ലോക ചോക്ലേറ്റ് ദിനം: ഹൃദയാരോഗ്യത്തിനും മാനസിക സന്തോഷത്തിനും ഒരിത്തിരി ചോക്ലേറ്റ്...

ചോക്ലേറ്റിന്റെ യഥാർഥ ചരിത്രം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ്. യൂറോപ്പിൽ 1550ൽ ആദ്യമായി ചോക്ലേറ്റ് പരിചയപ്പെടുത്തിയതിന്റെ ഓർമയ്ക്കായാണ് ജൂലൈ ഏഴിന് 'വേൾഡ് ചോക്ലേറ്റ് ഡേ' ആഘോഷിക്കുന്നത്. ചോക്ലേറ്റിന്റെ പ്രധാന ഘടകം കൊക്കോയാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി-ഓക്‌സിഡന്റുകൾ ആരോഗ്യത്തിന് ചില ഗുണങ്ങൾ നൽകുന്നു. പ്രത്യേകിച്ച് ഡാർക്ക് ചോക്ലേറ്റ്, മിതമായ അളവിൽ കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും മാനസിക സന്തോഷത്തിനും സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു. ഇന്ന് ചോക്ലേറ്റ് വെറും ഒരു ഭക്ഷണം മാത്രമല്ല; സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പങ്കിടലിന്റെയും പ്രതീകം കൂടിയാണ്.
ചോക്കോ ബ്ലാസ്റ്റ് ച്യൂറോസ്
ചേരുവകൾ:
മൈദ - ഒരു കപ്പ്
കൊക്കോ പൗഡർ - ഒരു ടേബിൾ സ്പൂൺ
വെള്ളം - ഒന്നേകാൽ കപ്പ്
ബട്ടർ - രണ്ട് ടേബിൾ സ്പൂൺ
മുട്ട - ഒന്ന്
പഞ്ചസാര - രണ്ട് ടേബിൾ സ്പൂൺ
ഉപ്പ്, സൺഫ്‌ലവർ ഓയിൽ - ആവശ്യത്തിന്
ഫില്ലിങ്ങിന്
ഡാർക്ക് ചോക്ലേറ്റ് - മുക്കാൽ കപ്പ്
പാൽ - മുക്കാൽ കപ്പ്
കണ്ടൻസ്ഡ് മിൽക്ക് - കാൽ കപ്പ്
ബട്ടർ - മൂന്ന് ടേബിൾ സ്പൂൺ
കോൺഫ്‌ലോർ - ഒരു ടീസ്പൂൺ
തയ്യാറാക്കുന്നവിധം: ഒന്നേകാൽ കപ്പ് വെള്ളത്തിലേക്ക് ബട്ടർ, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് തിളയ്ക്കാൻ വെക്കുക. ബട്ടർ ഉരുകി വെള്ളം തിളയ്ക്കുമ്പോൾ ചെറുതീയാക്കി, ശേഷം അതിലേക്ക് മൈദയും കൊക്കോ പൗഡറും ചേർത്ത് നന്നായി യോജിപ്പിച്ച് വാങ്ങുക. ഈ ബാറ്റർ ഒന്നാറുമ്പോൾ അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച്, ബീറ്റർ കൊണ്ട് നന്നായി യോജിപ്പിക്കുക. ബാറ്റർ ചപ്പാത്തി മാവിനെക്കാൾ അയഞ്ഞിരിക്കണം. പാനിൽ എണ്ണ ചൂടാക്കി, തയ്യാറാക്കിയ ബാറ്റർ പൈപ്പിങ് ബാഗിലേക്കിട്ട് എണ്ണയിലേക്ക് പൈപ്പ് ചെയ്യുക. മൊരിയുന്നത് വരെ ഫ്രൈ ചെയ്‌തെടുക്കുക.
ഫില്ലിങ് തയ്യാറാക്കാൻ പാലിലേക്ക് ബട്ടർ ചേർത്ത്, ചൂടായി വരുമ്പോൾ ചോക്ലേറ്റ് ചേർത്ത് ചെറുതീയിൽ ആക്കി കൈ വിടാതെ ഇളക്കി യോജിപ്പിക്കണം. ചോക്ലേറ്റ് ഉരുകുമ്പോൾ കണ്ടെൻസ്ഡ് മിൽക്ക് ചേർത്ത് യോജിപ്പിക്കുക. കോൺഫ്‌ലോറിലേക്ക് അല്പം പാൽ ചേർത്ത് കട്ടകളില്ലാതെ യോജിപ്പിച്ച്, ചോക്ലേറ്റ് കൂട്ടിലേക്ക് ചേർക്കുക. നന്നായി യോജിപ്പിച്ച്, കുറുകി വരുമ്പോൾ തീയിൽ നിന്ന് മാറ്റാം.
