ഒരു കുഞ്ഞ് എന്ന സ്വപ്നത്തിൽ നിന്ന് അകന്നു നിൽക്കേണ്ടിവരുന്നുവോ?

ഒരു കുഞ്ഞ് എന്ന സ്വപ്നത്തിൽ നിന്ന് അകന്നു നിൽക്കേണ്ടിവരുന്ന ദമ്പതികളേറെയാണ്. അവരെ ആ സ്വപ്നത്തിൽ നിന്നകറ്റുന്ന പ്രധാന വില്ലനാണ് വന്ധ്യത. ഭക്ഷണരീതിയിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങളും വൈകുന്ന വിവാഹവും പ്രായക്കൂടുതലുമെല്ലാം വന്ധ്യതയ്ക്ക് കാരണമായി പറയപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ആറ് ദമ്പതികളിൽ ഒന്നെന്നതാണ് വന്ധ്യതാനിരക്ക്.
എന്താണ് വന്ധ്യത?
അണ്ഡവാഹിനിക്കുഴലിൽ ബീജസങ്കലനം നടന്ന് ഭ്രൂണം ഗർഭപാത്രത്തിൽ പറ്റിപ്പിടിച്ചു വളരുമ്പോൾ ആണ് ഗർഭാവസ്ഥ സാധ്യമാകുന്നത്. ഇതിന് ഏതെങ്കിലും വിധത്തിൽ തടസ്സങ്ങൾ വരുമ്പോൾ വന്ധ്യത ഉണ്ടാകുന്നു.
പരിശോധന എപ്പോൾ?
വിവാഹം കഴിഞ്ഞ് ഒരു വർഷത്തോളം ഗർഭനിരോധന മാർഗങ്ങൾ ഒന്നും ഇല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടും ഗർഭം ധരിക്കുന്നില്ലെങ്കിൽ.
35 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകളിൽ, മേൽപ്പറഞ്ഞ അവസ്ഥയിൽ ആറ് മാസമായിട്ടും ഗർഭധാരണം സാധ്യമാകുന്നില്ലെങ്കിൽ. ഗർഭപാത്ര-അണ്ഡാശയസംബന്ധമായ അസുഖങ്ങൾ ഉള്ളവരും അതുമായി ബന്ധപ്പെട്ട സർജറികൾക്ക് വിധേയരായവരും പരിശോധനകൾ നടത്തണം.
ബീജപരിശോധനയിൽ വ്യതിയാനമുള്ളവരും വൃഷണ സംബന്ധമായ അസുഖങ്ങളുള്ളവരുമായ പുരുഷന്മാർ. കാൻസർ ചികിത്സയ്ക്ക് വിധേയരായവർ. എന്നാൽ ചില സാഹചര്യങ്ങളിൽ പ്രത്യക്ഷമായ കാരണങ്ങൾ ഒന്നുമില്ലാതെതന്നെ വന്ധ്യതയുണ്ടാകാം. ഇതിനെ unexplained infertility എന്ന് പറയുന്നു.
വന്ധ്യത വരാനുള്ള സാഹചര്യം
ദൈനംദിന ജീവിത രീതിയിലെയും ഭക്ഷണ രീതിയിലെയും മാറ്റം, വ്യായാമക്കുറവ്, സ്‌ട്രെസ്, ഉറക്കക്കുറവ് എന്നിവ വന്ധ്യതയ്ക്ക് കാരണമായേക്കാം.
രാസവസ്തുക്കളുടെ ഉപയോഗം ഹോർമോൺ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും വന്ധ്യതക്കു കാരണമാകുകയും ചെയ്യുന്നുണ്ട്.
പുകവലി, മദ്യപാനം, ലഹരിപദാർഥങ്ങളുടെ ഉപയോഗം എന്നിവയും പ്രത്യുല്പാദന ശേഷി കുറയ്ക്കും. ഉയർന്ന പ്രായം, നീട്ടി വെക്കുന്ന ഗർഭധാരണം എന്നിവയൊക്കെ വന്ധ്യതയിലേക്ക് നയിച്ചേക്കാം.
സ്ത്രീജന്യ പ്രശ്നങ്ങൾ
അണ്ഡവൈകല്യം
അണ്ഡോത്പാദനം, അണ്ഡങ്ങളുടെ എണ്ണത്തിലും ഗുണത്തിലും ഉണ്ടാകുന്ന വ്യതിയാനം, അണ്ഡവിസർജ്ജനത്തിലെ വ്യത്യാസം, PCOD, എൻഡോമെട്രിയോസിസ് എന്നിവയൊക്കെ വന്ധ്യതയ്ക്ക് കാരണമാകാം.
എൻഡോമെട്രിയോസിസ്
ഗർഭാശയത്തിന്റെ ഏറ്റവും ഉള്ളിലുള്ള സ്തരമാണ് എൻഡോമെട്രിയം. എൻഡോമെട്രിയത്തിലെ കോശങ്ങൾ ഗർഭപാത്രത്തിന് വെളിയിലായി മറ്റ് ആന്തരിക അവയവങ്ങളിൽ കാണപ്പെടുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. അണ്ഡവാഹിനിക്കുഴലിൽ എൻഡോമെട്രിയോസിസ് മൂലമുണ്ടാകുന്ന തടസ്സങ്ങൾ വന്ധ്യതയിലേക്കു നയിക്കാം.
ഗർഭാശയ പ്രശ്നങ്ങൾ
ഗർഭാശയ മുഴകൾ, (ഫൈബ്രോയ്ഡ്), ഗർഭപാത്രത്തിനുള്ളിലെ ദശ വളർച്ച (പോളിപ്), ചില അണുബാധകൾ, ഗർഭാശയ ഭിത്തിയിലെ വീക്കം (അഡിനോമയോസിസ്), ജന്മനാ ഉള്ള ഗർഭപാത്ര വൈകല്യങ്ങൾ ഒക്കെയും വന്ധ്യതക്ക് കാരണമാകാം.
എന്നാൽ എല്ലാ ഗർഭാശയ മുഴകളും വന്ധ്യതയ്ക്ക് കാരണമാകാറില്ല. അതിനാൽ ഗർഭാശയ മുഴകൾ നീക്കം ചെയ്യേണ്ട ആവശ്യകതയുണ്ടോ എന്ന് വിദഗ്ധരുടെ നിർദ്ദേശപ്രകാരം തീരുമാനിക്കാം.
പുരുഷവന്ധ്യത
ബീജങ്ങളുടെ എണ്ണത്തിലും ചലനശേഷിയിലും ഘടനയിലും വരുന്ന മാറ്റങ്ങൾ വന്ധ്യത ഉണ്ടാക്കാം.
കാരണങ്ങൾ
ഹോർമോൺ വ്യതിയാനങ്ങൾ, വൃഷണ സംബന്ധമായ തകരാറുകൾ, വൃഷണ സഞ്ചിയിൽ നിന്നും ബീജം പുറത്തു വരുന്ന നാളിയിൽ ഉണ്ടാകുന്ന തടസ്സം, ലിംഗത്തിന്റെ വൈകല്യങ്ങൾ.
പരിശോധനകൾ
യോനി പരിശോധന
ഗർഭപാത്രത്തിന്റെയും അണ്ഡാ ശയത്തിന്റെയും ആരോഗ്യസ്ഥിതി ഒരു പരിധി വരെ മനസ്സിലാക്കാൻ സാധിക്കും.
അൾട്രാസൗണ്ട് സ്‌കാൻ
ആന്തരികാവയവങ്ങളുടെ ഘടനയും അണ്ഡോല്പാദനം, അണ്ഡവിസർജനം, ഗർഭപാത്ര സംബന്ധമായ മറ്റസുഖങ്ങൾ എന്നിവ കണ്ടെത്താനാകും.
രക്തപരിശോധന
തൈറോയ്ഡ്, പ്രമേഹം, വിറ്റാമിൻ ഡി മുതലായ പരിശോധനകളും മറ്റു ഹോർമോൺ ടെസ്റ്റുകളും.
മാനസികാരോഗ്യം
സ്ത്രീയുടെ പൊതുവെയുള്ള ആരോഗ്യം വളരെ പ്രധാന്യമർഹിക്കുന്നു. സ്ത്രീ ശാരീരികമായും മാനസികമായും ആരോഗ്യവതിയാണെങ്കിൽ മാത്രമേ ആരോഗ്യകരമായ ഗർഭം സാധ്യമാകൂ.
ബീജ പരിശോധന
ബീജ പരിശോധന വഴി പുരുഷവന്ധ്യത തിരിച്ചറിയാം.
ചികിത്സ
അണ്ഡോല്പാദനം, അണ്ഡവിസർജ്ജനം എന്നിവയുടെ പ്രശ്നങ്ങൾ മരുന്നുകളുടെ സഹായത്തോടെ ചികിത്സിക്കാനാവും. ഗർഭപാത്രത്തിനുൾവശത്തായി കാണപ്പെടുന്ന മുഴ, ദശ വളർച്ച എന്നിവ സർജറി വഴി മാറ്റിയെടുക്കാം.
മാനസിക സമ്മർദം മൂലമോ മറ്റു അസുഖങ്ങളുടെ ഭാഗമായോ ഉണ്ടാകുന്ന ഉദ്ധാരണക്കുറവ് മാനസിക പിന്തുണയും കൃത്യമായ ചികിത്സയും വഴി പരിഹരിക്കാം. ഐ.യു.ഐ ചികിത്സ വഴി ഗർഭധാരണം സാധ്യമാക്കാം.
ഐ വി എഫ് ആർക്കൊക്കെ?
ബീജങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുള്ളവർ, ബീജമില്ലാത്ത അവസ്ഥ നേരിടുന്നവർ, ഗുരുതരമായ എൻഡോമെട്രിയോസിസ് ഉള്ളവർ, മറ്റു ചികിത്സകൾ ഫലപ്രദമാകാത്തവർ.
കടപ്പാട്
ഡോ. ആഷ്‌ന അസീസ്
(പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റൽ കോസ്‌മെറ്റിക് ഗൈനക്കോളജി വിഭാഗം ഇൻഫെർട്ടിലിറ്റി സ്‌പെഷലിസ്റ്റാണ് ലേഖിക)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Understanding the medical definition of infertility., Critical timeline for seeking medical evaluation., Key lifestyle and biological factors contributing to infertility., Comprehensive overview of diagnostic tests for men and women., Treatment pathways including medication, surgery, IUI, and IVF.