മനസ്സിനെ തുടിപ്പോടെ നിലനിര്‍ത്താന്‍ ഏഴുകാര്യങ്ങള്‍

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

മനസ്സ് ആരോഗ്യത്തോടെയിരിക്കുമ്പോഴാണ് ശരീരത്തിനും ആരോഗ്യം. എങ്ങനെയാണ് നമ്മള്‍ കാര്യങ്ങള്‍ ചിന്തിക്കുന്നത്, അനുഭവിക്കുന്നത്, തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത്, മറ്റുള്ളവരുമായി താരതമ്യപ്പെടുന്നത് എന്നത് ഒരാളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യമാണ്. ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തിനും മാനസികാരോഗ്യം സുപ്രധാനംതന്നെ. സ്വയംപരിചരണമാണ് മാനസികാരോഗ്യം നിലനിര്‍ത്താന്‍ ഏറ്റവും മികച്ച പോംവഴി. നമ്മെ ശാരീരികമായും മാനസികമായും നല്ലതായി നിലനിര്‍ത്താന്‍ ഉചിതമായ കാര്യങ്ങള്‍ ചെയ്യലാണ് സ്വയംപരിചരണം. രോഗങ്ങള്‍ വരാതിരിക്കാനും ഊര്‍ജ്ജത്തോടെയിരിക്കാനും അതു നിങ്ങളെ സഹായിക്കും. 

സ്വയം പരിചരണത്തിന് ചില പോംവഴികള്‍

  • വ്യായാമം-ദിവസവും 30 മിനിറ്റുവെച്ചെങ്കിലും നടക്കുകയോ മറ്റു വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാം. ഉന്മേഷം വരാന്‍ വേറൊന്നും വേണ്ട. ചെറിയ അളവില്‍ വേണം വ്യായാമത്തിന്റെ തോത് കൂട്ടിക്കൊണ്ടുവരാന്‍. ഒറ്റയടിക്ക് ഉദ്ദേശിച്ചത്രയും സമയം വ്യായാമം ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ നിരുത്സാഹപ്പെടുകയുമരുത്.
  • കൃത്യമായി ഭക്ഷണം കഴിക്കുക, വെള്ളംകുടിക്കുക- സമീകൃതാഹാരവും ധാരാളം വെള്ളവും നിങ്ങളുടെ ഊര്‍ജ്ജം മെച്ചപ്പെടുത്തും.  ശീതളപാനീയങ്ങള്‍, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ തുടങ്ങിയവ പരിമിതപ്പെടുത്തുക.
  • ഉറക്കത്തിന് മുന്‍ഗണന നല്‍കാം-ഉറക്കത്തിന് കൃത്യമായ ഒരു ഷെഡ്യൂള്‍ നിശ്ചയിച്ച് അതില്‍തന്നെ ഉറങ്ങാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് വേണ്ടത്ര ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. സ്‌ക്രീനുകളില്‍ നിന്നുള്ള നീല വെളിച്ചം ഉറക്കത്തിന് ബുദ്ധിമുട്ടുണ്ടാക്കും. അതിനാല്‍ ഉറങ്ങുന്നതിനു കുറച്ചുസമയം മുമ്പേ ഫോണ്‍, കമ്പ്യൂട്ടര്‍ ഉപയോഗം അവസാനിപ്പിക്കാം.  
  • വിശ്രമവും ശീലിക്കണം- മനസ്സിനും പേശികള്‍ക്കും വിശ്രമം കൊടുക്കുന്ന ശ്വസന വ്യായാമങ്ങള്‍, ധ്യാനം തുടങ്ങിയവ ശീലിക്കുക. 
  • ലക്ഷ്യങ്ങളും മുന്‍ഗണനകളും തീരുമാനിക്കാം- ഇപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്നും പിന്നീടത്തേക്ക് എന്തെല്ലാം മാറ്റിവെക്കാമെന്നും മുന്‍ഗണനാ അടിസ്ഥാനത്തില്‍ തീരുമാനിച്ചുറപ്പിക്കാം. ഏറ്റെടുത്ത ജോലികള്‍ ധാരാളമുണ്ടെന്ന തോന്നലുണ്ടെങ്കില്‍ പുതിയ ജോലികളോട് നോ പറയാന്‍ മടിക്കരുത്. ദിവസാവസാനം ചെയ്തുതീര്‍ക്കാന്‍ പറ്റാത്ത കാര്യങ്ങളെപ്പറ്റിയോര്‍ക്കുന്നതിനു പകരം നിങ്ങള്‍ നേടിയ കാര്യങ്ങളെക്കുറിച്ച് ഓര്‍മ്മിക്കാന്‍ ശ്രമിക്കുക. 
  • പോസിറ്റിവിറ്റിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക-അനാവശ്യമായ ചിന്തകളെ തിരിച്ചറിഞ്ഞ് അവയെ അവഗണിക്കാനും പകരം നല്ലകാര്യങ്ങളില്‍ മാത്രം ശ്രദ്ധകൊടുക്കാനും ശീലിക്കാം. 
  • ബന്ധങ്ങള്‍ നിലനിര്‍ത്തുക-വൈകാരികമായി അടുപ്പം തോന്നുന്ന സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായുമെല്ലാം ബന്ധങ്ങള്‍ തുടരുക. 
  • വിശ്വാസമുള്ള ആളുകളോട് കാര്യങ്ങള്‍ തുറന്നുപറയാം-സുഹൃത്തോ, ബന്ധുവോ, സഹപ്രവര്‍ത്തകനോ ആരുമാകട്ടെ, നിങ്ങളെ കേള്‍ക്കുമെന്ന തോന്നുന്നയാളോട് കാര്യങ്ങള്‍ തുറന്നുപറയുക. സന്തോഷം തോന്നുന്ന കാര്യങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടേയിരിക്കാം. 

(കടപ്പാട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ഹെല്‍ത്ത്)

Content Highlights: 7 ways to take care of your mental health and well-being