അലര്‍ജിയും ആസ്ത്മയും പാരമ്പര്യമാണോ? അറിയാം ലക്ഷണങ്ങളും ചികിത്സയും

#‍ഡോ. അരുണ്‍ വി ജോയ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബാഹ്യമായ ചില വസ്തുക്കള്‍ക്കെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയുടെ അസാധാരണമായ പ്രതികരണം ആണ് അലര്‍ജി. പ്രോട്ടീന്‍ ഘടനയോ സ്വാഭാവമോ ഉള്ള ഇത്തരം ബാഹ്യഘടകങ്ങളെ ആന്റിജന്‍ (Antigen)എന്നു വിളി ക്കുന്നു. നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥ (Immune system) ഈ ആന്റിജനുകള്‍ക്കെതിരെ പ്രതികരിക്കാന്‍ ആന്റിബോഡികളെ (Antibody) നിര്‍മ്മിക്കുന്നു. എല്ലാവരുടെയും ശരീരത്തില്‍ സാധാരണയായി ഈ പ്രക്രിയ നടക്കുന്നുണ്ടെങ്കിലും, അലര്‍ജി ഉള്ളവരില്‍ ഓരോ ആന്റിജനുകള്‍ക്കെതിരെയുള്ള ആന്റി ബോഡികളും വളരെവേഗത്തില്‍ വളരെ കൂടിയ അളവിലാണ് പ്രവര്‍ത്തനം നടത്തുന്നു‌ത്. ഇത് ശരീരത്തില്‍ അലര്‍ജിയുടെ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നു. അപൂര്‍വം ചില ആളുകളില്‍ ഇത് വളരെ കൂടിയ അളവിലുള്ള അലര്‍ജി റിയാക്ഷനായ അനാഫിലാക്‌സിസ് വരെയുണ്ടാക്കാം. ഇത് മരണകാരണം വരെയാകാം. 

ആസ്ത്‌മ, അലര്‍ജിയുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. ശ്വാസകോശത്തിലുണ്ടാകുന്ന രോഗലക്ഷണമായി ആസ്ത്‌മയെ നമുക്കു കണക്കാക്കാം. അലര്‍ജി വരുമ്പോൾ ശരീരത്തിലെ ആന്റിജനും-ആന്റിബോഡിയും തമ്മില്‍ ഉണ്ടാകുന്ന പ്രതിപ്രവർത്തനം ഒരു ഇന്‍ഫ്‌ളമേറ്ററി വ്യതിയാനം ശരീരത്തില്‍ ഉണ്ടാക്കുന്നു. ഈ ഇന്‍ഫ്‌ളമേഷന്റെ ഫലമായി ശ്വാസകോശത്തിന്റെ കുഴലുകള്‍ക്ക് (Airways)നീര്‍ക്കെട്ടുണ്ടാകുകയും അതുവഴിയുള്ള സുഖമമായ ശ്വാസ നിര്‍ഗമനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇതു കാരണമാണ് ആസ്ത്‌മരോഗികള്‍ക്ക് വലിവ് ശബ്ദം (Wheezing) ശ്വസന സമയത്ത് ഉണ്ടാകുന്നത്. നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന ആന്റിബോഡികള്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നു. ഓരോ തവണയും ഒരു ആന്റിജനുമായി നമ്മുടെ ശരീരത്തിന് സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍ ഈ ആന്റിജനെതിരെയുള്ള ആന്റിബോഡി പ്രതികരിക്കുകയും മാസ്റ്റ് സെല്‍സ് (Mast cells) മുതലായ മറ്റു കോശങ്ങളുടെ സഹായത്തോടെ ഒരു അലര്‍ജി റിയാക്ഷന്‍ ഉണ്ടാക്കുകയും ചെയ്യുന്നു. 

