷ്ടമാണ്, ആളുകൾ എന്തിനാണ് അസ്വസ്ഥരാകുന്നതെന്നറിയില്ല-ഭൂമി

ജിമ്മിൽ വർക്കൗട്ട് ചെയ്യുമ്പോഴും അല്ലാത്തപ്പോഴും നന്നായി വിയർക്കാൻ തനിക്കിഷ്ടമാണെന്ന് പറയുകയാണ് ബോളിവുഡ് താരം ഭൂമി പഡ്നേകർ. ശരീരഭാരം നന്നായി കുറച്ചതിൻ്റെ പേരിൽ ഭൂമി നേരത്തേ വാർത്തകളിൽ ഇടംനേടിയിരുന്നു. വർക്കൗട്ടിനും ഭക്ഷണക്രമത്തിനും വളരെ പ്രാധാന്യം നൽകുന്ന വ്യക്തികൂടിയാണവർ.
"വിയർക്കുന്നത് ഇഷ്ടമാണ്. വർക്ക്ഔട്ട് ചെയ്യുമ്പോൾ ഞാൻ വിയർക്കുന്നില്ലെങ്കിൽ, എന്തോ പ്രശ്നമുണ്ടെന്ന് എനിക്ക് തോന്നും. വിയർക്കുന്നതിനെ ആളുകൾ ഭയപ്പെടരുത്, കാരണം അത് നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷാംശം നീക്കം ചെയ്യുന്ന പ്രക്രിയയാണ്. എൻ്റെ വർക്ക്ഔട്ടിന് ശേഷം, മുഖക്കുരു വരാതിരിക്കാൻ ഞാൻ മുഖം കഴുകാറുണ്ട്."-അവർ പറഞ്ഞു.
വിയർക്കുന്നത് ശരീര താപനില നിലനിർത്താനും രക്തചംക്രമണം മെച്ചപ്പെടുത്താനും വിഷവസ്തുക്കളെ നീക്കം ചെയ്യാനും ചർമ്മത്തിന് സ്വാഭാവികതിളക്കം നൽകാനും സഹായിക്കുന്നുവെന്നത് തെളിയിക്കപ്പെട്ടതാണ്.
വിയർക്കുന്നതിന്റെ മറ്റ് ഗുണങ്ങളറിയാം.
- പരിസ്ഥിതി മലിനീകരണം, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയിലൂടെ നമ്മുടെ ശരീരത്തിലേക്ക് വിഷാംശങ്ങളെത്തുന്നുണ്ട്. അവയെല്ലാം വിയർപ്പിലൂടെ പുറത്തുപോകും.
- ശരീരത്തിൽ നിന്ന് ബാക്ടീരിയകളും വിഷവസ്തുക്കളും നിരന്തരം നീക്കം ചെയ്യപ്പെടുന്നതിനാൽ, വിയർക്കുന്നത് ചർമം തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു. ചർമത്തിലെ സുഷിരങ്ങളിൽ നിന്ന് മാലിന്യങ്ങൾ പുറന്തള്ളപ്പെടുന്നതിനാൽ മുഖക്കുരുവും മറ്റ് ചർമപ്രശ്നങ്ങളും തടയുകയും ചെയ്യാം.
- വിയർക്കുമ്പോൾ ചർമത്തിലേക്കുള്ള രക്തയോട്ടം വർധിക്കും, ആരോഗ്യമുള്ള ചർമത്തിനാവശ്യമായ ഓക്സിജനും പോഷകങ്ങളും നൽകുന്നു.
- കൊളാജൻ ഉത്പാദിപ്പിക്കപ്പെടുന്നു, അത് ചർമത്തിന്റെ ഇലാസ്തികതയും ദൃഢതയും നിലനിർത്തുന്നു.
- വിയർക്കുന്നത് ചർമത്തിലെ പിഎച്ച് നില സന്തുലിതമായി നിലനിർത്താനും സഹായിക്കുന്നു.
- ശരീരത്തിലെ അധിക കൊഴുപ്പ് നീക്കം ചെയ്യാൻ വിയർക്കേണ്ടത് അത്യാവശ്യമാണ്.
- വ്യായാമം ചെയ്ത് വിയർക്കുന്നത് ശാരീരിക ആരോഗ്യത്തിനൊപ്പം മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.
- നല്ല ഉറക്കത്തിന് സഹായിക്കുന്നു.
- ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi