ലൈംഗിക പ്രേരണകൾ നിയന്ത്രിക്കുന്നതില്‍ നിരന്തരമായി പരാജയപ്പെടുന്നോ? കംപള്‍സീവ് സെക്ഷ്വല്‍ ബിഹേവിയര്‍ ഡിസോര്‍ഡര്‍ ആവാം

പ്രതീകാത്മക ചിത്രം / freepik
പ്രതീകാത്മക ചിത്രം / freepik

പ്രതികൂലമായ സാഹചര്യങ്ങളില്‍ പോലും തീവ്രവും ആവര്‍ത്തിച്ചുള്ളതുമായ ലൈംഗിക പ്രേരണകളോ ആഗ്രഹങ്ങളോ നിയന്ത്രിക്കുന്നതില്‍ നിരന്തരമായി പരാജയപ്പെടുന്ന ഒരു പ്രതിഭാസമാണ് കംപള്‍സീവ് സെക്ഷ്വല്‍ ബിഹേവിയര്‍ ഡിസോര്‍ഡര്‍ എന്നു പറയുന്നത്. ഇത് വ്യക്തിപരവും കുടുംബപരവും സാമൂഹികവും വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ പ്രവര്‍ത്തന മേഖലകളില്‍ പ്രകടമായ ബുദ്ധിമുട്ടിനോ തകരാറിനോ കാരണമാകുന്നതിലേക്ക് നയിക്കുന്നു.

അമിതമായ ലൈംഗിക ഭാവനകളും, പ്രേരണകളും, പെരുമാറ്റങ്ങളും ആളുകളുടെ ജീവിതത്തെ ബാധിക്കുകയും കാലക്രമേണ അവരുടെ ക്ഷേമത്തെയും സാമൂഹിക-മാനസിക പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തുകയും ചെയ്യുമെന്നത് പണ്ടേ കണ്ടെത്തിയതാണ്. ഈ ലക്ഷണങ്ങളെ വിവരിക്കാന്‍ ഹൈപ്പര്‍സെക്ഷ്വാലിറ്റി, ലൈംഗിക ആസക്തി, നിയന്ത്രണമില്ലാത്ത ലൈംഗിക പെരുമാറ്റം എന്നിങ്ങനെയുള്ള വിവിധ പദങ്ങള്‍ ഉപയോഗിച്ചുവരുന്നുണ്ട്.

2019-ല്‍, കംപള്‍സീവ് സെക്ഷ്വല്‍ ബിഹേവിയര്‍ ഡിസോര്‍ഡര്‍ (സി.ബി.എസ്.ഡി) ഒരു പുതിയ രോഗനിര്‍ണ്ണയ ഘടകമായി ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയും, ഇന്റര്‍നാഷണല്‍ ക്ലാസിഫിക്കേഷന്‍ ഓഫ് ഡിസീസസിന്റെ 11-ാം പതിപ്പിലെ പ്രേരണാ നിയന്ത്രണ വൈകല്യങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സി.ബി.എസ്.ഡി ഉള്ള വ്യക്തികള്‍ സാധാരണയായി സ്വയംഭോഗം, അശ്ലീലസാഹിത്യം, അപരിചിതരുമായുള്ള ലൈംഗികബന്ധം തുടങ്ങിയ പാരാഫിലിക് അല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. എന്നാല്‍ ഈ പെരുമാറ്റം വ്യക്തിബന്ധങ്ങളിലും, തൊഴില്‍പരമായ കാര്യങ്ങളിലും ബാധിക്കുന്ന രീതിയില്‍ വലിയ അളവിലാണ് അവര്‍ ചെയ്യുന്നത്.

ലൈംഗികമായി പകരുന്ന രോഗങ്ങള്‍, അനാവശ്യ ഗര്‍ഭധാരണം, സാമൂഹികമായ ഒറ്റപ്പെടല്‍, ആത്മാഭിമാനക്കുറവ്, സാമ്പത്തിക പ്രശ്‌നങ്ങള്‍, നിയമലംഘനങ്ങള്‍ തുടങ്ങിയ പലതരം പ്രതികൂല പ്രത്യാഘാതങ്ങള്‍ക്ക് സി.ബി.എസ്.ഡി കാരണമാകുന്നു. കൂടാതെ, സി.ബി.എസ്.ഡി ഉള്ള വ്യക്തികളില്‍ പലപ്പോഴും മൂഡ് ഡിസോര്‍ഡറുകള്‍, ഉത്കണ്ഠാ രോഗങ്ങള്‍, ലഹരിവസ്തുക്കളുടെ ദുരുപയോഗം, വ്യക്തിത്വ വൈകല്യങ്ങള്‍, ഒബ്‌സസീവ്-കംപള്‍സീവ് ഡിസോര്‍ഡറുകള്‍ തുടങ്ങിയ സഹരോഗാവസ്ഥകളും കാണപ്പെടുന്നു.