പൊതുവെ അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കള്‍ നമ്മുടെ അന്തരീക്ഷത്തിലും നമ്മുടെ വീടിനുള്ളിലും ചുറ്റുപാടും ധാരാളമായുണ്ട്. നമ്മുടെ കിടക്കയിലും തലയിണയിലും ജീവിക്കുന്ന സൂക്ഷമജീവികളായ ഡസ്റ്റ് മൈറ്റ് (Dust mite) അലര്‍ജിയും ആസ്തമയും ഉണ്ടാക്കുന്നതില്‍ മുമ്പനാണ്. ഇവ കൂടാതെ പാറ്റ, ചിലന്തിവല, വീട്ടില്‍ സാധാരണയായി കണ്ടുവരുന്ന പൊടി, പൂമ്പൊടി, ഭക്ഷ്യവസ്തുക്കള്‍ (പാല്‍, കുടല വരഗങ്ങള്‍, ചെമ്മീന്‍, മുതലായവ), ചില പക്ഷികളുടെ തൂവലുകളോ, മൃഗങ്ങളുടെ രോമമോ തുടങ്ങിയവ അലര്‍ജിയുണ്ടാക്കാം. ഏത് വസ്തുവിനോടാണ് അലര്‍ജി എന്നു കണ്ടു പിടിക്കുന്നത് അലര്‍ജിയുടെയും ആസ്മയുടെയും ചികിത്സയ്ക്ക് വളരെ സഹായം ചെയ്യും. 

ജനിതകമായ വ്യതിയാനങ്ങളാണ് അലര്‍ജിയുടെയും ആസ്ത്‌മയുടെയും ഒരു പ്രധാന കാരണമായി കണ്ടെത്തിയിട്ടുള്ളത്. കുടുംബത്തില്‍ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ ആസ്ത്‌മയോ അലര്‍ജിയോ ഉണ്ടെങ്കില്‍ അത് അടുത്ത തലമുറയ്ക്ക് വരാനുള്ള സാധ്യത കൂടുതലാണ്. മാതാപിതാക്കള്‍ക്ക് ആസ്ത്‌മയുണ്ടെങ്കില്‍ അത് കുട്ടികള്‍ക്ക് വരാനുള്ള സാധ്യത നാല്‍പത് ശതമാനത്തോളമാണ്. ലോകമെമ്പാടും മുപ്പത്തിമൂന്ന് കോടിയിലധികം ജനങ്ങള്‍ ആസ്ത്‌മ മൂലവും അതിലധികം ജനങ്ങള്‍ അലര്‍ജി മൂലവും ബുദ്ധിമുട്ടനുഭവിക്കുന്നവരാണ്. നമ്മുടെ രാജ്യത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഏകദേശം ഇരുപത് ശതമാനത്തോളം ജനങ്ങള്‍ ഇന്ത്യയിൽ ഏതെങ്കിലും വിധത്തിലുള്ള അലര്‍ജി യാല്‍ ബുദ്ധിമുട്ടുന്നുണ്ട്. 

മാറുന്ന ഭക്ഷണശീലങ്ങള്‍, സിഗരറ്റ് പുക, അന്തരീക്ഷ മലിനീകരണം, കുഞ്ഞുങ്ങളില്‍ വരുന്ന വൈറല്‍ ഇന്‍ഫെക്ഷന്‍ മുതല്‍ അമിതമായ ആന്റിബയോട്ടിക് ഉപയോഗം വരെ അലര്‍ജിയും ആസ്ത്‌മയും ഉണ്ടാകുന്നതിന് ആക്കം കൂട്ടുന്നു. നഗരപ്രദേശങ്ങളിലുള്ള കുട്ടികളില്‍ ഗ്രാമപ്രദേശത്തെ കുട്ടികളെ അപേക്ഷിച്ച് അലര്‍ജിയും ആസ്മയും ഉണ്ടാകാനുള്ള സാധ്യത പല പഠനങ്ങളിലും കൂടുതലായി കണ്ടുവരുന്നുണ്ട്.

എന്താണ് അലര്‍ജിയുടെ ലക്ഷണങ്ങള്‍?

