പ്രതിസന്ധികളിൽ നിന്ന് രക്ഷനേടാൻ ജെൻസിയുടെ ‘ബാത്ത്‌റൂം ക്യാമ്പിങ്ങ്’

പ്രതീകാത്മക ചിത്രം, (AI)
പ്രതീകാത്മക ചിത്രം, (AI)

ബാത്ത്റൂമിലിരുന്ന് ഫോണ്‍ നോക്കുന്നശീലമുള്ളവരാണ് കൂടുതല്‍പ്പേരും. എന്നാല്‍ ഈ ശീലത്തിന് പുതിയ ഭാവം കൊണ്ടുവന്നിരിക്കുകയാണ് ജെൻസികള്‍. പത്യേകിച്ച് ഒന്നും ചെയ്യാതെ മണിക്കൂറുകള്‍ ബാത്ത്‌റൂമില്‍ ചെലവഴിക്കുന്നവരാണിവര്‍. 'ബാത്ത്‌റൂം ക്യാമ്പിങ്ങ്'എന്ന് വിളിക്കുന്ന ഈ പ്രവണത ഇന്റര്‍നെറ്റിലെയും ടിക്ക് ടോക്കിലെയും വൈറല്‍ ട്രെന്‍ഡാണ്.

ചിലര്‍ സമ്മര്‍ദ്ദം കുറയ്ക്കാൻ ചായയോ പുകവലിയോ ശീലമാക്കുന്നതുപോലെ ജെൻസികൾ  ബാത്ത്‌റൂമിലേക്ക് പിന്‍വാങ്ങുന്നു. മറ്റുള്ളവര്‍ക്ക് കടന്നുചെല്ലാൻ കഴിയാത്ത സ്ഥലങ്ങളാണ് ബാത്ത്റൂമുകൾ. അതിനാല്‍ അവ തൊഴില്‍പരവും സാമൂഹിക സമ്മര്‍ദ്ദങ്ങളില്‍ നിന്നുമുള്ള സുരക്ഷിത ഇടങ്ങളായി മാറുന്നു. 

പ്രഥമിക ആവശ്യത്തിനുമാത്രം ഉപയോഗിച്ചിരുന്ന ബാത്ത്‌റൂം ഒറ്റയ്ക്ക് സമയം ചെലവഴിക്കാനും സ്വയം റീചാര്‍ജ് ചെയ്യാനുമുള്ള ഇടമായാണ് ജെൻസി കണക്കാക്കുന്നത്. ഈ ബാത്ത്‌റൂം ക്യാമ്പിങ് രീതി ഒരു രക്ഷപ്പെടലാണ്. ഒരു ടോയ്ലറ്റ് ബ്രേക്കിനേക്കാള്‍ കൂടുതല്‍ പലര്‍ക്കും, ബാത്ത്‌റൂം മാത്രമാണ് പൂര്‍ണ്ണമായും ഏകാന്തത അനുഭവപ്പെടുന്ന ഒരേയൊരു സ്ഥലം. അവിടെ ആവശ്യങ്ങളോ ഉപദേശങ്ങളോ വിധിന്യായങ്ങളോ ഇല്ല. പാര്‍ട്ടിയിലായാലും വീട്ടിലായാലും ഒന്നു റിഫ്രഷ് ചെയ്യാന്‍ ബാത്ത്‌റൂമില്‍ പോകാം. അവിടെ ഞാന്‍ മാത്രമാകുന്ന ഒരു ലോകമാണ്. ഇതിനെ മെന്റല്‍ ഡീടോക്‌സ് എന്ന് വിളിക്കുന്നു. ഇങ്ങനെ ബാത്ത്‌റും സമയത്തെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമായി ഉപയോഗിക്കാം.

ദി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഈ പ്രവണത ആയിരക്കണക്കിന് ആളുകളില്‍ പ്രകടമാണ്. പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ്സ് ഡിസോഡര്‍, ആള്‍ക്കൂട്ടത്തെ അഭിമുഖികരിക്കാനുള്ള ഭയം, പാനിക് അറ്റാക്ക് എന്നിവയിൽ നിന്ന് രക്ഷപ്പെടാൻ ഇത് സഹായിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട് . മാനസിക സമര്‍ദമുള്ള സമയങ്ങളില്‍ ബെഡ്‌റൂമില്‍ ഇരിക്കുന്നതിനേക്കാള്‍ ഇത് ഉപകരിക്കുമെന്നും പഠനം പറയുന്നു.

ക്ഷീണിപ്പിക്കുന്ന ദൈനംദിന ജോലികള്‍ സ്വകാര്യ സങ്കേതങ്ങള്‍ക്കായുള്ള ആവശ്യം വര്‍ധിപ്പിക്കുകയാണ്.  വിചിത്രമായ ഇത്തരം ശൈലികള്‍ മാനസികമായി ആശ്വാസം നല്‍കിയേക്കാമെങ്കിലും, ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

എന്നാൽ ഇത് ജെൻസിയുടെ മാത്രം പ്രവണതയല്ലെന്നും മറ്റുചിലർ പറയുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Gen Z turns bathroom breaks into "bathroom camping," a viral trend for stress relief and alone time