കഴുത്തിൽ പെർഫ്യൂം അടിക്കുന്നത് അപകടകരമാണോ? വിദഗ്ധരുടെ നിർദ്ദേശമിതാണ്

എഐ നിർമ്മിത ചിത്രം
എഐ നിർമ്മിത ചിത്രം

എവിടെയെങ്കിലും പുറത്തുപോകാൻ ഒരുങ്ങുമ്പോൾ പെർഫ്യൂം അടിക്കുന്നത് നമ്മളിൽ പലരുടെയും സ്ഥിരം ശീലമാണ്. അതും പൾസ് പോയിന്റുകളായ കഴുത്തിലും, കൈത്തണ്ടയിലുമെല്ലാം. എന്നാൽ, ഇനി മുതൽ ഈ ശീലം അല്പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കഴുത്തിൽ പെർഫ്യൂം അടിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേംബ്രിഡ്ജ് സർവകലാശാലയിലെ പാത്തോളജി വിഭാഗം പി.എച്ച്.ഡി ഗവേഷകയായ ഏന കനാഡാസ്. തന്റെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് അവർ ഇക്കാര്യം പങ്കുവെച്ചത്.

അപകടകാരിയാകുന്ന പെർഫ്യൂം

പെർഫ്യൂമുകളിൽ പലതരത്തിലുള്ള രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. പല രാജ്യങ്ങളിലും ഈ രാസവസ്തുക്കളുടെ കൃത്യമായ പേരുകൾ വെളിപ്പെടുത്താതെ 'സുഗന്ധം' (Fragrance / Parfum) എന്ന് മാത്രം ലേബലിൽ രേഖപ്പെടുത്താൻ കമ്പനികൾക്ക് നിയമപരമായ അനുവാദമുണ്ട്. അത്തരം രാസവസ്തുക്കൾ ഉപഭോക്താക്കളിൽ നിന്ന് മറച്ചുവെക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഏന ചൂണ്ടിക്കാണിക്കുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

ചില പെർഫ്യൂമുകളിൽ അടങ്ങിയിരിക്കുന്ന ഹാനികരമായ രാസവസ്തുക്കൾ നമ്മുടെ ശരീരത്തിലെ ഹോർമോൺ വ്യവസ്ഥയെ തകരാറിലാക്കാൻ ശേഷിയുള്ളവയാണ്. ഇത് വന്ധ്യത, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, കാൻസർ എന്നിവയ്ക്ക് വരെ വഴിവെച്ചേക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

കഴുത്തിൽ പെർഫ്യൂം അടിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?

പ്രധാനമായും രണ്ട് കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. കഴുത്തിൽ പെർഫ്യൂം അടിക്കുമ്പോൾ അതിന്റെ സൂക്ഷ്മകണികകൾ നമ്മൾ ശ്വസിക്കാൻ ഇടയാകുന്നു. ഇത് ശ്വാസകോശത്തിലൂടെ നേരിട്ട് ശരീരത്തിനുള്ളിലേക്ക് എത്തും. നമ്മുടെ ശരീരത്തിൽ രക്തയോട്ടം വളരെ കൂടുതലുള്ളതും ചർമ്മം ഏറെ നേർത്തതുമായ ഭാഗമാണ് കഴുത്ത്. അതിലൂടെ രാസവസ്തുക്കൾ വളരെ പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുകയും നേരിട്ട് രക്തത്തിൽ കലരുകയും ചെയ്യാൻ സാധ്യതയുണ്ട്.

എല്ലാ പെർഫ്യൂമുകളും ഉടൻ തന്നെ രോഗമുണ്ടാക്കുമെന്നല്ല ഇതിനർത്ഥം. എന്നാൽ, വർഷങ്ങളോളം ദിവസേന ഇത്തരം രാസവസ്തുക്കൾ ശരീരത്തിൽ എത്തുന്നത് വലിയ ആശങ്കയാണ്. പെർഫ്യൂം ഉപേക്ഷിക്കുന്നതിന് പകരം കാര്യക്ഷമമായി ഉപയോഗിക്കണം. ഇത്തരം ലളിതമായ മാറ്റങ്ങളിലൂടെ അപകടസാധ്യത കുറയ്ക്കുകയാണ് ചെയ്യേണ്ടതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

എങ്ങനെ ഉപയോഗിക്കണം?

കഴുത്ത്, മുഖം തുടങ്ങിയ നേർത്ത ചർമ്മമുള്ള ഭാഗങ്ങളിൽ നേരിട്ട് അടിക്കുന്നതിന് പകരം വസ്ത്രങ്ങളിൽ പെർഫ്യൂം തളിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Perfumes contain hidden chemicals labeled as 'fragrance' that may act as endocrine disruptors., Spraying on the neck allows chemicals to enter the bloodstream through thin skin., Inhaling aerosolized perfume particles poses respiratory risks., Long-term exposure is linked to fertility issues and potential cancer risks., Expert recommendation: Spray perfume on clothing instead of directly on skin.