അലര്‍ജിയില്‍ ശരീരത്തിന്റെ പ്രതികരണം പൊതുവേ ഒരുപോലെയാണെങ്കിലും ഏത് അവയവത്തെയാണോ ബാധിക്കുന്നത് അതനുസരിച്ച് അലര്‍ജിയുടെ ലക്ഷണങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. നമ്മുടെ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ആന്റിജന്‍സ് ഉള്ളില്‍ കടക്കുന്നത് ശ്വസിക്കുന്ന വായുവിലൂടെയാണ്. നമ്മുടെ മൂക്കും വായും, തൊണ്ടയും, ശ്വാസകോശവും ഒരേ ശ്വസന അവയവത്തിന്റെ പലഭാഗങ്ങളാണ് (united airway disease concept).  അതിനാല്‍ ഈ ആന്റിജന്‍സ് ഈ ഭാഗങ്ങളിലെല്ലാം അലര്‍ജിയുടെ ലക്ഷണങ്ങള്‍ ഉണ്ടാക്കും. മൂക്കൊലിപ്പ്, തുമ്മല്‍, മൂക്ക് ചൊറിച്ചില്‍, മൂക്കടപ്പ് തുടങ്ങിയവയാണ് മൂക്കിന്റെ അലര്‍ജി കാരണം ഉണ്ടാകുന്നത്. ഇവയെ പൊതുവായി അലര്‍ജിക് റൈനിറ്റസ് (Allergic Rhinits) എന്നു വിളിക്കുന്നു. ഇതിനോടൊപ്പം അത് മൂക്കിനു സമീപത്തുള്ള സൈനസുകളേയും ബാധിക്കുന്നു. വളരെക്കാലം നീണ്ടു നില്‍ക്കുന്ന ക്രോണിക് സൈനസൈറ്റിസിന്റെ (chronic sinusitsi) ഒരു കാരണം അലര്‍ജിയാണ്. ഇതു കൂടാതെ കണ്ണിനുണ്ടാകുന്ന ചൊറിച്ചില്‍, ചുവപ്പ് (Allergic Conjuctivitis) ചെവി ചൊറിച്ചില്‍, ചെവിയില്‍ അലര്‍ജിയുടെ ഭാഗമായി ഇന്‍ഫക്ഷന്‍ ഇല്ലാതെ തന്നെ വെള്ളം കെട്ടുന്ന അവസ്ഥ (Serous Otitis Media) എന്നിവ അലര്‍ജിയുടെ ഭാഗമായി ഉണ്ടാകുന്നതാണ്. 

ത്വക്കിലുണ്ടാകുന്ന അലര്‍ജിയില്‍ തീവ്രമായ ചൊറിച്ചിലായോ തൊലിപ്പുറം ചുവന്ന് തടിച്ചു വരുന്നതായോ കാണാറുണ്ട്. ഇതിനെ അറ്റോപ്പിക് ഡെര്‍മറ്റ്റ്റിസ് (Atopic dermatitis) എന്നു വിളിക്കുന്നു. ഭക്ഷണത്തോടുള്ള അലര്‍ജി വയറിളക്കമോ ചര്‍ദ്ദിയോ, തൊലിപ്പുറത്തെ അലര്‍ജിയായോ അപൂര്‍വ്വം ചിലരില്‍ അനാഫിലാക്‌സിയായോ വരാം.

രോഗനിര്‍ണ്ണയം എങ്ങനെ നടത്താം ?
രോഗികളുടെ രോഗവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യമായി ഒരു ഡോക്ടര്‍ ആ രോഗിക്ക് അലര്‍ജിയോ ആസ്മയോ സംശയിക്കുന്നത്. രോഗികള്‍ പറയുന്ന അവരുടെ ജീവിതചര്യയെ ആസ്പദമാക്കി എന്തുതരം അലര്‍ജിയാണെന്നതും അത് എന്തിനോടാണെന്നും ഒരു പരിധിവരെ നിര്‍ണ്ണയിക്കാം. എന്നാല്‍ ഇന്നത്തെക്കാലത്ത് ലബോറട്ടറി പരിശോധനകളും ക്ലിനിക്കല്‍ പരിശോധനകളും ഒഴിവാക്കിക്കൂടാന്‍ പറ്റാത്തവയാണ്