അനാവശ്യ ഗര്‍ഭധാരണം, ലൈംഗികമായി പകരുന്ന രോഗങ്ങള്‍, ശാരീരിക പരിക്കുകള്‍, വേദന തുടങ്ങിയ അവരുടെ ലൈംഗിക പെരുമാറ്റത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ച് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ആശങ്കാകുലര്‍ സ്ത്രീകളാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില്‍ സാധാരണയായി ഉയര്‍ന്ന ശരാശരിയില്‍ സി.ബി.എസ്.ഡി റിപ്പോര്‍ട്ട് ചെയ്യുന്നതായി നിരവധി പഠനങ്ങള്‍ കാണിക്കുന്നു.

ഈ സാഹചര്യങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനായി, ന്യൂ മെക്‌സിക്കോ സര്‍വകലാശാലയിലെ ജോഷ്വ ബി ഗ്രബ്‌സിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ ശരാശരി 49 വയസ്സുള്ള 2,800-ലധികം യുഎസ് പൗരന്മാരില്‍ ഒരു സര്‍വേ നടത്തി. നിര്‍ബന്ധിത ലൈംഗിക സ്വഭാവത്തെക്കുറിച്ചുള്ള ആശങ്കകളില്‍ ശ്രദ്ധേയമായ ലിംഗപരമായ വ്യത്യാസങ്ങള്‍ പഠനത്തില്‍ കണ്ടെത്തി. സ്ത്രീകളേക്കാള്‍ (3.4%) പുരുഷന്മാരാണ് (11.8%) തങ്ങളുടെ ലൈംഗിക സ്വഭാവം നിയന്ത്രണാതീതമാണെന്ന ആശങ്ക പ്രകടിപ്പിക്കുന്നതെന്ന് കണ്ടെത്തി.

പുരുഷന്മാര്‍ പ്രധാനമായും അശ്ലീലസാഹിത്യത്തിന്റെ ഉപയോഗം, സ്വയംഭോഗം തുടങ്ങിയ ഒറ്റയ്ക്കുള്ള പ്രവൃത്തികളെയാണ് ആശങ്കാജനകമായി ചൂണ്ടിക്കാണിച്ചത്. നേരെമറിച്ച്, സ്ത്രീകള്‍ പങ്കാളിയോടൊപ്പമുള്ള, അതായത് അടിക്കടിയുള്ള സാധാരണ ലൈംഗിക ബന്ധങ്ങള്‍ പോലുള്ള പെരുമാറ്റങ്ങളെയാണ് പ്രശ്‌നകരമായി കണ്ടത്. ചെറുപ്പക്കാര്‍ക്കിടയിലും ലൈംഗിക സ്വഭാവങ്ങളെക്കുറിച്ച് ഉയര്‍ന്ന തോതിലുള്ള ആശങ്കകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുമായുള്ള വര്‍ധിച്ച സമ്പര്‍ക്കവും മാറുന്ന സാംസ്‌കാരിക നിയമങ്ങളും കാരണം ലൈംഗികതയോടുള്ള മനോഭാവത്തിലെ തലമുറ മാറ്റത്തെയാകാം ഇത് പ്രതിഫലിപ്പിക്കുന്നത്.

'വാട്ട് ഈസ് ദി 'സെക്‌സ്' ഇന്‍ സെക്‌സ് അഡിക്ഷന്‍? പ്രോബ്ലം ബിഹേവിയേഴ്‌സ് റിപ്പോര്‍ട്ടഡ് എമംഗ് ദോസ് എന്‍ഡോഴ്‌സിംഗ് കംപള്‍സീവ് സെക്ഷ്വല്‍ ബിഹേവിയര്‍,' എന്നതാണ് പഠനം. രചയിതാക്കള്‍ ജോഷ്വ ബി ഗ്രബ്‌സ്, ബ്രിന്ന ലീ, ക്രിസ്റ്റഫര്‍ ജി ഫ്‌ലോയിഡ്, ബീറ്റ ബോത്തെ, ടോഡ് ജെന്നിംഗ്‌സ്, ഷെയ്ന്‍ ഡബ്ല്യു ക്രൗസ് എന്നിവരും.

(പൊതുവായ വിവരങ്ങൾ മാത്രമാണിവ. ആരോഗ്യവിദഗ്ദന്റെ നിർദേശത്തോടെ മാത്രം മുന്നോട്ടുപോവുക)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: learn about compulsive sexual behavior disorder (cbsd), its symptoms, impact, and recent research on gender differences in experiencing CSBD.