'12 മണിക്കൂർ മേക്കപ്പ്, ചർമ്മം നശിക്കുന്നു'; തുറന്നുപറഞ്ഞ് യുവതി

അതിരാവിലെയായാലും പാതിരാത്രിയായാലും വിമാനത്തിനുള്ളിലേക്ക് കയറിച്ചെല്ലുമ്പോൾ എപ്പോഴും പ്രസന്നവദനരായി, അതീവ സുന്ദരികളായി നമ്മളെ സ്വാഗതം ചെയ്യുന്നവരാണ് ക്യാബിൻ ക്രൂ അംഗങ്ങൾ. എന്നാൽ, എപ്പോഴും തിളക്കത്തോടെ കാണപ്പെടുന്ന ഇവരുടെ മുഖത്തിന് പിന്നിൽ ആരും അറിയാത്ത വലിയൊരു കഷ്ടപ്പാടിന്റെ കഥയുണ്ട്. 20 വർഷത്തെ പ്രവൃത്തിപരിചയമുള്ള ക്യാബിൻ ക്രൂ മെന്ററും കണ്ടന്റ് ക്രിയേറ്ററുമായ സംഗീത സെൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയും കുറിപ്പുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
യാത്രക്കാരുടെ അഭിനന്ദനങ്ങൾ നേടാനല്ല, മറിച്ച് വിമാനക്കമ്പനികളുടെ കർശനമായ 'ഗ്രൂമിങ് സ്റ്റാൻഡേർഡുകളുടെ' ഭാഗമായാണ് ക്യാബിൻ ക്രൂ അംഗങ്ങൾ ഫുൾ-ഫേസ് മേക്കപ്പ് ധരിക്കുന്നതെന്ന് സംഗീത വ്യക്തമാക്കുന്നു. ഓരോ തവണ ഡ്യൂട്ടിക്ക് കയറുമ്പോഴും ഫൗണ്ടേഷൻ, കൺസീലർ, ബ്ലഷ്, ഐഷാഡോ, ഐലൈനർ, മസ്കാര, ലിപ്സ്റ്റിക് എന്നിവ കൃത്യമായി ഉപയോഗിച്ച് കമ്പനി നിഷ്കർഷിക്കുന്ന രീതിയിൽ ഒരുങ്ങേണ്ടതുണ്ട്.
ഓരോ 12 മണിക്കൂർ കൂടുമ്പോഴും പുതിയ ഷിഫ്റ്റ് തുടങ്ങുമ്പോൾ ഈ മേക്കപ്പ് പ്രക്രിയ വീണ്ടും ആവർത്തിക്കണം. "സത്യം പറഞ്ഞാൽ ചിലപ്പോൾ എനിക്ക് വല്ലാതെ മടുപ്പ് തോന്നാറുണ്ട്. എന്നും ഒരേ കാര്യം തന്നെ ചെയ്യേണ്ടി വരുന്നു," സംഗീത വീഡിയോയിൽ പറയുന്നു. തുടർച്ചയായി 12 മണിക്കൂർ കട്ടിയുള്ള മേക്കപ്പ് മുഖത്ത് തങ്ങിനിൽക്കുന്നത് ചർമ്മത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് അവർ വെളിപ്പെടുത്തുന്നു. "ചർമ്മം ഉരഞ്ഞ് പരുപരുത്തതാകുന്നു. ജോലി കഴിഞ്ഞ് പുറത്തുപോകുമ്പോൾ മേക്കപ്പ് ഇടാൻ പോലും എനിക്ക് തോന്നാറില്ല. കാരണം എന്റെ ചർമ്മത്തിന് ഒന്ന് ശ്വസിക്കേണ്ടതുണ്ട്. ഇത് അത്ര എളുപ്പമുള്ള കാര്യമല്ല, പക്ഷേ ജോലിയുടെ ഭാഗമായി ചെയ്തേ മതിയാകൂ," സംഗീത കൂട്ടിച്ചേർത്തു.
ദിവസവും മണിക്കൂറുകളോളം മേക്കപ്പ് ഇടുന്നത് ചർമ്മത്തിലെ ജലാംശം നഷ്ടപ്പെടാനും, വരൾച്ചയ്ക്കും, അസ്വസ്ഥതകൾക്കും, ഇടയ്ക്കിടെ ചർമ്മത്തിൽ തിണർപ്പുകൾ ഉണ്ടാകാനും കാരണമാകുന്നു. 20 വർഷത്തെ അനുഭവത്തിൽ നിന്ന് തനിക്ക് പറയാനുള്ളത്, ക്യാബിൻ ക്രൂ അംഗങ്ങളുടെ ഈ ബാഹ്യരൂപം നിലനിർത്തുക എന്നത് ആരും അധികം സംസാരിക്കാത്ത, എന്നാൽ ജോലിയുടെ ഏറ്റവും പ്രയാസകരമായ ഭാഗമാണെന്നാണ്.
സംഗീതയുടെ തുറന്നുപറച്ചിലിന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. കാലഹരണപ്പെട്ട ഇത്തരം സൗന്ദര്യ സങ്കൽപ്പങ്ങളും കർശനമായ മേക്കപ്പ് നിയമങ്ങളും എടുത്തുമാറ്റേണ്ട സമയമായെന്ന് പലരും അഭിപ്രായപ്പെട്ടു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Cabin crew members must wear full-face heavy makeup for 12-hour shifts due to strict airline grooming standards., Veteran cabin crew mentor Sangeetha Sen revealed the negative impact of long-term makeup usage on skin health., Continuous makeup application causes dryness, skin irritation, and prevents the skin from breathing., Social media users are demanding an update to outdated and rigorous airline beauty standards.