അലര്‍ജിക്ക് റൈനറ്റിസ് (മൂക്കിലെ അലര്‍ജി) ഉള്ളവര്‍ക്ക് മൂക്കിലെ എന്‍ഡോ സ്‌കോപ്പിക് പരിശോധന (Diagnostic nasal endoscopy) ചെയ്യാവുന്നതാണ്. അലര്‍ജി അല്ലാതെ മറ്റു അസുഖങ്ങള്‍ ഇല്ല എന്നത് ഉറപ്പാക്കാന്‍ ഇത് സഹായിക്കുന്നു. രക്ത പരിശോധനകളായ ഇസ്‌നോഫീല്‍ കൗണ്ട് (Eosinophil Count) രക്തത്തിലെ ഇമ്മ്യൂണോഗ്ലോബുലിന്‍ ഇ (LgE) അളവ് ഓരോ അലര്‍ജനും പ്രത്യേകമായുള്ള ഇമ്മ്യൂണോ ഗ്ലോബുലിന്‍ ഇ (Specific IgE) അളവ് എന്നിവ അലര്‍ജിയുടേയും ആസ്ത്‌മയുടേയും രോഗനിര്‍ണ്ണയത്തിന് സഹായിക്കുന്നു. വളരെയേറെ പ്രചാരം ലഭിച്ച ത്വക്കില്‍ ചെയ്യുന്ന അലര്‍ജി ടെസ്റ്റ് (Allergy skin test, Allergy patch test) കൃത്യമായി എന്തിനോടാണ് അലര്‍ജി എന്നു നിര്‍ണ്ണയിക്കുന്നതിന് ഒരു ഡോക്ടറെ വളരെയേറെ സഹായിക്കുന്നു. ആസ്ത്‌മയുടെ നിര്‍ണ്ണയത്തിനായി നെഞ്ചിന്റെ എക്‌സറെയും പള്‍മണറി ഫംഗ്ഷന്‍ ടെസ്റ്റ് (PFT) എന്നിവയും സഹായി ക്കുന്നു. അപൂര്‍വ്വം ചില രോഗികളില്‍ ബ്രോങ്കോസ്‌കോപ്പി (Bronchscopy) പരിശോധന വേണ്ടിവന്നേക്കാം. 

അലര്‍ജിയോ ആസ്ത്‌മയോ സുഖപ്പെടുത്താനാകുന്ന അസുഖങ്ങളാണോ?

തീര്‍ച്ചയായും അല്ല എന്നായിരുന്നു ആധുനിക വൈദ്യശാസ്ത്രം ഇതുവരെ നല്‍കിയിരുന്ന മറുപടി. നൂറു ശതമാനം സുഖപ്പെടുത്തുന്നു എന്ന് മറ്റ് പല വൈദ്യ ശാസ്ത്രശാഖകളും അവകാശപ്പെടുന്നുണ്ടെങ്കിലും, ഇതിനൊന്നും മതിയായ പഠനങ്ങളോ ശാസ്ത്രീയ വിശദീകരണങ്ങളോ ഇല്ല. ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ചയോടുകൂടി പുതിയ മരുന്നുകളും ചികിത്സാരീതികളും അലര്‍ജിയുടെയും ആസ്ത്‌മയുടെയും ചികിത്സയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു. ആന്റി ഹിസ്റ്റമിന്‍ മരുന്നുകള്‍ മുതല്‍ ഇന്‍ഹേലര്‍ മരുന്നുകള്‍വരെ രോഗികളെ സാധാരണ ജീവിതം നയിക്കാന്‍ സഹായിക്കുന്നു. വിപ്ലവകരമായ മാറ്റങ്ങളാണ് ഇന്ന് ഇന്‍ഹേലര്‍ ചികിത്സയില്‍ വന്നുകൊണ്ടിരിക്കുന്നത്. വളരെ ചെറിയ പാര്‍ശ്വഫലങ്ങള്‍ മാത്രമേ ഇന്‍ഹേലറുകള്‍ ഉണ്ടാക്കുന്നുള്ളൂ. ഇവ കൃത്യമായ രീതിയില്‍ ഉപയോഗിച്ചാല്‍ ആസ്ത്‌മ മറ്റു ചികിത്സകള്‍ ഇല്ലാതെ തന്നെ നിയന്ത്രിച്ചു കൊണ്ട് പോകാന്‍ സാധിക്കും. മൂക്കില്‍ ഉപയോഗിക്കുന്ന സ്‌പ്രേ (Nasal Spray) മരുന്നുകളും ത്വക്കിലുപയോഗിക്കുന്ന ക്രീമുകളും അലര്‍ജിയുടെ രോഗലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. 
അടുത്ത കാലത്തായി പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒരു ചികിത്സാരീതിയാണ് അലര്‍ജന്‍ ഇമ്മ്യൂണോ തെറാപ്പി (Allergen Immuno Therapy). ഇത് ദീര്‍ഘകാലം തുടരേണ്ട ഒരു ചികിത്സയാണങ്കിലും അതിന്റെ ഗുണങ്ങള്‍ ഏറെക്കാലം നിലനില്‍ക്കുന്നതാണ്. ചെറുപ്പത്തിലെ അലര്‍ജി പിന്നീട് ശ്വാസകോശത്തെ ബാധിക്കുന്ന ആസ്തമയായി മാറുന്നത് വലിയൊരളവില്‍ നിയന്ത്രിക്കാനും ഇതിനാല്‍ സാധിക്കുന്നു.
അലര്‍ജി ഉണ്ടാക്കുന്ന ഇമ്മ്യൂണോഗ്ലോബുലിന്‍ ഇ ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഓമാലിസുമാബ് (Omalizumab) ഈസ്‌നോഫിലിക് ആസ്മയില്‍ ഇന്റര്‍ലൂകിന്‍ 5-നെതിരെ പ്രവര്‍ത്തിക്കുന്ന മെപ്പോലി സുമാബ് (Mepolizumab) എന്നിവ ചിലവേറിയ ചികിത്സയാണെങ്കിലും അലര്‍ജിയുടെയും ആസ്ത്മയുടെയും ചികിത്സയില്‍ വളരെ ശുഭ പ്രതീക്ഷ നല്‍കുന്ന മരുന്നൂകളാണ്. അനേകം മരുന്നുകള്‍ ലബോറട്ടറികളില്‍ വിവിധ പരീക്ഷണഘട്ടങ്ങളിലാണ്. 
തീര്‍ച്ചായായും സുഖപ്പെടുത്തുന്ന ചികിത്സ അല്ല എന്ന അവസ്ഥയില്‍ നിന്ന് ചിലപ്പോള്‍ ചികിത്സിച്ചു സുഖപ്പെടുത്താം എന്ന അവസ്ഥയിലേക്ക് ആധുനിക വൈദ്യ ശാസ്ത്രം വളര്‍ന്നിരിക്കുന്നു. ഭാവിയില്‍ പൂര്‍ണ്ണമായി ചികിത്സിച്ചു മാറ്റാനാകുന്ന അസുഖങ്ങളായി ഇവ പരിണമിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

