കൊളസ്ട്രോള്‍ കുറയ്ക്കും, പ്രമേഹരോഗികള്‍ക്കും കഴിക്കാം, കിവിക്ക് ഗുണങ്ങളേറെ

ദീര്‍ഘചതുരാകൃതിയിലുള്ളതും സപ്പോട്ടയുടെ തൊലിയോട് സാമ്യമുള്ളുമായ പഴമാണ് കിവി. ചിലി, ഇറാന്, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുമാണ് നമ്മുടെ നാട്ടില്‍ കിവി എത്തുന്നത്.
- അല്പം പുളിരുചിയുള്ള ഇത് പച്ചയ്ക്ക് കഴിക്കാം. ചെറുചവര്പ്പുരസം കാരണം തൊലി ഒഴിവാക്കിയാണ് പൊതുവെ കഴിക്കാറുള്ളത്. എന്നാല്‍ തൊലിയും കുരുവും ഭക്ഷ്യയോഗ്യമാണ്.
- 100 ഗ്രാം കിവിയില്‍ ഏകദേശം 61 കലോറി ഊര്‍ജം, 1.1 ഗ്രാം മാംസ്യം, 15 ഗ്രാം അന്നജം, 3 ഗ്രാം നാരുകള്‍, 3 മില്ലിഗ്രാം സോഡിയം കൂടാതെ പൊട്ടാസ്യം, ജീവകം സി എന്നിവയുണ്ട്.
- ആന്റി ഓക്സിഡന്റുകളായ വിറ്റാമിന്‍- ഇ, കോളിന്, ല്യൂട്ടിന്‍, സിയാക്സാന്തിന്‍, പോളിഫിനോള്‍സ്, കരോട്ടിനോയ്ഡുകള്‍ തുടങ്ങിയവയും ഫോളിക് ആസിഡ്, കാല്‍സ്യം, കോപ്പര്‍, ഇരുമ്പ്, സിങ്ക് എന്നിവയും ധാരാളമുണ്ട്.
- ഇതിലെ നാരുകള്‍ മോശം കൊളസ്ട്രോള്‍ ആയ എല്‍.ഡി.എല്‍. കുറയ്ക്കുകയും ഹൃദ്രോഗസാധ്യത തടയുകയും ചെയ്യും. ദഹനം എളുപ്പമാക്കാനും മലബന്ധം തടയാനും നാരുകള്‍ സഹായിക്കും. കൂടാതെ നല്ല ബാക്ടീരിയകളെ നിലനിര്‍ത്തി കുടലിന്റെ ആരോഗ്യം ഉറപ്പുവരുത്തുകയും ചെയ്യുന്നു.
- കിവിയിലെ വിറ്റാമിന്‍-ഇയും സിയും ചേര്‍ന്ന് തലയിലേക്കുള്ള രക്തയോട്ടം സുഗമമാക്കുകയും മുടിവളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
- നേന്ത്രപ്പഴത്തിലുള്ളതിനേക്കാള് പൊട്ടാസ്യം കിവിയിലുണ്ട്. ഇത് രക്തസമ്മര്‍ദം കുറച്ച് ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
- വിറ്റാമിന്‍-കെ ധാരാളമുള്ള കിവി കഴിക്കുന്നത് രക്തം കട്ടപിടിക്കുന്ന ത് തടയും.
- ഉറക്കം ക്രമപ്പെടുത്തുന്നതിനും ഗര്‍ഭകാലത്തെ വിഷാദവും മാനസികസമ്മര്‍ദവും കുറയ്ക്കാന്‍ കിവി സഹായിക്കും.
- കിവിയിലെ കരോട്ടിനോയിഡുകളും വിറ്റാമിന്‍-സിയും കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
- ഗ്ലൈസിമിക് ഇന്‍ഡക്സ് കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്കും കഴിക്കാം.
- ലാറ്റക്സ് ഫുഡ് അലര്‍ജി ഉള്ളവരില്‍ കിവി പ്രശ്ങ്ങള്‍ ഉണ്ടാക്കിയേക്കാം. വിറ്റാമിന്‍-സി ധാരാളം അടങ്ങിയതിനാല്‍ ആസ്പിരിന്‍ തുടങ്ങിയ മരുന്നുകളുമായി പ്രതിപ്രവര്‍ത്തിക്കാനും സാധ്യതയുണ്ട്.
ഓറഞ്ചിനേക്കാള്‍ വിറ്റാമിന്‍ സി
ഓറഞ്ചിലുള്ളതിനേക്കാള്‍ ഇരട്ടി വിറ്റാമിന്‍-സി കിവിയിലുണ്ട്. പ്രതിരോധ വ്യവസ്ഥ ശക്തിപ്പെടുത്തി രോഗങ്ങളെ ചെറുക്കുന്നതിനും ചര്‍മത്തിന്റെ ആരോഗ്യത്തിനും മുറിവുണക്കാനും വിറ്റാമിന്‍ സി സഹായിക്കും. കുട്ടികളില്‍ ആസ്ത്മയുടെ ലക്ഷണങ്ങള്‍ മയപ്പെടുത്താനും നല്ലതാണ്.
കടപ്പാട്
ഉഷ മധുസൂദനന്
സീനിയര്‍ ഡയറ്റീഷ്യന്
അല്‍മാസ് ഹോസ്പിറ്റല്‍
കോട്ടക്കല്‍
Content Highlights: health benefits of kiwi fruit