‘നിങ്ങളുടെ മകന് ക്യാൻസർ ആണെന്ന് ഡോക്ടർ പറഞ്ഞു, അതിനുശേഷം എന്റെ ലോകം കീഴ്മേൽ മറിഞ്ഞു’

ഇമ്രാൻ ഹാഷ്മിയുടെ ഏറ്റവും പുതിയ റിലീസായ 'തസ്‌കരി' വലിയ വിജയമായതോടെ താരം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇതിനിടയിൽ, 2014-ൽ തന്റെ മകൻ അയാന്, ക്യാൻസർ സ്ഥിരീകരിച്ചപ്പോൾ ഉണ്ടായ ഏറ്റവും വേദനാജനകമായ നിമിഷങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ച പഴയ അഭിമുഖം വീണ്ടും ചർച്ചയാകുന്നു. ഈ അനുഭവം തന്റെ കരിയറിനേക്കാൾ ഉപരി പിതൃത്വത്തിന് മുൻഗണന നൽകാൻ തന്നെ എങ്ങനെ പ്രേരിപ്പിച്ചു എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.
"എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടം 2014-ൽ മകന് സുഖമില്ലാതായപ്പോഴാണ്. ആ ഘട്ടം എന്തായിരുന്നുവെന്ന് വാക്കുകളാൽ വിവരിക്കാൻ പോലും എനിക്ക് കഴിയില്ല. അത് അഞ്ച് വർഷത്തോളം നീണ്ടുനിന്നു. ഒരു ഉച്ചനേരം കൊണ്ട് എന്റെ ജീവിതം മാറിമറിഞ്ഞു. ജനുവരി 13-ന് ഞങ്ങൾ ബ്രഞ്ചിന് പോയി. മകനോടൊപ്പം പിസ്സ കഴിക്കുകയായിരുന്നു. അവിടെ വെച്ചാണ് ആദ്യ ലക്ഷണം കണ്ടത്. അവന്റെ മൂത്രത്തിൽ രക്തം കലർന്നിരുന്നു" രൺവീർ അല്ലാബാദിയയുമായുള്ള സംഭാഷണത്തിൽ ഇമ്രാൻ പറഞ്ഞു.
"അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഞങ്ങൾ ഡോക്ടറുടെ ക്ലിനിക്കിലെത്തി. നിങ്ങളുടെ മകന് ക്യാൻസർ ആണെന്ന് ഡോക്ടർ പറഞ്ഞു. അടുത്ത ദിവസം തന്നെ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റി ശസ്ത്രക്രിയ നടത്തണം. അതിനുശേഷം കീമോതെറാപ്പി ചെയ്യണം. വെറും 12 മണിക്കൂറിനുള്ളിൽ എന്റെ ലോകം കീഴ്മേൽ മറിഞ്ഞു."
"ജീവിതത്തിന്റെ ഏറ്റവും ഉയർന്ന നിലയിലാണെന്നും എല്ലാം നിയന്ത്രണത്തിലാണെന്നും തോന്നിയിരുന്ന കാലമായിരുന്നു അത്. പെട്ടെന്നാണ് മുഖത്തൊരു ചവിട്ടേറ്റതുപോലെ തിരിച്ചടിയുണ്ടായത്. അത് സംഭവിക്കാം" ഇമ്രാൻ പറഞ്ഞു.
നിലവിൽ, നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത 'തസ്‌കരി'യിൽ ഒരു കസ്റ്റംസ് ഓഫീസറുടെ വേഷത്തിലാണ് ഇമ്രാൻ അഭിനയിച്ചിരിക്കുന്നത്.
2019-ൽ 'കൗൺ ബനേഗ ക്രോർപതി'യിൽ അമിതാഭ് ബച്ചനോട് സംസാരിക്കവെ അദ്ദേഹം ഈ പ്രയാസകരമായ ഘട്ടത്തെക്കുറിച്ച് പറഞ്ഞിരുന്നു. "മകൻ അയാന്റെ റിമിഷൻ ഘട്ടം (ക്യാൻസർ തിരിച്ചുവരാൻ സാധ്യതയുള്ള സമയം) ഞങ്ങൾക്ക് വളരെ കഠിനമായിരുന്നു. മാതാപിതാക്കൾ എന്ന നിലയിൽ ഞങ്ങൾ വലിയ ഭയത്തിലൂടെയാണ് കടന്നുപോയത്. ആ പ്രക്രിയ മാനസികമായി തളർത്തുന്നതായിരുന്നു."
ഇതിനെത്തുടർന്ന് അഞ്ച് വർഷത്തോളം നീണ്ട ആശുപത്രി സന്ദർശനങ്ങളും ചികിത്സകളും നടന്നു. മകന്റെ സുഖപ്രാപ്തി ഇമ്രാന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമായി മാറി.
മകന്റെ ക്യാൻസറിനോടുള്ള പോരാട്ടത്തെക്കുറിച്ച് ബിലാൽ സിദ്ദിഖിയുമായി ചേർന്ന് ഇമ്രാൻ ഹാഷ്മി ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. 'ദി കിസ് ഓഫ് ലൈഫ്: ഹൗ എ സൂപ്പർഹീറോ ആൻഡ് മൈ സൺ ഡിഫീറ്റഡ് ക്യാൻസർ' എന്നാണ് ഇതിന്റെ പേര്. അയാൻ ഹാഷ്മിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് 'വിൽമ്‌സ് ട്യൂമർ' എന്ന അപൂർവ്വ ക്യാൻസർ സ്ഥിരീകരിച്ചത്. അഞ്ച് വർഷത്തെ പോരാട്ടത്തിനൊടുവിൽ അവൻ ക്യാൻസർ വിമുക്തനായി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Emraan Hashmi opens up about the heartbreaking moment his son was diagnosed with cancer and how it changed his life forever. Read his emotional story.