തൈര് കഴിക്കാൻ ഏറ്റവും നല്ല സമയം ഏത്? ദഹനത്തിന് ഉത്തമമായ വഴികൾ അറിയാം

ഇന്ത്യൻ അടുക്കളകളിൽ തൈരിന് പ്രത്യേക സ്ഥാനമുണ്ട്. ഭക്ഷണത്തിനൊപ്പം ഒരു ചെറിയ പാത്രത്തിൽ തൈര്, ഉച്ചയൂണിന് ശേഷം കുറച്ച് മോര്... തലമുറകളായി നമ്മുടെ ഭക്ഷണശീലത്തിന്റെ ഭാഗമാണിവ. ശരീരം തണുപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും തൈര് സഹായിക്കുമെന്ന വിശ്വാസവും ഇതിനുപിന്നിലുണ്ട്. എന്നാൽ തൈര് കഴിക്കാൻ കൃത്യമായൊരു സമയമുണ്ടോ? രാവിലെ കഴിക്കുന്നതാണോ നല്ലത്, അതോ ഉച്ചയ്‌ക്കോ? രാത്രി തൈര് കഴിച്ചാൽ ദഹനപ്രശ്‌നങ്ങളുണ്ടാകുമോ?
തൈരിൽ സ്വാഭാവികമായി കാണപ്പെടുന്ന പ്രോബയോട്ടിക്കുകൾ കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുകയും ദഹനത്തെ പിന്തുണയ്ക്കുകയും ചെയ്യും. എന്നാൽ തൈര് കഴിക്കുന്ന സമയത്തെക്കാൾ പ്രധാനമാണ് അത് ശരീരത്തിന് എങ്ങനെ അനുഭവപ്പെടുന്നു എന്നത്. ദഹനശേഷി, ലാക്ടോസ് സഹിഷ്ണുത, കഴിക്കുന്ന ഭക്ഷണം എന്നിവയെല്ലാം ഇതിൽ സ്വാധീനം ചെലുത്തും.
വിദഗ്ധരുടെ അഭിപ്രായത്തിൽ തൈര് കഴിക്കാൻ എല്ലാവർക്കും ഒരുപോലെ അനുയോജ്യമായ ഒരു സമയമില്ല. പകൽസമയത്ത് ദഹനപ്രക്രിയ കൂടുതൽ സജീവമായതിനാൽ തൈര് ഈ സമയത്ത് പലർക്കും എളുപ്പത്തിൽ ദഹിക്കാം. വയറിലെ ആസിഡ്, ദഹന എൻസൈമുകൾ, കുടലിന്റെ ചലനം എന്നിവ പകൽസമയത്ത് കൂടുതൽ സജീവമായിരിക്കും. അതുകൊണ്ടുതന്നെ രാവിലെ, ഉച്ചയ്ക്ക് അല്ലെങ്കിൽ പകൽഭക്ഷണത്തിന്റെ ഭാഗമായാണ് പലരും തൈര് കഴിക്കാറുള്ളത്. അതാണ് കൂടുതൽ സൗകര്യപ്രദവും.
എന്നാൽ വെറും സമയക്രമം മാത്രം നോക്കേണ്ടതില്ലെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്. വെറും വയറ്റിൽ കഴിക്കുന്നതിനേക്കാൾ ഭക്ഷണത്തോടൊപ്പം തൈര് കഴിക്കുന്നത് ചിലർക്ക് കൂടുതൽ നന്നായി ദഹിക്കും. ഭക്ഷണത്തോടൊപ്പം കഴിക്കുമ്പോൾ തൈര് ദഹനനാളത്തിലൂടെ പതുക്കെ നീങ്ങുകയും അതിലുള്ള ഗുണകരമായ ബാക്ടീരിയകൾ കുടലിലെത്താൻ സഹായിക്കുകയും ചെയ്യും. വെറും വയറ്റിൽ തൈര് കഴിക്കുമ്പോൾ ചിലർക്ക് നേരിയ അസ്വസ്ഥതയോ അസിഡിറ്റിയോ അനുഭവപ്പെടാനും സാധ്യതയുണ്ട്.
തൈര് എങ്ങനെ കഴിക്കുന്നു എന്നതും പ്രധാനമാണ്. ചോറ്, മില്ലറ്റ്, പയർവർഗങ്ങൾ, പച്ചക്കറികൾ എന്നിവയ്‌ക്കൊപ്പമോ റൈത്തയായി ചേർത്തോ കഴിക്കാം. ജീരകം, ഇഞ്ചി, കുരുമുളക് തുടങ്ങിയവ ചേർക്കുന്നതും രുചിക്കൊപ്പം ദഹനത്തിനും സഹായകരമാകാം. കട്ടിയുള്ള തൈരിനെക്കാൾ വെള്ളം ചേർത്ത് തയ്യാറാക്കുന്ന മോര് പലർക്കും കൂടുതൽ ലഘുവായി തോന്നും. കട്ടിത്തൈര് കഴിച്ചാൽ വയറിന് ഭാരമാകുന്നവർക്ക് മോര് നല്ലൊരു ഓപ്ഷനാണ്.
