ഗര്‍ഭകാലത്തെ കാന്‍സര്‍; ഏതാണ് സുരക്ഷിതമായ ചികിത്സാമാര്‍ഗം?

#ഡോ. അരുണ്‍ വാരിയര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ്, മെഡിക്കല്‍ ഓങ്കോളജി, ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി
പ്രതീകാത്മകചിത്രം / Shutterstock
പ്രതീകാത്മകചിത്രം / Shutterstock

ഏതൊരു സ്ത്രീയിലും മാനസികവും വൈകാരികവും ശാരീരികവുമായ നിരവധി മാറ്റങ്ങളുണ്ടാക്കുന്ന സമയമാണ് ഗര്‍ഭകാലം. ഒരുപാട് സന്തോഷവും ആത്മനിര്‍വൃതിയും സമ്മാനിക്കുന്നതിനൊപ്പം തന്നെ അതിനൊത്ത വേദനകളും മാനസികസംഘര്‍ഷങ്ങളും കൂടി അമ്മമാര്‍ നേരിടാറുണ്ട്. ഒരു കുഞ്ഞുജീവനെ പേറുന്നതിനിടെ ശരീരത്തില്‍ അര്‍ബുദമെത്തിയാല്‍ ആരും തകര്‍ന്നുപോകും. ഗര്‍ഭകാലത്ത് അര്‍ബുദമുണ്ടാകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. അമ്മയിലെ കാന്‍സര്‍ കുഞ്ഞിലേക്ക് പകരാനുള്ള സാധ്യതയും വളരെ കുറവാണ്. എന്നാല്‍ ജീവിതശൈലിയില്‍ അച്ചടക്കം പാലിച്ചില്ലെങ്കില്‍ ഗര്‍ഭകാലം അപകടം ക്ഷണിച്ചുവരുത്തിയേക്കാം.

സ്തനങ്ങളിലെ അര്‍ബുദമാണ് ഗര്‍ഭകാലത്ത് അമ്മമാരില്‍ ഏറ്റവുമധികം കണ്ടുവരുന്നത്. മൂവായിരം ഗര്‍ഭിണികളില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദം ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍. ഗര്‍ഭാശയത്തിലെ മുഴകള്‍, ഗര്‍ഭാശയമുഖം, ലിംഫാറ്റിക് ഗ്ലാന്‍ഡ്, ചര്‍മം, തൈറോയ്ഡ് എന്നിവിടങ്ങളിലും ഗര്‍ഭകാലത്ത് കാന്‍സര്‍ ഉണ്ടാകാറുണ്ട്. 

എങ്ങനെ തിരിച്ചറിയും?
ഗര്‍ഭകാലത്തെ കാന്‍സര്‍ കണ്ടെത്തുന്നത് അത്ര എളുപ്പമല്ല. വയറിലെ വീക്കം, തലവേദന, ക്ഷീണം, രക്തസ്രാവം എന്നീ ലക്ഷണങ്ങളാണ് കാന്‍സര്‍ കാണിക്കുന്നത്. ഇക്കാലത്ത് സ്തനങ്ങള്‍ വലുതാവുന്നതും അവയുടെ കാഠിന്യം മാറുന്നതും സ്വാഭാവികമാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്ത ഗര്‍ഭിണികളിലും ഈ ലക്ഷണങ്ങള്‍ സാധാരണമായതിനാല്‍ അര്‍ബുദം തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ഇക്കാരണത്താല്‍ ഗര്‍ഭകാലത്ത് കാന്‍സര്‍ കണ്ടുപിടിക്കാന്‍ ഏറെ വൈകിപ്പോകുന്നു. 

ഗര്‍ഭകാലത്ത് അപ്രതീക്ഷിതമായി കണ്ടെത്തുന്ന അര്‍ബുദങ്ങളുമുണ്ട്. യാതൊരു ലക്ഷണങ്ങളുമില്ലാത്ത ഒരു വ്യക്തി ഗര്‍ഭിണിയാകുമ്പോള്‍ സാധാരണ നടത്താറുള്ള പരിശോധനകളില്‍ ഗര്‍ഭാശയമുഖത്ത് കാന്‍സര്‍ കണ്ടെത്തിയിട്ടുള്ള സംഭവങ്ങളുണ്ട്. കുഞ്ഞിന്റെ വളര്‍ച്ച മനസ്സിലാക്കാന്‍ അള്‍ട്രാസൗണ്ട് സ്‌കാനിങ് നടത്തുമ്പോള്‍ ഗര്‍ഭസ്ഥശിശുവില്‍ അര്‍ബുദം കണ്ടെത്തിയ സാഹചര്യങ്ങളുമുണ്ട്. ഗര്‍ഭകാലത്ത് കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍, അമ്മമാരെ സി.ടി.സ്‌കാനിങ്ങിന് വിധേയരാക്കാറില്ല.

അമ്മയ്ക്കും കുഞ്ഞിനുമുള്ള കാന്‍സര്‍ പരിശോധനകള്‍ അത്രമാത്രം ശ്രദ്ധയോടെ മാത്രമേ ചെയ്യാന്‍ കഴിയൂ. കാന്‍സര്‍ ഉണ്ടെന്ന് അതിശക്തമായ സംശയം തോന്നുമ്പോള്‍ മാത്രമേ ഡോക്ടര്‍മാര്‍ റേഡിയേഷന്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ നിര്‍ദേശിക്കാറുള്ളൂ. എക്‌സ്‌റേ പോലെയുള്ള സാമാന്യം തീവ്രത കുറഞ്ഞ, റേഡിയേഷന്‍ ഉപയോഗിച്ചുള്ള പരിശോധനകളില്‍ കുഞ്ഞിന് കാര്യമായ തകരാറുകള്‍ ഉണ്ടാകാറില്ല. മാത്രമല്ല, വയറിന്റെ ഭാഗം ആവശ്യമെങ്കില്‍ റേഡിയേഷന്‍ ഏല്‍ക്കാത്ത വിധം പ്രത്യേകം മൂടിവെയ്ക്കുകയും ചെയ്യാറുണ്ട്. സ്തനങ്ങള്‍ സ്ഥിതിചെയ്യുന്ന നെഞ്ച് വരെയുള്ള ഭാഗം പ്രത്യേക കരുതലോടെ സ്‌കാനിങ്ങിന് വിധേയമാക്കാറുണ്ട്. എം.ആര്‍.ഐ, അള്‍ട്രാസൗണ്ട്, ബയോപ്‌സി പരിശോധനകള്‍ ഗര്‍ഭകാലത്ത് പൊതുവെ സുരക്ഷിതമാണ്. ഡി.എന്‍.എ രക്തപരിശോധനയിലും അസ്വാഭാവികതകള്‍ കണ്ടെത്തിയാല്‍ കാന്‍സര്‍ സംശയിക്കാം.

ചികിത്സ എങ്ങനെ?
ഒന്നിലേറെ മെഡിക്കല്‍ വിഭാഗങ്ങളുടെയും ഡോക്ടര്‍മാരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഗര്‍ഭകാല കാന്‍സര്‍ ചികിത്സിക്കുന്നത്. പൊതുവെയുള്ള കാന്‍സറുകള്‍ ചികിത്സിക്കുന്ന ഓങ്കോളജിസ്റ്റുകളും ഗര്‍ഭകാലപരിചരണം നല്‍കുന്ന ഒബ്സ്റ്റട്രീഷ്യന്‍മാരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഗര്‍ഭം ഏത് ഘട്ടത്തിലാണുള്ളതെന്നും അര്‍ബുദത്തിന്റെ തരവും വലിപ്പവും ഘട്ടവുമെല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കും ചികിത്സ തീരുമാനിക്കുക. എല്ലാ ഘട്ടത്തിലും കുഞ്ഞിന്റെ ആരോഗ്യനില നിരന്തരനിരീക്ഷണത്തിലായിരിക്കും.

ചില സാഹചര്യങ്ങളില്‍ കഴിയുമെങ്കില്‍ ചികിത്സ അല്പം വൈകിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെന്ന് വരാം. ഉദാഹരണത്തിന്, ഗര്‍ഭം ധരിച്ച് ആദ്യ മൂന്നുമാസക്കാലയളവില്‍ അര്‍ബുദത്തിന് ചികിത്സയെടുത്താല്‍ ശിശുവിനെ അത് ബാധിച്ചെന്ന് വരാം. അതുകൊണ്ട് മൂന്ന് മാസം പിന്നിടുന്നത് വരെ കാത്തിരിക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടേക്കാം.

ചില സാഹചര്യങ്ങളില്‍ പ്രസവം കഴിയുന്നത് വരെ റേഡിയേഷന്‍ തെറാപ്പി പോലെയുള്ള ചികിത്സകള്‍ ഒഴിവാക്കുകയും ചെയ്യാറുണ്ട്. കീമോതെറാപ്പിയും എല്ലാ ഘട്ടത്തിലും സുരക്ഷിതമായിരിക്കില്ല. കുട്ടിയുടെ വളര്‍ച്ചയെ ബാധിക്കാനും ഭാവിയില്‍ വൈകല്യങ്ങള്‍ ഉണ്ടാകാനും കീമോതെറാപ്പി കാരണമാകും. മൂന്ന് മാസവും ആറ് മാസവും പിന്നിടുമ്പോള്‍ അപകടസാധ്യത കുറഞ്ഞ കീമോതെറാപ്പി നല്കിത്തുടങ്ങാറുണ്ട്. ഇക്കാലത്ത് മറുപിള്ള കുഞ്ഞിന്റെ സംരക്ഷണഭിത്തിയായി പ്രവര്‍ത്തിക്കുന്നു. മറുപിള്ളയെ മറികടന്ന് കുഞ്ഞിലേക്ക് എത്താന്‍ കഴിയാത്ത മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ ഹോര്‍മോണ്‍ തെറാപ്പിയും ടാര്‍ജെറ്റഡ് തെറാപ്പിയും കുഞ്ഞിന്റെ ആരോഗ്യത്തിന് അപകടകരമാണ്.

ഗര്‍ഭകാലത്തെ ഏറ്റവും സുരക്ഷിതമായ കാന്‍സര്‍ ചികിത്സ ശസ്ത്രക്രിയയാണ്. ചില അര്‍ബുദമുഴകള്‍ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കാതെ തന്നെ അമ്മയില്‍ നിന്ന് നീക്കം ചെയ്യാന്‍ കഴിയും. അടിയന്തരഘട്ടങ്ങളില്‍ അര്‍ബുദചികിത്സ തുടങ്ങാനായി പ്രസവം നേരത്തേയാക്കാറുമുണ്ട്. പ്രസവം കഴിഞ്ഞ് കീമോതെറാപ്പിക്ക് വിധേയമാക്കുമ്പോള്‍ കുഞ്ഞിന് മുലയൂട്ടാന്‍ പാടില്ല. മുലപ്പാലിലൂടെ കീമോതെറാപ്പി കുഞ്ഞിലേക്ക് എത്താന്‍ സാധ്യതയുള്ളതിനാലാണിത്. 

Content Highlights: cancer during pregnancy and its treatment