70-ാം വയസ്സിലും 30-കളിൽ ഉള്ളവരെക്കാൾ ഫിറ്റായ സ്ത്രീ പറയുന്നു; ഭാവി മികച്ചതാക്കാൻ ശീലിക്കേണ്ട കാര്യങ്ങൾ

പ്രായം കേവലം ഒരു സംഖ്യ മാത്രമാണെന്ന് തെളിയിക്കുകയാണ് 70-കാരിയായ കാരി സിസൺ. ഈ പ്രായത്തിലും മസിലുകൾ കാട്ടി, ഭാരമേറിയ ബാർബെല്ലുകൾ വളരെ നിസ്സാരമായി ഉയർത്തുന്ന കാരിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫിറ്റ്നസ് കണ്ടന്റ് ക്രിയേറ്ററും ഡിസൈനറുമായ കാരി, തൻ്റെ ശരീരസൗന്ദര്യവും ഊർജ്ജസ്വലതയും നിലനിർത്താൻ സഹായിച്ച പ്രധാനപ്പെട്ട കാര്യങ്ങൾ പങ്കുവെക്കുകയാണ്.
30 മുതൽ 60 വയസ്സ് വരെയുള്ളവർക്ക് ഭാവിയിൽ ആരോഗ്യത്തോടെയിരിക്കാൻ കാരി നിർദ്ദേശിക്കുന്ന കാര്യങ്ങളിവയാണ്.
പേശീബലം
ശരീരഭാരം കുറയ്ക്കുന്നതിനേക്കാൾ, നിങ്ങൾക്ക് എത്രത്തോളം ഭാരം ഉയർത്താൻ കഴിയുന്നു എന്നതിനാണ് പ്രാധാന്യം. ചെറിയ ജീൻസുകളിൽ ഒതുങ്ങുന്നതിനേക്കാൾ ഭാവിക്ക് തണലാകുന്നത് നിങ്ങളുടെ പേശീബലമാണ്. വാർദ്ധക്യകാലത്ത് നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ 'ഇൻഷുറൻസ് പോളിസി'യാണ് മസിലുകൾ. പ്രായമാകുമ്പോൾ ഉണ്ടാകുന്ന വീഴ്ചകളും പരിക്കുകളും തടയാൻ സ്ട്രെങ്ത് ട്രെയിനിങ് അത്യന്താപേക്ഷിതമാണന്ന് അവർ പറയുന്നു.
കാർഡിയോ മാത്രമല്ല
കേവലം കലോറി എരിച്ചുകളയുന്ന കാർഡിയോ വ്യായാമങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുന്ന രീതി അവസാനിപ്പിക്കുക. സാധനങ്ങൾ സ്വയം എടുത്തുയർത്തുക, തറയിലിരുന്ന് തനിയെ എഴുന്നേൽക്കുക, പടികൾ കയറുക, പേരക്കുട്ടികളെ എടുത്തുയർത്തുക എന്നിവ സാധ്യമാക്കുന്ന ഫങ്ഷണൽ ഫിറ്റ്നസാണ് പ്രധാനം.
പ്രായത്തിന്റെ പേരിൽ സ്വയം പരിമിതപ്പെടുത്താതിരിക്കുക
സമൂഹം പ്രായത്തിന് കല്പിച്ചുനൽകിയിട്ടുള്ള നിയമങ്ങളിൽ തളച്ചിടപ്പെടാൻ നിൽക്കരുത്. "നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കുക, പുതിയ കാര്യങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തുനോക്കുക. 70 വയസ്സിൽ എങ്ങനെ ജീവിക്കണമെന്ന് സമൂഹം നിശ്ചയിച്ച ചട്ടക്കൂടുകൾ നിങ്ങൾ പിന്തുടരേണ്ടതില്ല," കാരി വ്യക്തമാക്കുന്നു.
മാനസികാരോഗ്യവും പ്രധാനം
ശരീരത്തിൽ എന്ത് നൽകുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് മനസ്സിലേക്ക് എന്തെടുക്കുന്നു എന്നതും. നമ്മൾ സഹവസിക്കുന്ന ആളുകൾ, ചിന്തകൾ, ശ്രദ്ധ നൽകുന്ന കാര്യങ്ങൾ എന്നിവയെല്ലാം നമ്മുടെ ജീവിത നിലവാരത്തെ സ്വാധീനിക്കും.
ശാസ്ത്രം പറയുന്നത്
ലോകാരോഗ്യ സംഘടനയുടെ (WHO) നിർദ്ദേശപ്രകാരം 65 വയസ്സിന് മുകളിലുള്ളവർ ആഴ്ചയിൽ കുറഞ്ഞത് 2 ദിവസങ്കിലും മസിൽ സ്ട്രെങ്തനിങ് (Muscle-strengthening) വ്യായാമങ്ങളിൽ ഏർപ്പെടേണ്ടതുണ്ട്. കൂടാതെ 150 മുതൽ 300 മിനിറ്റ് വരെ മിതമായ രീതിയിലുള്ള എയ്റോബിക് വ്യായാമങ്ങളും ചെയ്യുന്നത് പ്രായമാകുമ്പോഴുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ തടയാൻ സഹായിക്കും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Prioritize muscle strength and weightlifting over mere weight loss as an insurance policy for old age., Focus on functional fitness that helps with daily activities rather than just calorie-burning cardio., Do not limit yourself based on age stereotypes and societal rules regarding lifestyle and clothing., Mental health, positive thoughts, and supportive company are crucial for overall life quality., WHO guidelines recommend muscle-strengthening exercises at least twice a week for adults over 65.