അലര്‍ജിയുള്ളവരേ..മുടി കറുപ്പിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ

മുടി കറുപ്പിക്കുന്നതും പല നിറങ്ങള്‍ നല്‍കുന്നതും സ്റ്റൈല്‍ ട്രെന്‍ഡിന്റെ ഭാഗമാണ്. എന്നാല്‍ 'കറുക്കാന്‍ തേച്ചത് പാണ്ടാകുന്ന' ചിലരുണ്ട്, അലര്‍ജിയുള്ളവര്‍. ഇക്കാര്യം തിരിച്ചറിയാതെ മുടി കറുപ്പിക്കുകയും ഗുരുതരമായ പ്രയാസങ്ങള്‍ നേരിടുകയും ചെയ്യുന്നവര്‍ നിരവധിയാണ്. ഇനിയതു വേണ്ട, മുടി കറുപ്പിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ അറിഞ്ഞാല്‍ മതി.
പി.പി.ഡി.എന്ന വില്ലന്‍
ഒട്ടുമിക്ക ഹെയര്‍ഡൈകളിലും കാണുന്ന പാരഫിനെയ്ല്‍ ഡയാമിന്‍ എന്ന പി.പി.ഡി.ആണ് അപകടകാരി. നിശ്ചിത അളവിലുള്ള പി.പി.ഡി. സുരക്ഷിതമാണ്. എന്നാല്‍ ചിലരില്‍ ഇവ ഗുരുതരമായ പ്രയാസങ്ങള്‍ക്ക് ഇടയാക്കിയേക്കാം.
കറുപ്പിക്കും മുന്‍പ്
- മുടി കറുപ്പിക്കുന്നതിന് മുന്‍പ് രണ്ട് കൈകളിലും ഗ്ലൗ ധരിക്കണം.
- നിശ്ചിത സമയത്തില്‍കൂടുതല്‍ ഡൈ തലയില്‍ വയ്ക്കരുത്.
- ഡൈ പുരട്ടിയശേഷം തല നന്നായി കഴുകണം. മാത്രമല്ല ഹെയര്‍ഡൈയുടെ പായ്ക്കറ്റില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും വേണം.
ഇവയാണ് ലക്ഷണങ്ങള്‍
ഡൈ അലര്‍ജിക്ക് ഇടയാക്കുന്നുണ്ടോ എന്ന് ഈ ലക്ഷണങ്ങളിലൂടെ അറിയാം.
- ഡൈ പുരട്ടി ദിവസങ്ങള്‍ക്കുള്ളില്‍ ശരീരത്തില്‍ ചെറിയ ചുവന്ന തടിപ്പുകള്‍ കണ്ടുതുടങ്ങും. നെറ്റിയിലും കണ്‍പോളകളിലും കഴുത്തിലുമെല്ലാമാണ് ഇത് പ്രത്യക്ഷപ്പെടുക.
- ശരീരം മുഴുവന്‍ ചുവപ്പുവരികയും ശ്വാസംമുട്ടല്‍, രക്തസമ്മര്‍ദം താഴ്ന്നുപോവുക എന്നീ അസ്വസ്ഥതകള്‍ കാണുകയും ചെയ്താല്‍ അലര്‍ജി തീവ്രമാണ് എന്ന് മനസ്സിലാക്കാം. ഉടന്‍ തന്നെ വൈദ്യപരിശോധനയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് പോകണം.
പാച്ച് ടെസ്റ്റ് ചെയ്യാം
ഹെയര്‍ഡൈ മൂലം അപകടം ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കാനായി പാച്ച് ടെസ്റ്റ് ചെയ്യാവുന്നതാണ്. ഇതിനായി ചെറിയ അളവില്‍ ഡൈ എടുത്ത് ചെവിയുടെ പിറകിലോ കക്ഷത്തോട് ചേര്‍ന്ന ഉള്‍ഭാഗത്തോ പുരട്ടാം. ഉണങ്ങുന്നതുവരെ കാത്തിരിക്കാം. പ്രയാസങ്ങള്‍ ഒന്നും അനുഭവപ്പെടുന്നില്ലെങ്കില്‍ തലയില്‍ പുരട്ടാം. ഓരോ തവണ ഡൈ ചെയ്യുന്നതിന് മുന്‍പും ഈ ടെസ്റ്റ് ചെയ്തുനോക്കാവുന്നതാണ്.
Content Highlights: hair dye and its side effects