അലര്‍ജിയുടെയും ആസ്മയുടെയും മരുന്നുകളല്ലാതെയുള്ള നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കളില്‍ നിന്നു വിട്ടുനില്‍ക്കുക എന്നത് പരമ പ്രധാനമാണ്. യോഗ മുതലായ വ്യായാമമുറകളും ശ്വസനവ്യായാമങ്ങളും ആസ്ത്മാ രോഗിക്ക് ആശ്വാസം നല്‍കും. ആഹാരക്രമത്തിലെ മാറ്റങ്ങള്‍, പുകവലി ഉപേക്ഷിക്കുക, സന്തോഷവും സമാധാനവുമുള്ള ജീവിതാന്തരീക്ഷം പാലിക്കുക എന്നിവ ആസ്മയുടെ ചികിത്സയില്‍ പ്രധാനമാണ്. ഇന്‍ഫ്‌ളുവന്‍സ പനിക്കെതിരെയും ന്യൂമോണിയക്കെതിരെയുമുള്ള പ്രതിരോധ കുത്തിവെയ്പ്പുകള്‍ ആസ്ത്‌മയുള്ള രോഗികളില്‍ ഇവമൂലമുള്ള ആശുപത്രിവാസം ഒഴിവാക്കാന്‍ സഹായിക്കുന്നു.