പ്രോട്ടീൻ കൂടുതലുള്ള ഗ്രീക്ക് യോഗർട്ട് കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാൻ സഹായിക്കും. എന്നാൽ വാങ്ങുമ്പോൾ പഞ്ചസാര ചേർക്കാത്തതും ജീവനുള്ള ഗുണകരമായ ബാക്ടീരിയകൾ അടങ്ങിയതുമായ തൈര് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ലാക്ടോബാസിലസ്, ബിഫിഡോബാക്ടീരിയം തുടങ്ങിയ ഗുണകരമായ ബാക്ടീരിയകൾ കുടലിന്റെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും സഹായിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. നാരുകൾ അടങ്ങിയ ഭക്ഷണത്തോടൊപ്പം സ്ഥിരമായി തൈര് കഴിക്കുന്നത് മലബന്ധം ഉൾപ്പെടെയുള്ള ചില ദഹനപ്രശ്‌നങ്ങൾക്കും പരിഹാരമായേക്കാം.
സ്ത്രീകളുടെ കാര്യത്തിൽ കുടലിന്റെ ആരോഗ്യം ഹോർമോൺ സന്തുലനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ദഹനശക്തി ആരോഗ്യകരമായിരിക്കേണ്ടത് ഹോർമോൺ സന്തുലനത്തിനും പ്രധാനമാണ്. ആരോഗ്യകരമായ ഗട്ട് മൈക്രോബയോം ഈസ്ട്രജൻ ഉൾപ്പെടെയുള്ള ഹോർമോണുകളുടെ മെറ്റബോളിസത്തെ പിന്തുണയ്ക്കുന്നു.
ആർത്തവത്തിന് മുമ്പുള്ള ദിവസങ്ങളിൽ വയറുവീക്കവും ദഹനം മന്ദഗതിയിലാകുന്നതും സാധാരണമാണ്. ഈ സമയത്ത് തൈര് കഴിക്കുമ്പോൾ അളവ് കുറച്ച് പകൽസമയത്ത് കഴിക്കുന്നത് കൂടുതൽ സുഖകരമായേക്കാം. വറുത്ത ജീരകമോ കുരുമുളകോ ചേർക്കുന്നതും ചിലർക്ക് സഹായകരമാകും. തൈരിനൊപ്പം വെള്ളരിക്ക, ഇഞ്ചി, കറിവേപ്പില തുടങ്ങിയവ ചേർത്തുള്ള പരമ്പരാഗത വിഭവങ്ങളും ദഹനത്തിന് ഇണങ്ങുന്ന രീതിയിൽ ഉപയോഗിക്കാം.
ആന്റിബയോട്ടിക് മരുന്നുകൾ കഴിച്ചതിന് ശേഷം കുടലിലെ നല്ല ബാക്ടീരിയകളെ പുനഃസ്ഥാപിക്കാൻ പ്രോബയോട്ടിക് അടങ്ങിയ തൈര് ഭക്ഷണത്തിന്റെ ഭാഗമാക്കാം. നേരിയ മലബന്ധമുള്ളവർക്കും നാരുകൾ കൂടുതലുള്ള ഭക്ഷണത്തോടൊപ്പം തൈര് ഉപയോഗിക്കുന്നത് ഗുണകരമായേക്കാം. കൂടുതൽ പ്രോട്ടീൻ ആവശ്യമായവർക്കും ലാക്ടോസ് നന്നായി സഹിക്കുന്നവർക്കും തൈര് ആരോഗ്യകരമായൊരു ലഘുഭക്ഷണമാണ്.
അതേസമയം, റിഫ്‌ലക്‌സ്, കടുത്ത അസിഡിറ്റി, തൈര് കഴിക്കുമ്പോൾ സ്ഥിരമായി വയറുവീക്കം ഉണ്ടാകുന്നവർ, പാൽ ഉൽപന്നങ്ങൾ മൂലം ഐബിഎസ് ലക്ഷണങ്ങൾ കൂടുന്നവർ എന്നിവർ ശ്രദ്ധിക്കണം. അത്തരക്കാർക്ക് ലാക്ടോസ് ഫ്രീ യോഗർട്ട്, ലൈവ് കൾച്ചറുകളുള്ള തേങ്ങയോ ബദാമോ ഉപയോഗിച്ചുള്ള യോഗർട്ട്, കെഫിർ തുടങ്ങിയ ബദലുകൾ പരിഗണിക്കാം.
രാത്രിയിൽ തൈര് കഴിക്കരുതെന്നത് എല്ലാവർക്കും ബാധകമായ നിയമമല്ല. രാത്രിയിൽ തൈര് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്നതിന് ശക്തമായ ശാസ്ത്രീയ തെളിവുകളില്ല. റിഫ്‌ലക്‌സോ ദഹനപ്രശ്‌നങ്ങളോ ഇല്ലാത്തവർക്ക് ചെറിയ അളവിൽ അത്താഴത്തിന്റെ ഭാഗമായും തൈര് കഴിക്കാം. തൈര് കഴിച്ച ശേഷം വയറിന് ഭാരമോ അസ്വസ്ഥതയോ തോന്നുന്നുണ്ടെങ്കിൽ സമയം മാത്രമല്ല, അളവും തൈരിന്റെ തരവും ഭക്ഷണത്തോടുള്ള കൂട്ടിച്ചേർക്കലും മാറ്റിനോക്കാം. ശരീരത്തിന് സുഖകരമായി തോന്നുന്നുണ്ടെങ്കിൽ ഉച്ചയൂണിനൊപ്പമോ പകൽസമയത്തോ കഴിക്കാം. രാത്രി കഴിക്കുമ്പോൾ അസ്വസ്ഥതയുണ്ടെങ്കിൽ സമയം മാറ്റാം. ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുമ്പോൾ സമയത്തേക്കാൾ പ്രാധാന്യം നൽകേണ്ടത് സ്വന്തം ശരീരത്തിന്റെ പ്രതികരണത്തിനാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi