ഡാര്‍ക്ക് ചോക്ലേറ്റ് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും; ദഹനവും മെറ്റബോളിസവും വര്‍ധിപ്പിക്കും

പഞ്ചസാര, പാല്‍, കൊക്കോബട്ടര്‍ എന്നിവയാണ് മില്‍ക്ക് ചോക്ലേറ്റുകളിലെ പ്രധാനികള്‍. എന്നാല്‍ ഡാര്‍ക്ക് ചോക്ലേറ്റില്‍ 90 ശതമാനത്തോളം കൊക്കോ സോളിഡുകള്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ചെറുകയ്പുണ്ടെങ്കിലും ധാരാളം ഗുണങ്ങള്‍ അടങ്ങിയതാണ് ഡാര്‍ക്ക് ചോക്ലേറ്റ്.
- ഇരുമ്പ്, കോപ്പര്‍, മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ്, ഫ്‌ളേവനോയ്ഡ് എന്നിവ അടങ്ങിയതാണ് ഡാര്‍ക്ക് ചോക്ലേറ്റ്.
- കൊക്കോയിലെ ഫ്‌ളേവനോയ്ഡുകള്‍ രക്തചംക്രമണം മെച്ചപ്പെടുത്താനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തെ മികച്ചതാക്കാനും സഹായിക്കുന്നു.
- ഈ ഫ്‌ളേവനോയ്ഡുകള്‍ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി വര്‍ധിപ്പിക്കുന്നതായും ദീര്‍ഘനാളത്തെ മിതമായ ഉപയോഗം പ്രമേഹ സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതായും പഠനങ്ങള്‍ പറയുന്നു.
- ഡാര്‍ക്ക് ചോക്ലേറ്റിലെ ഫ്‌ളേവനോയ്ഡുകള്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്‌ട്രോളിന്റെ നില വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
- ഇതിലെ ഫ്‌ളേവനോള്‍സ്, പോളിഫിനോള്‍സ് എന്നിവയ്ക്ക് ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കാനും ഓക്‌സിഡേറ്റിവ് സ്‌ട്രെസ് കുറയ്ക്കാനും കഴിയും. അതുകൊണ്ടുതന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
- ഡാര്‍ക്ക് ചോക്ലേറ്റിലെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. വാതരോഗം, പ്രമേഹം എന്നീ രോഗാവസ്ഥകളില്‍ ഈ ഗുണങ്ങള്‍ പ്രയോജനകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
- ദഹനവും മെറ്റബോളിസവും വര്‍ധിപ്പിക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റിലെ ആന്റി ഓക്‌സിഡന്റുകള്‍, ഫ്‌ളേവനോയ്ഡുകള്‍, അപൂരിത കൊഴുപ്പുകള്‍ എന്നിവ സഹായിക്കും.
- ഡാര്‍ക്ക് ചോക്ലേറ്റുകള്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനം നിയന്ത്രിക്കുകയും അതുവഴി വയര്‍ നിറഞ്ഞ തോന്നല്‍ ഉളവാക്കുകയും ചെയ്യും.
- മാനസിക സമ്മര്‍ദം, പിരിമുറുക്കം തുടങ്ങിയവ ഒരുപരിധിവരെ കുറയ്ക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റുകള്‍ സഹായകരമാണ്.
- ഫ്‌ളവനോയ്ഡുകള്‍ തലച്ചോറിലെ ന്യൂറോണുകളെ സംരക്ഷിക്കുന്നു. ഇവ ഓര്‍മശക്തിക്ക് ഗുണകരമായതിനാല്‍ കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്.
- തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഡാര്‍ക്ക് ചോക്ലേറ്റിന്റെ സ്ഥിരമായുള്ള ഉപയോഗം സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
- വയറിലെ ഗുണകരമായ സൂക്ഷ്മജീവികളെ സംരക്ഷിക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതുവഴി കഴിയും.
കൊഴുപ്പുണ്ട്, കരുതണം
ഉയര്‍ന്ന അളവില്‍ ആന്റി ഓക്‌സിഡന്റും ധാതുലവണങ്ങളും കുറഞ്ഞ പഞ്ചസാരയുമാണ് ഡാര്‍ക്ക് ചോക്ലേറ്റിനെ വ്യത്യസ്തമാക്കുന്നത്. എങ്കിലും കൊഴുപ്പുകളും ഊര്‍ജനിലയും അല്പം ഉയര്‍ന്ന അളവിലുണ്ട്. അതുകൊണ്ടുതന്നെ ദിവസം 20-30 ഗ്രാം വരെ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.
(റീന രാജേഷ്, സീനിയര്‍ ഡയറ്റീഷ്യന്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍, തലശ്ശേരി)
Content Highlights: health benefit of dark chocolate decrease blood pressure