സ്റ്റെറോയ്ഡുകളും ഇന്‍ഹേലറുകളും ഉപയോഗിക്കാമോ ? 
നമ്മുടെ ശരീരത്തിന്റെ സാധാരണമായ പ്രവര്‍ത്തനത്തിനായി ശരീരത്തില്‍ തന്നെ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു വസ്തുവാണ് സ്റ്റെറോയ്ഡുകള്‍. ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കാന്‍ ഇവയോളംപോന്ന ഒരു വസ്തുവുമില്ല. ഇവ ആസ്ത്മയുടെയും അലര്‍ജിയുടെയും ചികിത്സയില്‍ വളരെ പ്രധാനമാണ്. ഇന്‍ജക്ഷനായോ ഗുളിക രൂപത്തിലോ ഏറെ നാള്‍ ഇത് ഉപയോഗിച്ചാല്‍ തീര്‍ച്ചയായും പാര്‍ശ്വഫലങ്ങളുണ്ടാവും. 
ഇവിടെയാണ് ഇന്‍ഹെലറുകളുടെയും മൂക്കില്‍ ഉപയോഗിക്കുന്ന സ്‌പ്രേകളുടെയും പ്രാധാന്യം. ഇവയില്‍ ഉപയോഗിക്കുന്ന ഇന്‍ഹേല്‍ഡ് സ്റ്റെറോയിഡുകള്‍ തിരെ കുറഞ്ഞ ഡോസില്‍ മാത്രമാണ് ( മൈക്രോ ഗ്രാം ഡോസ്) ഉള്ളിലേക്കെത്തുന്നത്. ഇന്‍ഹേലറുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നുതന്നെ പറയാം. ഇന്‍ഹേലറുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മാത്രമല്ല ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വരെ സുരക്ഷിതമായി ഉപയോഗിക്കാന്‍ സാധിക്കുന്നു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ദീര്‍ഘകാലം ഇവ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ ഉപയോഗിക്കാം. എന്നുമാത്രമല്ല, ആസ്ത്മ മൂലമുള്ള ആശുപത്രിവാസം ഒഴിവാക്കാന്‍ വലിയൊരളവില്‍ സഹായിക്കുന്നു. 

ജീവിതകാലം മുഴുവന്‍ ഡോക്ടറെ കാണണോ ?
അലര്‍ജിയും ആസ്ത്മയും ചികിത്സിക്കുന്ന വിദഗ്ധനായ ഒരു ഡോക്ടര്‍ക്ക് രോഗിക്ക് കൃത്യമായ ഒരു ചികിത്സാ നിര്‍ദ്ദേശം, രോഗിയുടെ കൂടെ സഹായത്തോടെ നടപ്പാക്കാന്‍ സാധിക്കുന്നു. ഇതിനെ ആസ്ത്മ ആക്ഷന്‍ പ്ലാന്‍ എന്നു നിര്‍വചിക്കാം. ഇന്‍ഹേലറുകള്‍ ഉപയോഗിച്ചോ മുമ്പ് പ്രതിപാദിച്ച മറ്റു ചികിത്സാരീതികള്‍ ഉപയോഗിച്ചോ അലര്‍ജിയുടെയും ആസ്മയുടെയും രോഗലക്ഷണങ്ങളെ എങ്ങനെ നിയന്ത്രിച്ചു കൊണ്ടുപോകാം എന്നും മരുന്നുകള്‍ രോഗ ലക്ഷണമനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യേണ്ടതെങ്ങനെയെന്നും ഡോക്ടര്‍ പഠിപ്പിക്കുന്നു. ആസ്ത്മയുടെ തീവ്രത വീട്ടില്‍ തന്നെ അളക്കാവുന്ന പീക്ക് ഫ്‌ളോ മീറ്റര്‍ (Peak flow meter) ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഇതുപയോഗിച്ച് രോഗിക്കുതന്നെ മരുന്നുകള്‍ ക്രമീകരിക്കാവുന്നതാണ്. ഇതിലൂടെയെല്ലാം രോഗത്തെ നിയന്ത്രിച്ച് ഒരു സാധാരണ ജീവിതം രോഗിക്ക്
നയിക്കാം. അലര്‍ജിയും ആസ്മയും പൂര്‍ണ്ണമായി ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന ഒരു നല്ല നാളെ ആധുനിക വൈദ്യശാസ്ത്രത്തിലൂടെ സാധ്യമാകും എന്ന് പ്രതീക്ഷിക്കാം.

തയ്യാറാക്കിയത്: ഡോ. അരുൺ വി ജോയ്

കൺസൾട്ടന്റ് ഇന്റർവെൻഷനൽ പൾമണോളജിസ്റ്റ്

(അലർജി, ആസ്ത്മ, സ്ലീപ് മെഡിസിൻ സ്പെഷലിസ്റ്റ്)

Content Highlights: allergy, asthma, illness, healthcare