വിട്ടുമാറാത്ത ശരീരവേദനയുമായി ജീവിക്കുന്ന ധാരാളം സ്ത്രീകള്‍ നമുക്കിടയിലുണ്ട്. പല ചികിത്സകള്‍ ചെയ്തിട്ടും ശരിയായ ഫലം ലഭിക്കാതെ 'മനസ്സിന്റെ തോന്നലാണ്' എന്ന വിലയിരുത്തലില്‍ ശിഷ്ടകാലം വേദന സഹിച്ച് ജീവിക്കുന്നവരായിരിക്കും ഇതില്‍ ധാരാളം ആളുകള്‍. ഇവരില്‍ പലര്‍ക്കും ഫൈബ്രോമയാള്‍ജിയ എന്ന രോഗാവസ്ഥയാകുവാനുള്ള സാധ്യത കൂടുതലാണ്. രോഗം തിരിച്ചറിയാനെടുക്കുന്ന ബുദ്ധിമുട്ടാണ് ചികിത്സയിലെ പ്രധാന വെല്ലുവിളി. രോഗത്തിന്റെ ലക്ഷണം വേദനയാണെങ്കിലും സാധാരണ പരിശോധനകളിലൊന്നും രോഗത്തിന്റെ സാന്നിധ്യം പ്രത്യക്ഷപ്പെടാറില്ല. അതുകൊണ്ട് തന്നെ തെറ്റായ മരുന്നും വേദന സംഹാരികളുമെല്ലാം കഴിച്ച് ആശ്വാസം 'പ്രതീക്ഷിച്ച്' ഇവര്‍ ജീവിക്കേണ്ടി വരുന്നു. 

To advertise here,

ഫൈബ്രോമയാള്‍ജിയയുടെ വേദന ശരീരത്തിന്റെ ഏതെങ്കിലും നിശ്ചിതമായ ഭാഗത്ത് നിന്ന് മാത്രമായി പ്രത്യക്ഷപ്പെടുന്നതായിരിക്കില്ല എന്നതാണ് പ്രധാന പ്രത്യേകത. ഇരിക്കുമ്പോള്‍ വേദന, നില്‍ക്കുമ്പോള്‍ വേദന, നടക്കുമ്പോള്‍ വേദന, കിടക്കുമ്പോള്‍ വേദന, പല്ല് തേക്കുമ്പോള്‍ വേദന, ഭക്ഷണം കഴിക്കുമ്പോള്‍ വേദന, ഉറങ്ങാന്‍ സാധിക്കാത്ത അവസ്ഥ, അങ്ങനെയങ്ങനെ നൂറ് കണക്കിന് ആവലാതികളാണ് രോഗികള്‍ അനുഭവിക്കുന്നത്. രോഗിയുടെ ആവലാതികള്‍ സ്ഥിരമായി കേള്‍ക്കുന്ന ബന്ധുക്കളെ സംബന്ധിച്ച് ഇത് രോഗിയുടെ തോന്നല്‍ മാത്രമാണ് എന്ന വിധിയെഴുതലിനാണ് സാധ്യത കൂടുതല്‍.

എന്താണ് ഫൈബ്രോമയാള്‍ജിയ?
ന്യൂറോകെമിക്കല്‍ സംബന്ധമായ ഒരു തരം അസന്തുലിതാവസ്ഥയാണ് ഫൈബ്രോമയാള്‍ജിയ. വേദനതന്നെയാണ് ലക്ഷണം. ശരീരത്തിലെവിടെയും വേദന അനുഭവപ്പെടാമെന്നതാണ് പ്രത്യേകത. ദീര്‍ഘകാലം വേദന സഹിക്കുന്നത് മൂലം ഉറക്കം നഷ്ടപ്പെടാനും വിഷാദരോഗിയായി മാറുവാനുമെല്ലാമുള്ള സാധ്യത കൂടുതലാണ്. വേദനയ്ക്ക് പുറമെ ശരീരം ക്ഷീണിക്കുന്നത് മറ്റൊരു ലക്ഷണമാണ്. സന്ധികളിലെ വഴക്കം നഷ്ടപ്പെടുക, ഭക്ഷണവും മറ്റും വിഴുങ്ങാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, മലവിസര്‍ജ്ജനത്തിന് ബുദ്ധിമുട്ടനുഭവപ്പെടുക, തരിപ്പും മരവിപ്പും ഉണ്ടാവുക, ശ്രദ്ധക്കുറവ്, സന്ധികളിലെ സംവേദനക്ഷമതയില്‍ കുറവനുഭവപ്പെടുക തുടങ്ങിയവയും ഫൈബ്രോമയാള്‍ജിയയുടെ മറ്റ് ലക്ഷണങ്ങളാണ്. 