ഒരു സ്റ്റീൽ സ്‌ട്രോ ഓരോ ച്യൂറോസിന്റെയും ഉള്ളിലേക്ക് കടത്തി ഫില്ലിങ്ങിനുള്ള ദ്വാരം ഇടുക. ഒരു പൈപ്പിങ് ബാഗിൽ ഫില്ലിങ് നിറച്ച് ഓരോ ച്യൂറോസിലും തയ്യാറാക്കിയ ചോക്ലേറ്റ് സോസ് ഫിൽ ചെയ്യുക. ഈ ച്യൂറോസ് പൗഡേർഡ് ഷുഗറിൽ ഒന്ന് റോൾ ചെയ്ത് സെർവ് ചെയ്യാം.
ട്രിപ്പിൾ ചോക്ലേറ്റ് മൂസ്സ്
ചേരുവകൾ:
ഡാർക്ക് ചോക്ലേറ്റ് - 100 ഗ്രാം
വിപ്പിങ് ക്രീം - ഒരു കപ്പ്
ചോക്ലേറ്റ് ബിസ്‌ക്കറ്റ് - 200 ഗ്രാം
ബട്ടർ - 75 ഗ്രാം
ഫ്രഷ് ക്രീം - അരക്കപ്പ്
വൈറ്റ് ചോക്ലേറ്റ് - അരക്കപ്പ്
തയ്യാറാക്കുന്നവിധം: ബിസ്‌ക്കറ്റ് ഒരു മിക്‌സി ജാറിലിട്ട് പൊടിച്ചെടുക്കുക. ഇതിലേക്ക് ബട്ടർ മെൽട്ട് ചെയ്തു ചേർക്കുക. ഒരു ഫോർക്ക് കൊണ്ട് നന്നായി യോജിപ്പിക്കുക. മൂസ്സ് സെറ്റ് ചെയ്യാനുള്ള ബൗളിൽ ഈ ബിസ്‌ക്കറ്റ് നിരത്തി എല്ലാ വശത്തും ഒരു സ്പാറ്റുല കൊണ്ട് അമർത്തി ആദ്യത്തെ ലെയർ തയ്യാറാക്കാം. ഇനി 100 ഗ്രാം ചോക്ലേറ്റ് ചെറിയ കഷണങ്ങൾ ആക്കി ഒരു ബൗളിൽ എടുക്കുക. മറ്റൊരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിനു മുകളിൽ ചോക്ലേറ്റ് വെച്ച ബൗൾ വെച്ച് ഡബിൾ ബോയിൽ ചെയ്ത് ചോക്ലേറ്റ് മെൽട്ട് ചെയ്‌തെടുക്കുക. ഒരു കപ്പ് വിപ്പിങ് ക്രീം ബീറ്റ് ചെയ്ത് മൃദുവായി വരുമ്പോൾ അതിലേക്ക് മെൽട്ട് ചെയ്ത ചോക്ലേറ്റ് ചേർത്ത് ബീറ്റ് ചെയ്തു യോജിപ്പിക്കുക. വീണ്ടും മൃദുവായ ക്രീം ആവുന്നത് വരെ യോജിപ്പിച്ച്, ബിസ്‌ക്കറ്റ് ലെയറിനു മുകളിൽ നിരത്തി, ഫ്രിഡ്ജിലേക്ക് വെക്കുക. ഇനി ഫ്രഷ് ക്രീമിലേക്ക് ചെറിയ കഷണങ്ങൾ ആക്കിയ വൈറ്റ് ചോക്ലേറ്റ് ചേർത്ത് ചൂടാക്കി,ഒരു വിസ്‌ക് കൊണ്ട് നന്നായി യോജിപ്പിക്കുക. ഇത് ഒന്ന് ആറിയതിനു ശേഷം, സെറ്റ് ആയ മൂസ്സിന് മുകളിലേക്ക് ഒഴിച്ച് വീണ്ടും ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു വിളമ്പാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: world-chocolate-day-2026-recipes-health-benefits