സാധാരണ രക്തപരിശോധനകളിലൂടെ രോഗനിര്‍ണ്ണയം എളുപ്പത്തില്‍ നടത്താന്‍ സാധിക്കില്ല. എക്സ്-റെ, സ്‌കാനിങ് തുടങ്ങിയവയിലും രോഗത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ സാധിച്ചെന്ന് വരില്ല. പരിശോധനകളിലൂടെ രക്തവാതമല്ല രോഗം എന്ന് തിരിച്ചറിയുകയാണ് പ്രധാനം. ഫൈബ്രോമയാള്‍ജിയ നിര്‍ണ്ണയിക്കുവാന്‍ പ്രത്യേക സ്‌കോറിങ് സിസ്റ്റത്തെയാണ് ആശ്രയിക്കുന്നത്. വേദനയുടെ സൂചികയെയും രോഗലക്ഷണങ്ങളുടെ തീവ്രതയെയും അടിസ്ഥാനപ്പെടുത്തിയാണ് സ്‌കോറിങ് നിര്‍ണ്ണയിക്കുന്നത്. മൂന്ന് മാസത്തിലധികം നീണ്ടുനില്‍ക്കുന്ന തുടര്‍ച്ചയായ വേദന, കഴുത്ത്, തോള്‍, നെഞ്ച് ഇടുപ്പ്, കൈമുട്ട്, കാല്‍മുട്ട് എന്നിവ ഉള്‍പ്പെടെയുള്ള 18 ടെണ്ടര്‍ പോയിന്റുകളില്‍ കുറഞ്ഞത് 11 എണ്ണത്തില്‍ വേദന തുടങ്ങിയവയെല്ലാം അടിസ്ഥാനമാക്കിയാണ് സ്‌കോറിങ് തീരുമാനിക്കുന്നത്. 

ചികിത്സ
മുന്‍കാലങ്ങളില്‍ ഫൈബ്രോമയാള്‍ജിയയ്ക്ക് ഫലപ്രദമായ ചികിത്സയില്ലായിരുന്നു എന്നത് യഥാര്‍ത്ഥ്യമാണ്. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയില്‍ ഈ രോഗാവസ്ഥയെയും പ്രതിരോധിച്ച് രോഗിക്ക് ആശ്വാസകരമായ ജീവിതം നിലനിര്‍ത്താന്‍ സാധിക്കുന്നതിന് സഹായിക്കുന്ന സാഹചര്യം വന്നുചേര്‍ന്നിട്ടുണ്ട്. മരുന്നും ഫിസിയോതെറാപ്പിയുമെല്ലാം സമന്വയിക്കുന്ന രീതിയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. റുമറ്റോളജി എന്ന വാതരോഗ ചികിത്സാവിഭാഗമാണ് ഇതില്‍ പ്രധാനപങ്ക് വഹിക്കുന്നത്. മരുന്നിനും ഫിസിയോതെറാപ്പിക്കും പുറമെ ജീവിതശൈലികളിലെ മാറ്റവും പ്രധാനപങ്ക് വഹിക്കുന്നുണ്ട്. കാര്‍ബോഹൈഡ്രേറ്റിന്റെ ഉയര്‍ന്ന അളവിലുള്ള ഉപയോഗം നിയന്ത്രിക്കുക, ഉയര്‍ന്ന അളവില്‍ റെഡ് മീറ്റ് കഴിക്കുന്നത് ഒഴിവാക്കുക, കോള പാനീയങ്ങള്‍ തീര്‍ത്തും ഉപേക്ഷിക്കുക തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.